Opinion

ഗെയില്‍; വിതക്കുന്നത്, വികസനമോ വിനാശമോ? – സന്തോഷ് കൊടുങ്ങല്ലൂര്‍

മൂന്നര സെന്റ് കോളനിയില്‍ 40 വീടുകള്‍. വീടുകള്‍ക്ക് അതിരിടുന്നത് വാതക പൈപ്പ് ലൈന്‍ വിന്യാസം. അഞ്ചുമീറ്റര്‍ പോലും വ്യത്യാസമില്ലാതെ വീടിനോട് ചേര്‍ന്ന് ഗെയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ പാര്‍ട്ടി ഏറ്റെടുത്തസമരം പാര്‍ട്ടി പറഞ്ഞതോടെ നിര്‍ത്തിയപ്പോള്‍ ജയിച്ചത് ഗെയിലാണ്. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടവല്ലുര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് വില്ലേജില്‍ എസ്.സി കോളനിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ കോളനിവാസികളുടെ മനസില്‍ കാറ്റും കോളുമാണ്. ആരോട് പറഞ്ഞിട്ടും കാര്യമില്ല. ചുവപ്പിന്റെ കാവ്യനീതിക്ക് അത്രമേല്‍ അനീതിയുടെ കടും ചുവപ്പാണ്. പ്രതികരണം അരോചകവും അടികിട്ടാന്‍ കാരണവുമാണ്.

ജനവാസമേഖലയിലൂടെ പദ്ധതി കൊണ്ടുപോകുന്നതിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് 2012 ജൂണ്‍ 26ന് അന്ന് ജില്ലാ കലക്ടറായിരുന്ന പി.എം ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് എസ്.സി കോളനിയുള്‍പ്പെടുന്ന പ്രദേശം ( TP 280 to TP 296) ഒഴിവാക്കി റീ അലൈന്‍മെന്റ് തയ്യാറാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സമീപത്തെ റബ്ബര്‍ എസ്‌റ്റേറ്റിലൂടെ റീ അലൈന്‍മെന്റ് നടത്തുകയും റീ അലൈന്‍മെന്റ് സ്‌കെച്ച് ജൂണ്‍ 30ന് കലക്ടര്‍ക്കും കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും സമരസമിതിക്കും നല്‍കിയിരുന്നു. കോളനി ഉള്‍പ്പെടുന്ന പ്രദേശം ഒഴിവാക്കുമെന്ന് ഉറപ്പും നല്‍കി. പിന്നീട് ഉണ്ടായ ഇടപെടലുകളിലൂടെ റീ അലൈന്‍മെന്റ് ഗെയില്‍ അധികൃതര്‍ തള്ളുകയായിരുന്നു. ആരുടെ ആശിര്‍വാദത്തോടെ ആര്‍ക്കുവേണ്ടി തള്ളിയെന്ന് ചോദിച്ചാല്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് അത്തരം ചോദ്യങ്ങളൊന്നും വേണ്ട. ഇതാണ് പാര്‍ട്ടി മിതഭാഷ്യം. ഈ നിലപാടിനെ തീവ്രവാദപരമെന്ന് പത്തുനാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുത്തി പറയാനും മടിയിലാത്ത, അപൂര്‍വമായി കാണുന്ന അപൂര്‍വ പാര്‍ട്ടിയാണിത്.

കോഴിക്കോട് ജില്ലയില്‍ കിനാലൂര്‍ വില്ലേജില്‍ തച്ചംപൊയില്‍ പ്രദേശത്തെ ജനം പൈപ്പ് വിന്യാസത്തില്‍ ഗെയില്‍ അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് നിയമപരമായി ഉന്നയിച്ചത്. ജനത്തിന്റെ വാദം സത്യമാണെന്ന് ഹൈക്കോടതി അഭിഭാഷകക്കമ്മീഷന്‍ കഴിഞ്ഞ ജൂലൈ 29-ന് കണ്ടെത്തിയിരുന്നു. 1600 മീറ്റര്‍ നീളത്തിലും 400 മീറ്റര്‍ വീതിയിലും പ്രദേശത്തെ തരംതിരിച്ച് പരിശോധന നടത്തിയതോടെ 200 മീറ്റര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ തന്നെ 76 വീടുകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ജനവാസകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന റിപ്പോര്‍ട്ടാണ് പരിശോധനക്കെത്തിയ അഭിഭാഷകകമ്മീഷന്‍ വി.വിജിത കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ബാക്കി ഭാഗങ്ങളിലും പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗെയില്‍ വിക്റ്റിംസ് ഫോറം ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. പരിശോധനയില്‍ അഭിഭാഷക കമ്മീഷന്‍ വ്യാപകമായി സുരക്ഷവീഴ്ചകള്‍ കണ്ടെത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നിടെന്തുണ്ടായി. ഒരു ചുക്കും സംഭവിച്ചില്ല. സ്‌റ്റേ ഇല്ലാത്തിടത്തോളം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടുമായി ഗെയില്‍ ഇപ്പോഴും മുന്നോട്ടുപോകുകയാണ്. നിയമവും ഗെയിലിന് മുമ്പില്‍ നോക്കുകുത്തിയായി.

മലപ്പുറം ജില്ലയില്‍ അരീക്കോട് കീഴുപറമ്പ് വില്ലേജില്‍ കല്ലായി, വാലില്ലാപുഴ പ്രദേശങ്ങളില്‍ എന്താണ് സംഭവിച്ചത്. സ്വന്തം വീട്ടില്‍ സുരക്ഷയോടെ കിടന്നുറങ്ങുന്നതിന് പൈപ്പ് വിന്യാസത്തില്‍ അല്‍പം മാറ്റം വേണമെന്ന ആവശ്യവുമായി ജനാധിപത്യ രീതിയില്‍ നടത്തിയ പ്രതിഷേധമാണ് പാര്‍ട്ടിപൊലീസ് തച്ചു തകര്‍ത്തത്. പൈപ്പ് വിന്യാസത്തിനെതിരെ പ്രതിഷേധം തീര്‍ത്തവരെ പിണറായി പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ന്യായമായ ആവശ്യം ഉന്നയിച്ചാണ് സമരമെന്ന് അറിഞ്ഞിട്ടും പൊലീസ് ദയയൊന്നുമില്ലാതെ നാട്ടുകാരെ വേട്ടയാടി. ജനപക്ഷ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിലകൊള്ളാന്‍ എന്നോ മറന്ന പാര്‍ട്ടിയുടെ വിക്രിയകള്‍ക്ക് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും യാതൊരു പിന്തുണയുമുണ്ടായിരുന്നില്ല. അച്ചടക്കത്തിന്റെ വാള്‍ തലക്കുമുകളില്‍ പ്രദര്‍ശിപ്പിച്ച് ഉള്‍പാര്‍ട്ടി ജനാധിപത്യം പോലും കോര്‍പ്പറേറ്റ് ദാസ്യവേലക്കിടെ പാര്‍ട്ടി മറന്നുപോകുകയാണുണ്ടായത്.

അടിയേക്കാള്‍ ഭീകരം മലപ്പുറത്തിനോടുള്ള ഇടതിന്റെ അടങ്ങാത്ത വംശവെറിയായിരുന്നു. തീവ്രവാദികളെന്ന് ജനത്തെ മുദ്രകുത്തിയ അവസരവാദത്തിന്റെ ഇരട്ടച്ചങ്കന്‍ നയം അത്രമേല്‍ അവരെ വേട്ടയാടുന്നുണ്ട്. സമരത്തിന്റെ തീജ്വാലകള്‍ കേരളീയ സമൂഹത്തിന് പകര്‍ന്നുതന്ന സി.പി.എം എവിടെപോയി. വികസനനയമില്ലാത്ത കേരള വികസന ചര്‍ച്ചകള്‍ നടത്തുന്നതിനപ്പുറം കേരളത്തെ കുറിച്ചാദ്യം നന്നായി പഠിക്കാന്‍ സി.പി.എം ശ്രമിക്കണം. എന്തിനും ഏതിനും സെമിനാറും ചര്‍ച്ചയുമായി വരുന്ന ശാസ്ത്രക്കാരെ ആ വഴിക്കൊന്നും കണ്ടതുമില്ല. വിനാശ വികസനത്തിന് മാത്രമാണ് ജനം എതിര്. വികസനത്തിന്റെ മലപ്പുറം മാതൃക ആരും അറിയാത്തതല്ല. നല്ലതിനെയും ശാസ്ത്രീയമായതിനെയും പുല്‍കുന്നതിലും പിന്തുണക്കുന്നതിലും കാണിക്കുന്ന ഊര്‍ജ്ജമാണ് മലപ്പുറത്തിന്റെ വിജയഗാഥ. ഗെയില്‍ പൈപ്പ് വിന്യാസം മലപ്പുറത്തിനും കേരളത്തിനും ഒന്നും നല്‍കുന്നില്ലെന്ന് അറിഞ്ഞിട്ടും പിന്തുണക്കുന്നത് ഭാവിഭാസുരമാവുമെന്ന പ്രതീക്ഷയിലാണ്. ജനവാസ മേഖലയില്‍ നിന്നും പൈപ്പ് മാറ്റുന്നതോടെ മനസില്‍ കാണുന്നത് അപകടരഹിത ഗെയില്‍ പെപ്പ് വിന്യാസവുമാണ്. സര്‍ക്കാര്‍ ചെയ്യേണ്ട സുരക്ഷ ഒരുക്കലിനാണ് ജനം മുന്നിട്ടിറങ്ങിയതെങ്കിലും അടിയും തടയുമാണ് കിട്ടിയതെന്ന് മാത്രം.

മൂന്നു സംഭവങ്ങളും കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്താനാവും. കോര്‍പ്പറേറ്റുകളോട് തന്നെയാണ് മുഴുവന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും പ്രതിബദ്ധതയുള്ളത്. വോട്ടുകുത്തികളെ മയക്കാന്‍ കോര്‍പ്പറേറ്റ് പരസ്യകമ്പനികളുടെ തിളങ്ങും മുദ്രാവാക്യങ്ങളുമായി അവര്‍ എത്തിക്കോളും. ആ തിളക്കത്തില്‍ വീണ് വോട്ട്‌ചെയ്തവരെ തന്നെ വേട്ടയാടുന്നതാണ് പിന്നീടുകാണുക. ഒപ്പം കൂട്ടി വായിക്കേണ്ടത് ഗെയില്‍ പദ്ധതിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങിക്കൂട്ടിയ അച്ചാരത്തിന്റെ ഹിമാലയന്‍ വലുപ്പത്തെ കുറിച്ചാണ്. സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി മുന്നണി ഇക്കാര്യത്തില്‍ ഇമ്മണി വല്ല്യൊന്നാവുന്നതിന്റെ പിന്നാമ്പുറങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനാവും. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി പാര്‍ട്ടികളെ വിട്ടേക്ക്. പക്ഷെ സി.പി.എമ്മിനിതെന്തു പറ്റി. അപചയങ്ങളുടെ മാറാപ്പുപേറുന്ന ബൂര്‍ഷ്വപാര്‍ട്ടിയായി അത് മാറുന്നുവെന്ന പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളത്. സി.ഐ.ടി.യുവിന്റെ തലക്കനമുള്ള നേതാവുണ്ട് അങ്ങ് കൊച്ചിയില്‍. മുന്‍ എം.പി കൂടിയായ ഈ നേതാവാണ് കേരളത്തില്‍ ഗെയിലിന്റെ കൂട്ടികൊടുപ്പുകാരന്‍. നേരത്തെ ഈ മഹാന്‍ പാര്‍ട്ടിയില്‍ പിന്നാമ്പുറമായിരുന്നു സ്ഥാനം. 93കാരന്‍ തീവ്രവാദിയെ വിട്ട് ഗ്രൂപ്പു മറുകണ്ടം ചാടിയതോടെ നേതാവ് ചങ്ക് ബ്രോയായി മാറി. ഇതോടെ സി.പി.എം ആസ്ഥാനത്തും ഗെയിലിന് പച്ചപരവതാനി ലഭിച്ചു. അതിനിടെയാണ് മുഖ്യമന്ത്രി വികസനവിരോധികളെ തുരത്തി വികസിത കേരളം ഒരുക്കുമെന്ന ഗീര്‍വാണം വിടുന്നത്. നോക്കുകൂലി പോലെ അപരിഷ്‌കൃത കാര്യങ്ങള്‍ പേറുന്ന കേരളത്തിലേക്ക് ഏത് വ്യവസായികളാണ് എത്തുകയെന്നൊന്ന് വ്യക്തമാക്കിയാല്‍ നല്ലത്. പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയായതോടെ പാര്‍ട്ടി സെക്രട്ടറി വെറും പി.എയായി മാറി. മുഖ്യന്‍ പറയുന്നത് ഏറ്റുപറയാന്‍ സി.പി.എമ്മിനെപോലെ ഒരു പാര്‍ട്ടിക്ക് സെക്രട്ടറി വേണോയെന്ന ചോദ്യമൊന്നും തിരിച്ചുചോദിക്കരുത്. അത് തീവ്രവാദിയാവുന്നതിന് കാരണമായ പാതകമാണ്.

കേരളത്തില്‍ ഗെയില്‍ വിതക്കുന്നത് ഭീകരവിപത്ത്

ജനസാന്ദ്രത കൂടിയ കേരളത്തില്‍ ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ വിതക്കുന്നത് ഭീകരവിപത്താണ്. 2014-ല്‍ അപകടമുണ്ടായ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വിന്യസിച്ച പൈപ്പുകളേക്കാള്‍ വലുതും സമ്മര്‍ദ്ദം കൂടിയതുമായ പൈപ്പുകളാണ് കൊച്ചി – മംഗലാപുരം – ബംഗളൂരു വാതക പൈപ്പ്‌ലൈനിനായി കേരളത്തില്‍ ഉപയോഗിക്കുന്നത്. സ്‌ഫോടനം നടന്നാല്‍ കിലോമീറ്ററുകള്‍ കത്തിചാമ്പലാവുന്ന സാഹചര്യമാണ് വിന്യസിക്കുന്ന പൈപ്പുകള്‍ക്കുള്ളത്. ഈസ്റ്റ് ഗോദാവരിയില്‍ ഒരു ചതുരശ്ര ഇഞ്ചില്‍ 60 മുതല്‍ 80 വരെ പൗണ്ട് സമ്മര്‍ദ്ദമാണ് പൈപ്പ്‌ലൈനിലൂടെ പാചകവാതം ഒഴുകുന്നതിന് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് സ്‌ഫോടനത്തില്‍ മരണം 19ല്‍ ഒതുങ്ങിയതും നാശനഷ്ടത്തിന്റെയും വ്യാപ്തി കുറഞ്ഞതും. എന്നാല്‍ സംസ്ഥാനത്ത് വിന്യസിക്കുന്നത് ഇതിനേക്കാള്‍ 20 ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കുന്ന പൈപ്പുകളാണ്. കേരളത്തില്‍ ചതുരശ്ര ഇഞ്ചില്‍ 1249 പൗണ്ട് സമ്മര്‍ദ്ദത്തില്‍ പാചകവാതകം ഒഴുക്കുന്നതിനാണ് ശ്രമിക്കുന്നത്. ഗോദാവരിയില്‍ 18 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിച്ചതെങ്കില്‍ കേരളത്തില്‍ 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ആന്ധ്രയില്‍ ഒന്നര കിലോമീറ്ററിനിടയില്‍ വാള്‍വുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ 24 കിലോമീറ്റിനിടയിലാണ് സംസ്ഥാനത്തെ പൈപ്പ്‌ലൈനില്‍ വാള്‍വുകള്‍ സ്ഥാപിക്കുന്നത്. ഇതോടെ സ്‌ഫോടനം ഉണ്ടായാല്‍ കിലോമീറ്റുകള്‍ കത്തിയമരുന്ന സാഹചര്യമാണ് ഉണ്ടാവാനിരിക്കുന്നത്. 100 ടണ്‍ വാതകമാണ് ഗോദാവരി പൈപ്പ്‌ലൈനില്‍ കത്തിയമര്‍ന്നതെങ്കില്‍ കേരളത്തില്‍ സ്‌ഫോടനമുണ്ടായാല്‍ 3500 നും – 4000 ടണ്‍ വാതകമായിരിക്കും വിനാശം വിതക്കുക. ഇതിനെല്ലാം പുറമേ ജനസാന്ദ്രത കൂടിയ കേരളത്തില്‍ കൂട്ടമരണമായിരിക്കും നടക്കാനിരിക്കുന്നത്. വീട്ടില്‍ ഉപയോഗിക്കുന്ന പാചകവാതകത്തെക്കോള്‍ 80ല്‍ ഒരംശം അളവ് ചോര്‍ച്ചയില്‍ നേരിയ തീപ്പൊരി ഉണ്ടായാല്‍ പോലും സ്‌ഫോടനം നടക്കും. രണ്ട് തരം സ്‌ഫോടനമാണ് പൈപ്പ്‌ലൈന്‍ ചോര്‍ച്ചയിലൂടെ ഉണ്ടാവുന്നത്. ചോരുന്നതോടെ പെട്ടെന്ന് ഉണ്ടാവുന്ന സ്‌ഫോടനം തീവ്രമാണെങ്കിലും അത്ര അപകടകരമായിരിക്കില്ല. എന്നാല്‍ ചേര്‍ച്ച നടന്ന് അന്തരീക്ഷത്തില്‍ സ്വരൂപിക്കുന്ന വാതകം പിന്നീട് അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ കത്തുന്നത് ഭീകരവും ഭയാനകവുമായ സ്‌ഫോടനമായിരിക്കും വരുത്തിവെക്കുന്നത്. വര്‍ഷങ്ങളായി പാതയോരങ്ങളില്‍ സംരക്ഷിച്ചിരുന്ന പൈപ്പുകളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ കൃത്യമായ പരിശോധനയും ഇപ്പോഴില്ല.
ആധുനിക സംവിധാനത്തില്‍ വിന്യസിച്ചുവെന്ന് ഗെയില്‍ തന്നെ അവകാശപ്പെട്ട പൈപ്പ്‌ലൈനാണ് ഗോദാവരിയില്‍ സ്‌ഫോടനം ഉണ്ടാക്കിയത്. അപകടം നടന്ന ആന്ധ്രപ്രദേശിലെയും ഗുജറാത്തിലെയും പൈപ്പ്‌ലൈനുകളാണ് അപകട രഹിത പൈപ്പ്‌ലൈനിന് മാതൃകയായി കേരളത്തില്‍ ഗെയില്‍ അധികൃതര്‍ ഉയര്‍ത്തികാണിക്കുന്നത്. ഗെയിലിന്റെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അടക്കം നിരത്തിയിരുന്നു. 2009-ല്‍ ഈസ്റ്റ് ഗോദാവരിയിലെ പൊന്നമടയിലും 2013-ല്‍ സബര്‍മതിയില്‍ നര്‍മ്മദ നദിയിലും ഗോവയിലും നേരത്തെ അപകടങ്ങള്‍ ഉണ്ടായിരുന്നു. ഗോവയില്‍ നടന്ന അപകടത്തില്‍ ആളുകള്‍ മരിച്ചില്ലെങ്കിലും വന്‍ നാശനഷ്ടമുണ്ടാക്കിയ അപകടത്തെ സംസ്ഥാന ദുരന്തമായാണ് ഗോവന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു
അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി പൈപ്പ് വിന്യസിക്കുന്നത്. ജനവാസകേന്ദ്രങ്ങളിലും വീടുകളോട് ചേര്‍ന്നുള്ള അലൈന്‍മെന്റിലും കര്‍ശനസുരക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന രാജ്യാന്തര നിയമങ്ങളാണ് അവഗണിക്കപ്പെടുന്നത്. പൈപ്പ് ലൈന്‍ വിന്യാസത്തിന് ലോകം അംഗീകരിച്ച അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സിന്റെ (എ.എസ്.എം.ഇ) സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നാണ് ഗെയിലിന്റെ അവകാശവാദം. എന്നാല്‍ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന വ്യാപക പരാതിയാണുള്ളത്. ജനത്തിന്റെ സുരക്ഷക്കപ്പുറം സാമ്പത്തിക ലാഭമാണ് ഗെയില്‍ ലക്ഷ്യമിടുന്നത്.
അപകടം ഒഴിവാക്കുന്നതിന് പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള പൈപ്പ് ലൈനിലെ വാള്‍വുകള്‍ കൃത്യമായി സ്ഥാപിക്കുന്നതില്‍ പിന്നാക്കം പോകുകയാണ്. ലൈനില്‍ ചോര്‍ച്ചയുണ്ടായാല്‍ വാതകം സുരക്ഷിതമായി ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വാള്‍വുകള്‍ സ്ഥാപിക്കുന്നതിനും തയാറല്ല. രണ്ട് വാള്‍വ് സ്‌റ്റേഷനുകളുടെ ദൂരപരിധി എട്ടു കിലോമീറ്റര്‍ ആണെന്ന അന്താരാഷ്ട്ര നയം പാലിക്കുന്നില്ല. കേരളത്തില്‍ പൈപ്പ്‌ലൈനില്‍ വാള്‍വ് സ്‌റ്റേഷനുകളുടെ ദൂരപരിധി 24 കിലോമീറ്ററാണ്.
കടന്നുപോകുന്ന സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് പൈപ്പ് ലൈനിനെ 1600 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമുള്ള ക്ലസ്റ്ററുകളാക്കി തിരിക്കേണ്ടതുണ്ട്. പ്രദേശത്തെ ജനസാന്ദ്രതക്ക് അനുസരിച്ച് നാലു മേഖലകളായി തിരിക്കണം. ഒന്നു മുതല്‍ 10 വരെ വീടുകള്‍ ഉണ്ടെങ്കില്‍ ലൊക്കേഷന്‍ നമ്പര്‍ ഒന്ന്, 10 മുതല്‍ 46 വീടുകളുള്ള പ്രദേശങ്ങളെ ലൊക്കേഷന്‍ നമ്പര്‍ രണ്ട്, 46 മുതല്‍ മൂന്നായും തിരിക്കേണ്ടതുണ്ട്. ഇരുനില കെട്ടിടങ്ങളും ജനവാസകേന്ദ്രങ്ങള്‍ക്കും ഇടയിലൂടെയുള്ള അലൈന്‍മെന്റ് ലൊക്കേഷന്‍ നമ്പര്‍ നാലുമാണ്. ഇത് അനുസരിച്ച് കേരളം ലൊക്കേഷന്‍ നമ്പര്‍ നാലിലാണ് വേണ്ടതെങ്കിലും 10 മുതല്‍ 46 വരെ വീടുകള്‍ വരുന്ന ലൊക്കേഷന്‍ രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍ നിന്നും 15മീറ്റര്‍ മാറി പൈപ്പ് ഇടണമെന്ന നിര്‍ദ്ദേശം പദ്ധതി കടന്നുപോകുന്ന ഏഴു ജില്ലകളിലും വ്യാപകമായി അട്ടിമറിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് പിണറായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പ്രാഥമിക ചുവുടവെപ്പ് പോലും ഉണ്ടായിട്ടില്ല.

തെറ്റിദ്ധരിപ്പിച്ച് ഭൂമി കൈക്കലാക്കുന്നു

പദ്ധതിക്കായി 21 മീറ്റര്‍ ഭൂമി വിട്ടുതന്നാല്‍ പൈപ്പ് വിന്യസിച്ചതിന് ശേഷം ഈ ഭൂമിയില്‍ കൃഷി അടക്കം മറ്റു പ്രവര്‍ത്തനങ്ങളും നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭൂമി കൈക്കലാക്കുകയാണ് ഗെയില്‍ ചെയ്യുന്നത്. എന്നാല്‍, പ്രകൃതിവാതക പൈപ്പ്‌ലൈനിനായി വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഗെയിലിനാണെന്ന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിലപാട്. പാചക വാതകം അടക്കം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി പൈപ്പ് വിന്യസിച്ച ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെ അവകാശം ഭൂവുടമക്കായിരിക്കുമെന്ന ഗെയ്‌ലിന്റെ വാദം പൊളിക്കുന്നതാണ് കത്തിലെ ഉള്ളടക്കം. ഭൂമിയുടെ അവകാശം സംബന്ധിച്ച് 1962-ലെ പെട്രോളിയം ആന്റ് മിനറല്‍ ആക്ടിലെ ഒമ്പതാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിച്ചു തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറ്റകുറ്റ പണികള്‍ക്കും ജനങ്ങളൂടെ സുരക്ഷക്കുമായി അനിശ്ചിതമായി നീണ്ടുകിടക്കുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇത്തരം ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണമെന്ന പരാമര്‍ശവുമുണ്ട്. ഏറ്റെടുത്ത ഭൂമിയുടെ ഉടമാവകാശം ഗെയിലിനാണെന്നും പൈപ്പ്‌ലൈന്‍ വിന്യസിച്ചിട്ടുള്ള ഭാഗങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തന്നാല്‍ മാത്രമേ കൃത്യമായ പരിശോധനയും അറ്റകുറ്റ പണിയും നടക്കുകയുള്ളുവെന്നും കത്തിലുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം ആന്റ് കെമിക്കല്‍ ലിമിറ്റഡ് അടക്കം കമ്പനികള്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പ്‌ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വ്യാപക കയ്യേറ്റങ്ങള്‍ ഉണ്ടെന്ന് കത്തില്‍ പറയുന്നു. ഈ കയ്യേറ്റങ്ങള്‍ കമ്പനികള്‍ക്ക് തടസമാണെന്നതിന് അപ്പുറം സുരക്ഷയെ ബാധിക്കുന്നതാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ രാജ്യത്ത് ഏറെ കാലമായി നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തരണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമി ഏറ്റെടുത്തതും കബളിപ്പിച്ചു തന്നെ

നടക്കാതെ പോയ യോഗങ്ങളില്‍ എടുക്കാതെ പോയ തീരുമാനങ്ങള്‍ രേഖയാക്കിയാണ് ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിയുടെ അവകാശം മാത്രം വേണ്ട കൊച്ചി – കൂറ്റനാട് – മംഗലാപുരം – ബംഗളൂരു ഗെയ്ല്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് വ്യാജ രേഖകള്‍ ഉണ്ടാക്കി ഭൂമി ഏറ്റെടുത്തു നല്‍കാനാണ് ശ്രമം. പദ്ധതി കടന്നുപോകുന്ന ജില്ലകളില്‍ 2014-ല്‍ വിളിച്ചുചേര്‍ത്തെങ്കിലും നടക്കാതെ പോയ വാദം കേള്‍ക്കല്‍ രേഖകളാക്കി ഭൂമി ഏറ്റെടുക്കുന്നതിനാണ് നീക്കം. പദ്ധതിക്ക് ഭൂമി ഉപയോഗത്തിനായി സര്‍ക്കാര്‍ 2011 ജൂണ്‍ 21നാണ് ഭൂമിയുടെ സര്‍വേയുമായി ബന്ധപ്പെട്ട 3വണ്‍ വിജ്ഞാപനം പുറത്തിറങ്ങിയത്. തുടര്‍ന്ന് 21 ദിവസത്തിന് ശേഷം പരാതികള്‍ സ്വീകരിച്ച് പ്രദേശവാസികളുടെ വാദം കേള്‍ക്കേണ്ടതുണ്ട്. മൂന്ന് വര്‍ഷത്തിനിടെ വാദം കേള്‍ക്കല്‍ നടന്നില്ലെങ്കില്‍ 3വണ്‍ വിജ്ഞാപനം റദ്ദാവും. എന്നാല്‍ മൂന്നുവര്‍ഷത്തിന് ശേഷം 2014നാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി മലപ്പുറത്ത് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 22നാണ് വാദം കേള്‍ക്കല്‍ നടത്താന്‍ ശ്രമിച്ചത്. മലപ്പുറം കലക്ടറേറ്റില്‍ യോഗം വിളിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത യോഗം പിന്നീട് നടത്തുമെന്നാണ് കലക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി. രണ്ടുദിവസത്തിന് ശേഷം കോഴിക്കോട് ചേര്‍ന്ന യോഗവും അലസിപ്പിരിഞ്ഞു. ഈ യോഗം പിന്നീട് നടത്തുമെന്ന് കലക്ടറേറ്റില്‍ നോട്ടീസ് പതിക്കുകയുമുണ്ടായി. പാലക്കാട് സെപ്തംബറില്‍ നടന്ന യോഗം വിളിച്ചുവെങ്കിലും നടന്നില്ല. പദ്ധതി കടന്നുപോകുന്ന ഏഴു ജില്ലകളിലെയും പ്രദേശവാസികളുടെ വാദം കേള്‍ക്കല്‍ 2014ല്‍ വിവിധ മാസങ്ങളില്‍ വിളിച്ചുചേര്‍ത്തുവെങ്കിലും പ്രതിഷേധം മൂലം നടന്നിരുന്നില്ല. നടക്കാതെ പോയ ഈ യോഗങ്ങളില്‍ എടുക്കാതെ പോയ തീരുമാനങ്ങള്‍ വ്യാജമായി ചമച്ച് തുടര്‍ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. 3വണിന് പിന്നാലെ 6വണ്‍ വിജ്ഞാപനം പുറത്തിറക്കി പൈപ്പ് വിന്യസിക്കുകയാണ് ചെയ്യുന്നത്.

വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത് കേരളത്തില്‍ മാത്രം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ നിര്‍ബന്ധപൂര്‍വ്വം ചെയ്യിക്കുന്നതിന് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇടതു സര്‍ക്കാര്‍ റവന്യുവകുപ്പിനൊപ്പം പൊലീസിനെ കൂടി നിയോഗിച്ചാണ് ആശങ്ക അകറ്റാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തല്ലിച്ചതച്ച പൊലീസ് തന്നെ ആശങ്ക അകറ്റാനെത്തുവെന്ന് പറയുന്നതില്‍ തന്നെയില്ലെ ഏന്തോ ഒരു പന്തികേട്.
എന്നാല്‍, ഭൂമിയുടെ ഉപയോഗ അവകാശം മാത്രം വേണ്ട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസഥരെ ഉപയോഗിക്കുന്ന പതിവില്ല. ഇതിന് നിയമത്തിന്റെ പിന്‍ബലവുമില്ല. എന്നാല്‍ സര്‍ക്കാര്‍ തന്നെയാണ് ഇതിന് ചൂട്ടുപിടിക്കുന്നത്. അഴിമതിക്ക് വളം വെക്കുന്ന ഈ നയം സര്‍ക്കാറിന് വന്‍ നഷ്ടം വരുത്തിവെക്കുന്നതാണ്. ഒപ്പം ഗെയിലിന് നയാപൈസ ചെലവില്ലാതെ പൈപ്പ് വിന്യസിക്കുന്നതിന് ഭൂമി ലഭിക്കുകയും ചെയ്യും. മാത്രമല്ല റവന്യു വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്ന സാഹചര്യമാണുള്ളത്. ഏറെ പണിയുള്ള പൊലീസിനെ ഇതിന് ഉപയോഗിക്കുന്നതിലൂടെ ക്രമസമാധാന പാലനത്തിലും പ്രശ്‌നങ്ങളുണ്ടാവും. ജനം എതിര്‍ക്കുന്ന പദ്ധതിയായതിനാല്‍ സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ വില്ലേജ് ഓഫീസര്‍മാര്‍ അടക്കം റവന്യു വകുപ്പ് ജീവനക്കാര്‍ പ്രതിഷേധത്തിലാണുള്ളത്. ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
1962ലെ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ്‌ലൈന്‍ ആക്ടിന് വിരുദ്ധമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗെയ്ല്‍ കോമ്പിറ്റന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഗെയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തേണ്ട ജോലിയാണ് സര്‍ക്കാര്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ കൊണ്ട് നടത്താന്‍ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ ഗെയ്‌ലിന്റെ കോമ്പിറ്റന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജോലിയാണ്‌കേരളത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.

പദ്ധതിക്കായി ന്യായവിലയുടെ 50 ശതമാനം നല്‍കാമെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്റെ വാഗ്ദാനം. ഉന്നത ഉദ്യോഗസ്ഥര്‍ ഇത് നേരത്തെ തള്ളിയിരുന്നു. ന്യായവിലയുടെ 50 ശതമാനം എന്നത് വിപണിവിലയുടെ അഞ്ച് ശതമാനം പോലും ഉണ്ടാവില്ലെന്നും ഭൂമി വിട്ടുകിട്ടാന്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 505 കിലോമീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇനിയും വില കൂട്ടിനല്‍കാതെ ഭൂമി ലഭിക്കില്ലെന്ന തിരിച്ചറിവാണ് കര്‍മ്മസേന രൂപവല്‍കരണത്തില്‍ കലാശിച്ചത്. സംസ്ഥാനത്തെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന എഴ് ജില്ലകളിലെയും ഭൂഉടമകളേയും ഭരണകൂടത്തെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും സേന നേരിട്ട് കാണും. പുനരധിവാസം അടക്കം പാക്കേജുമായാണ് ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വന്നിട്ടുള്ളത്. സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമോയെന്ന് ഉത്തരം പറഞ്ഞാല്‍ മതി. കാരണം ഗെയിലിന് 1962ലെ പെട്രോളിയം ആന്‍ഡ് മിനറല്‍ ആക്ടിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഭൂമിക്ക് തുക നല്‍കാനാവൂ. അതില്‍ പുരധിവാസമെന്ന പദം ഗെയിലിന് പരിചയം പോലുമില്ല. പദ്ധതി തുകയുടെ 10 ശതമാനം മാത്രമാണ് സ്ഥലം കണ്ടെത്താന്‍ മാറ്റിവെച്ചിട്ടുള്ളത്. ഈ തുക വര്‍ദ്ധിപ്പിക്കാതെ കൂടിയ വിലക്ക് ഭൂമി ഏറ്റെടുക്കാന്‍ പോലുമാവില്ല. ഗെയിലിന്റെ നിലപാട് ഇതാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ എവിടെ നിന്നും പണം നല്‍കും.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയില്‍) കൊച്ചി -കൂറ്റനാട് – മംഗലാപുരം – ബംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് പകരം തമിഴ്‌നാട് പുതിയ പദ്ധതി തേടുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പദ്ധതിക്കായി സ്ഥലം കിട്ടാതെ വിഷമിക്കുന്നതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്ത് വരുന്നത് ഗെയിലിന് തിരിച്ചടിയാവും. പ്രകൃതിവാതകത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ( ഐ.ഒ.സി ) സഹകരിച്ച് പുതിയ പദ്ധതി നടപ്പാക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി അയല്‍സംസ്ഥാനം രംഗത്ത് വരുന്നത്. മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് ( എം.എഫ്.എല്‍ ) പാചകവാതക സ്രോതസിനായി ഐ.ഒ.സിയുമായി ഉടനടി ഉടമ്പടിയില്‍ ഏര്‍പ്പെടും. ഇതിനായി ചെന്നൈയിലെ എന്നൂറില്‍ പ്രവര്‍ത്തന സജ്ജമാവുന്ന എല്‍.എന്‍.ജി ടെര്‍മിനലും ഉപയോഗപ്പെടുത്താനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം. അതിനിടെ 2015 മുതല്‍ 17 വരെ രണ്ട് വര്‍ഷത്തിനിടെ പദ്ധതി നടപ്പാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നൂറില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ പാചകവാതകം എത്തിക്കുന്നതിനാണ് ആദ്യ ശ്രമം നടക്കുന്നത്. തുടര്‍ന്ന് തമിഴ്‌നാടില്‍ ഇത് വ്യാപിപ്പിക്കും. ഗെയില്‍ പദ്ധതിക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും നടക്കുന്ന പ്രതിഷേധങ്ങളാണ് തമിഴ്‌നാടിനെ മാറി ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.

അതിനിടെ കടല്‍തീരം വഴി അലൈന്‍മെന്റ് ഒരുക്കിയാല്‍ ജനം പദ്ധതിക്ക് അനുകൂലമാവുമെന്ന് അഭിഭാഷകകമ്മീഷന്‍ വി.വിജിത നല്‍കിയ പരിശോധന റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാറും ഗെയിലും തയാറല്ല. എന്തുകൊണ്ട് ഒരു അലൈന്‍മെന്റ് മാത്രം അംഗീകരിക്കുന്നുവെന്ന സമരക്കാരുടെ ചോദ്യം പ്രസക്തമല്ലേ. വ്യവസായിക ആവശ്യങ്ങള്‍ക്ക് മാത്രമായി വിന്യസിക്കുന്ന പൈപ്പ്‌ലൈന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിമാത്രമാണ് നിര്‍മിക്കുന്നത്. ഗെയിലിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ അലൈന്‍മെന്റ് മാറ്റാത്ത നിലപാടിന് പിന്നാലെയൊന്നു പോകണം. നേരത്തെ കോര്‍പ്പറേറ്റുകള്‍ ഒരുക്കിയ അലൈന്‍മെന്റും ഗെയില്‍ അലൈന്‍മെന്റും എവിടെയോ സന്ധിക്കുന്നുണ്ടോയെന്ന് ജനം സംശയിച്ചാല്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗെയില്‍ പദ്ധതിക്കായി കോര്‍പ്പറേറ്റ് ഭീമന്‍ മുതലാളിമാര്‍ കേന്ദ്ര ഫ സംസ്ഥാന സര്‍ക്കാറുകള്‍ ഓഫീസുകളില്‍ വട്ടം ചുറ്റും പാറിപറക്കുന്നത് എന്തിനു വേണ്ടിയായിരിക്കും. ഏറെ അനുകൂലമായ അലൈന്‍മെന്റുകള്‍ തള്ളി ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിനാണ്. ജനത്തിന് അനുകൂലമായ അലൈന്‍മെന്റ് സ്വീകരിക്കുന്നതിന് ജനകീയസര്‍ക്കാറിന് എന്ത് തടസമാണുള്ളത്. സുരക്ഷിതമായി ജീവിക്കുന്നതിനാണ് ജനം പ്രതിഷേധിക്കുന്നത്. അപകടം വന്നതിന് ശേഷം പറഞ്ഞിട്ട് കാര്യവുമുണ്ടാവില്ല. അങ്ങനെ വരുമ്പോഴാണ് നിഗൂഢ രാഷ്ട്രീയ ബന്ധങ്ങള്‍ വരെ ആരോപിക്കപ്പെടുന്നത്. ഇങ്ങനെ ഒരാലോചന നടത്താനുള്ള ചങ്കൂറ്റമെങ്കിലും ഇടതുസര്‍ക്കാറില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യമൊന്ന് രഹസ്യമായി പഠിക്കാന്‍ ഇടതുസര്‍ക്കാര്‍ ഒന്നു ഇറങ്ങി തുനിഞ്ഞാല്‍ മതി. അപ്പോള്‍ മനസിലാവും ജനത്തിന്റെ ആവശ്യം ന്യായമാണെന്ന്.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757