zero hour

വി.സി ഹാരിരിസ്; മാമൂല്‍ ധൈഷണിക ജീവിതത്തോട് കലഹിച്ച പ്രതിഭ – അനുസ്മരണം – ശശി മേമുറി

ബന്ധുവും ഗവേഷണ വിദ്യാര്‍ഥിയും കവിയുമായ സാജു എന്‍.ടി യും സാജുവിന്റെ സഹോദരന്‍ സജി എന്‍. ടി യും എന്റെ വീട്ടില്‍ വന്നപ്പോഴാണ് ഡോക്ടര്‍ വി.സി ഹാരിസിനുണ്ടായ അപകടത്തെക്കുറിച്ചറിഞ്ഞത്. ഹാരിസ് മാഷ് വെന്റിലേറ്ററിലാണെന്നും രക്ഷപ്പെടുക പ്രയാസകരമാണെന്നും പറഞ്ഞു. അവര്‍ പോയ ഉടനെ ഞാന്‍ ടി.വി ഓണ്‍ ചെയ്തു. സങ്കടകരമായ ആ വാര്‍ത്ത ടിവിയില്‍ എഴുതിക്കാണിക്കുന്നു, ഡോക്ടര്‍ വി.സി ഹാരിസ് അന്തരിച്ചു. മുന്‍പൊരിക്കല്‍ മരണത്തെ മുഖാമുഖം കണ്ടിരുന്ന ഹാരിസ് മാഷ് അതിനെ അത്ഭുതകരമായി അതിജീവിച്ചിരുന്നു. നല്ല രംഗബോധമുണ്ടായിരുന്ന മാഷിനെ രംഗബോധമില്ലാത്ത മരണം എന്ന കോമാളി തട്ടിയെടുത്തു. അടുത്ത ബന്ധുവിന്റെ അകാല മൃത്യു തരുന്ന വേദന പോലെ മാഷിന്റെ ചരമ വാര്‍ത്ത ഹൃദയത്തില്‍ നിശബ്ദമായ നീറിപ്പുകഞ്ഞു.

1991-ലാണ് ഹാരിസ് മാഷ് കോട്ടയത്ത് എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എത്തുന്നത്. വൈജ്ഞാനിക മേഖലയിലെ നിരവധി പ്രതിഭകള്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍, മാമൂല്‍ സൈദ്ധാന്തകരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന ഹാരിസ് മാഷ് കലാകാരനും തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു. മാനദണ്ഡങ്ങളോ പ്രത്യേക പരിഗണനകളോ ഇല്ലാതെ അധ്യാപക-വിദ്യാര്‍ഥി-സുഹൃദ് സൗഹൃദങ്ങളെ അദ്ദേഹം നെഞ്ചിലേറ്റി, അരികു ജീവിതങ്ങളുടെ സഹയാത്രികനായി. സംവാദ-വിമര്‍ശന പാഠങ്ങളുടെ അക്കാദമിക് പരിസരത്തു മാത്രം നില്‍ക്കാതെ ജനകീയ പ്രതിരോധങ്ങളിലും, ദലിത്-ആദിവാസി പ്രക്ഷോഭങ്ങളിലും, കീഴാള പഠനങ്ങളിലും, സമാന്തര നാടക-സിനിമ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. ലോകോത്തര ചലച്ചിത്ര മേളകളിലെ ചര്‍ച്ചകളിലെ പ്രധാന വാഗ്പ്രമാണിയായി ഉത്തരാധുനിക വ്യവഹാരങ്ങളെ ഏറ്റവും സര്‍ഗാത്മകവും അര്‍ഥപൂര്‍ണവുമാക്കി ഹാരിസ് മാഷ്. വിഖ്യാത ചിന്തകന്മാരായ ഫൂക്കോയെയും ദെറീദയെയും കുറിച്ചുള്ള ഹാരിസ് മാഷിന്റെ പഠനങ്ങള്‍ സാഹിത്യ ഗവേഷണ ലോകത്തിനു വലിയ സംഭാവനയാണ് നല്‍കിയത്.
1994-മുതല്‍ കുറിച്ചി ദലിത് വിമന്‍സ് സൊസൈറ്റിയില്‍ വെച്ച് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസര്‍ ടി.എം യേശുദാസനും ഭാര്യ ലവ്‌ലി സ്റ്റീഫനും തുടങ്ങി വെച്ച ദലിത് പഠന പരമ്പരകള്‍ക്ക് ഡോ. എ.കെ രാമകൃഷ്ണന്‍, ഡോ. എം കുഞ്ഞമ്മാന്‍, സണ്ണി.എം കപിക്കാട്, ഡോ. പി ശിവാനന്ദന്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. വത്സല ബേബി, ഡോ. സനല്‍ മോഹന്‍, സിനിമ സംവിധായകന്‍ കൂടിയായ ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി അക്കാദമിക് രംഗത്തെ പ്രഗത്ഭരോടൊപ്പം ഡോ. വി സി ഹാരിസും നേതൃത്വം നല്‍കി. ഹാരിസ് മാഷുമായി വ്യക്തി ബന്ധം ഉണ്ടാവുന്നത് ഈ പഠന ക്ലാസ്സുകളില്‍ വെച്ചാണ്. ദലിത് സ്വത്വാന്വേഷണത്തിനും നവ ജ്ഞാനനിര്‍മിതിക്കും പുത്തന്‍ രാഷ്ട്രീയ സാംസ്‌കാരിക വ്യവഹാരത്തിനും വൈവിധ്യമായ ചിന്താ ധാരകളെ വിസ്‌ഫോടനകരമാക്കി വളര്‍ത്തുവാന്‍ കേരളത്തില്‍ നടാടെ നടന്ന ഈ പഠനശിബിരങ്ങള്‍ക്കു കഴിഞ്ഞു. അന്നത്തെ ചില സെമിനാര്‍ പ്രബന്ധങ്ങള്‍ ഇപ്പോള്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി സിലബസില്‍ ചേര്‍ത്തിട്ടുണ്ട്. 1997-ല്‍ പ്രൊഫ. ടി. എം യേശുദാസന്‍, പ്രസിദ്ധ എഴുത്തുകാരന്‍ സി. അയ്യപ്പന്റെ പ്രേതഭാഷണം എന്ന ചെറുകഥയെ അവലംബിച്ച് ‘വേഴ്ച’ എന്ന പേരില്‍ നാടകത്തിനായി സ്‌ക്രിപ്റ്റ് ചെയ്തു. (ഈ നാടകം ഭാഷാപോഷിണി പ്രസിദ്ധീകരിച്ചിരുന്നു.) ഡോ. സാംകുട്ടി പട്ടംകരി സംവിധാനം നിര്‍വഹിച്ച ഈ നാടകം കേരളത്തിലെ ആദ്യത്തെ ദലിത് സ്ത്രീ നാടകവേദിയുടെ (കുറിച്ചി) നേതൃത്വത്തില്‍ ബാംഗളൂരടക്കം നിരവധി സ്ഥലങ്ങളില്‍ അവതരിപ്പിച്ചു. ഷൈലമ്മ, പ്രിയാമോള്‍ കെ.സി, ബിന്ദു അപ്പുകുട്ടന്‍, മല്ലിക, അപ്പുകുട്ടന്‍, എം.ടി ജയന്‍, ജോസ് എം.ജെ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. ഞാനും സഹോദരന്‍ കെ. സിയും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് ഇതിന്റെ രംഗകല ചെയ്തു. ഈ നാടകം കണ്ട ഹാരിസ് മാഷ് വേഴ്ചയെന്ന ഈ സ്‌ക്രിപ്റ്റിനെ അവലംബിച്ചു ചലച്ചിത്രാവിഷ്‌ക്കാരം ചെയ്യണമെന്ന താല്‍പര്യവുമായി മുന്നോട്ടു വന്നു. സണ്ണി എം കപിക്കാടും ഞങ്ങള്‍ മറ്റു സുഹൃത്തുക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏകദേശം കഥാപാത്രങ്ങള്‍ക്കുള്ള കാസ്റ്റിംഗും നടന്നു. സിനിമക്ക് പറ്റിയ കുറച്ചു ദലിത് കോളനികള്‍ കണ്ടു വെക്കണമെന്ന് മാഷ് പറഞ്ഞു. അങ്ങനെ കോട്ടയത്ത് പ്രാന്ത പ്രദേശങ്ങളിലെ ചില കോളനികള്‍ ഞങ്ങള്‍ കണ്ടുവെച്ച് മാഷിനെ വിവരം ധരിപ്പിച്ചിരുന്നു. ഈ സിനിമക്കായി ഹാരിസ് മാഷിന്റെ നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും എന്തൊക്കൊയോ കാരണങ്ങളാല്‍ അത് നടക്കാതെ വന്നു.

മധ്യ കേരളത്തിലെ ദലിത് അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം പ്രത്യക്ഷമായി ഹാരിസ് മാഷ് ഇടപെടുന്നതു 2000-ല്‍ കുറിച്ചിയിലെ സചിവോത്തമപുരം ദലിത് കോളനിയില്‍ ആയിരക്കണക്കിന് വീടുകള്‍ക്ക് മുകളിലൂടെ കോളനി വാസികളുടെ ജീവനെ ഭീഷണി ആയി ഉയര്‍ന്ന 11 ഗഢ ലൈന്‍ അഴിച്ചു മാറ്റണമെന്ന പ്രക്ഷോഭത്തിലായിരുന്നു. നീതി ലഭിക്കുവാന്‍ ആത്മാഹുതി ചെയ്ത കുറിച്ചി ശ്രീധരന് (2000 ഫെബ്രുവരി 2) 2000 ഫെബ്രുവരി 5-ന് ചിങ്ങവനത്ത് ഗോമതി ജംഗ്ഷനില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തത് ഡോ. വി സി ഹാരിസ് ആയിരുന്നു. തുടക്കത്തില്‍ ഇരുപത് പേര്‍ പങ്കെടുത്ത സമരജാഥയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ അഞ്ഞൂറിലധികമാളുകള്‍ പങ്കെടുത്തു. എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്, എം.ഡി തോമസ്, എം.ആര്‍ രേണുകുമാര്‍, എം.ബി മനോജ്, കല്ലറ അനില്‍ ബിജു, അപ്പുക്കുട്ടന്‍, ബിന്ദു അപ്പുകുട്ടന്‍, രേഖാരാജ്, സന്തോഷ് പെറുതുരുത്, കല്ലറ ശ്രീകുമാര്‍, എം.ടി ജയന്‍, ബാബു തൂമ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ മാസങ്ങള്‍ നീണ്ടു നിന്ന അവകാശ സമരങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു. ശക്തമായ ദലിത് പ്രതിരോധങ്ങളെ അടിച്ചൊതുക്കുവാന്‍ സര്‍ക്കാര്‍ ദിവസങ്ങളോളം നൂറു കണക്കിന് പോലീസ് സേനയെ കോളനി മുഴുവന്‍ വിന്യസിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ ഫാക്ടറിക്ക് വേണ്ടിയാണു കോളനിക്ക് മുകളിലൂടെ 11 ഗഢ ലൈന്‍ വലിച്ചത്. ദലിത് സ്വത്വ രാഷ്ട്രീയത്തെയും ദലിത് അവകാശ പോരാട്ടങ്ങളെയും എതിര്‍ക്കുന്ന ഭരണകൂടം കോളനി വാസികളുടെ ജീവന് പുല്ലു വില നല്‍കുകയായിരുന്നു.
ഒരു മാസക്കാലം കോളനിയില്‍ താവളം ഉറപ്പിച്ച ആയിരക്കണക്കിന് പോലീസ് സേനയെ തീറ്റിപ്പോറ്റിയതിന്റെയും അവരുടെ വാഹനങ്ങള്‍ ഭീതികരമായ അന്തരീക്ഷം ഉണ്ടാക്കി കോളനിക്കു കുറുകെ ചീറിപ്പാഞ്ഞതിന്റെയും പകുതി പണം പോലും വേണ്ടായിരുന്നു 11 ഗഢ ലൈന്‍ അഴിച്ചു മാറ്റി ജനവാസം ഇല്ലാത്ത വഴിയേ പുതിയ ലൈന്‍ കൊണ്ടുപോകാന്‍. എന്നാല്‍, ഗവണ്‍മെന്റിന്റെ നിലപാട് കേവലം സ്വകാര്യ വ്യക്തിയുടെ താല്‍പര്യത്തെയും അയാളുടെ ബിസിനസിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുക എന്നതിനുപരി ദലിത് അവകാശ ബോധത്തെ, രാഷ്ട്രീയ ബോധത്തെ, ദലിത് കൂട്ടായ്മകളെ തല്ലിക്കെടുത്തി ഒരിക്കലും വളരാതെ അവരെ എക്കാലവും അടിച്ചമര്‍ത്തി നിശബ്ദരാക്കുക എന്നതായിരുന്നു. കാരണം, അവരുടെ കസേരകള്‍ക്കിളക്കം തട്ടാതിരിക്കണമെങ്കില്‍ ഈ ദലിത് ബഹുജന്‍ കൂട്ടായ്മകളെ അവരുടെ അടിയാളരായി എക്കാലത്തും നിലനിര്‍ത്തണം. രാഷ്ട്രീയ ബോധ്യമുള്ള, ആത്മാഭിമാനമുള്ള ദലിത് യുവനിര ഗവണ്‍മെന്റിന്റെ നീതി നിരാസത്തിനു ബദലായി കുറിച്ചി സചിവോത്തമപുരം ദലിത് കോളനിയിലേക്കു ഒഴുകി എത്തി. അനന്തരം കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് 2000 ഫെബ്രുവരി 27-ന് 11 ഗഢ ലൈന്‍ അറുത്ത് അഴിച്ചെറിഞ്ഞ് ദലിത് അവകാശ പോരാട്ടത്തിന് പുതിയ ചരിത്രം എഴുതി. ചരിത്രത്തില്‍ എക്കാലത്തും ശ്രദ്ധേയമായ ഈ അവകാശ പോരാട്ടത്തില്‍ ഹാരിസ് മാഷ് അണിചേര്‍ന്നത് അരികു ജീവിതങ്ങളോടുള്ള അദ്ദേഹത്തിന്റെ അനന്യമായ ആത്മബന്ധം കൊണ്ടാണ്.

ഈ സമരത്തിന് മുഖ്യ നേതൃത്വം വഹിച്ചത് ഞങ്ങള്‍ യുവാക്കള്‍ ജേഷ്ഠ സഹോദരനായി കാണുന്ന, ജാതി-ലിംഗ വിവേചനങ്ങള്‍ക്കെതിരെ തന്റെ ജീവിതം സമര്‍പ്പിച്ച, കേരളത്തിലെ നിര്‍ണായക ദലിത് അവകാശ പോരാട്ടങ്ങളുടെയും ഭൂസമരങ്ങളുടെയും അമരക്കാരനായിരുന്ന, ഞങ്ങള്‍ക്ക് എക്കാലത്തും ആവേശമായിരുന്ന ശ്രീ എം.ഡി തോമസാണ്. ഹാരിസ് മാഷിന്റെ ആത്മസുഹൃത്തായിരുന്നു എം ഡി തോമസ്. 2007-ല്‍ കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഈയുള്ളവനും കവിയും ചിത്രകാരനുമായ എം.ആര്‍ രേണുകുമാറും, എഴുത്തുകാരനും ചിത്രകാരനുമായ ഡോ. അജയശേഖറും, ചിത്രകാരന്മാരായ അനിരുദ്ധ് രാമനും, ജെയിന്‍ കെ. ജിയും ചേര്‍ന്ന് ‘എമേര്‍ജിങ് ഐസ്’ എന്ന പേരില്‍ ഒരു ചിത്ര പ്രദര്‍ശനം നടത്തി. ഹാരിസ് മാഷ് ഞങ്ങളുടെ ചിത്രപ്രദര്‍ശനം കാണുവാന്‍ വന്നിരുന്നു. അന്ന് എന്റെ ബഷീര്‍ ചിത്രങ്ങള്‍ കണ്ട മാഷ്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ബഷീര്‍ ചെയറില്‍ സ്ഥാപിക്കാന്‍ ബഷീറിന്റെ ഒരു വലിയ ഡ്രോയിങ് വരച്ചുകൊടുക്കണമെന്നു പറഞ്ഞു. വര്‍ഷങ്ങള്‍ കുറെ പിന്നിട്ടു. ആ ചിത്രം വരക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ പരസ്പരം അതിനെക്കുറിച്ച് സംസാരിച്ചിട്ടുമില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് ഡോക്ടര്‍ പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത നാടകത്തില്‍ ഹാരിസ് മാഷാണ് മുഴുനീള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ നാടകം കാണുവാന്‍ ഞാന്‍ പോയിരുന്നു. മെറ്റമോര്‍ഫോസിസിന്റെ രസതന്ത്രം തന്റെ കഥാപാത്ര സൃഷ്ടിയില്‍ പൂര്‍ണമാക്കി പുതിയ തീയേറ്റര്‍ ഭാഷയെ ആവിഷ്‌കരിച്ചത് ഏവരെയും അത്ഭുത പരതന്ത്രരാക്കിയത് ഓര്‍മിക്കുന്നു. രംഗഭാഷയെ കുറിച്ച അഗാധമായ അറിവുള്ള നടനും കൂടിയായിരുന്നല്ലോ ഹാരിസ് മാഷ്. സണ്ണി എം കപിക്കാടുമായി ഹാരിസ് മാഷിന് അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അദ്ദേഹവുമായി അടുത്ത് ഇടപെടാനും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടാനും പലപ്പോഴായി അവസരം ഉണ്ടാക്കി. എല്ലാ ജനകീയ പ്രതിരോധങ്ങളിലും തന്റെ പ്രിയ ജീവിത സഖി, സൂര്യനെല്ലി കേസുകളടക്കം കേരളത്തിന് നിര്‍ണായക കേസുകള്‍ ഏറ്റെടുത്ത അഡ്വ. അനില ജോര്‍ജും മാഷിന് കൂട്ടിനുണ്ടായിരുന്നു. അവസരവാദ ബുദ്ധിജീവി നാട്യങ്ങള്‍ക്കപ്പുറം ഒരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും ചേര്‍ന്ന പച്ചമനുഷ്യനായിരുന്നു ഹാരിസ് മാഷ്.

എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്‍, നാടകപ്രവര്‍ത്തകന്‍, നിരൂപകന്‍, പരിഭാഷകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വൈവിധ്യങ്ങളായ മേഖലയിലൂടെ അടയാളപ്പെടുത്തിയ ആ നടത്തം നിലക്കുമ്പോള്‍ വലിയ ശൂന്യതയും നഷ്ടപ്പെടലും അനുഭവപ്പെടുന്നു. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് സ്വന്തം സ്ഥലത്ത് മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെ ആ മനുഷ്യന്‍ മണ്ണിന്റെ പച്ചഹൃദയത്തില്‍ നിത്യതയിലേക്കു മടങ്ങുമ്പോള്‍ അവിടെ കൂടിയ എല്ലാവരും വിതുമ്പി. ഹാരിസ് മാഷ് അനശ്വരമായ ഒരു മഴ മേഘമാണ്. അത് ഹൃദയങ്ങളിലേക്ക്, പുതിയ ധാരകളിലേക്ക്, അപാരതകളിലേക്ക് പെയ്തു പെയ്തു കൊണ്ടിരിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757