press release

കേരളത്തില്‍ ഇടതു സര്‍ക്കാറിന്റേത് മോദി മോഡല്‍ ഓര്‍ഡിനന്‍സ് ഭരണം – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഇടതു സര്‍ക്കാര്‍ മോദി മോഡല്‍ ജനവിരുദ്ധ ഓര്‍ഡിനന്‍സ് ഭരണമാണ് നടത്തുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ് എന്ന പേരില്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലികാ നിയമം, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് തുടങ്ങി ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതാണ്. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്ന നീക്കമാണ് വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ലൈസന്‍സ് ജനങ്ങള്‍ തെരഞ്ഞെടുത്ത പഞ്ചായത്ത് സമിതിയില്‍ നിന്ന് ഉദ്യോഗസ്ഥരിലേക്ക് മാറ്റിയത്. ഭരണഘടനയുടെ ലംഘനം കൂടിയാണിത്. ഇടതുപക്ഷം തന്നെ ഒരു കാലത്ത് വാദിച്ച ജനകീയാസൂത്രണ സങ്കല്‍പത്തെയാണ്, നിയമസഭയില്‍ പോലും ചര്‍ച്ചക്ക് വെക്കാതെ ഓര്‍ഡിനന്‍സിറക്കി അട്ടിമറിക്കുന്നത്.
മോദിയുടെ ഓര്‍ഡിനന്‍സ് രാജ് പോലെ ജനാധിപത്യ വിരുദ്ധമാണ് പിണറായിയുടെ ഓര്‍ഡിനന്‍സ് രാജും. കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളെ നിര്‍വീര്യമാക്കുന്നതിന് സമാനമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളുടെ അധികാരത്തെ കൈയ്യടക്കുന്നത്. ജനങ്ങളില്‍ നിന്നും അകന്ന, ഉപദേശികളുടെ തടവറയില്‍ കഴിയുന്ന കേരള മുഖ്യമന്ത്രി മാഫിയകള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത്. കേരള സര്‍ക്കാറിന്റെ ഭരണഘനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടി പോരാട്ടം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757