zero hour

ഡോ. എ ലത; അതിരപ്പിള്ളിയുടെ റിമ – അനുസ്മരണം – ഫസല്‍ കാതിക്കോട്

പ്രകൃതി നോവലുകളിലെ എക്കാലത്തെയും ക്ലാസിക്കായ വില്യം ഹഡ്‌സന്റെ ‘മരതകക്കൊട്ടാര’ (Green mansions) ത്തില്‍ വെളിച്ചം കടക്കാനാവാത്തതിനാല്‍ കനത്തിരുണ്ട പച്ചക്കാട്ടില്‍ വന്‍ മരങ്ങള്‍ക്കു മുകളില്‍ മിന്നായം പോലെ ഒരു സുന്ദരിപ്പെണ്‍കുട്ടി പ്രത്യക്ഷപ്പെടുകയും ആ നിമിഷംതന്നെ അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍ വായനക്കാരന്‍ ഭ്രമാത്മകമായ സ്‌തോഭത്തിലേക്കു പതിക്കുന്നു. സര്‍ഗാത്മകമായ ഷോക്കേല്‍പിക്കുന്ന ആ നോവല്‍ പ്രകൃതിയില്‍ നിന്ന് വീണ്ടെടുക്കാനാവാത്ത വിധം അന്യനാക്കപ്പെട്ട മനുഷ്യനെ ദൃശ്യവല്‍ക്കരിക്കുന്നു. റിമ എന്ന ആ പെണ്‍കുട്ടിയാവട്ടെ കാടിന്റെ സന്താനമായിരുന്ന മനുഷ്യന്റ ആദിമ വിശുദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. ഡോ. ലത ഓര്‍മിപ്പിക്കുന്നത് റിമയെയാണ്. റിമയെപ്പോലെ അവിശ്വസനീയമായിരുന്നു ലതയുടെയും ജീവിതം.

അവരുടെ വാക്കുകള്‍ ഇന്റര്‍നാഷണല്‍ റിവേഴ്‌സ് സംഘടനയുടെ സാറാ ബര്‍ദീന്‍ രേഖപ്പെടുത്തുന്നു. ‘പ്രകൃതി എക്കാലവും മനുഷ്യന്റെ ഊര്‍ജമാണ്. പണവും ആഡംബരങ്ങളും വരികയും പോവുകയും ചെയ്യും. പക്ഷേ, മനുഷ്യകുലത്തെ മുന്നോട്ടു നയിക്കുന്നത് പ്രകൃതി നമ്മോട് മന്ത്രിച്ചു കൊണ്ടിരിക്കുന്ന വസ്തുതകളാണ്. അവയാവട്ടെ നമ്മുടെ അന്തരംഗം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.’ പ്രകൃതിപ്രണയത്തില്‍ നിന്നുളവായ സവിശേഷമായ ആത്മീയതയിലായിരുന്നു അവരുടെ ജീവിതം. നാമറിഞ്ഞതിനപ്പുറമായിരുന്നു ഡോ.ലത.

സാധാരണ കുടുംബത്തില്‍ ജനിച്ച ലത താനറിഞ്ഞതിനോടുള്ള ആത്മാര്‍ഥത മാത്രം കൈമുതലാക്കി നിശബ്ദമായ വിപ്ലവത്തിനിറങ്ങി വിജയിച്ചു. ഏതൊരു വിപ്ലവകാരിയേയും പോലെ അതിന്റെ തുടക്കം പരിത്യാഗങ്ങളില്‍ നിന്നായിരുന്നു. കൃഷി ഓഫീസറായി ലഭിച്ച ജോലി ഉപേക്ഷിച്ചു കൊണ്ടാണ് പുഴ സംരക്ഷണം എന്ന കിറുക്കിനും മണ്ടത്തരത്തിനുമായി ലത തുനിഞ്ഞിറങ്ങിയത്. 1999 മുതല്‍ അതിരപ്പിള്ളി ഡാം വിരുദ്ധ സമരത്തിന്റെ സഹകാരികളായി അവിടെ സ്ഥിരസന്ദര്‍ശകനായപ്പോള്‍ എല്ലാ മീറ്റിംഗിലും കാണുന്ന ഒരു മുഖം ലതയുടേത് മാത്രമായിരുന്നു. പിന്നീടാണറിഞ്ഞത് അതിനുമെത്രയോ മുമ്പേ ലത പ്രകൃതിസംരക്ഷണത്തിന്റെ സന്യാസം സ്വീകരിച്ചു കഴിഞ്ഞിരുന്നു. മീറ്റിംഗുകളില്‍ ചായ വിതരണം മുതല്‍ സമരത്തിനായുള്ള സംഘാടനവും പഠന ക്ലാസും തുടങ്ങി ഗഹനമായ ഗവേഷണം വരെ എന്തും ലത ഏറ്റെടുത്തിരുന്നു.


1992 മുതല്‍ 94 വരെ കേരളാ യൂണിവേഴ്‌സിറ്റിയുടെ തിരുവിഴാംകുന്ന് കാമ്പസില്‍ പഠിക്കുമ്പോള്‍ ആയിരത്തോളം കാട്ടുമരങ്ങള്‍ മുറിച്ചു മാറ്റാനുള്ള കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ സമരം ചെയ്തുകൊണ്ട് രംഗത്തുവന്നു. 96ല്‍ കോട്ടയം ജില്ലയിലെ സ്ഥലങ്ങള്‍ റബ്ബര്‍ കൃഷിയിടങ്ങളായപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ അവര്‍ നടത്തിയ ഡോക്ടറേറ്റ് പഠനം യൂണിവേഴ്‌സിറ്റിയിലെ മികച്ച തിസീസുകളിലൊന്നായി. 2000 വരെ കൃഷി ഓഫീസറായി ജോലി ചെയ്തു. തുടര്‍ന്ന് ജോലി രാജിവെച്ച് അതിരപ്പിള്ളി ഡാമിനെതിരായ സമരത്തില്‍ പൂര്‍ണസമയ പ്രവര്‍ത്തകയായി. പരിസ്ഥിതി ആഘാത പഠനങ്ങളിലും തെളിവെടുപ്പുകളിലും വ്യത്യസ്ത കോണുകളിലൂടെ വിവരശേഖരണം നടത്തി അവതരിപ്പിക്കുന്നതിന്റെ ചുമതല ലതക്കായിരുന്നു. 2004-ല്‍ ഡാം പദ്ധതി ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായി. എന്നാല്‍, 2005ല്‍ ഡാമിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മറ്റൊരറിയിപ്പ് വന്നു. തുടര്‍ന്ന് വീടു നഷ്ടപ്പെടുന്ന കാടര്‍ വിഭാഗത്തിന്റെ പ്രതിനിധിയെക്കൊണ്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കി അനുകൂല വിധി നേടിയെടുത്തതില്‍ ലതയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. അഴീക്കോട്ട് ജനസാന്ദ്രതയേറിയ മേഖലയില്‍ സ്ഥാപിക്കാനിരുന്ന സിമന്റ് ഫാക്ടറിക്കെതിരായ വിവരശേഖരണത്തിലും ലത പങ്കു വഹിച്ചു. ഒരു പ്രദേശത്തെ ജനങ്ങളെയാകമാനം രോഗികളാക്കുമായിരുന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പാത്രക്കടവ്, ഭവാനി നദി സംയോജനം തുടങ്ങി അനേകം പരിസ്ഥിതി വിനാശ പദ്ധതികള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ലത നേതൃപരമായ പങ്കുവഹിച്ചിരുന്നു.

നാല് വര്‍ഷത്തോളമായി കാന്‍സര്‍ രോഗ ബാധിതയായിരുന്നു. എന്നാല്‍, ജീവിതാന്ത്യംവരെ ഒരു മാസംപോലും പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ വിട്ടുനിന്നില്ല. രോഗം വഷളായ സാഹചര്യത്തിലും മഹാനദിക്കായി പ്രോജക്ട് തയ്യാറാക്കാന്‍ പോയിരുന്നു. ആസ്ത്രേലിയ, മെക്സിക്കോ, നെതര്‍ലാന്‍ഡ്, തായ്ലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ സൗത്ത് ഏഷ്യന്‍ വിഭാഗത്തിന്റെ അഡൈ്വസറായും പ്രവര്‍ത്തിച്ച ഡോ.ലത നദികളെയും നദികളിലെ വെള്ളത്തെയും കുറിച്ച് പഠിച്ച അന്താരാഷ്ട്ര തലത്തില്‍ തന്നെയുള്ള വിദഗ്ധയുമായിരുന്നു. ഒല്ലൂരില്‍ അനന്ത കമ്മത്തിന്റേയും വരദാഭായിയുടേയും മകളായി 1966ലായിരുന്നു അവരുടെ ജനനം.

അവര്‍ നിത്യതയിലേക്ക് മറയുമ്പോള്‍ അത് കേരളത്തിലെ പരിസ്ഥിതി മേഖലക്ക് നികത്താനാവാത്ത വിടവാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നീര്‍ത്തുള്ളികള്‍ നിലകുതിച്ചൊഴുകുന്ന കാലത്തോളം അതില്‍ പ്രതിഫലിക്കുന്ന മുഖങ്ങളിലൊന്ന് ലതയുടേതായിരിക്കും. അതിരപ്പിള്ളിയില്‍ അവര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് അപേക്ഷിക്കുക കൂടി ചെയ്യുകയാണ്. കാരണം, അതിശയോക്തിയേശാതെ പറയാം. അതിരപ്പിള്ളിക്കാടുകളും വെള്ളച്ചാട്ടവും ഇപ്പോഴും നിലനില്‍ക്കുന്നത് ലതയുടെ കൂടി സംഭാവനയായാണ്. ഹഡ്‌സന്റെ റിമയെപ്പോലെ അകാലത്തില്‍ അതീത യാഥാര്‍ഥ്യങ്ങളുടെ മറയ്ക്കപ്പുറത്തേക്ക് യാത്രയായ ലതക്ക് ആദരാഞ്ജലികള്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757