zero hour

ആസിഫ് റിയാസ്; സാഹോദര്യ രാഷ്ട്രീയത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച ചെറുപ്പക്കാരന്‍ – അനുസ്മരണം- കെ.എസ് നിസാര്‍

വേര്‍പാടിന്റെ സമരസ്മരണകള്‍

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ആസിഫ് റിയാസ് കഴിഞ്ഞ നവംബര്‍ മാസം 11നാണ് നമ്മെ വിട്ടുപിരിഞ്ഞത്. ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നടന്ന വിദ്യാര്‍ഥികളുടെ ദ്വിദിന പഠന ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി സമീപത്തെ ആറ്റിലിറങ്ങിയപ്പോള്‍ ആകസ്മികമായെത്തിയ ഒഴുക്ക് ആ ചെറുപ്പക്കാരന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ സര്‍വാംഗീകൃതനായ ആസിഫിന്റെ നഷ്ടം സംഘടനയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്തതാണ്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രൂപീകരിക്കുന്നതിന് മുമ്പേതന്നെ മുട്ടം പോളിടെക്‌നിക്ക് കോളേജില്‍ സാഹോദര്യ രാഷ്ട്രീയത്തിന് വിത്ത് പാകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗത്തിന്റെ ബാനറില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ മത്സരിക്കുകയും മറ്റുള്ളവരെ മത്സരിപ്പിക്കുകയും ചെയ്യാന്‍ ആസിഫിന് കഴിഞ്ഞു. അതിന്റെ പേരില്‍ എസ്.എഫ്.ഐ ക്കാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന്റെ പാടുകള്‍ ആശരീരത്തില്‍ മരിക്കുമ്പോഴുമുണ്ടായിരുന്നു. മര്‍ദ്ദനങ്ങള്‍ക്കുമുന്നില്‍ തളരാതെ പോരാട്ട വഴിയില്‍ ഉറച്ചു നില്‍ക്കാന്‍ അവന്‍ കാണിച്ച തന്റേടം ആരെയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു.

തന്നെ മര്‍ദ്ദിച്ചവരിലൊരാള്‍ക്ക് അപകടം പറ്റി മൂവാറ്റുപുഴ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നറിഞ്ഞപ്പോള്‍ അവരെച്ചെന്നു കാണാനും ആശ്വസിപ്പിക്കാനും അവന്‍ കാണിച്ച ഉത്സാഹവും ഹൃദയവിശാലതയും എല്ലാവര്‍ക്കും പാഠമാണ്. ഉപദ്രവിച്ചവരെ ആശ്വസിപ്പിക്കാന്‍ പോകുന്നതില്‍ നീരസം പ്രകടിപ്പിച്ച് യാത്ര വിലക്കാന്‍ ശ്രമിച്ച പിതാവിനോട് ‘തന്നെ തല്ലിയത് അവരുടെ സംസ്‌കാരമാണെങ്കില്‍ അവര്‍ക്ക് അപകടം വരുമ്പോള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുകയെന്നത് എന്റെ പാര്‍ട്ടിയുടെ സംസ്‌കാരമാണ് ‘ എന്നു പറഞ്ഞുകൊണ്ടായിരുന്നു ആസിഫ് അവരെ കാണാന്‍ പോയതെന്ന് പിതാവ് റിയാസ് ഓര്‍ക്കുന്നു. സംഘടനാ കാര്യങ്ങളില്‍ ഒരു മാര്‍ഗദര്‍ശകനെപോലെ തന്നെ തിരുത്തിയ മകനെ കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അമീന്‍ റിയാസ് സഹോദരനാണ്. അനിയന്‍ പുള്ളി എന്നാണ് ആസിഫിനെ അദ്ദേഹം പരിചയപ്പെടുത്താറുള്ളത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയിരുന്ന സഹോദരന്റെ വിയോഗം ഏല്‍പിച്ച ആഘാതം നികത്താനാവാത്തതാണെന്ന് അദ്ദേഹവും ദു:ഖത്തോടെ പറയുന്നു. പോരാട്ടവഴിയില്‍ പിന്തുണയേകിയ കുടുംബം, തനിച്ചുള്ള അവസാനയാത്രയിലും അവന് നല്‍കിയ പിന്തുണയും സഹനവും ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. കുടുംബം മാത്രമല്ല, സുഹൃത്തുക്കള്‍, ബന്ധുമിത്രാദികള്‍, സംഘടനാ നേതാക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയും സ്തുത്യര്‍ഹമാണ്. ഇവരുടെ സാന്നിധ്യവും പിന്തുണയുമാണ് പ്രതിസന്ധിയിലും തളരാതെ പിടിച്ചു നില്‍ക്കാന്‍ തനിക്ക് കരുത്ത് നല്‍കിയതെന്നും ആസിഫിന്റെ പിതാവ് നന്ദിയോടെ സ്മരിക്കുന്നു.
ആസിഫിന്റെ വിയോഗം സഹപ്രവര്‍ത്തകരില്‍ കനത്ത നടുക്കമാണ് ഉണ്ടാക്കിയത്. ഹൃദയം പൊട്ടിക്കരഞ്ഞവര്‍ ഒട്ടേറെ. തന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഒരുകൂട്ടം ഹൃദയങ്ങളെ സൃഷ്ടിച്ചെടുക്കാനായതായിരുന്നു ആസിഫിന്റെ വിജയം. ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന, കര്‍മനിരതരായ ഇത്തരം പ്രവര്‍ത്തകരുടെ വിയോഗം സംഘടനയുടെ മുന്നോട്ടു പോക്കിന് പ്രയാസം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും, പുതിയ ചെറുപ്പം ആസിഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആ വിടവ് നികത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.

ആസിഫിന്റെ കുടുംബം കനത്ത ആഘാതത്തിന്റെ ഞെട്ടല്‍ വിട്ടുണര്‍ന്നിരിക്കുന്നുവെന്നത് വലിയ ആശ്വാസം തന്നെ. തങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശ്വാസമാണ് അതിനവര്‍ക്ക് തുണയായിട്ടുള്ളത്. പ്രതിസന്ധികളെ അഭിമുഖീകരിച്ച്, നഷ്ടങ്ങളെ യാഥാര്‍ഥ്യമായി ഉള്‍ക്കൊണ്ട് സഹനത്തിന്റെ ഉദാത്ത മാതൃകയായി ആ കുടുംബം ഇപ്പോഴും അവിടെയുണ്ട്. മകന്റെ സദ്പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുന്ന പുതിയ തലമുറയില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടാണവര്‍ ജീവിക്കുന്നതും.
മലയോര പ്രദേശമായ ഇടുക്കി ജില്ലയില്‍ ഫ്രറ്റേണിറ്റിയെ സംബന്ധിച്ചിടത്തോളം ആസിഫിന്റെ നഷ്ടം വലുതാണ്. പുതിയ പ്രസ്ഥാനത്തെ ജില്ലയില്‍ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ യാദൃച്ഛികമായി നിയോഗിക്കപ്പെട്ടവനാണ് ആസിഫ്. അതിനുവേണ്ടി അഹോരാത്രം സ്വയം സമര്‍പ്പിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും കര്‍മരംഗത്ത് അടിയുറച്ചു നിന്ന് അവസാന ശ്വാസംവരെയും പോരാട്ട പാതയില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വം ചില ഭാഗ്യവാന്മാരിലൊരാളാണ് ആസിഫ്. കാഞ്ഞാര്‍ പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നു പോകുമ്പോഴും കര്‍മനിരതനായതിന്റെ നെറ്റിയിലെ വിയര്‍പ്പ് തുള്ളികള്‍ ആ ശരീരത്തില്‍ അവശേഷിച്ചിരുന്നു. താന്‍ സമര്‍പ്പിച്ച വഴിയില്‍, അതിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കെത്തന്നെ വിധിക്കു കീഴടങ്ങുക. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആവതു ശ്രമിച്ചെങ്കിലും ദൈവ നിശ്ചയത്തെ മറികടക്കുവാന്‍ അവര്‍ക്കാകുമായിരുന്നില്ല.

ഇല്ല, ഈ പോരാട്ടം നിലക്കുന്നില്ല. വിജയതീരമണിയുംവരെയും ആസിഫ് നെഞ്ചോട് ചേര്‍ത്തു വെച്ച സാഹോദര്യ രാഷ്ട്രീയത്തിന്റെ ഇരുവര്‍ണക്കൊടി കൈകളിലേന്താന്‍ വെമ്പുന്ന ഫ്രറ്റേണിറ്റിയുടെ ചെറുപ്പം ഒരായിരം ആസിഫുമാര്‍ക്ക് ജന്മം നല്‍കുക തന്നെചെയ്യും. നടന്നു തീര്‍ത്ത വഴികളില്‍ സ്തുത്യര്‍ഹമായ അടയാളങ്ങള്‍ അവശേഷിപ്പിച്ച് കടന്നു പോകുന്ന മഹാരഥന്മാര്‍ക്കിടയില്‍ സഹോദരന്‍ ആസിഫ് നമ്മെ നോക്കി പുഞ്ചിരിക്കും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757