Opinion

സംവരണ നയവും ഇടതുപക്ഷത്തിന്റെ ആഭ്യന്തര ദൗര്‍ബല്യങ്ങളും – ഹമീദ് വാണിയമ്പലം

‘സംവരണനയം സുതാര്യം’ എന്ന തലക്കെട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നവംബര്‍ 24ന് പത്രമാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തിനോട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിക്കുന്നു.

‘സംവരണനയം സുതാര്യം’ എന്ന തലക്കെട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നവംബര്‍ 24ന് പത്രമാധ്യമങ്ങളില്‍ എഴുതിയ ലേഖനം സംവരണവുമായും സാമൂഹിക നീതിയുമായും ബന്ധപ്പെട്ട ഇടതുപക്ഷ നിലപാടുകളുടെ ആഭ്യന്തര ദൗര്‍ബല്യം വെളിവാക്കുന്നതാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കും എന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനവും മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി ഭരണഘടന ഭേദഗതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന ഇടതുപക്ഷ നയവും ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണം എന്ന ആശയത്തിന്റെ ആത്മാവിനെ തന്നെയാണ് വെല്ലുവിളിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അധികാര വിദ്യാഭ്യാസ മേഖലകളില്‍ നീതിപൂര്‍വകമായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തുക എന്നതാണ് സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയം. വിവേചനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന പതിനഞ്ചാം ആര്‍ട്ടിക്കിളിന്റെയും അവസര സമത്വം ഉറപ്പുവരുത്തുന്ന പതിനാറാം ആര്‍ട്ടിക്കിളിന്റെയും നാലാമത്തെ ഉപവകുപ്പില്‍ (അനുച്ഛേദം) ആണ് സംവരണത്തെ സംബന്ധിച്ച അടിസ്ഥാന നയം ഭരണഘടന പ്രഖ്യാപിക്കുന്നത്. സാമൂഹിക വിഭാഗങ്ങളുടെ അവസര സമത്വത്തിനുവേണ്ടി ഭരണഘടന സംസാരിക്കുന്നതിനു പിറകില്‍ ചരിത്രപരമായ ഭൂതകാല യാഥാര്‍ഥ്യങ്ങള്‍ ഉണ്ടെന്നുള്ളത് സര്‍വാംഗീകൃതമായ സത്യമാണ്. ഇത്തരം ഘടകങ്ങളെ അഭിമുഖീകരിക്കാതെ സംവരണത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതില്‍ അര്‍ഥമില്ല.

ഭൂരഹിതര്‍
സംവരണത്തെ വര്‍ഗസമരത്തിന്റെ ഭാഗമായി കാണുന്നതിനാല്‍ രാജ്യത്ത് വര്‍ഗപരമായ ഐക്യത്തിലൂടെ സാമൂഹിക പിന്നാക്കാവസ്ഥകള്‍ മറികടന്നു സാമൂഹ്യ പുരോഗതി കൈവരിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. വിവേചനങ്ങള്‍ക്കും പിന്നാക്കാവസ്ഥകള്‍ക്കും പിറകില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന കാരണങ്ങള്‍ വര്‍ഗം മാത്രമാണെന്നും ജാതി, മതം തുടങ്ങിയ ഘടകങ്ങളെ ഇതില്‍ ചേര്‍ക്കുന്നത് ജാതിമത സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നുമുള്ള ഇടതു സിദ്ധാന്തങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവര്‍ മുന്നാക്കക്കാരിലും പിന്നാക്കക്കാരിലുമുള്ള പാവപ്പെട്ടവരുടെ വിശാല ഐക്യത്തെയാണ് തകര്‍ക്കുന്നതെന്നാണ് കോടിയേരി പറയുന്നതെങ്കില്‍ ആ ‘പാതകം’ ആദ്യം ചെയ്തത് ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. സാമൂഹിക പിന്നാക്കാവസ്ഥകളെയും വിവേചനങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ വര്‍ഗവായനകള്‍ നടത്തിക്കൂടെന്നല്ല. എന്നാല്‍, അതിനേക്കാള്‍ ആഴത്തിലും കൂടുതല്‍ സൂക്ഷ്മമായും ജാതിമത ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ജാതിപരവും മതപരവുമായ വിവേചനങ്ങള്‍ ചരിത്രത്തില്‍ വര്‍ഗപരമായ വിടവുകള്‍ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചരിത്ര വായനയിലെ പിന്നാമ്പുറങ്ങളെ പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ചരിത്രം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളോട് ചെയ്ത വിവേചനങ്ങള്‍ക്കും അരികുവത്കരണങ്ങള്‍ക്കുമെതിരില്‍ അര്‍ഹമായ രീതിയിലുള്ള പ്രായശ്ചിത്തം ഇനിയും ചെയ്തു കഴിഞ്ഞിട്ടില്ല. 1957ലെ ഭൂപരിഷ്‌കരണം പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ മുന്നേറ്റമായി കോടിയേരി ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. തോട്ടം ഭൂമിയായും സ്വകാര്യ വനഭൂമിയായും കുടുംബസ്വത്തായുമൊക്കെ ജന്മിമാര്‍ക്ക് വലിയ അര്‍ഥത്തിലുള്ള ഭൂവുടമാവകാശം പതിച്ചു നല്‍കിയതിനു ശേഷം നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രമാണ് ഇന്നും കേരളത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത അഞ്ചു ലക്ഷം കുടുംബങ്ങള്‍. ചരിത്രപരമായ കാരണങ്ങളാല്‍ ഭൂമി നിഷേധിക്കപ്പെട്ട ദലിത്-ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂപരിഷ്‌കരണത്തിന്റെ ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ‘കൃഷിഭൂമി കര്‍ഷകന്’ എന്ന് പറഞ്ഞു ഭൂപരിഷ്‌കരണം നടപ്പാക്കി ഭൂമി വിതരണം ചെയ്തപ്പോള്‍ ആദിവാസികളും ദലിതരുമടങ്ങുന്ന കേരളത്തിലെ പിന്നാക്കക്കാര്‍ ഭൂരഹിതരായി മാറുകയാണ് ചെയ്തത്. ഭൂമി രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ നിന്നും ജാതിപരമായ യാഥാര്‍ഥ്യങ്ങളെ മനപ്പൂര്‍വം തമസ്‌കരിക്കുവാനാണ് ഇടതുപക്ഷം എക്കാലത്തും ശ്രമിച്ചു പോന്നിട്ടുള്ളത്. എന്നല്ല, ഭൂപരിഷ്‌കരണത്തിലൂടെ ജാതീയതയും പിന്നാക്ക-മുന്നാക്ക വേര്‍തിരിവുകളും നിലനിര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്തിട്ടുള്ളത്.

വസ്തുതകളുടെ വക്രീകരണം
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ സാമ്പത്തിക പിന്നാക്കാവസ്ഥ എല്ലാ വിഭാഗങ്ങളിലുമുണ്ടെന്ന് കോടിയേരി മനസ്സിലാക്കണം. മുന്നാക്ക സമുദായത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ ഇവിടെ ആര്‍ക്കും വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരികയോ അവസര സമത്വം നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല. സംവരണവും ഭൂപരിഷ്‌കരണവും ആണ് മുന്നാക്ക സമുദായങ്ങളിലെ ദരിദ്രരെ സൃഷ്ടിച്ചത് എന്ന ഇടതു വാദങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. ഏതൊരു സമൂഹത്തിലും ഉണ്ടാകുന്ന സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഇവിടുത്തെ മുന്നാക്കക്കാരിലും പിന്നാക്കക്കാരിലും സ്വാഭാവികമായും ഉണ്ടാകുന്നതാണ്. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കാവസ്ഥയ്ക്കു എന്തെങ്കിലും പ്രത്യേക രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ കാരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിന്നാക്ക സമുദായങ്ങള്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് പിറകില്‍ കൃത്യമായ കാരണങ്ങളുണ്ട്. പിന്നാക്കക്കാരിലെ മുന്നോക്കക്കാരായാലും ഇത്തരം വിവേചനങ്ങളനുഭവിക്കുന്നുണ്ട്. സംവരണ തത്വങ്ങള്‍ പ്രാബല്യത്തില്‍ വന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണ-ഉദ്യോഗസ്ഥ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ പിന്നാക്കക്കാര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട്, അനുവദിക്കപ്പെട്ട ശതമാനക്കണക്കിലുളള പ്രാതിനിധ്യം പോലും ഇനിയും ലഭ്യമായിട്ടില്ല. വ്യത്യസ്ത ഘട്ടങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമിച്ച കമീഷനുകള്‍ സമര്‍പ്പിച്ച കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ജാതീയവും സാമൂഹികവുമായ പ്രിവിലേജുകള്‍ അനുഭവിക്കുന്ന സവര്‍ണസമുദായങ്ങളിലെ ദാരിദ്ര്യത്തേക്കാള്‍ ഒളിഞ്ഞും തെളിഞ്ഞും സംവരണാവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ട സംവരണീയ സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവിനെ കുറിച്ചോ പങ്കാളിത്തമില്ലായ്മയെക്കുറിച്ചോ ഇടതുപക്ഷം വേവലാതിപ്പെടുന്നില്ലെന്നതാണ് വാസ്തവം. മുന്നാക്ക മുദായങ്ങള്‍ക്ക് സംവരണം നടപ്പാക്കാന്‍ തീരുമാനിച്ച കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെയും വിവിധ സ്ഥാപനങ്ങളിലെയും സമുദായ പ്രാതിനിധ്യത്തെക്കുറിച്ചുളള കണക്കുകള്‍ മുന്നില്‍ വെച്ചുകൊണ്ട് മുന്നാക്ക സമുദായ സംവരണത്തെ ന്യായീകരിക്കുവാന്‍ ഇടതുപക്ഷത്തിന് സാധിക്കുമോ? ശാന്തിനിയമനവും ദലിത് പദ നിരോധനവും ഇപ്പോള്‍ എട്ട് ശതമാനം പിന്നാക്ക സംവരണ വര്‍ധനവും ഉയര്‍ത്തിക്കാട്ടി തങ്ങള്‍ പിന്നാക്കക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നില കൊളളുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സി.പി.എം വല്ലാതെ പാടുപെടുന്നുണ്ട്.

സംവരണ-സംവരണേതര സമുദായങ്ങളുടെ ഉദ്യോഗസ്ഥ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ അന്വേഷിച്ച് പുറത്ത് വിടാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുമോ? അതുപോലെത്തന്നെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ പുറത്തു വന്നിട്ടില്ല. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ചെയ്യുമ്പോള്‍, ഇതുവരെ പൊതുവിഭാഗങ്ങളിലേക്ക് പോയ തസ്തികകളില്‍ കുറവുവരുന്നുവെന്ന കൊടിയേരിയുടെ അവകാശവാദവും നീതീകരിക്കാന്‍ കഴിയില്ല. കാരണം, ഇവിടുത്തെ പൊതുവിഭാഗത്തില്‍പ്പെട്ട തസ്തികകള്‍ പ്രയോഗത്തില്‍ സംവരണേതര സമുദായങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടവയാണ്. സാങ്കേതികമായി പൊതുവിഭാഗം എന്ന് പറയുമെങ്കിലും കേരളാ പി.എസ്.സി യുടെ അശാസ്ത്രീയമായ റൊട്ടേഷന്‍ സമ്പ്രദായം കാരണം പൊതുവിഭാഗത്തിലെ തസ്തികകളില്‍ സംവരണീയ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വര്‍ഷങ്ങളായി അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫലത്തില്‍, പൊതുവിഭാഗത്തില്‍ കാലങ്ങളായി സമുദായ പ്രാതിനിധ്യം സംവരണം ചെയ്യപ്പെട്ട മുന്നാക്കക്കാര്‍ക്ക് 10 ശതമാനം അധിക സംവരണം ലഭിക്കുകയാണ് ചെയ്യുന്നത്.

ദീര്‍ഘകാലമായി തുടരുന്ന വിവേചനം
പിന്നാക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവന്ന ദീര്‍ഘകാലത്തെ വിവേചനങ്ങളുടെ ഫലമായി രാജ്യത്ത് കഴിഞ്ഞകാലങ്ങളില്‍ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളെയും ശക്തി പ്രാപിച്ചു വന്നു കൊണ്ടിരിക്കുന്ന രാഷ് ട്രീയ ഉണര്‍വുകളെയും കണ്ടില്ലെന്ന് നടിക്കുന്നത് ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ പരാജയമാണ്. മണ്ഡലാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതിമത സ്വത്വങ്ങള്‍ ഉയര്‍ത്തിയ വലിയ സംവാദങ്ങളും ചര്‍ച്ചകളും ഉണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെ വര്‍ഗപരമായി മാത്രം അഭിമുഖീകരിക്കുന്നിടത്തുതന്നെ ഇടതുപക്ഷത്തിന് പിഴച്ചിരിക്കുകയാണ്. ഇനി വര്‍ഗപരമായ വിടവുകള്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ പ്രശ്‌നമെങ്കില്‍, അത് പരിഹരിക്കുന്നതിന് സകല വിഭാഗങ്ങള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ക്ഷേമപദ്ധതികളും ദാരിദ്ര നിര്‍മാര്‍ജന പദ്ധതികളും നടപ്പില്‍ വരുത്തുകയുമാണ് വേണ്ടത്. മുന്നാക്കക്കാരിലെ ദാരിദ്ര്യത്തെ കുറിച്ച് മാത്രമുളള ഇത്തരം ഉത്കണ്ഠകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതേപോലെ ഭൂപരിഷ്‌കരണം മുതല്‍ ഏറ്റവും പുതിയ സ്വാശ്രയ വിദ്യാഭ്യാസ വിഷയങ്ങളിലടക്കം ഇടതുപക്ഷം സ്വീകരിച്ചത് നീതിപൂര്‍വകമായ വര്‍ഗസമീപനമായിരുന്നില്ല. കേരളത്തിലെ സമുദായ സംഘടനകളോടും കോര്‍പ്പറേറ്റുകളോടും ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനത്തില്‍ വര്‍ഗ രാഷ്ട്രീയത്തിന് എന്ത് ഇടമാണുളളത്? കേരളത്തില്‍ ചൂടുപിടിച്ച സ്വാശ്രയ പ്രവേശന നടപടി ക്രമങ്ങളില്‍ കോടിയേരി പറഞ്ഞ ‘പാവപ്പെട്ടവരുടെ ഐക്യം’ എവിടെ, എങ്ങിനെയാണ് ഇടതുപക്ഷം പ്രയോഗവത്കരിച്ചത്.

നീതീകരണത്തിന് വകയില്ലാത്ത സാമ്പത്തിക സംവരണവാദം രാജ്യത്തെ ജനാധിപത്യത്തെയും സാമൂഹിക നീതിസങ്കല്‍പനങ്ങളെയുമാണ് ദുര്‍ബലപ്പെടുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യ രൂപീകരണത്തില്‍ സാമൂഹിക സംവരണം എന്ന ആശയം പ്രദാനം ചെയ്യുന്ന സാങ്കേതികവും പ്രായോഗികവുമായ കരുത്തും ബലവും നിസ്സാരമല്ല. അതിന് പകരം സാമ്പത്തിക സംവരണ പദ്ധതികള്‍ കൊണ്ടുവരുന്നത് ചരിത്രത്തെ പിന്നോട്ട് നയിക്കുന്നതിന് തുല്യമാണ്. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ റദ്ദ് ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ മുന്നാക്ക സമുദായങ്ങള്‍ രാജ്യത്തു സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുന്നാക്ക സമുദായങ്ങളെ ഉള്‍പ്പെടുത്തി സാമ്പത്തിക സംവരണം നടപ്പാക്കിയാല്‍ ഫലത്തില്‍ അത് സംവരണത്തിന്റെ സാമൂഹികനീതിയുമായി ബന്ധപ്പെട്ട താല്‍പര്യങ്ങളെയാണ് ഇല്ലാതാക്കുക. സംവരണ സമ്പ്രദായം ശാശ്വതമായി തുടരേണ്ട ഒന്നാണെന്ന അഭിപ്രായം ഇവിടെയുള്ള സംവരണീയ സമുദായങ്ങള്‍ ഉയര്‍ത്തുന്നില്ല. സംവരണീയ സമുദായങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പു വരുത്തുകയെന്ന ദൗത്യ നിര്‍വഹണത്തിലൂടെ സംവരണം ആവശ്യമില്ലാത്ത സാമൂഹികാവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. നിലവില്‍ അതിനു സമയമായിട്ടില്ല. സ്വകാര്യ മേഖലയില്‍ അടക്കം സംവരണ പദ്ധതികള്‍ കൂടുതല്‍ ശക്തവും കൃത്യവുമായി നടപ്പിലാക്കി സംവരണ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരത്തില്‍ സംവരണത്തെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തില്‍ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കാലികവും ഉള്ളടക്കപരവും സമീപനപരവുമായ സ്വയം നവീകരണങ്ങള്‍ക്ക് വിധേയമാകാതെ ഇടതുപക്ഷം സാമൂഹികനീതിയുടെ പാതയില്‍ വിലങ്ങു തടിയായി നില്‍ക്കാന്‍ തീരുമാനിച്ചത് സഹതാപാര്‍ഹമാണ്. മുന്നാക്ക സമുദായ പ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും മുടന്തന്‍ ന്യായങ്ങളും കൈവെടിഞ്ഞ് സാമൂഹിക നീതി ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്.

90-കളില്‍ മണ്ഡല്‍ കാലത്തില്‍നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ ഇപ്പോള്‍ സംവരണത്തിനെതിരെ സംവരണേതരുടെ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അല്ല ഉയര്‍ന്നുവരുന്നത്. അങ്ങനെ സംവരണത്തെ തകര്‍ക്കാനാവില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. സംവരണം ഇന്ത്യയില്‍ ആശയപരമായി അത്രമേല്‍ ശക്തമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ജാതി/സമുദായം കാരണമായി പിന്നോക്കാവസ്ഥ അനുഭവിക്കാത്ത സംവരണേതരരും സംവരണമാവശ്യപ്പെട്ടുകൊണ്ട് അക്രമാസക്തമായി രംഗത്തുവന്നുകൊണ്ടാണ് സംവരണമെന്ന ജനാധിപത്യ സങ്കല്‍പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതേകാര്യം ഒരു പ്രക്ഷോഭത്തിന്റെ അധ്വാനം പോലുമില്ലാതെ നിറവേറ്റിക്കൊടുക്കുകയാണ് കേരളത്തിലെ സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757