press release

തോമസ് ചാണ്ടിയെ പുറത്താക്കാന്‍ പിണറായി ഭയപ്പെടുന്നതെന്തിന് – വെല്‍ഫെയര്‍ പാര്‍ട്ടി

 

ആലപ്പുഴ : തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന ജില്ലാ കലക്ടറുടെയും റവന്യൂ വകുപ്പിന്റെയും വ്യക്തമായ റിപ്പോര്‍ട്ടുണ്ടായിരിക്കെ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍ പിണറായി വിജയന്‍ ഭയപ്പെടുന്നതെന്തിനെന്ന്് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ചോദിച്ചു. ഹൈകോടതിയടക്കം പരാമര്‍ശം നടത്തിയിട്ടും മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഢിയടക്കമുള്ളവര്‍ നടപടി ആവശ്യപ്പെട്ടിട്ടും സി.പി.എമ്മും പിണറായി സര്‍ക്കാരും ചാണ്ടിയെ ചുമക്കുകയാണ്. ആരോപണ വിധേയനായ വ്യക്തിയെ മന്ത്രിസഭയിലിരുത്തിക്കൊണ്ട് നിഷ്പക്ഷമായ എന്തന്വേഷണമാണ് സര്‍ക്കാറിന് നടത്താവുക.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം അടക്കം നിരവധി ആരോപണങ്ങളാണ് തോമസ് ചാണ്ടി നേരിടുന്നത്. ഭൂനിയമങ്ങളും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും അനുസരിച്ച ക്രിമനല്‍ കുറ്റമുള്‍പ്പെടെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് മന്ത്രിക്കെതിരെയുള്ളത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയതായും റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാല്‍ വഴിതിരിച്ചു വിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014 ന് ശേഷമാണ് വയല്‍ നികത്തിയിരിക്കുന്നത്. ഇതിന് ഇറിഗേഷന്‍ അധികൃതരുടെ അനുമതിയും വാങ്ങിയിരുന്നില്ല. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചത് നിയമം ലംഘിച്ചാണെന്ന് 2012 ല്‍ അമ്പലപ്പുഴ തഹസീല്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുമുണ്ട്
ഇനിയും കായല്‍ നികത്തും എന്നാണ് തോമസ് ചാണ്ടി വെല്ലുവിളിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ രാജിവെ്പ്പിച്ചിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രനെയും ആരോപണമുയര്‍ന്ന് മണിക്കൂറുകള്‍ക്കകം രാജിവെപ്പിച്ച മുഖ്യമന്ത്രി കോടീശ്വരനായ തോമസ് ചാണ്ടിക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുകയാണ്.

തോമസ് ചാണ്ടിയുടെ പാര്‍ട്ടി ഇടതു പക്ഷത്തെ പ്രബല കക്ഷിപോലുമല്ല. രാഷ്ട്രീയമായി യാതൊരു വെല്ലുവിളിയും ഉയര്‍ത്താനാവാത്ത മന്ത്രിക്കു മുന്നില്‍ ഇടതുപക്ഷ മുന്നണി സാഷ്ടാംഗം പ്രണമിച്ചു നില്‍ക്കുന്നത് എന്ത് ഭയപ്പെട്ടാണെന്ന് വ്യക്തമാക്കണം.
ഭൂരഹിതരായ ലക്ഷക്കണക്കിന് കുടംബങ്ങളുണ്ടായിരിക്കെ അവര്‍ക്കു ഭൂമി നല്‍കാന്‍ കഴിയാത്ത ഭരണകൂടമാണ് കോടീശ്വരനായ മന്ത്രിയെ ഭൂമി കൈയേറാനും കായല്‍ നികത്താനും കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ബലമായി ഭൂമി പിടിച്ചെടുക്കലിന് വിധേയമാകുന്ന മുക്കത്തെയും ഇരഞ്ഞിമാവിലെയും ജനങ്ങളെ ഭീകരമായി തല്ലിച്ചതക്കാന്‍ പോലീസിനെ കയറഴിച്ചു വിട്ട മുഖ്യമന്ത്രി പൊതുസ്വത്ത് കൈയേറി അതില്‍ അടിയരിക്കുന്നയാളെ അടുത്തിരുത്തി തോളില്‍ കൈയിട്ടുനടക്കുന്നത് കേരളത്തിന് അപമാനമാണ്. പൊതു പ്രവര്‍ത്തന രംഗത്തെ മാന്യതയും അന്തസ്സും കളങ്കപ്പെടുത്തുകയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന മന്ത്രിയെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെന്നും അതിനായില്ലെങ്കില്‍ കേരള ജനത മുഖ്യമന്ത്രിയെ വെറുതെ വിടില്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ : സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡണ്ട്), മോഹന്‍ സി മാവേലിക്കര (ആലപ്പുഴ ജില്ലാ പ്രസിഡന്റ്), സബീര്‍ ഖാന്‍ (ആലപ്പുഴ ജില്ലാ സെക്രട്ടറി), മിനി വേണുഗോപാല്‍ (ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് അംഗം), ബഷീര്‍ തുണ്ടില്‍ (ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757