cultural

വേട്ടച്ചുഴിയിലകപ്പെടുന്നത് – സൈനബ് ചാവക്കാടിന്റെ കവിതകളുടെ ആസ്വാദനം – സജദില്‍ മുജീബ്

കവി കാലത്തോടൊപ്പം സഞ്ചരിക്കുന്നയാളാണ്. അയാള്‍ സമൂഹത്തിന്റെ എല്ലാ അവസ്ഥകളേയും പരിച്ഛേദനം ചെയ്ത് ചരിത്രത്തിലേക്ക് എഴുതിവെക്കും. അങ്ങനെ അത് ചരിത്രമാകും. പിന്നെ സ്വയം ചരിത്രമാകും. സൈനബ് ചാവക്കാട് എന്ന കവി സമകാലപെണ്ണവസ്ഥകളേയും ആസുരതകളേയും വളരെ ലളിതമായി വരച്ചുകാട്ടുകയാണ് തന്റെ ‘വേട്ടച്ചുഴി ‘ എന്ന കവിതാസമാഹാരത്തിലൂടെ.. ചെറുതും വലുതുമായ അന്‍പതില്‍പരം കവിതകളുണ്ട് ഈ പുസ്തകത്തില്‍. കവിയും ഗാനരചയിതാവും മലയാളത്തിന്റെ അഭിമാനവുമായ റഫീക്ക് അഹ്മദ് ആണ് ഈ കവിതാസമാഹാരത്തിന് അവതാരിക കുറിച്ചിരിക്കുന്നത്. ‘സ്വാത്മപ്രചോദനത്തിന്റെ ആര്‍ജ്ജവവും സാഛന്ദ്യവും പ്രദര്‍ശിപ്പിക്കുന്ന കവിതകള്‍ ‘ എന്നാണ് റഫീക്ക് അഹ്മ്മദ് സൈനബ് കവിതകളെ അടയാളപ്പെടുത്തുന്നത്. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനുജി.കെ.ഭാസിയുടെ ഭാസ് ബുക്‌സ് കോട്ടയം ആണ് ‘വേട്ടച്ചുഴി’ യുടെ പ്രസാധകര്‍. യുവകവിയും നിരൂപകനുമായ ലാജു പ്രൊമിത്യൂസാണ് കവിതകള്‍ക്ക് പ്രൗഢഗംഭീരമായ പഠനം കുറിച്ചിരിക്കുന്നത്. അമ്മയുടെ തൂലികക്ക് അഗ്‌നി പകരുന്ന ചിത്രങ്ങള്‍ വരച്ചത് ചിത്രകാരിയും ആര്‍ക്കിടെക്ടുമായ മകള്‍ അഫ്‌നാന്‍ എന്ന പ്രതിഭയും.

ഏതാനും കവിതകളിലൂടെ ‘വേട്ടച്ചുഴി ‘യെ ഒ് അവലോകനം ചെയ്യുകയാണിവിടെ. ‘നാള്‍വഴികളിലൂടെ ‘ എന്ന കവിതയില്‍ അക്ഷരങ്ങളുടെ നാള്‍വഴികള്‍ കുറിക്കുകയാണ് കവി. കടന്നുപോയ ചരിത്രങ്ങളില്‍ നവോത്ഥാനത്തിനായ് യത്‌നിച്ച അക്ഷരക്കൂട്ടങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കുകയാണ്. അവിടെ പ്രളയം നക്കിത്തുടച്ചതും ചീന്തിയെറിയപ്പെട്ടതും വായിക്കപ്പെടാത്തതുമായ കവിതകളുടെ നിലവിളികളെ അടയാളപ്പെടുത്തുന്നു. പിന്നെ വസന്തകാവ്യങ്ങളുടെ സുഗന്ധം പ്രത്യാശിക്കുന്നുമുണ്ട്.

‘കണ്ണാടി’ നല്‍കുന്നത് കാപട്യത്തിന്റെ ആയിരം ചിതറിയ ചില്ലുകാഴ്ചകളാണ്. സത്യസന്ധതയുടെ മുഖം തെളിഞ്ഞിരുന്ന കണ്ണാടി ഉടയുമ്പോഴാണ് വക്രതയുടേയും ക്രൗരത്തിന്റേയും ക്രൂരഭാവങ്ങള്‍ അനുഭവിക്കാനാകുന്നത്. പൊട്ടിയ ചില്ലുകള്‍ ചേര്‍ത്തുവെക്കുമ്പോള്‍ എപ്പോഴും ചോര പൊടിഞ്ഞുകൊണ്ടേയിരിക്കുന്നു. ‘മുഷ്ടി ‘ എന്ന കവിത ജീവിതം പറയുന്നു. പരീക്ഷണങ്ങളിലൂടെ കടുന്നപോകുന്ന പെണ്ണവസ്ഥകളെ എത്ര മനോഹരമായാണ് സൈനബ് വരച്ചുകാട്ടുന്നത്. ടൈറ്റില്‍കവിതയായ ‘വേട്ടച്ചുഴി ‘ തന്നെയാണ് പുസ്തകത്തിന്റെ ഹൈലൈറ്റ്. വേട്ടച്ചുഴികളൊരുക്കി പെണ്‍ജീവിതങ്ങളെ വേട്ടയാടാന്‍ ശ്രമിക്കുന്ന ആണാധികാരവ്യവസ്ഥയോട് കലഹിക്കുകയാണ് കവി. ആസുരതകള്‍ക്കെതിരെ വിജയം നേടാന്‍ വെളിച്ചത്തെ തേടുന്ന കവയിത്രി കറുത്ത പുതപ്പുകളെ എരിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്നു. ‘വവ്വാല്‍ ‘ എന്ന നുറുങ്ങുകവിത ഒരുപാട് അര്‍ഥതലങ്ങള്‍ സമ്മാനിക്കുന്നു. തലകീഴായിപ്പോയത് വ്യവസ്ഥിതി തന്നെയാണെന്ന് ഉണര്‍ത്തുന്നു.
ഉറുമ്പുകളെ പോലെ ജീവിക്കാന്‍ കൊതിച്ച കവിമനസ്സ് ‘ ഇലക്കൂട് ‘ എന്ന കവിതയില്‍കാണാം. കടലോളം ആഴവും പരപ്പുമുള്ള തന്റെ സര്‍ഗജീവിതം തിരികെ വേണമൊഗ്രഹിക്കുന്ന കവി അതിലൂടെ അവളനുഭവിച്ച അനുഭൂതിയും നൊമ്പരങ്ങളും തന്നെയാണ് ജീവിതയാത്രയില്‍ തുണയായി ഉള്ളതെന്ന് പറഞ്ഞുവെക്കുന്നു. ‘ഭൂപടം’ എന്ന നുറുങ്ങുകവിത സമകാല ദേശാനുഭവങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണ്. രക്തം കൊണ്ടതിരിട്ട ദേശങ്ങള്‍ പരസ്പരം കൊന്നും ചത്തും വിലങ്ങുകള്‍ മാത്രമായി ബാക്കിയാവുന്ന ദാരുണകാഴ്ചയാണെങ്ങും.

‘കൂടൊഴിഞ്ഞവര്‍ ‘ എന്ന കവിത അരികുവല്‍ക്കരിക്കപ്പെട്ടവന്റെ ദുരവസ്ഥയിലേക്ക് കണ്‍തുറക്കുന്നു. അഭയാര്‍ഥനങ്ങളും നിലവിളികളും കൊണ്ട് ശബ്ദമുഖരിതമായ സമകാലത്ത് രാക്ഷസത്തിരമാലകളോട് മല്ലിട്ട് ജീവിതം തേടിയലയുന്ന ഒരു സമൂഹത്തെ വായിക്കാമതില്‍. അതോടൊപ്പം സ്വന്തം മണ്ണില്‍ നിന്നും പറിച്ചെറിയപ്പെട്ട കറുത്തജീവിതങ്ങളുടെ ദുരന്തകാഴ്ചയും നല്‍കുന്നു. ‘ചൂണ്ട ‘ സ്ത്രീശരീരങ്ങളെ കൊത്തിവലിക്കുന്ന കഴുകന്‍ ചുണ്ടുകളെ അടയാളപ്പെടുത്തുന്നു. ജീവിതവും സ്വപ്നങ്ങളും കാട്ടി മോഹിപ്പിച്ച് ഒടുവില്‍ ചൂണ്ടക്കൊളുത്തില്‍ പിടഞ്ഞൊടുങ്ങുന്നു ദുരന്തജീവിതങ്ങള്‍. ‘ചെള്ള് ‘ എന്ന കവിതയില്‍ സമകാല ഫാസിസത്തെ വായിക്കാം. വേരുകള്‍ മാന്താന്‍വരെ ധൃഷ്ടരായ ആ ഛിദ്രശക്തികളെ ജനാധിപത്യത്തിന്റെ മൂര്‍ച്ചയേറിയ ആയുധത്താല്‍ നിഗ്രഹിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

‘ഒറ്റമുറി ‘ അസ്വസ്ഥതകളും നിരാശയും നിറഞ്ഞ ജീവിതക്കാഴ്ചയാണ്. ഒറ്റമുറിയില്‍ ഒറ്റയായിപ്പോയ ജീവിതങ്ങള്‍ ചോരത്തുള്ളികളുടെ നനവുണങ്ങാത്ത വിരിപ്പില്‍ ഇപ്പോഴും കാത്തിരിക്കുന്നുവെന്ന് ഓര്‍മപ്പെടുത്തുന്നു. ”പുതപ്പ് ” എന്ന കവിത തീവ്രാനുഭവത്തിന്റെ ആത്മഭാഷണമാണ്. കിടപ്പറയിലും അടുക്കളയിലുമായി വെന്തുതീരുന്ന പെണ്‍ജീവിതക്കാഴ്ച. ആണധികാരം ഒരു ഭോഗവസ്തുവായി മാത്രം സ്ത്രീയെ കാണുമ്പോള്‍ പുതപ്പെന്നും കാല്‍തുടപ്പെന്നുമൊക്കെയായി അവള്‍ അവഹേളിക്കപ്പെടുന്നുവെന്ന വാക്കുകള്‍ അഗ്‌നിപര്‍വതമായ് പൊട്ടിച്ചിതറി ലാവയായൊഴുകുകയാണ്. വിഷം ചീറ്റിയെത്തു ഫാസിസ്റ്റ് പെറ്റുപെരുകലുകളുടെ ചിത്രമാണ് ‘കാഴ്ച’ യിലൂടെ നാം കാണുന്നത്. വെന്തമണ്ണിന്റെ വിലാപക്കാഴ്ചകള്‍ കണ്ട് പകച്ചുനില്‍ക്കുന്ന സമൂഹത്തോട് മാനവികതയുടെ ഭാഷയില്‍ അവരോടെതിരിടാനുള്ള ഉണര്‍ത്തലാണ്. മിഴി പൂട്ടാതെ ദേശത്തിന് കാവല്‍ നില്‍ക്കണമെന്നുള്ള വിളിച്ചുപറയലുമാണ്. ‘മുത്തശ്ശിപ്ലാവ് ‘ ഓര്‍മകളെ നോക്കി പുഞ്ചിരിക്കുന്നു. ഇരുട്ടാഴങ്ങളിലേക്ക് അന്നം തേടിപ്പോയ വേരുജീവിതത്തിന്റെ അതിരില്ലാ അനുഭവങ്ങളെ സ്മരിച്ച് കൂടൊഴിഞ്ഞ ചില്ലയില്‍ മൗനം ഭക്ഷിച്ച് വിലാപഗീതികള്‍ മൊഴിയുന്നു.

‘വേട്ടച്ചുഴി’ തീവ്രാനുഭവത്തിന്റെ നൊമ്പരക്കാഴ്ചയല്ല. അനുഭവങ്ങളിലൂടെ വളര്‍ന്ന കവിയുടെ ആര്‍ജവമാണ്. വാക്കുകള്‍ രക്തസാക്ഷിത്വമാകുന്ന ഈ കാലത്ത് ചോര കൊണ്ടെഴുതിയ ഈ വാക്കുകളെ നമുക്ക് നെഞ്ചോട് ചേര്‍ക്കാം.

പ്രസാധനം: ഭാസ് ബുക് പബ്ലിഷേഴ്‌സ്, കോട്ടയം
വില : 100.00
സൈനബ് ചാവക്കാട്
പെരുമ്പിലാവ് അന്‍സാര്‍ കോളേജ് അധ്യാപികയാണ്. തനിമ കലാസാഹിത്യ വേദിയുടെ സംസ്ഥാനസമിതി അംഗവും വെല്‍ഫെയര്‍ പാര്‍ട്ടി കുംകുളം മണ്ഡലം കമ്മിറ്റി അംഗവുമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757