zero hour

മോദി ‘അവതാര’മാകുമ്പോള്‍ – ചാക്യാര്‍

കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു, മോദി ഒരവതാരപുരുഷനായി അന്തരീക്ഷത്തിലേക്ക് ഉയരുന്നതിന്റെ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പോടെ അവതാരപുരുഷന്‍ ദൈവമായി പരിണമിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അവതാരപുരുഷന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വേണ്ടി അണിയറയില്‍ വിയര്‍പ്പൊഴുക്കുന്നത് ഭക്തജനങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ജനങ്ങള്‍. പൗരന്‍ എന്ന അന്തസാര്‍ന്ന നിലയില്‍ നിന്ന് വളരേ വേഗത്തിലാണ് ഭക്തന്‍ എന്ന അധോ അവസ്ഥയിലേക്ക് തരംതാഴ്ത്തപ്പെടുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമൊന്നുമല്ല നിതീഷ് കുമാര്‍. തമിഴകത്ത് എടപ്പാടിയേയും പളനിസ്വാമിയേയും വട്ടമിട്ടു കാവിപരുന്തുകള്‍ പറക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മോദിയുടെ പ്രിയത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തവല്‍സനിര ദിനംപ്രതി ശക്തിപ്പെട്ടുവരികയാണ്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഊഴംവെച്ചു നിറം മാറുന്നു. മോദി ശ്രമിക്കുന്നത് ബി.ജെ.പിയിലേക്ക് ആളെ കൂട്ടാനല്ല. മറിച്ച്, ഭക്തജനവ്യൂഹത്തിലേക്ക് പ്രജകളെ കൂട്ടികൊടുക്കാനാണ്. രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി കഴിഞ്ഞു. രാജ്യത്തിന്റെ ആ സര്‍വ സേനാധിപതി എത്ര വിനീതഭാവത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നില്‍ പഞ്ചപുഛമടക്കിനില്‍ക്കുന്നത്. ഉപരാഷ്ട്രപതിക്കസേരയിലേക്ക് വെങ്കയ്യ നായിഡുവെന്ന പരമദാസന്റെ പരകായപ്രവേശവും സംഭവിച്ചു. കൊട്ടാരത്തില്‍ നിന്നും പട്ടുംവളയും കിട്ടാന്‍ നെട്ടോടമോടുന്ന രാഷ്ട്രീയ പുംഗവന്‍മാരാണ് സംഘ്പരിവാരത്തിലുള്ളത്. ക്ഷണിക്കപ്പെടാതെ തന്നെ കുമ്മനത്തിന് മെട്രോയില്‍ കയറാനായതുപോലെ സ്തുതിപാഠകരായാല്‍ അര്‍ക്കും എവിടെയും കയറിച്ചെല്ലാമെന്ന് നേതാക്കള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. നടേശ മുതലാളിയും ജാനുവേടത്തിയും സുരേഷ്‌ഗോപിചേട്ടനും ശ്രീശാന്തനിയനും പരീക്ഷിക്കുന്നത് ഈ ഭാഗ്യമാണ്. പക്ഷെ ലോട്ടറിയടിച്ചത് അല്‍ഫോന്‍സ് പുണ്യാളനാണ്.

തലതിരിഞ്ഞ പരിഷ്‌കരണങ്ങളിലൂടെയാണ് മോദിജി ശ്രദ്ധേയനാകുന്നത്. സ്വതന്ത്ര ഇന്ത്യ ദര്‍ശിച്ച ഏറ്റവും തലതിരിഞ്ഞ നയപരാജയമായിരുന്നു പണം പിന്‍വലിക്കല്‍. റിസര്‍വ് ബാങ്കിനുപോലും വിചാരിച്ചതുപോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായില്ല. 86 ശതമാനം കറന്‍സി മരവിപ്പിച്ചതുവഴി ജനജീവിതം ദുസ്സഹമായി. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ പെരുവഴിയിലലഞ്ഞു. എ.ടി.എമ്മുകളില്‍ ആവശ്യത്തിനു പകരം പണമെത്തിയില്ല. കൃഷിയും വ്യാപാരവും കച്ചവടവും തളര്‍ന്നു. നിത്യവേലക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. കള്ളകറന്‍സികള്‍ കണ്ടെത്തുവാനോ കള്ളപ്പണം തിരിച്ചുപിടിക്കുവാനോ ഈ നടപടി സഹായിച്ചില്ല. സാധാരണക്കാരാകട്ടെ അവരുടെ കയ്യിലുള്ള പണം മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ടനേരം ക്യൂ നിന്നു. ചിലര്‍ കുഴഞ്ഞുവീണുമരിച്ചു രക്തസാക്ഷികളായി. പക്ഷെ, അപ്പോഴും അവര്‍ വിശ്വസിച്ചത് ഈ നയം കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടി നല്‍കിയെന്നായിരുന്നു. വിശ്വാസം പോലെ കൊണ്ടുനടക്കേണ്ടതും ആചരിക്കേണ്ടതുമാണ് മോദിയുടെ നയങ്ങള്‍ എന്ന കണക്കെയുള്ള നിശബ്ദ അംഗീകാരമാണ് ഭക്തജനങ്ങള്‍ മോദിക്ക് വകവെച്ചുനല്‍കുന്നത്.

വിദേശനയങ്ങളിലുള്ള കലര്‍പ്പറ്റ വിശ്വാസം സംഘപരിവാരത്തിന്റെ മറ്റൊരു അടിസ്ഥാനമാണ്. രാജ്യത്ത് വിലക്കയറ്റം തീവ്രമാവുകയും കര്‍ഷകസമരം ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അതിര്‍ത്തി പ്രദേശത്ത് വെടിപൊട്ടും. പാകിസ്ഥാന്‍ ഭീകരവാദികള്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി വാര്‍ത്ത പ്രചരിക്കും. പത്താന്‍കോട്ടിലേയും ഗുര്‍ദാസ്പൂരിലേയും ഉറിയിലേയും സൈനികതാവളങ്ങള്‍ക്കടുത്ത് അപരിചിതരുടെ കാല്‍പെരുമാറ്റം അനുഭവപ്പെടും. ദേശീയവികാരം സടകുടഞ്ഞെഴുന്നേല്‍ക്കും. ഭക്തന്മാര്‍ മോദിയുടെ വിദേശനയത്തെ വാനോളം പുകഴ്ത്തും. സംശയമുന്നയിക്കുന്നവര്‍ ഒറ്റുകാരായി മുദ്രകുത്തപ്പെടും. എത്രയെത്ര സിവിലയന്മാരേയും പട്ടാളക്കാരേയുമാണ് രാജ്യത്തിന് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ നഷ്ടപ്പെടുന്നത് എന്നു ആരും ചിന്തിക്കുന്നില്ല.

പശുവിന് മുസ്‌ലിംകളേക്കാളും ദലിതരേക്കാളും സൗഭാഗ്യം കൈവരികയാണ് മോദിയുടെ ഭാരതത്തില്‍. പശുസംരക്ഷകര്‍ സ്വയം സംഘടിക്കുകയും സൈനികഭാവം പുലര്‍ത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രസംഗങ്ങളാല്‍ ആവേശഭരിതരായ ജനക്കൂട്ടമാണ് പശുസംരക്ഷകരായി മനുഷ്യരെ അടിച്ചുകൊല്ലുന്നത്. ഉത്തര്‍പ്രദേശില്‍ വിജയം വരിച്ച വെറുപ്പിന്റെ രാഷ്ട്രീയം ദേശവ്യാപകമായി പരത്തുവാനുള്ള പടപുറപ്പാടിലാണ് ബി.ജെ.പി. ഇതില്‍ പ്രതിഷേധിക്കുന്നവര്‍ പശുവിരുദ്ധരും ഹിന്ദുവിരുദ്ധരും, അതിനാല്‍ തന്നെ ദേശവിരുദ്ധരുമെന്ന പ്രചാരണത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും രാഷ്ടീയ ഏകത ശക്തിപ്പെടുത്തേണ്ടവര്‍ അന്ധന്‍മാരും ബധിരന്മാരുമായി മാറിയതുപോലെയാണ് പെരുമാറുന്നത്. അവസാനമായി അവര്‍ ഒന്നിക്കാന്‍ ശ്രമിച്ചതു വിജയിക്കുമെന്നുറപ്പായ കോവിന്ദിനെതിരെയായിരുന്നു. തൊട്ടുമുമ്പ് നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പക്ഷെ, അവര്‍ കീരിയും പാമ്പും കണക്കെ പരസ്പരം കൊത്തിക്കീറുകയായിരുന്നു. ഇനിയുള്ളത് 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. മോദിയുടേയും ഇന്ത്യയുടേയും അവസാന വിധിയെഴുത്ത്. വരാനിരിക്കുന്ന ദുരന്തത്തെ മുന്‍കൂട്ടികണ്ട് ആസൂത്രണമികവോടെ തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായില്ലെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ആവശ്യമില്ലാത്തവിധം അവതാരപുരുഷന്‍ ദൈവമായി മാറുകയായിരിക്കും ഫലം. അപ്പോള്‍ പിന്നെ അവര്‍ക്ക് രാമക്ഷേത്രം അയോധ്യയില്‍ പണിയേണ്ടിവരില്ല, അത് പാര്‍ലമെന്റില്‍തന്നെ സംഭവിക്കും. രാമപ്രതിഷ്ഠയുടെ സ്ഥാനത്ത് മോദിയായിരുക്കുമെന്ന് മാത്രം. ഭക്തന്മാര്‍ ആനന്ദതുന്ദിലരാകും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757