Opinion

ഹാദിയ കേസും സര്‍ക്കാരിന്റെ ഇരട്ടത്താപ്പും – എസ്.എ അജിംസ്

ലവ്ജിഹാദ് കേരളത്തില്‍ ചര്‍ച്ചയായിട്ട പത്ത് കൊല്ലമെങ്കിലും കഴിഞ്ഞു. ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് കേരളകൗമുദി ദിനപത്രമാണ് ആദ്യമായി ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരള പോലീസ് ഈ ആരോപണം അന്വേഷിച്ചെങ്കിലും ഇത്തരമൊരു സംഭവം നിലനില്‍ക്കുന്നില്ലെന്നാണ് കോടതികളില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2009-ല്‍ ജസ്‌ററിസ് കെ.ടി ശങ്കരന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടതോടെ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത്തരം സംഭവങ്ങള്‍ക്ക് തെളിവില്ലെന്ന് അറിയിച്ചത്.

ഈ പത്ത് വര്‍ഷത്തിനിടെയുണ്ടായ സാമൂഹ്യ മാറ്റങ്ങളിലൊന്ന് സാമൂഹിക മാധ്യമങ്ങളുടെ വികാസമാണ്. ഓര്‍ക്കുട്ടിലും ഗൂഗ്ള്‍ പ്ലസിലും തുടങ്ങി അത് ഫേസ്ബുക്കിലും വാട്‌സാപ്പിലേക്കും വ്യാപിച്ചതോടെ ലവ് ജിഹാദ് ആരോപണം വീണ്ടുമുയര്‍ന്നു. ഇക്കുറി അത് കേരളത്തിലായിരുന്നില്ലെന്ന് മാത്രം. കേരളത്തില്‍ ലവ് ജിഹാദും ജിഹാദീ റിക്രൂട്ടമെന്റും വ്യാപകമായി നടക്കുന്നുവെന്ന് പ്രചരിപ്പിച്ചത് യു.പിയിലാണ്. യുപിയില്‍ തന്നെ ലവ് ജിഹാദ് ആരോപണങ്ങളുയര്‍ത്തി ഹിന്ദു മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലുള്ള പ്രണയ വിവാഹങ്ങളെ കോടതി കയറ്റി. 2014-ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഈ ആരോപണങ്ങള്‍ യു.പിയില്‍ പ്രചരിച്ചത്. ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു വിവാദ പ്രസംഗം അക്കാലത്ത് സോഷ്യല്‍ മീഡിയവഴി പ്രചരിച്ചു. ഒരു ഹിന്ദു യുവതിയെ മതം മാറ്റിയാല്‍ നൂറ് പേരെ നമ്മളും മതം മാറ്റണമൊയിരുന്നു യോഗിയുടെ പ്രസംഗം. ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യു.പിയില്‍ വലിയ നേട്ടമുണ്ടാക്കി. കേരളത്തിലാകട്ടെ, കൃസ്ത്യന്‍ ഹെല്‍പ് ലൈന്‍ എന്ന സംഘടന സമാന ആരോപണം ഉയര്‍ത്തി രംഗത്തെത്തി. ആയിരത്തോളം കൃസ്ത്യന്‍ യുവതികളെ മതം മാറ്റിയൊയിരുന്നു ആരോപണം.

പിന്നീട് കുറെക്കാലത്തേക്ക് ലവ്ജിഹാദ് അങ്ങനെ ചര്‍ച്ചയായില്ല. എന്നാല്‍, രണ്ട് വര്‍ഷം മുന്‍പ് ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന സംഘ് പരിവാര്‍ സംഘടന വീണ്ടും ഇതേ വാദവുമായി രംഗത്തെത്തി. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത് എന്നീ സംഘ് പരിവാര്‍ സംഘടനകളുടെ സമാന സ്വഭാവത്തില്‍ പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. കേരളത്തില്‍ ഇതിന്റെ നേതൃത്വം പ്രതീഷ് വിശ്വനാഥന്‍ എന്ന വ്യക്തിക്കാണ്. ഇയാളുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക് വഴിയാണ് വീണ്ടും ലവ് ജിഹാദ് പ്രചാരണമാരംഭിക്കുന്നത്. ഈ കാലഘട്ടത്തിലാണ് കേരളത്തിലെ പ്രഫഷണല്‍ കോളജുകളില്‍ വിദ്യാര്‍ഥികളായ ചിലര്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും അവരെ കാണാതാവുകയും ചെയ്തത്. ഇവര്‍ സിറിയയിലേക്കോ അഫ്ഗാനിസ്താനിലേക്കോ പോവുകയും ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരുകയും ചെയ്തതായി അന്വേഷണ ഏജന്‍സികളാല്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചു. ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് ടെലഗ്രാം വഴി സന്ദേശങ്ങളെത്തി. എന്നാല്‍, ഇങ്ങനെ ആരെങ്കിലും രാജ്യം വിട്ടതിന് തെളിവില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഈ വര്‍ഷം വിരമിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഒരു അഭിമുഖം ഇതിനിടെ പുറത്ത് വന്നു. ലവ് ജിഹാദ് ഉണ്ടെന്നും ഈഴവ യുവതികളെയാണ് ലക്ഷ്യമിടുന്നതെന്നുമായിരുന്നു അദ്ദേഹത്തെ ഉദ്ധരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, സെന്‍കുമാര്‍ ഇത് നിഷേധിച്ചു.

വൈക്കം സ്വദേശിയായ അഖില എന്ന ഹോമിയോ വിദ്യാര്‍ഥിനി ഇസ്‌ലാം മതം സ്വീകരിക്കുകയും ഹാദിയ എന്ന് പേരുമാറ്റുകയും ചെയ്തതോടെയാണ് ഈ വിവാദം വീണ്ടും കേരളത്തില്‍ സജീവമായത്. ഹാദിയ അവളുടെ കൂടെ പഠിച്ച പെകുട്ടികളുടെ സ്വഭാവചര്യകളില്‍ ആകൃഷ്ടയായി ഇസ്‌ലാം സ്വീകരിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. ഹാദിയ ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞ അച്ഛന്‍ അശോകന്‍ ഹാദിയ അവളുടെ കൂട്ടുകാരികളുടെ കുടുംബത്തിന്റെ തടവിലാണെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആ കുടുംബത്തിനെതിരെ കേസെടുത്തെങ്കിലും ഹാദിയയെ കണ്ടെത്താനായില്ല. അങ്ങിനെയാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കുന്നത്. ഈ ഹരജി തീര്‍പ്പാക്കുന്ന കാലത്ത് ഹാദിയ ലവ്ജിഹാദിന്റെ ഇരയാണെന്നും സിറിയയിലേക്ക് കടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു കോടതിയില്‍ ആരോപിച്ചത്. എന്നാല്‍, ഇത് കോടതി മുഖവിലക്കെടുത്തില്ല. ഹാദിയ വിവാഹം കഴിക്കുന്നത് തടയാന്‍ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചില്ല. രണ്ടാമതും അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കോടതിയെ സമീപിച്ചു. ഹാദിയ ഇസ്‌ലാം പഠിക്കുന്ന സത്യസരണി എന്ന സ്ഥാപനം നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമാണെും അവിടെ നിന്ന് മതപരിവര്‍ത്തനം ചെയ്യുന്നവരെ സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞത്. ഈ ഹരജി പരിഗണിച്ച മറ്റൊരു ബെഞ്ച് ഇതിനിടെ ഹാദിയ വിവാഹിതയായതായി അറിയുകയും ആ വിവാഹം റദ്ദാക്കുകയുമായിരുന്നു. ഹാദിയയുടെ സംരക്ഷണ ചുമതല കോടതി അച്ഛന് കൈമാറി. ഇതോടെയാണ് മാസങ്ങള്‍ നീണ്ട ഹാദിയയുടെ വീട്ടു തടങ്കല്‍ ആരംഭിക്കുന്നത്. ഇതിനെതിരെ ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍ എന്ന യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജി പരിഗണിക്കവെ, ഇവരുടെ വിവാഹത്തെ കുറിച്ചും ഹാദിയയുടെ മതംമാറ്റത്തെ കുറിച്ചും എന്‍.ഐ.എ അന്വേഷിക്കാന്‍ സുപ്രീം കോടതി തന്നെ ഉത്തരവിട്ടു. സുപ്രീം കോടതിയില്‍ ഈ കേസില്‍ വാദം തുടരുകയാണ്. മതം മാറ്റത്തിന് പിന്നിലോ വിവാഹത്തിന് പിന്നിലോ എന്തെങ്കിലും അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ എന്‍.ഐ.എക്ക് കോടതിയില്‍ കഴിഞ്ഞിട്ടില്ല.

ഹാദിയ കേസ് ഗുരുതരമായ ചില ആശങ്കകള്‍ പൊതുസമൂഹത്തിലുയര്‍ത്തുന്നുണ്ട്. അതിലൊന്ന് ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് ഒരു സ്ത്രീ പര്യാപ്തയല്ല, എന്ന പുരുഷാധിപത്യപരമായ ഒരു ധ്വനി കോടതിയുടെ നടപടിയിലുണ്ട്. മതംമാറ്റം, വിവാഹം, എന്നീ രണ്ടു കാര്യങ്ങളിലും കോടതി പുലര്‍ത്തിയ അവിശ്വാസം വളരെ ഗുരുതരമായ നിയമപ്രശ്‌നമായി മാറുന്നതും രാജ്യംമുഴുവന്‍ ശ്രദ്ധ നേടുന്നതും അങ്ങനെയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരമാണ് കോടതിയുടെ ഈ ഇടപെടല്‍ ഉണ്ടായത്. എന്നാല്‍, പ്രായപൂര്‍ത്തിയായ മാനസിക പക്വതയുള്ള രണ്ടാളുകള്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യം ചോദിക്കുന്നത് സുപ്രീം കോടതിയാണ്. മറ്റൊന്ന് ഒരു വ്യക്തി മതം മാറിയതിനെ ചോദ്യം ചെയ്യുന്ന കോടതിയുടെ സംശയ മനോഭാവമാണ്. രണ്ട് കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമാണ്. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ പുരുഷാധിപത്യ പ്രവണത, ഇസ്‌ലാമോഫോബിയ, ഇത് കോടതികളെയും സ്വാധീനിക്കുന്നു.

ഇത് പ്രശ്‌നത്തിന്റെ ഒരു വശം. ഹാദിയ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുമ്പോഴാണ് എറണാകുളത്തെ ഒരു യോഗാ കേന്ദ്രത്തെ കുറിച്ച പരാതി കോടതിയുടെ മുന്നിലെത്തുന്നത്. ഹിന്ദു സമുദായത്തില്‍ പെട്ട ഒരു യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ആ യുവതിയെ വിവാഹം കഴിച്ച ക്രൈസ്തവ സമുദായാംഗമായ യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് പരിഗണിക്കുമ്പോഴാണ് യോഗാ കേന്ദ്രത്തില്‍ തടവിലായിരുന്നു താനെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചത്. ഹിന്ദു മതത്തില്‍ നിന്ന് മതം മാറുന്നവരെ ഘര്‍വാപസി നടത്തി ഹിന്ദു മതത്തിലേക്ക് തിരികെയെത്തിക്കാന്‍ നേരത്തെ സൂചിപ്പിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ നടത്തുന്ന സ്ഥാപനമാണിത്. ആ സ്ഥാപനത്തിനകത്ത് യുവതികള്‍ക്ക് മാനസികവും ശാരീരികവും ലൈംഗികവുമായി പീഡനങ്ങളേല്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അവിടെ നിര്‍ബന്ധിച്ച് വിവാഹം വരെ കഴിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമിതാണ്. ലവ്ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം, അനധികൃത തടങ്കല്‍, എന്നൊക്കെ സംഘ്പരിവാര്‍ ആരോപിക്കുമ്പോള്‍ അതെല്ലാം നിര്‍ബാധം ചെയ്യുന്നത് അവര്‍ തന്നെയാണ്. അത്തരം കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന യുവതി തന്നെ ഇക്കാര്യം തുറന്നു പറയുമ്പോള്‍ അതെക്കുറിച്ച് അന്വേഷിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് കൂട്ടാക്കുന്നില്ല. ഭരണകക്ഷിയായ സി.പി.എമ്മിന്റെ ഒരു എം.എല്‍.എ ഇക്കാര്യത്തെ കുറിച്ചുള്ള പ്രതികരണം ചോദിക്കുമ്പോള്‍ എല്ലാ മതക്കാരും നടത്തുന്ന മതപരിവര്‍ത്തനവും അന്വേഷിക്കണമെന്നാണ് പറയുന്നത്. അതായത്, തങ്ങളുടെ പരമ്പരാഗത വൈരികളായ സംഘ്പരിവാര്‍ നടത്തുന്ന ഒരു ക്രിമിനല്‍ കുറ്റത്തിനെതിരെയുള്ള പരാതിയിലാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരിന്റെ നിസംഗത. ഈ കേസിലെ ഒന്നാം പ്രതി മനോജ് സ്വാമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭരണകൂടം മൗനം പാലിച്ചത് വഴി അയാളുടെ അറസ്റ്റ് കോടതി തടയുന്നു.

എന്തുകൊണ്ടാണ് തങ്ങളുടെ പരനമ്പരാഗത വൈരികളായ സംഘ്പരിവാറിനെതിരെ നടപടി സ്വീകരിക്കാന്‍ ഇടതുപക്ഷം മടിക്കുന്നത്? ഇതിനുള്ള ഉത്തരം അന്വേഷിക്കുമ്പോഴാണ് കേരളത്തില്‍ ലവ്ജിഹാദ് പ്രചാരണത്തിന്റെ പ്രഹരശേഷി പരിശോധിക്കേണ്ടി വരിക. ജനസംഖ്യയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് സമുദായങ്ങളാണ് ഈഴവരും മുസ്‌ലിംകളും. ജാതി ശ്രേണിയിലാണെങ്കിലും സാമൂഹ്യ പുരോഗതിയിലാണെങ്കിലും ഏറെക്കുറെ തുല്യമാണ് അവരുടെ സ്ഥാനം. ഈഴവസമുദായമാവട്ടെ, കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിനും ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കും ഏറെ സംഭാവനകളര്‍പ്പിച്ച സമുദായമാണ്. മാത്രമല്ല, സംഘ് പരിവാറിന് ഏറ്റവും കുറവ് സ്വാധീനമുള്ള ഹിന്ദു ജാതിവിഭാഗവും അവര്‍ തന്നെയായിരുന്നു. വെള്ളാപ്പള്ളി നടേശന് ശേഷം എസ്.എന്‍.ഡി.പി കൂടുതല്‍ സാമുദായികവല്‍ക്കരിക്കപ്പെട്ടുവെങ്കിലും സംഘ്പരിവാറിന് അവരില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. ലവ്ജിഹാദ് പ്രചാരണം ഈഴവരെ ലക്ഷ്യം വെച്ചായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അഖില എന്ന ഈഴവ സമുദായാംഗമായ പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിക്കുക, മാധ്യമങ്ങളില്‍ നിരന്തരം വരുന്ന സിറിയയിലേക്ക് ആട് മേക്കാന്‍ പോകുന്നവരുടെകൂടെ മതം മാറിയ ഹാദിയയെയും കൊണ്ടു പോകുന്നുവെ്ന്ന പ്രചരിപ്പിക്കുക, മതം മാറി നാടുവിട്ടവര്‍ കൊല്ലപ്പെട്ടുവെന്നുള്ള പ്രചാരണങ്ങള്‍ മാധ്യമവാര്‍ത്തകളായി വരിക, ഈ സാഹചര്യത്തില്‍ ഒരു ശരാശരി ഈഴവ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് ഏത് വിധേനയും ചെറുക്കും. ഇത് സംഘ്പരിവാര്‍ നന്നായി മനസിലാക്കി. സി.പി.എമ്മിന്റെ ഒരു വലിയ വോട്ട് ബാങ്കാണ് ഈഴവ സമുദായം. ഈ സമുദായത്തിലെ രക്ഷിതാക്കളുടെ ആശങ്ക, അത് തെറ്റായാലും ശരിയായാലും സി.പി.എമ്മിന്റെ കൂടി ആശങ്കയാവാതെ തരമില്ല. അങ്ങനെ സംഘ്പരിവാര്‍ നടത്തിയ വ്യാജ പ്രചാരണത്തില്‍ യഥാര്‍ഥത്തില്‍ വീണു പോയത് സി.പി.എമ്മാണ്. ഇതാണ്, ഇത് വരെ സംഭവിച്ച കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് കാരണം.

ഇതിനെ എങ്ങനെയാണ് ചെറുക്കുക. ഇത് ചെറുക്കാന്‍ ഈഴവ-മുസ്‌ലിം സമുദായ നേതൃത്വത്തിന് മാത്രമേ സാധിക്കൂ. നിലവില്‍ എസ്.എന്‍.ഡി.പി, എന്‍.ഡി.എ പക്ഷത്താണ്. ആ അര്‍ഥത്തിലുള്ള ഒരു മുസ്‌ലിം ഈഴവ ഐക്യം നിലനില്‍ക്കുന്നില്ല. എന്നാല്‍, ഈ ദുഷ്പ്രചാരണങ്ങളെ ചെറുക്കണമെങ്കില്‍ യോജിച്ച പ്രചാരണമാവശ്യമാണ്. അതിന് മുന്‍കയ്യെടുക്കേണ്ടത് മുസ്‌ലിം സമുദായ നേതൃത്വമാണ്. 2001 സെപ്തംബര്‍ പതിനെന്നാ് സംഭവത്തിന് ശേഷം ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് വ്യാപകമായിട്ടുണ്ട്. കേരളത്തിലാകട്ടെ, പ്രണയത്തിന്റെയും തുടര്‍ന്നുള്ള വിവാഹങ്ങളുടെയും പേരില്‍ ധാരാളംപേര്‍ മതം മാറുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മതം മാറ്റം സാമൂഹ്യ കാലുഷ്യങ്ങള്‍ക്ക് വഴിവെക്കാതിരിക്കണമെങ്കില്‍, മതം മാറ്റത്തോടെ സാമൂഹ്യ-കുടുംബ ബന്ധങ്ങള്‍ ഇല്ലാതാവുന്നത് അവസാനിപ്പിക്കണം. അങ്ങനെ സംഭവിക്കുന്നുണ്ടോയെന്ന് ഓരോ സമുദായവും ആത്മപരിശോധന നടത്തണം. ഹാദിയ പ്രശ്‌നം, ഒരു നിയമപ്രശ്‌നം എന്നതിലുപരി, ഒരു സാമൂഹ്യ പ്രശ്‌നമായി മാറുന്നത് അങ്ങനെയാണ്. അതോടൊപ്പം, പോസ്റ്റ് ട്രൂത്ത് കാലത്ത്, സോഷ്യല്‍ മീഡിയയുടെ കാലത്ത് കുപ്രചാരണങ്ങളെ തിരിച്ചറിയാനും അതനുസരിച്ച് നിലപാട് സ്വീകരിക്കാനും ഓരോ പൗരനും ബാധ്യതയുണ്ട്.. അല്ലാത്ത പക്ഷം അത് ക്ഷീണിപ്പിക്കുക ജനാധിപത്യത്തെയും പൗരാവകാശങ്ങളെയുമാകുമെന്ന് ഹാദിയ കേസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757