cultural

സാഹോദര്യ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷ – ഇ.കെ ദിനേശന്റെ ‘നീലരാഷ്ട്രീയത്തിന്റെ ചുവപ്പു വായന’ എന്ന പുസ്‌കത്തിന്റെ വായന – ജുമൈല്‍ കൊടിഞ്ഞി

ഇ.കെ ദിനേശന്റെ ‘നീലരാഷ്ട്രീയത്തിന്റെ ചുവപ്പു വായന’ എന്ന പുസ്‌കത്തിന്റെ വായന –

ജാതിയും ജാതിരാഷ്ട്രീയവും സമകാലിക ഇന്ത്യയില്‍ സജീവ ചര്‍ച്ചകളിലുള്ള കാര്യമാണ്. സ്വതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ പല നിര്‍ണായക സ്വാധീനങ്ങളും ജാതിയും അതിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. കൊളോണിയല്‍ ശക്തികളുടെ കടന്നുവരവോടെ ജാതിയുടെയും അതിന്റെ അടിസ്ഥാത്തിലുള്ള വേര്‍ത്തിരിവുകളുടെയും അളവ് വര്‍ധിക്കുകയാണുണ്ടായത്. കൊളോണിയല്‍ ശക്തികളുടെ അധികാര വിതരണത്തിലും വിഭവ-ഭൂമി വിതരണത്തിലും ജാതീയതയുടെ ശക്തമായ സ്വാധീനം കാണാനാകും. സവര്‍ണ വരേണ്യ വിഭാഗങ്ങള്‍ കൊളോണിയല്‍ ശക്തികളുടെ ഇന്ത്യന്‍ സാമൂഹിക ഘടനയിലുള്ള ഇടപെടലുകള്‍ വിവിധ ന്യായങ്ങളുടെ പേരില്‍ തടഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്. ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെ അധികാരത്തില്‍ പങ്കാളികളാക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ സവര്‍ണര്‍ തടഞ്ഞതിന്റെ ചരിത്രം ശബ്‌നം തേജാനി തന്റെ ‘ഇന്ത്യന്‍ സെക്യുലറിസം: എ സോഷ്യല്‍ ആന്റ് ഇന്റലക്ച്വല്‍ ഹിസ്റ്ററി, 1890-1950’ എന്ന ഗവേഷണ പഠനത്തില്‍ വിവരിക്കുന്നുണ്ട്. സവര്‍ണാധിപത്യത്തിനെതിരെ പിന്നാക്ക ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ചലനങ്ങള്‍ 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ തന്നെ സജീവമായിരുന്നു. മതാരോഹണ പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും അവയുടെ ഭാഗമായിരുന്നു. അംബേദ്കറിനെ പോലുള്ള ചിന്തകരിലൂടെ അത് വളര്‍ന്നു പന്തലിച്ചു. എന്നാല്‍ ഹിന്ദു എന്ന ഏകസ്വത്വം സൃഷ്ടിക്കല്‍ നിര്‍ണായക ആവശ്യമായ ഹിന്ദുത്വ ശക്തികള്‍ പിന്നാക്ക വിഭാഗങ്ങളുടെ ഈ രാഷ്ട്രീയത്തെ തുടക്കം മുതലേ ഭയിരുന്നു. അംബേദ്കറിന്റെയും അനുയായികളുടെയും ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം ബ്രിട്ടീഷുകാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ച പ്രത്യേക അധികാര സംസ്ഥാനങ്ങള്‍ എന്ന ആശയം ഗാന്ധിജിയുടെ നിരാഹാരത്തിലേക്ക് നയിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. കീഴാള രാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്കില്‍ ഗാന്ധിജിയും പൂനെപാക്ടും അടയാളപ്പെടുത്തപ്പെടുന്നത് അങ്ങനെയാണ്.

സ്വതന്ത്ര്യ ഇന്ത്യയിലും പിന്നാക്ക രാഷ്ട്രീയ ചലനങ്ങള്‍ നിലനിന്നുവെങ്കിലും സവര്‍ണാധിപത്യത്തില്‍ അത് മുങ്ങിപ്പോവുകയാണുണ്ടായത്. ലോകതലത്തില്‍ സബാള്‍ടണ്‍ സ്റ്റഡീസ് സജീവമായതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍, എണ്‍പതുകളില്‍ ദലിത് രാഷ്ട്രീയം വൈജ്ഞാനിക മേഖലകളില്‍ വീണ്ടും സജീവമായി. അതിന്റെ തുടര്‍ച്ചയായാണ് മണ്ഡല്‍ പ്രക്ഷോഭങ്ങളും മറ്റും അരങ്ങേറുന്നത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അനുവദിക്കപ്പെട്ട സംവരണത്തിലൂടെയും തുടര്‍ന്നുണ്ടായ രണ്ടാം മണ്ഡല്‍ പ്രക്ഷോഭങ്ങളും ഈ രാഷ്ട്രീയത്തെ കൂടുതല്‍ ജനകീയമാക്കി. രോഹിത് വെമുലയെ പോലുള്ളവരുടെ ത്യാഗങ്ങളിലൂടെ അത് അവഗണിക്കാനാവാത്ത ശക്തിയായി മാറുകയും ചെയ്തു. ഇങ്ങനെ കൂടുതല്‍ പ്രത്യക്ഷത നേടിയ നീലരാഷ്ട്രീയത്തെ ഇടത് വീക്ഷണത്തില്‍ വായിക്കാനും, ഇടത്പക്ഷമടക്കമുള്ള വിവിധ വിഭാഗങ്ങളുടെ ഈ രാഷ്ട്രീയത്തോടുള്ള നിലപാടുകളെ നിരൂപണാത്മകമായി വായിക്കാനുമുള്ള ശ്രമമാണ് ഇ.കെ ദിനേശന്റെ ‘നീലരാഷ്ട്രീയത്തിന്റെ ചുവപ്പു വായന’.

കാമ്പസുകളിലും സാമൂഹിക മാധ്യമങ്ങളിലും ഇന്ന് നീലരാഷ്ട്രീയം സ്വാധീനം നേടിയിട്ടുണ്ടെങ്കിലും ഇന്നും ജാതിയെന്നത് ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ മുഖ്യമായൊരു സ്വാധീനമാണെന്ന് അംഗീകരിക്കാന്‍ മുഖ്യധാരാ പൊതുമണ്ഡലം മടികാണിക്കുന്നുണ്ട്. കീഴാളര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പൈശാചികവല്‍കരിക്കുന്നതില്‍ പോപ്പുലര്‍ കള്‍ചറുകളുടെ വിവിധ രൂപങ്ങളായ സിനിമ മുതല്‍ സാഹിത്യംവരെ കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പിന്നാക്ക സംവരണം കാരണം തൊഴില്‍ രഹിതരായ വിദ്യാസമ്പന്നരായ സവര്‍ണ യുവാക്കള്‍ സിനിമയിലും സാഹിത്യത്തിലും നിറഞ്ഞു നിന്നതിന്റെ പിന്നില്‍ ജാതിയെന്ന ഘടകത്തെ അംഗീകരിക്കാനുള്ള മടിയായിരുന്നു. ഇ.കെ ദിനേശന്റെ പുസ്തകത്തിന് അവതാരികയെഴുതിയ കെ.ഇ.എന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ‘പലകാരണങ്ങളാല്‍ ‘പുരോഗമന രചനകളി’ല്‍ നിന്നും അപ്രത്യക്ഷമാവുന്ന ‘ജാതി’യെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാനുള്ള ഇ.കെ ദിനേശന്റെ ധീരത പ്രശംസനീയമാണ്. നോബിന്‍ ജഫ്രി മുമ്പൊരിക്കല്‍ എഴുതിയപോലെ ‘ഉത്തരേന്ത്യന്‍ പത്രത്തില്‍’ മാര്‍ക്‌സിനെക്കുറിച്ചൊരു തെറി വന്നാല്‍പോലും, പിറ്റേദിവസവും പത്രമിറങ്ങും. എന്നാല്‍ സ്ഥലത്തെ ജാതികോമരത്തെക്കുറിച്ച്, എന്തെങ്കിലും ആക്ഷേപം വന്നാല്‍ പിറ്റേ ദിവസം പത്രം പുറത്തിറങ്ങാന്‍ ഏറെ പ്രയാസമാവും. അതുപോലെയാണ് ഇന്ത്യയില്‍; ദറിദയെക്കുറിച്ചെഴുതിയാല്‍ അത് പാണ്ഡിത്യമായും എന്നാല്‍ ദറിദ വികസിപ്പിച്ച വിശകലനരീതി ഉപയോഗിച്ച് ജാതിയെപ്പറ്റി പഠിച്ചാല്‍, അത് വിവരക്കേടായും മാറുന്നത്! ആഗോളവല്‍കരണത്തെ കുറിച്ച് എത്രവേണമെങ്കിലും ഉപന്യസിച്ചോളൂ, ജാതിതൊട്ട്്കളിവേണ്ട എന്നാണ് ഇന്ത്യന്‍ പൊതു നിയമം!’ (പേജ്-10)

ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തില്‍ ജാതിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ് നവോത്ഥാനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കാര്യങ്ങളില്‍ പോലുമുള്ള ജാതിവിവേചനമെന്ന് കെ.ഇ.എന്‍ ഉണര്‍ത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഇന്ത്യന്‍ ജീവിതത്തില്‍ എവിടെ തിരിഞ്ഞാലും വഴിമുടക്കി നില്‍ക്കുന്ന ജാതിഭീകരനെ, സാധാരണ കാര്യങ്ങളില്‍നിന്നുതന്നെ അല്‍പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും കണ്ടെടുക്കാന്‍ കഴിയും. എന്നിട്ടുമത് മാത്രം കാണാനാവാതെ ചിലര്‍ കാഴ്ച സ്വയം നഷ്ടപ്പെടുത്തി അന്ധത വരിക്കുന്നു….. ശങ്കരാചാര്യര്‍ നമുക്ക് സര്‍വ്വജ്ഞപീഠം കയറിയ ജഗത്ഗുരു ആയതും, ശ്രീനാരായണഗുരു വെറും ഈഴവഗുരു മാത്രമായതും അങ്ങിനെയാണ്.’ (പേജ്-11)
ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്ന വാക്കുകള്‍ ഇ.കെ ദിനേശന്‍ ദലിത്ബന്ധു എഴുതിയ ‘അംബേദ്ക്കര്‍’ എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘അംബേദ്ക്കര്‍ മഹര്‍വംശത്തില്‍ പിറന്ന ഒരു മഹാനാണ്. ഇന്ത്യയില്‍ ആരെപറ്റിയും പഠിക്കുന്നതിന് മുമ്പ് അയാളുടെ ജാതി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ വ്യക്തിത്വം പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. ശങ്കരാചാര്യര്‍ ബ്രഹ്മണകുലത്തില്‍ ജനിച്ചതുകൊണ്ടാണ് ജഗദ്ഗുരു ശങ്കരാചാര്യരായത്. നാരായണഗുരു ഈഴവനായി ജനിച്ചതിനാല്‍ ഈഴവഗുരുവായി. അയ്യങ്കാളി പുലയസമുദായത്തില്‍ ജനിക്കാതെ, നമ്പൂതിരി സമുദായത്തില്‍ ജനിച്ചിരുന്നെങ്കില്‍ ശ്രിശങ്കരാചാര്യരെക്കാള്‍ വലിയ ജഗദ്ഗുരു ആകുമായിരുന്നു. ജാതി എന്ന തിരികുറ്റിക്കു ചുറ്റും തിരിയുവാന്‍ മാത്രമേ ഇവിടെ മഹാന്‍മാര്‍ക്ക് കഴിഞ്ഞിട്ടുള്ളു. ഇവിടെ മനുഷ്യരാരും ജനിച്ചിട്ടില്ല.’ (പേജ്-70)
അവതാരികക്ക് പുറമേ 19 ലേഖനങ്ങളും അവസാനം കെ.ഇ.എുമായി ദിനേശന്‍ നടത്തിയ അഭിമുഖവുമാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യ: സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനം, രോഹിത് വെമുല: സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ ഇര, കീഴാളരാഷ്ട്രീയത്തിലെ മേലാള ആധിപത്യങ്ങള്‍, അഹാരം അധികാരം ഫാഷിസം, ഗാന്ധിജിയും നവനാഗരികതയും, ദേശീയതയും ദേശസ്‌നേഹവും, മൂന്നാര്‍ സമരം; ഒരു രാഷ്ട്രീയ വായനയാണ്, നീലരാഷ്ട്രീയത്തിന്റെ ചുവപ്പ് വായന, സാമുദായിക രാഷ്ട്രീയവും ജാതിപ്രസ്ഥാനവും, എഴുത്തിന്റെ സാമൂഹ്യ ഇടപെടല്‍, ഗുരുവിന്റെ ചിന്തകള്‍, ഹിംസയും ആത്മീയതയും, സാംസ്‌കാരികഫാഷിസം വേട്ട തുടങ്ങി, ദലിത്മുേന്നറ്റം ഇന്ത്യയുടെ പ്രതീക്ഷയാണ്, ആം ആദ്മി: പ്രതീക്ഷയും പ്രതിരോധവും, സാംസ്‌കാരിക ജീവിതം: വര്‍ത്തമാനകാല വായന, വായനയുടെ സാംസ്‌കാരികതലങ്ങള്‍, ആധി വളര്‍ത്തുന്ന അണുകുടുംബവ്യവസ്ഥ, ആത്മീയത: സമീപനത്തിന്റെ പ്രശ്‌നങ്ങള്‍ എന്നീ തലക്കെട്ടുകളിലുള്ള ലേഖനങ്ങളും ‘അബോധവന്യതകള്‍ സൃഷ്ടിക്കുന്ന അരാഷ്ട്രീയ ചിന്തകള്‍’ എന്ന തലക്കെട്ടിലുള്ള അഭിമുഖവുമാണ് ഉള്ളടക്കം.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹികതയിലും സ്വാധീനം ചെലുത്തിയ ഘടകങ്ങള്‍, അവക്ക് ജാതിസമവാക്യങ്ങളോടുള്ള ബന്ധം, രോഹിതിനെ പോലുള്ള ദലിതുകള്‍ ജീവിതം ത്യാഗം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍, പിാക്കജാതിക്കാര്‍ അനുഭവിക്കുന്ന ജാതിഭ്രഷ്ടുകള്‍ എന്നിവ ദിനേശന്‍ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നു. കേരളത്തിലെ മുത്തങ്ങ, ചെങ്ങറ പോലുള്ള സമരങ്ങള്‍, സി.കെ ജാനു, വെള്ളാപ്പള്ളി പോലുള്ളവരുടെ നിലപാടുകള്‍ എന്നിവയെ വിലയിരുത്തി കീഴാള രാഷ്ട്രീയത്തിന് മേല്‍ മേലാളരുടെ ആധിപത്യത്തെ തുറന്നു കാണിക്കാനും പുസ്തകം ശ്രമിക്കുന്നുണ്ട്. ആഹാരം പോലുള്ള കാര്യങ്ങളില്‍ ഫാഷിസത്തിന്റെ സ്വാധീനം, ഗാന്ധിജിയുടെയും ഗാന്ധിസത്തിന്റെയും സ്വാധീനം, ദേശീയത, ദേശസ്‌നേഹം, മൂന്നാര്‍ സമരം, സാമുദായിക സ്വാധീനങ്ങളുടെ പ്രശ്‌നങ്ങള്‍, സാമൂഹികാവസ്ഥയില്‍ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍, ആത്മീയതയും അതിന്റെ സ്വാധീനങ്ങളും, അണുകുടംബം അതിലൂടെ സാമൂഹികതയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, ഗുരുവിന്റെ ചിന്തകള്‍ എന്നിവയും ചര്‍ച്ചകളില്‍ വരുന്നുണ്ട്. ആം ആദ്മി പോലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളെയും അതിന്റെ പ്രശ്‌നങ്ങളെയും സാധ്യതകളെയും വിലയിരുത്താനും അതോടൊപ്പം ഉയര്‍ന്നു വരുന്ന ദലിത് മുേന്നറ്റമാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും പറഞ്ഞുവെക്കുന്ന പുസ്തകം ദിനേശന്റെ രാഷ്ട്രീയ വ്യക്തതയെ സൂചിപ്പിക്കുന്നുണ്ട്. അരാഷ്ട്രീയതയുടെ രാഷ്ട്രീയത്തെ കുറിച്ചാണ് കെ.ഇ.എന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

 

ഗാന്ധിയെയും ഗാന്ധിസത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ പുസ്തകത്തില്‍ കാര്യമായി സമര്‍പ്പിക്കുന്ന ജാതിയെന്ന നിര്‍ണയ ഘടകത്തെ അവഗണിക്കുന്ന തരത്തിലുള്ള സമീകരണങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈ പരിമിതിയെ മറികടക്കുന്ന തരത്തില്‍ ഗാന്ധിയെ നിരൂപണം ചെയ്യേണ്ട സ്ഥലങ്ങളില്‍ ഗ്രന്ഥകാരന്‍ അതിനും ധൈര്യം കാണിക്കുന്നുണ്ട്. ഇടത്പക്ഷത്തോടും എഴുത്തുകാരന്‍ ഇത്തരത്തിലുള്ള രണ്ട് നിലപാടുകള്‍ പുലര്‍ത്തുന്നത് രാഷ്ട്രീയ സത്യസന്ധത വെളിവാക്കുന്നുണ്ട്. അഖ്‌ലാഖിന്റെ കൊലപാതകം ഭക്ഷണ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മാത്രം കടന്നുവരുന്നത് നീലരാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന, നില്‍ക്കേണ്ട മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തോട് എഴുത്തുകാരന്റെ നിലപാടിനെ അവ്യക്തമാക്കുുണ്ട്. ആം ആദ്മിയെ വിലയിരുത്തുമ്പോള്‍ ജനാധിപത്യത്തിന്റെ പുതിയ സാധ്യതയായി അതിനെ അടയാളപ്പെടുത്തുന്നതോടൊപ്പം അതുയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പരിമിതി കൃത്യമായി ഉയര്‍ത്തികാണിക്കാന്‍ എഴുത്തുകാരന് സാധിക്കുന്നുണ്ടെത് പ്രസ്താവ്യമാണ്. ആം ആദ്മിയുടെ സാധ്യതകള്‍ പരാമര്‍ശിച്ച് അദ്ദേഹം പറയുന്ന ‘ഈ പ്രതീക്ഷയെ പൂരിപ്പിക്കേണ്ടത് ഇന്ത്യയിലെ നഗരമനസ്സ് അല്ല, മറിച്ച് രാജ്യത്തെ ദലിത്, പിന്നാക്ക, പീഡിത മനസ്സാണ് എന്ന തിരിച്ചറിവ് ആം ആദ്മിക്ക് ഉണ്ടാകേണ്ടതുണ്ട്’ എന്ന പ്രസ്താവന അര്‍ഥവത്താണ്. പുതിയ ജനാധിപത്യ സാധ്യതകളെ വിമര്‍ശനാത്മകമായ പരസ്പര സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയും സ്വയം വിചാരണയോടെയും ഉപയോഗപ്പെടുത്തുകയെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ പുസ്തകം പുതിയ ജനാധിപത്യ സംവാദങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.
പ്രസാധനം: ഒലീവ് ബുക്‌സ്
വില: 130

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757