Opinion

സംഘ്പരിവാര്‍ വിശുദ്ധ പശുക്കള്‍ ചവച്ചു തുപ്പിയ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ – സജീദ് ഖാലിദ്

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണിന്നുള്ളത്. ആഗോള വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് വില കുറക്കാന്‍ കമ്പനികളെ സമ്മര്‍ദ്ദപ്പെടുത്താനോ പെട്രോളിയം ഉല്‍പന്നങ്ങളുടെ തീരുവ കുറക്കാനോ മോദി സര്‍ക്കാര്‍ തയ്യാറാകാത്തത് ഈ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായാണ്. രാജ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന ഈ അവസ്ഥ വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും വരുത്തുക. 2007-2008 കാലത്താണ് കുപ്രസിദ്ധമായ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാകുന്നത്. ലോകത്തെ നിരവധി സാമ്പത്തിക സ്ഥാപനങ്ങളാണ് അതില്‍ തകര്‍ന്നത്. ലക്ഷക്കണക്കിന് തൊഴിലുകള്‍ നഷ്ടമായി. പല നഗരങ്ങളുടെയും പ്രതാപം തന്നെ നശിച്ചു. ലോക ശക്തിയായ അമേരിക്ക ആകെ ആടിയുലഞ്ഞു. ലേമാന്‍ ബ്രദേഴ്‌സ്്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്റ്, എച്ച്.ബി.ഒ.എസ്, ബ്രാഡ്‌ഫോഡ് ആന്റ് ബിഗ്ലി തുടങ്ങി നിരവധി വന്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ തകര്‍ന്നു. വന്‍ നഗരങ്ങളില്‍ നിന്ന് ഐ.ടി മേഖലയടക്കമുള്ള ആകര്‍ഷക തൊഴില്‍ മേഖലകളില്‍ നിന്ന് കൂട്ടപ്പിരിച്ചുവിടലാണ് അന്നുണ്ടായത്.


ഈ സാമ്പത്തിക മാന്ദ്യത്തില്‍ തകരാതെ നിന്ന സാമ്പത്തിക വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുത്തത് ചെറുകിട സാമ്പത്തിക സംരഭങ്ങളെ ആശ്രയിച്ചാണ്. പൊതു മേഖലാ ബാങ്കുകളായിരുന്നു അവയുടെ ആണിക്കല്ല്. നിരവധി ചെറിയ ഗ്രാമീണ ബാങ്കുകള്‍, കാര്‍ഷിക മേഖലയെ ആസ്പദമാക്കി നിലനില്‍ക്കുന്ന സഹകരണ സംഘങ്ങള്‍ ഇതെല്ലാം ലോകത്തെ സാമ്പത്തിക സുനാമിയെ തടയാനുള്ള വന്‍ തടയണകളായി വര്‍ത്തിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം രാജ്യത്തെ ബാധിച്ചത് ചെറിയ അളവിലാണ്. അതും വിദേശത്ത് ജോലി ചെയ്യു പ്രവാസികളുടെ തൊഴില്‍ നഷ്ടത്തെ തുടര്‍ന്നുള്ള പ്രശ്‌നം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് പറഞ്ഞ് വെക്കുന്നത്. ഇത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. നിലവില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും യാഥാര്‍ഥ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. സാമ്പത്തിക സ്ഥിരതക്ക് ഏറെ അനുകൂലമായ അന്തരീക്ഷമായിരുന്നു രാജ്യത്തുള്ളത്. കാര്‍ഷിക മേഖലയില്‍ സാമാന്യം മികച്ച വിളവെടുപ്പ് നടന്ന വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. കാലാവസ്ഥയിലെ അനൂകൂലാവസ്ഥയായിരുന്നു കാരണം. ആഗോള വിപണിയില്‍ ഇന്ധന വില താഴുമ്പോഴും ഉയര്‍ന്ന വിലയിലാണ് ഇവിടെ പെട്രോളും ഡീസലും പാചകവാതകവും വില്‍ക്കുന്നത്. ആ നിലയില്‍ സര്‍ക്കാരിന്റെ വരുമാനം വലിയ അളവില്‍ വര്‍ധിക്കേണ്ടതാണ്. സബ്‌സിഡികള്‍ വെട്ടിക്കുറച്ച് ചെലവും ചുരുക്കിയിട്ടുണ്ട്. എന്നിട്ടും ഖജനാവ് കാലിയാണ്. എന്താണ് ഇതിന് കാരണം.

മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് ഇന്ന് രാജ്യം എത്തിനില്‍ക്കുന്നത്. രാജ്യം ഉയര്‍ച്ചയിലേക്ക് എന്നാണ് സെപ്തംബര്‍ ആദ്യവാരം പ്രധാനമന്ത്രിയും രണ്ടാംവാരം കേന്ദ്ര ധനകാര്യ മന്ത്രിയും അവകാശപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതുമാണെ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ വ്യക്തമായി. ആഗസ്റ്റ് അവസാന വാരം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 2017 വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസത്തിലെ സാമ്പത്തിക വിവരങ്ങള്‍ പരിശോധനക്ക് വിധേയമാക്കപ്പെടേണ്ട ഒന്നാണ്. നാണയപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ നീക്കം ചെയ്ത ശേഷം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ യഥാര്‍ത്ഥ വളര്‍ച്ച, 5.7% ആയിരുന്നു, ഇതാകട്ടെ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവുമാണ്. തുര്‍ച്ചയായ ആറാം വര്‍ഷവും വളര്‍ച്ചാ നിരക്ക് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. 2016 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ 9.2 % ആയിരുന്ന വളര്‍ച്ച നിരക്ക് പിന്നീടുള്ള ഓരോ ത്രൈമാസത്തിലും 7.9%, 7.5%, 7.0%, 6.1% എന്നിങ്ങനെയെത്തി ഇപ്പോള്‍ 5.7% ത്തില്‍ എത്തി നില്‍ക്കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പറഞ്ഞതനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് 7 ശതമാനത്തിനു താഴെയായിരിക്കും. അതായത് 1% വളര്‍ച്ചയുടെ നഷ്ടം ആയിരിക്കും ഉണ്ടാകുക. ഒരു ശതമാനം വളര്‍ച്ചാ നഷ്ടമുണ്ടാകുമ്പോള്‍ ദേശീയ വരുമാനത്തില്‍ 1.5 ലക്ഷംകോടി രൂപ കുറവുണ്ടാകും. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോകും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.2% വളര്‍ച്ചാനിരക്ക് ഏറ്റവും കുറഞ്ഞതാണ്. ഇതിനിടയിലാണ് നികുതിഘടന പുതിയ സമ്പ്രദായത്തിലേക്ക് മാറിയത് (ഏൃീ ൈഢമഹൗല അററലറ). ഇതും വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കി. ജൂലൈ മുതല്‍ ആരംഭിച്ച ചരക്കു സേവന നികുതിയുടെ (ഏടഠ) മുന്നോടിയായി ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ട് സ്റ്റോക്ക് കുറക്കുന്ന തന്ത്രം ഉല്‍പാദകര്‍ സ്വീകരിച്ചതിനാലാണ് വളര്‍ച്ചാ നിരക്ക് ഇത്രയും കുറഞ്ഞത്. വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വിവരങ്ങളും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ബാങ്ക് ക്രെഡിറ്റ് നിരക്ക്് 1.8% ആയികുറഞ്ഞു. കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അടിയന്തര പ്രാധാന്യത്തോടെ പ്രായോഗിക നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അനിവാര്യമായ പതനത്തില്‍ നിന്ന് സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വീക്ഷണക്കുറവും നയവ്യതിയാനങ്ങളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചത്.

നോട്ട് നിരോധം വഴി കുറഞ്ഞത് നാലു ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്താതിരിക്കുകയും അതുവഴി വലിയ ധനലാഭം സര്‍ക്കാരിനുണ്ടാകുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഭ്രാന്തന്‍ തീരുമാനമായ കറന്‍സി നിരോധം രാജ്യത്ത് മോദി അടിച്ചേല്‍പിച്ചത്. വെളുക്കാന്‍ തേച്ചത് പാണ്ടല്ല, പുണ്ണായി മാറിയ നിലയിലാണിപ്പോള്‍. നോട്ട് നിരോധനത്തിനായി ചെലവാക്കിയ ഒരു ലക്ഷം കോടിയോളം രൂപ വന്‍ നഷ്ടമാണ് രാജ്യത്തിന് സാമ്പത്തികമായി വരുത്തി വെച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, അതായത് നോട്ടു നിരോധനത്തിന് മുമ്പുള്ള കാലത്ത്്, യഥാര്‍ഥ വളര്‍ച്ച 7.7 ശതമാനമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 5.7 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിച്ചത്. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചു. പലയിടത്തും ചെറുകിട വ്യവസായങ്ങള്‍ അടച്ചു പൂട്ടി. വലിയ തോതില്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടമായി. പണത്തിന്റെ ക്ഷാമം മൂലം മാറ്റിവെക്കപ്പെട്ട നിക്ഷേപങ്ങളും ഉപഭോഗവും ചിലപ്പോള്‍ തിരിച്ചുപിടിക്കാനാവും. എന്നാല്‍, നഷ്ടപ്പെട്ട ജോലികളും തൊഴില്‍ ദിനങ്ങളും എെന്നേന്നക്കുമായി നഷ്ടപ്പെട്ടവയാണ്. കാര്‍ഷിക വിളകളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സാമ്പത്തിക സര്‍വേയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യഥാര്‍ഥ ജി.ഡി.പി യേക്കാള്‍ ജി.ഡി.പി വളര്‍ച്ച കുറവാണ് കാര്‍ഷിക മേഖലയിലെ ജി.ഡി.പി. ഇത് അസാധാരണമാണ്. ഇന്ത്യയില്‍ സാധാരണ ഇങ്ങനെ സംഭവിക്കാറില്ല. ഇതിനര്‍ഥം കൃഷിക്കാരുടെ വരുമാനം കുറയുമെന്നും അഞ്ചു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വരുമാനം ഇരട്ടിയാക്കും എന്ന മോദിയുടെ വാദം എന്നത് നടക്കാത്ത സ്വപ്‌നമായി മാറുകയും ചെയ്യും എന്നതാണ്. വ്യക്തിഗത വായ്പകള്‍, ഭവന നിര്‍മാണ വായ്പകള്‍ തുടങ്ങിയ ചില്ലറ വായ്പകള്‍ കണക്കാക്കാതിരുന്നാല്‍ വ്യവസായവശ്യാര്‍ഥമുള്ള വായ്പകള്‍ കുറഞ്ഞുവരുന്നതായാണ് ബാങ്കുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ വാര്‍ഷിക വായ്പ ഫ്‌ളോ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ ഏറ്റവും കുറവാണ് രേഖപ്പെടുത്തിയത്. എസ്.ബി.ഐ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് 63 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്രെഡിറ്റ് ഗ്രോത്താണ് 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയതെന്നാണ്.
നിര്‍മാണമേഖല, സ്വകാര്യ നിക്ഷേപ ചെലവുകള്‍ എന്നിവയില്‍ വലിയൊരു കയറ്റം ഉണ്ടായാലാണ് സാമ്പത്തിക സ്ഥിതി തിരിച്ചുവരാനുള്ള നേരിയ സാധ്യത. അതിനാണെങ്കില്‍ പുതിയ സംരംഭങ്ങള്‍ ധാരാളമായി ഉണ്ടാകണം. മേക്ക് ഇന്‍ ഇന്ത്യാ എന്നതിനുപകരം ചെറുകിട നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ ചെയ്യാനുള്ള പരിഷ്‌കാരമാണ് രാജ്യത്തിനാവശ്യം. പക്ഷേ, കോര്‍പ്പറേറ്റുകളും ബാങ്കുകളും ഇരട്ട ബാലന്‍സ് ഷീറ്റ് എന്ന ചൂഷണമാണ് നടത്തുന്നത്. കോര്‍പ്പറേറ്റുകള്‍ വന്‍തോതില്‍ വായ്പകള്‍ എടുത്തിട്ടുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് ഉദാരമായി വീണ്ടും വായ്പകള്‍ നല്‍കുകയാണ് ബാങ്കുകള്‍. അതാകട്ടെ കിട്ടാക്കടത്തിലേക്ക് എത്തപ്പെടുന്നു. ചെറുകിട സംരഭകര്‍ക്ക് വായ്പക്ക് വലിയ കടമ്പകള്‍ കടക്കേണ്ടിയും വരുന്നു. ഈ തട്ടിപ്പ് തടയാന്‍ റിസര്‍വ് ബാങ്ക് കൂടതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തണം. എങ്കിലാണ് ഈ പ്രശ്‌നത്തെ മറികടക്കാനാവുക. നിലവില്‍ മോദിയും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഇരുപ്പു വശമനുസരിച്ച് അത്തരമൊരു ഇടപെടല്‍ റിസര്‍വ് ബാങ്ക് നടത്താനിടയില്ല. അതിനിടയിലാണ് ജി.എസ്.ടിയുടെ വരവ്.

ജി.എസ്.ടി വരുത്തിയ ഘടനാപരമായ മാറ്റങ്ങളും അതുമൂലമുള്ള പുതിയ മോണിറ്ററി ഫ്രെയിം വര്‍ക്കുകളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളാണ്. രാജ്യം സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്ന 8% വളര്‍ച്ച കൈവരിക്കണമെങ്കില്‍ അത്ഭുതകരമായ എന്തെങ്കിലും ഉത്തേജകങ്ങള്‍ വേണ്ടിവരും എന്നാണ് സാമ്പത്തികാവസ്ഥ സൂചിപ്പിക്കുന്നത്. അത് സാധിക്കാനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല. നാലു ലക്ഷം കോടിരൂപ സാമ്പത്തിക മാന്ദ്യം പരിഹരിക്കാനായി സര്‍ക്കാര്‍ മാറ്റിവെക്കുമെന്നു ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എവിടെ നിന്നാണ് ഈ പണം സര്‍ക്കാര്‍ കണ്ടെത്തുന്നത്. ജനങ്ങളില്‍ നികുതി ഭാരം അടിച്ചല്‍പ്പിക്കണം. നാല് ലക്ഷം കോടിരൂപ കിട്ടണമെങ്കില്‍ രാജ്യത്തെ ഒാരോ പൗരനും തലയെണ്ണി ശരാശരി മുപ്പതിനായിരം രൂപയെങ്കിലും സ്വരുക്കൂട്ടണം. ഇന്നത്തെ നിലയില്‍ രാജ്യത്ത് നിന്ന് ഇത് കണ്ടെത്താനാകുന്നതെങ്ങനെ. അങ്ങനെ കണ്ടെത്തിയാല്‍ തന്നെ എന്ത് പദ്ധതിയാണ് മോദിയും ജയ്റ്റ്‌ലിയും കൂടി കണ്ടെത്തിയിരിക്കുന്നത്. ധനകാര്യ വൈദഗ്ധ്യമില്ലാത്ത വകുപ്പ് മന്ത്രിയും സാമ്പത്തിക മേഖലയിലെ നൈമിഷിക മാറ്റങ്ങളെ കുറിച്ച് നിശ്ചയമില്ലാത്ത നരേന്ദ്ര മോദിയും ചേര്‍ന്നൊരുക്കിയ ഊരാക്കുടുക്കാണിത്. ജനങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ത്തുന്നപോലെ ഗുണ്ടായിസം കാണിച്ച് സാമ്പത്തിക മേഖല നിയന്ത്രിക്കാമെന്ന സംഘ്പരിവാര്‍ അല്‍പ ബുദ്ധിയില്‍ നിന്നാണ് നോട്ട് നിരോധവും ധൃതിപിടിച്ച ജി.എസ്.ടി അടിച്ചേല്‍പിക്കലുമുണ്ടായത്.

നിസാരമായി പറഞ്ഞു പോകാനാവുന്ന വിധമല്ല കാര്യങ്ങള്‍. വരാനിരിക്കുന്നത് ക്ഷാമകാലമാണ്. നിലവറകള്‍ കാലിയാകുന്ന കാലം. മോദിയുടെയും സംഘ്പരിവാറുകാരുടെയും ഭരണം രാജ്യത്തെ നിലയില്ലാകയത്തിലേക്കാണ് തള്ളി വിടുന്നത്. വൈകാരികമായി ജനത്തെ എത്രകാലം കൂട്ടി നിര്‍ത്താനാവും. ക്ഷാമകാലത്തെ വിശപ്പിന് മുന്നില്‍ എല്ലാ വൈകാരികതകളും ഇല്ലാതാകും. അത് മോദിയുടെ തകര്‍ച്ചയിലേക്ക് നയിച്ചേക്കും. അപ്പോഴും വലിയ പ്രശ്‌നം ബാക്കിയായിരിക്കും. സുസ്ഥിരമായ കാര്‍ഷക മേഖലയും സമ്പന്നമല്ലെങ്കിലും സ്ഥിരതയുള്ള സമ്പത്തിക സ്ഥിതയുമുണ്ടായിരുന്ന രാജ്യത്തില്‍ എല്ലാ സുസ്ഥിതിയും തകര്‍ത്ത ചരിത്രത്തിലെ വലിയ വില്ലന്‍ കഥാപാത്രങ്ങളായിരിക്കും മോദിയും സംഘ്പരിവാറുകാരും. വിശുദ്ധ പശുക്കള്‍ ചവച്ചു തുപ്പിയ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഇനി ഒരു തിരിച്ച് കയറല്‍ അത്ര എളുപ്പമല്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757