Opinion

ചില ‘സ്വകാര്യ’ വര്‍ത്തമാനങ്ങള്‍ – സുഫീറ എരമംഗലം

സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശമാണെന്ന് ഭരണകൂടത്തിനെ ബോധ്യപ്പെടുത്താന്‍ സുപ്രീം കോടതിയുടെ പ്രത്യേക ഭരണഘടനാ ബെഞ്ച് തന്നെ വേണ്ടിവന്നു. ഭരണഘടനയുടെ 21-ാം ഖണ്ഡിക ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തിനായുള്ള അവകാശത്തില്‍ ഉള്‍ചേര്‍ന്നതാണ് സ്വകാര്യത സംരക്ഷിക്കാനുള്ള വ്യക്തിയുടെ അവകാശം. ആത്മാഭിമാനം, സ്വന്തമായ തിരഞ്ഞെടുപ്പ് എന്നിവ വകവെച്ചു കിട്ടുക എന്നത് ഓരോ പൗരന്റെയും ജന്മാവകാശമാണ്. പൗരനെ വേട്ടയാടുന്ന ഭരണകൂടം എന്ന ഫാഷിസകാലത്തെക്കുറിച്ച ഭൂതകാലഭീതി, വര്‍ത്തമാന യാഥാര്‍ഥ്യത്തില്‍ എത്തിനില്‍ക്കുന്നു.

മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ക്കുതന്നെ സ്വകാര്യത അവന്റെ കൂടപ്പിറപ്പായുണ്ട്. സ്വന്തത്തിനുമേല്‍ സ്വകാര്യത ആഗ്രഹിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈകടത്താതിരിക്കുക എന്ന സാമാന്യ മര്യാദയെക്കുറിച്ച ബോധമാണ് ആരോഗ്യകരമായ സമൂഹത്തിന്റെ സഞ്ചാരവഴികളില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. വെള്ളവും വായുവും ഭക്ഷണവും അധീശപ്പെടുത്തിയ അധികാര ഫാഷിസം സ്വകാര്യത കൂടി കവര്‍െന്നടുത്ത് പൗരനുമേല്‍ ആധിപത്യത്തിന്റെ അവസാന ആണിയും അടിച്ചുകയറ്റാം എന്നാണ് കണക്കുകൂട്ടുന്നത്. ബ്രിട്ടീഷ് വാഴ്ചയെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ചറിഞ്ഞ കുട്ടിക്കാലത്ത് സ്വാതന്ത്ര്യം ഗവമെന്റിന്റെ ഔദാര്യമായി കരുതിയിരുന്നു. ഏതു സമയവും ചാടി വീഴാവുന്ന പട്ടാള ബൂട്ടുകളെക്കുറിച്ച ഭീതി അബോധത്തില്‍ നിലനിന്നു. അതിരില്ലാത്ത ആകാശം നോക്കി മരണം എ ന്നവിരാമം ഈ ജീവിതത്തിന് ഉണ്ട് എന്ന ഉള്‍ക്കൊള്ളലായിരുന്നു ജീവിതത്തിനേറ്റ ആദ്യ ആഘാതം. അത് പ്രകൃതിപരമായ അനിവാര്യതയായിരുന്നു. പ്രകൃതിപരമായ സ്വാതന്ത്ര്യ-സ്വകാര്യതകള്‍ക്ക് കടിഞ്ഞാണിടുവാന്‍ അധികാര വ്യവസ്ഥിതി ആഞ്ഞുശ്രമിക്കുന്നത് ഇന്ന് തിരിച്ചറിയുന്നു. അഥവാ ബാല്യത്തിലെ ഗവമെന്റ് സുപ്രീമോ ഫോബിയ ഇന്ന് യാഥാര്‍ഥ്യമായി തിരിച്ചുവിരിക്കുന്നു. അടുക്കളയിലെ അലമാരിയിലേക്ക് മണം പിടിച്ചെത്തുന്നവര്‍ പശുഭീകരതയുടെ കാപാലിക കൂട്ടമാകുന്ന കാലത്ത് സ്വകാര്യത എന്നത് കൂടുതല്‍ അവകാശങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്. ജുനൈദിന്റെ പെരുന്നാള്‍ പുടവയില്‍ കത്തിയിറക്കി ജീവരക്തം പൂശിയവര്‍, നജീബിന്റെ വിദ്യാഭ്യാസാവകാശത്തെ കാണാമറയത്തേക്ക് തള്ളിയിട്ടവര്‍, രോഹിത് വെമുലയുടെ ആവിഷ്‌കാര ജീവിതത്തെ അരും കൊല ചെയ്തവര്‍,.. ഇവരെല്ലാം സ്വകാര്യ അവകാശത്തിന്റെ പിന്‍ബലത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരപ്പെടുമെന്ന് പ്രതീക്ഷിക്കുവാന്‍ ഈ വിധികൊണ്ടാവുമോ? വിധിയുടെയും നിയമങ്ങളുടെയും പഴുതുകളിലൂടെ സ്വന്തം അജണ്ടയെ സന്നിവേശിപ്പിക്കുവാനുള്ള വിരുത് ഫാഷിസത്തിന് അസാമാന്യമാണ്. അതുകൊണ്ടാണല്ലോ തുടക്കത്തില്‍ സ്വകാര്യത മൗലികാവകാശമാണെന്നതിനെ അറ്റോര്‍ണി ജനറല്‍ നിരന്തരം നിഷേധിച്ചിട്ടും വിധി വന്നശേഷം നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് തങ്ങള്‍ അതിനുവേണ്ടി തന്നെയാണ് നിലകൊണ്ടിരുന്നതെന്ന് പച്ചക്കള്ളം നിര്‍ലജ്ജം വിളിച്ചുകൂവിയത്.

പൗരനെ സ്വന്തം ശരീരത്തിനുമേല്‍ പൂര്‍ണാധികാരമുണ്ടെത് മിഥ്യയാണെ് സര്‍ക്കാര്‍ വാദിച്ചിരുന്നു. സ്വകാര്യ ഇടങ്ങള്‍ ഏതെല്ലാം എ്ന്ന നിര്‍ണയിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് മുതലാളിത്തം വ്യക്തിയുടെ സ്വകാര്യത തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. പൗരന്റെ സ്വകാര്യത അധികാര ശക്തികളുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകാന്‍ പാകത്തില്‍ തുറന്നുകിടക്കുന്നു. പൗരധര്‍മത്തില്‍നിന്ന് വ്യതിചലിക്കുന്നോ എന്ന നിരന്തര നിരീക്ഷണത്തിന് വിധേയരാണെന്ന ബോധം പൗരസമൂഹത്തിന് ഉണ്ടാകുന്നു. ഭീകരതയെക്കുറിച്ച ഭീതി വിതച്ച ഫാഷിസത്തിന്റെ സഞ്ചാരവഴികളില്‍ ശ്രദ്ധേയമായതാണ് സ്വകാര്യതയെ സംശയത്തിന്റെ വരുതിയിലുള്ള ഇടമാക്കുക എന്നത്. ഭദ്രവും ആരോഗ്യകരവുമായ മറകളാണ് സമൂഹത്തിലെ വിഭിന്ന തലങ്ങളുടെ സംയോജനം സാധ്യമാക്കുന്നത്. സ്വാഭാവികങ്ങളായ മറകളെ ഇല്ലാതാക്കിയാല്‍ സുപ്രീം കോടതി തന്നെ നിരീക്ഷിച്ച ‘വ്യക്തിയുടെ അന്തസ്സും അഭിമാനവും’ പൊതു ഇടങ്ങളില്‍ മാറ്റളക്കപ്പെടുന്ന ഒന്നായിത്തീരും. സവര്‍ണ ഫാഷിസം ഭരണ സിരാകേന്ദ്രങ്ങളിലിരുന്ന് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ജുഡീഷ്യറിയുടെ സംരക്ഷണ കവചം സ്റ്റേറ്റിനെ അതിവര്‍ത്തിക്കുന്നത് പൗരസഞ്ചയത്തിന് അനുഭവവേദ്യമാക്കുന്നതാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധി.

വഴിയാധാരമാക്കപ്പെടുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മൗലിക-മനുഷ്യാവകാശങ്ങള്‍ ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്ന കാലിക സന്ദര്‍ഭത്തില്‍ സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രസക്തി അന്തര്‍ദേശീയ തലത്തില്‍ തന്നെ സംവാദങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ട വിഷയമാണ്. വഴിയാധാരമാകുന്നവര്‍ ആധാര്‍ കാര്‍ഡില്ലാത്തവരാണല്ലോ. ആധാര്‍ കാര്‍ഡ് ഓരോ പൗരനെയും സംശയത്തിന്റെ അനിശ്ചിതത്വത്തിലൂടെ നടന്നുപോകുവാന്‍ പ്രേരിപ്പിക്കുന്നു. വസ്ത്രാക്ഷേപഭീതിയില്‍ അധിഷ്ഠിതമായ ‘നഗ്നത’യുടെ സംസ്‌കാരത്തെ പ്രമോട്ട് ചെയ്യുകയാണത്. സ്വകാര്യതയെ സ്വാധീനിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റിസം അതിനുമേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. ആധാര്‍ കാര്‍ഡുകളിലെ ബയോമെട്രിക് വിവരശേഖരണം അതിലേക്കാണ് വിരല്‍ ചൂണ്ടുത്. പതിമൂ്ന്ന കോടി ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ചോര്‍ത്തിയിരിക്കുന്നു എന്നതാണ് ഞെട്ടിക്കു വെളിപ്പെടുത്തല്‍. ഒ.ടി.എസ്, എക്‌സ്പ്രസ് ലേന്‍ എന്നീ വിവരശേഖരണ പദ്ധതികള്‍ക്ക് സോഫ്റ്റ് വെയറുകളും മറ്റും വിതരണം ചെയ്യുന്നത് ക്രോസ്മാച്ച് എന്ന അമേരിക്കന്‍ കമ്പനിയാണ്. ആധാര്‍ നടപ്പിലാക്കുന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് ആവശ്യമായ ബയോമെട്രിക് ഉപകരണങ്ങള്‍ ആദ്യമായി എത്തിച്ചത് ക്രോസ്മാച്ചാണ്. ഇസ്രയേലിലെ പ്രമുഖ സൈബര്‍ ആയുധ നിര്‍മാതാക്കളായ ഒ.എന്‍.എസ് ഗ്രൂപ്പും ഇതിന്റെ ഭാഗമാണ്. ഇന്ത്യന്‍ പൗരന്റെ സ്വകാര്യതയുടെ മരണമണിയാണ് ഈ സയണിസ്റ്റ് യാങ്കി കോര്‍പ്പറേറ്റുകള്‍ മുഴക്കിക്കൊണ്ടിരിക്കുന്നത്. ജീവിത വ്യവഹാരങ്ങളിലെല്ലാം സമര്‍പ്പിക്കപ്പെടേണ്ടത് ആധാറാണ്. വമ്പന്‍ സ്രാവുകളെ വീഴ്ത്താതെ സാധാരണക്കാരെ സംശയ നിഴലിലാക്കുന്ന ആധാറിന്റെ നിയമസാധുത തെളിയിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ശരീരത്തിന്മേലുള്ള ജൈവിക അടയാളങ്ങള്‍ മാത്രമല്ല, ബുദ്ധിപരവും ചിന്താപരവുമായ വ്യക്തിയുടെ അടയാളപ്പെടുത്തലുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന സ്വകാര്യത നിരന്തരം വെല്ലുവിളിക്കപ്പെടുകയാണ്. വ്യക്തിയുടേതു മാത്രമായ തിരഞ്ഞെടുപ്പുകളില്‍ പൊതുബോധ നിര്‍മിതിയുടെ മുന്‍ നിരയിലുള്ളവയെല്ലാം ഇടപെടുന്നു. വിശ്വാസം, ജീവിതരീതി എന്നിങ്ങനെ ആത്മാവിനെ ആവേശിക്കുന്നവയില്‍ ബാഹ്യ ഇടപെടലുകള്‍ സൃഷ്ടിക്കുന്നത് അസമാധാനത്തിന്റെ അലോസരമാണ്. സ്വാസ്ഥ്യം, സ്വഛം എന്നിവയിലെ ‘സ്വ’ തന്നെയാണ് സ്വകാര്യത.

ഡി.എന്‍.എ ഡാറ്റാ ബാങ്കിനായുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഡി.എന്‍.എ. ഡാറ്റാ ബാങ്ക് നിലവില്‍ വന്നാല്‍ കുറ്റാന്വേഷണങ്ങള്‍ക്കുപരിയായി, ജൈവിക സ്വകാര്യതയെ പോലും ദുരുപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. ജാതി തിരിച്ചുള്ള ക്രിമിനല്‍ കണക്കെടുപ്പുകള്‍ തലമുറകളിലേക്ക് വ്യാപനം ചെയ്യന്നു രീതിയിലുള്ള ധ്രുവീകരണത്തിന് ഡി.എന്‍.എ പ്രൊഫൈലിംഗ് ബാങ്ക് വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി മോദി സര്‍ക്കാറിന്റെ സമഗ്രാധിപത്യ പ്രവണതയെ തളക്കുന്നതില്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയം ഇല്ലാതാക്കുവാനായി ദേശീയ നിയമന കമ്മീഷന്‍ രൂപവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഭരണഘടനയുടെ 99-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും ഖെഹാറിന്റെ നേതൃത്വത്തിലാണ്.

പൗരന്റെ സ്വകാര്യതയുടെ മേല്‍ അധികാര ഉപകരണങ്ങളുടെ ഭാഗത്തുനിന്നുള്ള കടന്നാക്രമണങ്ങള്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കുന്നിടത്തേക്കാണ് എത്തിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂലൈ പതിമൂന്നിന് അന്തരിച്ച രാഷ്ട്രീയ ചിന്തകനും കവിയും മനുഷ്യാവകാശ വാദിയുമായിരുന്ന ലിയു സിയാബോ എട്ട് വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. ക്യാന്‍സര്‍ രോഗചികിത്സ നിഷേധിച്ച് ചൈനീസ് ഭരണകൂടം അദ്ദേഹത്തെ കൊല്ലുകയായിരുന്നു. ജനാധിപത്യ അവകാശ സംരക്ഷണത്തിനും ഏകകക്ഷി ഭരണം അവസാനിപ്പിക്കുന്നതിനുമായി ശബ്ദമുയര്‍ത്തിയതാണ് അദ്ദേഹം ചെയ്ത തെറ്റ്. സമാധാന നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങുവാന്‍ പോലും ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചില്ല. സ്വകാര്യ അവകാശമായ ചിന്താ പ്രകാശനം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടതിന്റെ ഇരയാണദ്ദേഹം. ലിയൂ സിയാബോയുടെ മോചനത്തിന് ലോക രാജ്യങ്ങളില്‍നിന്നുണ്ടായ സമ്മര്‍ദ്ദത്തെ ഏകോപിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് സിയാബോയുടെ സഹധര്‍മിണി ലിയൂസിയ വീട്ടുതടങ്കലിലായത്. അറസ്റ്റിന്റെ പീഢാനുഭവങ്ങളെ മറികടക്കാന്‍ കവിയിത്രിയും ചിത്രകാരിയുമായ അവര്‍ ആത്മാവിഷ്‌കാരത്തിന്റെ വഴികള്‍ തേടി. തന്റെ പ്രാണനാഥന് സമര്‍പ്പിക്കുവാന്‍ പ്രണയ ലേഖനങ്ങള്‍ എഴുതിയത് അധികാര വ്യവസ്ഥ തടഞ്ഞുവെച്ചു. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള അശ്ലീലപരമായ നോട്ടം അധികാരത്തിന്റെ വിലക്ഷണപരമായ അധമത്വമാണ്. സാഡിസവും അടിച്ചമര്‍ത്തുതിലേക്കുള്ള ത്വരയുമാണ് ഇത്തരം സ്വകാര്യ സന്ദര്‍ഭങ്ങള്‍ക്ക് പഴുതടക്കുന്നത്. കോടതി നിയമപരമായി ശിക്ഷിക്കാത്ത വ്യക്തിയാണ് ലിയൂ സിയ എന്നോര്‍ക്കണം. കമ്യൂണിസ്റ്റ് ചൈനയില്‍ ലിയൂസിയ ആണെങ്കില്‍ ഇവിടെ ഇടതു കേരളത്തില്‍ ഹാദിയ ആണ്. ഭക്തിയും പ്രണയവും സ്വകാര്യ നിമിഷങ്ങള്‍ ആകുന്നതിന് അധികാര വ്യവസ്ഥയും തജ്ജന്യമായ പൊതുബോധവും തടയിടുകയാണ്.

 

വാര്‍ട്‌സ് ആപ്പിന്റെ 2016-ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് മുില്‍ എത്തിയപ്പോള്‍ തന്നെ മോദി സര്‍ക്കാറിന്റെ നയങ്ങളിലെ ഇരട്ടത്താപ്പ് വെളിപ്പെടുകയുണ്ടായി. ഉപയോക്താക്കളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ് അവരുടെ വിവരങ്ങള്‍ എന്നതിനാല്‍ വിവര സംരക്ഷണത്തിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹം സുപ്രീം കോടതിയില്‍ അറിയിക്കുകയുണ്ടായി.
അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലിക അവകാശം വെടിയേറ്റുവീണുകൊണ്ടിരിക്കുന്നത് കല്‍ബുര്‍ഗി ഘാതകര്‍ക്ക് സൈ്വരവിഹാരം സാധ്യമാക്കുന്ന ഭരണകൂട ആശിര്‍വാദങ്ങളോടെയാണ്. ഗൗരി ലങ്കേഷ് എന്ന ഫാഷിസ്റ്റ് വിരുദ്ധതയുടെ ഉറച്ച ശബ്ദത്തെയാണ് അവര്‍ ഇല്ലാതാക്കിയത്. ചിന്തയെയും ബുദ്ധിയെയും തടവറയില്‍ പാര്‍പ്പിക്കുക എന്നത് ഫാഷിസം എക്കാലവും നിര്‍വഹിച്ചിട്ടുള്ളതാണ്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, എന്നിവര്‍ തങ്ങളുടെ ചിന്താ സ്വാതന്ത്ര്യത്തെ സ്വകാര്യതയില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് പ്രസരിപ്പിച്ചവരാണ്. ചിന്തയും ബുദ്ധിയും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണ് അവരിലൂടെ വധിക്കപ്പെട്ടത്. ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തകക്കും ജീവിക്കാനുള്ള അവകാശം തന്റെ സ്വകാര്യ ഇടത്തില്‍ വെച്ച് നിഷേധിക്കപ്പെട്ടത് മാധ്യമ ഇടപെടലിലെ സംവാദ യുക്തിയും ഫാഷിസ്റ്റ് വിരുദ്ധതയും കൈമുതലാക്കിയതിനാലാണ്.

ന്യൂനപക്ഷങ്ങളുടെ ദേശസ്‌നേഹം അളക്കുന്ന കാലത്ത് തീവ്രവാദ മുക്തമായ സ്വത്വമാണ് തന്റേതെന്ന് ഓരോരുത്തരും ഭരണക്രമത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തേണ്ടിവരുന്നു. നാമമാത്രമായ സബ്‌സിഡിയും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ തന്റേതുമാത്രമായ ജൈവരേഖകളെ സര്‍വ വ്യാപിയാക്കണം. താന്‍ തിരിച്ചറിയപ്പെടുന്നതും സമര്‍ഥിക്കപ്പെടുന്നതും ലോകത്തിന്റെ ഏതു കോണിലിരുന്നാലും നിരീക്ഷണ വിധേയമായിട്ടാണ് എന്ന ബോധം പൗരന് സമ്മാനിക്കുന്നത് അരക്ഷിതത്വമാണ്.
വിവരങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന് സ്വകാര്യതയെ സംരക്ഷിക്കുവാനുള്ള നവസങ്കേതങ്ങള്‍ വിവരസാങ്കേതികതയിലൂടെ തന്നെ സമര്‍പ്പിക്കപ്പെടേണ്ടതായുണ്ട്. സമാന്തര ലോകത്ത് സ്വകാര്യതയുടെ സംരക്ഷണം സാധ്യമാക്കുന്ന തരത്തില്‍ സുപ്രീം കോടതി വിധി പ്രയോജനപ്പെടണമെങ്കില്‍ അതിലേക്കുള്ള വഴികളെയാണ് തേടേണ്ടത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757