Opinion

ആരാണ് ദലിത് പ്രയോഗത്തെ ഭയപ്പെടുന്നത് – കെ.അംബുജാക്ഷന്‍

ഒദ്യോഗിക വ്യവഹാരങ്ങളില്‍ നിന്ന് ദലിത് എന്ന പദം ഒഴിവാക്കി പട്ടികജാതി, പട്ടികവര്‍ഗ്ഗം എ്ന്ന ഉപയോഗിക്കണം എന്ന നിര്‍ദ്ദേശം വന്നിരിക്കുന്നു. പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിിക് റിലേഷന്‍സ് വകുപ്പാണ് അച്ചടി, ദൃശ്യമാധ്യമങ്ങങ്ങളില്‍ നിന്നടക്കം ദലിത് പദം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഈ നിര്‍ദ്ദേശം കേരളത്തില്‍ കാല്‍ നൂറ്റാണ്ടു കാലം കൊണ്ട് ഉയര്‍ന്നു വന്ന ദലിത് അവബോധത്തിന്റെയും മുറ്റേത്തിന്റെയും ഗുണഫലങ്ങളെ തകര്‍ക്കുന്നതിനുള്ള നടപടിയെന്ന നിലയ്ക്ക് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ദലിത് എന്ന സംജ്ഞ ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍കൂടി ഉള്‍പ്പെടുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന, സൈദ്ധാന്തിക സംവാദങ്ങളിലും ഗവേഷണ പഠനങ്ങളിലും മാധ്യമ വ്യവഹാരങ്ങളിലും സര്‍വ സ്വീകാര്യമായ പദമാണിന്ന്. കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ പല സര്‍വ്വകലാശാലകളിലും ദലിത് പഠന ഗവേഷണ വിഭാഗങ്ങള്‍ നിലവിലുണ്ട്. വൈജ്ഞാനിക പഠനങ്ങളുടെ നിയന്ത്രണ സിരാകേന്ദ്രമായ യു.ജി.സി.യുടെ ചെയര്‍മാനായ എസ്.കെ.തോറാട്ടാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദലിത് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെയും മേധാവി. ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍ നാഷണലുമടക്കം ജാതീയമായ വിവേചനമോ അതിക്രമമോ നേരിടേണ്ടി വരുന്ന ജനതയെ കുറിക്കാന്‍ ദലിത് പദമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ദേശീയമോ അന്തര്‍ദ്ദേശീയമോ ആയ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എടുത്തുകാണിക്കാം എന്നിരിക്കേ ഇത്തരത്തിലുള്ള ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാരോ കമ്മീഷനോ എടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്?
സമീപകാല ഇന്ത്യയില്‍ ഏറ്റവും വിപ്ലവാത്മകമായ നവവിജ്ഞാന മേഖലയായി ദലിത്, അനുബന്ധ പഠനങ്ങള്‍ മാറിയ സാഹചര്യത്തില്‍ പെട്ടെന്നുണ്ടായ ഒരു തീരുമാന പ്രകാരം ദലിത് സംജ്ഞതന്നെ റദ്ദുചെയ്യുക എന്നത് അത്തരത്തിലുണ്ടായ ഒരുണര്‍വിനെ തല്ലിക്കെടുത്താനാഗ്രഹിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ്.

ആരാണ് ‘ദലിത് ‘പ്രയോഗത്തെ ഭയപ്പെടുന്നത്?

സാമൂഹ്യപരമായ, സാംസ്‌കാകാരികവും സാഹിത്യ സംബന്ധവുമായ, ബഹുതല മൂല്യസത്തകള്‍ ഉള്‍ക്കൊള്ളുന്ന ഓണ് ‘ദലിത് ‘ എന്ന പദം. ഇന്ത്യയിലെ നവ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ദലിത് പ്രസ്ഥാനങ്ങള്‍ പരിഗണിക്കപ്പെടുന്നത്. വിശാല വൈജ്ഞാനിക മാനദണ്ഡങ്ങളുള്ള, ഒരു സമൂഹത്തിന്റെ പുരോഗതിയുടെ പ്രതീകമായി മാറിയ ഒരു പ്രയോഗത്തെ, സംജ്ഞയെ നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. എല്ലാ സമൂഹങ്ങളും നവോത്ഥാന കാലാനന്തരം പുരോഗമനപരമായ ഇത്തരം പുതിയ രൂപങ്ങളിലേക്ക് കാലാനുസൃതമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സമാന രീതിയിലുണ്ടായ സാംസ്‌കാരിക വിപ്ലവത്തിന്റെ ഗുണഫലമെന്ന നിലയിലാണ് ദലിത് സംജ്ഞയും സ്വീകാര്യത നേടുന്നത്. വ്യത്യസ്ത മത വിശ്വാസ ധാരകള്‍ക്കും ഭാഷകള്‍ക്കുമപ്പുറം ഇന്ത്യയിലെ അധസ്ഥിത ജനകോടികളെ രാഷ്ട്രീയ ഉള്ളടക്കമുള്ളതും വിമോചനാത്മകവുമായ ഒരു പൊതു സ്വത്വത്തിലേക്ക് ഈ പ്രയോഗം പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര സന്ധികളില്‍ ഏറ്റവും പുരോഗമനപരമായ സാമൂഹ്യ സമത്വ സങ്കല്‍പ്പനം സാധ്യമാക്കിയ പദം കൂടിയാണ് ദലിത്. അംബേദ്കര്‍ അനന്തര കാലഘട്ടത്തില്‍ ഉണ്ടായ നിശ്ശബ്ദ വിപ്ലവമെന്ന് ദലിത് സാഹിത്യത്തെ നിര്‍വചിച്ചത് ക്രിസ്റ്റഫര്‍ ജഫര്‍ലോട്ടാണ്. പുതിയ നിര്‍വചനങ്ങളും പരിപ്രേക്ഷ്യവും സൃഷ്ടിച്ച് ഏറ്റവും സംവാദാത്മകവും പ്രതിരോധ സജ്ജവുമായ പദവുമായി ദലിത് സംജ്ഞ ഇന്നും പ്രസക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ദലിത് കേന്ദ്രിത രാഷ്ട്രീയ സൈദ്ധാന്തിക വൈജ്ഞാനിക ഇടപെടലുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി വര്‍ത്തമാനങ്ങളെ നിയന്ത്രിക്കു ഒന്നായി മാറിയതും.
ഇത്തരത്തിലുള്ള വലിയ മുന്നേറ്റങ്ങളോടുള്ള അസഹിഷ്ണുത ഈ ഉത്തരവിനു പിന്നിലുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ശാക്തീകരണത്തെ സഹായിക്കുന്നതിനല്ല, നേരേ മറിച്ച് വലിയ പോരാട്ടങ്ങളിലൂടെ കരുപ്പിടിപ്പിച്ച പുരോഗമനപരമായ മുന്നേറ്റത്തെ പിന്തിരിപ്പന്‍ ജാതി ബോധത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടിലേക്ക് അടിച്ചൊതുക്കാനാണ് ഈ ശ്രമം. ദലിത് പദം നിരോധിക്കാന്‍ ഉത്തരവിറക്കുന്നവര്‍ ഈ പദത്തിന്റെ കര്‍തൃത്വത്തില്‍ ഒരു ശതമാനം പോലും പങ്ക് അവകാശപ്പെടാന്‍ ആവാത്തവരാണ് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്വയം നവീകരണത്തിന്റെയും പരിഷ്‌കരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഭാഗമായി ഉത്്പാദിപ്പിച്ച് വികസിപ്പിച്ചെടുത്ത ദലിത് സംജ്ഞയുടെ കര്‍തൃത്വവും ഉടമസ്ഥതയും വ്യത്യസ്തങ്ങളായ ദലിത് സാമൂഹ്യ സാമുദായിക പ്രസ്ഥാനങ്ങള്‍, അവയുടെ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ചിന്തകര്‍, എഴുത്തുകാര്‍, വായനക്കാര്‍ തുടങ്ങിയ വലിയൊരു സംഘത്തിന്റെ പല കാല ശ്രമങ്ങളുടെ കൂട്ടായ ഫലമാണ്. അത്തരത്തില്‍ ഒരു ജനതയുടെ സാമൂഹ്യവും സാംസ്‌കാരിക സ്വത്വത്തിന്റെ പ്രതീകമായി സ്ഥാപിക്കപ്പെട്ട ഒന്നാണ് ‘ദലിത് ‘പദം. അത് ഒരു കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെയോ ഗവമെന്റ് ഉത്തരവിന്റെയോ അടിസ്ഥാനത്തില്‍ എടുത്തു മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്ന് അടിയന്തിരമായിത്തന്നെ സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടതുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757