Opinion

കാമ്പസ് രാഷ്ട്രീയം വിരല്‍ചൂണ്ടുന്നു – മൃദുല്‍ അമ്പലത്ത്

വിദ്യാര്‍ഥി രാഷ്ട്രീയം ദേശീയരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണെങ്കില്‍, ഇന്ത്യന്‍ ജനാധിപത്യത്തിന് ഇനിയും പ്രതീക്ഷക്ക് വകയുണ്ട്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇത്തരമൊരു പ്രതീക്ഷക്ക് കളമൊരുക്കിയത്. ഹൈന്ദവരാഷ്ട്രീയത്തിന്റെ വിദ്യാര്‍ഥി മുഖമായ എ.ബി.വി.പി കനത്തതോല്‍വി നേരിട്ടു എന്നതാണ് വിവിധ കാമ്പസ് തെരഞ്ഞെടുപ്പുകളിലെ പൊതുഘടകം. മുഖ്യധാര മതേതരരാഷ്ട്രീയ നിരീക്ഷകരെ ആഹ്ലാദിപ്പിക്കുന്നതും അതുതന്നെ. അതിലുമപ്പുറം ശ്രദ്ധേയമായ ചില മുന്നേറ്റങ്ങള്‍, വിജയാവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ബഹുജന വിദ്യാര്‍ഥി രാഷ്ട്രീയത്തിനായി എന്നതാണ് അവയെ വ്യത്യസ്തമാക്കുന്നത്. ഹൈദരാബാദ്, ജെ.എന്‍.യു സര്‍വകലാശാലകളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അതില്‍ പ്രധാനമാണ്.


രോഹിത് വെമുല ചിരിക്കുന്നു

രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി രാഷ്ട്രീയനേതാവിന്റെ രക്തസാക്ഷിത്വത്തിനുശേഷം രണ്ടാമത് യൂനിയന്‍ തെരഞ്ഞെടുപ്പാണ് എച്ച്.സി.യുവില്‍ നടന്നത്. വെമുലക്കുശേഷം ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിന് ജെ.എന്‍.യുവിലെ തെരഞ്ഞെടുപ്പിനോളമോ, അതിലുപരിയോ ശ്രദ്ധലഭിക്കുന്നുണ്ട്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷെന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (എ.എസ്.ജെ) ആണ് യൂനിയന്‍ നേടിയത്. ദലിത് സ്റ്റുഡന്റ്‌സ് യൂനിയന്‍, എസ്.എഫ്.ഐ, എം.എസ്.എഫ്, എസ്.ഐ.ഒ, ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം, തെലങ്കാന വിദ്യാര്‍ഥി വേദിക എന്നിവരെല്ലാം എ.എസ്.ജെയില്‍ കക്ഷികളാണ്. ആറ് ജനറല്‍ സീറ്റുകള്‍ നേടിയാണ് ഇവര്‍ എ.ബി.വി.പിയെ തകര്‍ത്തത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി കക്ഷിയായ എന്‍.എസ്.യു.ഐ ഒഴികെ എല്ലാ കക്ഷികളും എ.ബി.വി.പി സഖ്യത്തിനെതിരെ രുപീകരിച്ച സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് എ.ബി.വി.പിക്കെതിരെ ഇത്രയും വിപുലമായ സഖ്യം രൂപംകൊള്ളുന്നത്.
രോഹിതിന്റെ വേര്‍പാടിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു സഖ്യത്തിന് നീക്കം നടന്നിരുങ്കെിലും, ലക്ഷ്യം കണ്ടില്ല. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ദലിത് വിദ്യാര്‍ഥിയെ നിറുത്തണമെന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആവശ്യം ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും സ്വതന്ത്രമായാണ് അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയം എസ്.എഫ്.ഐ നേതൃത്വത്തിലുളള യുനൈറ്റഡ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനായിരുന്നു. എന്നാല്‍, ഇത്തവണ പലകാരണങ്ങളാല്‍ തങ്ങളുടെ നിലപാട് മാറ്റാന്‍ ഇടതുപക്ഷ സംഘടനകള്‍ തയാറാവുകയും അവര്‍ കൂടി പിന്തുണച്ച് ദലിത് വിദ്യാര്‍ഥിയെ പ്രസിഡന്റാക്കുകയും ചെയ്തു. ശ്രീരാഗ് പൊയ്ക്കാടന്‍ എന്ന മലയാളി ഗവേഷകനാണ് ത്രികോണ മത്സരത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് മുസ്‌ലിം വിദ്യാര്‍ഥികളും, മൂന്ന് ദലിത് വിദ്യാര്‍ഥികളും, ഒരു ആദിവാസി വിദ്യാര്‍ഥിയും തെരഞ്ഞെടുക്കപ്പെട്ടു.


രോഹിതിന്റെ നീതിക്കുവേണ്ടി പോരാടിയ ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല പ്രസ്ഥാനത്തിന്റെ വിജയത്തുടര്‍ച്ചയായാണ് ശ്രീരാഗിന്റെ വിജയം വിലയിരുത്തപ്പെടുന്നത്. വിവിധ ആശയാടിത്തറകളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഭിന്നതകള്‍ പരസ്പരം ഉന്നയിച്ചുകൊണ്ടുതന്നെ പൊതുലക്ഷ്യത്തിനായി ഒരുമിച്ചുനിന്നു എന്നതാണ് എ.എസ്.ജെയെ വ്യത്യസ്തമാക്കിയത്. സഖ്യത്തിന്റെ പാനലില്‍ സ്ത്രീ പ്രാതിനിധ്യമില്ലെന്ന വിമര്‍ശനം സഖ്യത്തിനകത്തുനിന്നു തന്നെ അവര്‍ നേരിടുകയുണ്ടായി. എന്നാല്‍, അതിന്റെ പേരില്‍ വിശാലലക്ഷ്യം ത്യാഗം ചെയ്യാന്‍ അവര്‍ തയാറായില്ല. ”ജനാധിപത്യത്തിലുള്ള ദൃഡവിശ്വാസം മാത്രം പോര, നമ്മുടെ പ്രവൃത്തികള്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധരെ ഒരുകാരണവശാലും സഹായിക്കരുത” എന്നതായിരുന്നു എ.എസ്.ജെയുടെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് അനുബന്ധിച്ച് നടന്ന സംവാദത്തിലും മറ്റും ശ്രീരാഗ് ഇക്കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. എ.എസ്.ജെയുടെ പ്രചരണപോസറ്ററുകളില്‍ അംബേദ്കര്‍, മാര്‍ക്‌സ് എന്നിവര്‍ക്കൊപ്പം രോഹിത് വെമൂല, നജീബ്, ഹാദിയ, അനിത എന്നിവരുടെ ചിത്രങ്ങളും നിറഞ്ഞുനിന്നു.
കീഴ്‌വഴക്കങ്ങളെ ലംഘിച്ച് രൂപംകൊണ്ട ഈ സഖ്യം ഹിന്ദുത്വ വര്‍ഗീയതക്കെതിരായ പക്വമായ രാഷ്ട്രീയസമ്പര്‍ക്കമായി വിലയിരുത്തപ്പെട്ടു. ആ മാതൃക കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിക്കുന്നു എന്ന ശുഭസൂചനയും ഇതിനകം വന്നുകഴിഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലക്ക് സമീപം തന്നെയുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയില്‍ (ഇഫ്‌ലു) ഈ മാതൃകസഖ്യം തുടരുകയും വിജയം ആവര്‍ത്തിക്കുകയും ചെയ്തു.

Students crowd at the JNU Presidential Debate at the JNU campus in New Delhi 

ജെ.എന്‍.യു തെരഞ്ഞെടുപ്പ്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രക്ഷുബ്ധമായ ജെ.എന്‍.യു പിന്നീടൊരിക്കലും ‘സ്വഛ’തയിലേക്ക് തിരിഞ്ഞിട്ടില്ല. 2016 ഒക്‌ടോബറില്‍ നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥിയെ കാണാതായതും വലിയരീതിയില്‍ കാമ്പസിനെ ഇളക്കിമറിച്ചു. നജീബിന്റെ തിരോധാനം മുസ്‌ലിം-ദലിത് വിദ്യാര്‍ഥി രാഷ്ട്രീയ കക്ഷിയായ ബാപ്‌സ ഉയര്‍ത്തിയ വിഷയങ്ങളെ, ചോദ്യങ്ങളെ പ്രസക്തമാക്കി. കൃഷ്, ജെ.ആര്‍. ഫിലിമോന്‍ ചീരു എന്നിവരുടെ മരണവും കാമ്പസിനെ വേട്ടയാടി. ഏറ്റവുമധികം മുന്നൊരുക്കത്തോടെയും, പഠനത്തോടെയും തെരഞ്ഞെടുപ്പിനെ നേരിട്ടത് ബാപ്‌സയാണെന്ന് അവരുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ കടുപോയാല്‍ മനസിലാവും. ഒരാളെ തെരഞ്ഞെടുക്കുക എന്നതിലുപരി നിലവിലെ യാഥാര്‍ഥ്യങ്ങളോടുള്ള പ്രതികരണമായാണ് തെരഞ്ഞെടുപ്പിനെ കാണേണ്ടതെ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍.
പാര്‍ശ്വവത്കൃതര്‍, ഭിന്നശേഷിക്കാര്‍, ലിംഗസംവാദ വികസനം, അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, തൊഴിലാളികള്‍, സമരങ്ങളുടെ പുരോഗതി എന്നിങ്ങനെ ഏഴുതലക്കെട്ടുകളിലായി 55 ഇന മാനിഫെസ്‌റ്റോ ആണ് അവര്‍ തയാറാക്കിയത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രവേശനം മുതല്‍ അവിടുത്തെ ജോലിക്കാരുടെ ക്ഷേമം വരെയുള്ള കാര്യങ്ങള്‍ അതില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍, മുന്നൊരുക്കങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഫലങ്ങള്‍ ബാപ്‌സക്ക് അനുകൂലമായില്ല. കഴിഞ്ഞതവണത്തേതിലും കുറഞ്ഞവോട്ടുകളേ എസ്.ഐ.ഒ പിന്തുണയോട് കുടി മത്സരിച്ച ബാപ്‌സയുടെ സഥാനാര്‍ഥി ശബാന അലിക്ക് നേടാനായുള്ളൂ. എ.ഐ.എസ്.എ, എസ്.എഫ്.ഐ സഖ്യമുണ്ടാക്കിയതാണ് അവരുടെ നേട്ടത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുത്.
യൂനിയന്‍ നേടിയ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ടകളിലേക്ക് പാര്‍ശ്വവത്കൃത സമൂഹത്തിന്റെ മുദ്രാവാക്യങ്ങള്‍ക്ക് ഇടംനേടാനായി എന്നതുതന്നെ ബാപ്‌സയുടെ തോല്‍വിയെ ലഘൂകരിക്കുന്നതാണ്. നജീബിന്റെ തിരോധാനത്തില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെ’ ഗീത കുമാരി ആവര്‍ത്തിച്ചതും അതുകൊണ്ടുതെന്നയാണ്.

കോണ്‍ഗ്രസിനെ പിന്തുണച്ച് ഡല്‍ഹി സര്‍വകലാശാല

ബൗദ്ധിക ചര്‍ച്ചയും മുദ്രാവാക്യങ്ങളുമാണ് ഇതര കേന്ദ്രസര്‍വകലാശാലകളെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍, അതില്‍നിന്നും വിപരീതമാണ് ഡല്‍ഹി സര്‍വകലാശാല. ഗ്ലാമറും, പണവും തെന്നയാണ് ഇവിടുത്തെ തുരുപ്പ്ചീട്ടുകള്‍. അവിടെയും ഹിന്ദുത്വരാഷ്ട്രീയത്തിന് ജയിക്കാനായില്ല എന്നതാണ് ഡി.യു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. സര്‍വകലാശാലക്ക് കീഴിലെ 40 കോളുകളില്‍ 33ലും എന്‍.എസ്.യു.ഐ ആണ് വിജയം കൊയ്തത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ പ്രധാന കാമ്പസുകളിലും എന്‍.എസ്.യു.ഐ വിജയിച്ചു.

മുഖ്യധാര രാഷ്ട്രീയത്തിന് നല്‍കുന്ന പാഠങ്ങള്‍

ദേശീയരാഷ്ട്രീയത്തില്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ലാത്ത മാതൃകകള്‍ കാഴ്ചവെക്കാനായി എന്നതുതയൊണ് കാമ്പസ് രാഷ്ട്രീയത്തിലെ പ്രധാനമുന്നേറ്റം. സവര്‍ണസമഗ്രാധിപത്യം അതിന്റെ പരകോടിയില്‍നില്‍ക്കുമ്പോഴും, പരസ്പരം വിട്ടുവീഴ്ചക്ക് സന്നദ്ധമല്ലാത്ത മതേതര കക്ഷികള്‍ക്ക് കാമ്പസ് രാഷ്ട്രീയത്തില്‍നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ജനാധിപത്യവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടാവാന്‍ ഭിന്നാഭിപ്രായങ്ങള്‍ തടസ്സമാവരുതെന്ന് വിദ്യാര്‍ഥി സമൂഹം മനസിലാക്കി എന്നുമാത്രമല്ല, അതനുസരിച്ച് പ്രവൃത്തിക്കുകയും ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757