Opinion

ഗെയില്‍,ദേശീയപാത; വികസനത്തിന്റെ പുതിയ (പഴയ) മുഖം – സന്തോഷ് കൊടുങ്ങല്ലൂര്‍

ഗെയില്‍,ദേശീയപാത; വികസനത്തിന്റെ പുതിയ (പഴയ) മുഖം – സന്തോഷ് കൊടുങ്ങല്ലൂര്‍

പതിറ്റാണ്ടുകളായുള്ള ചീത്തപ്പേരൊന്ന് മാറ്റണം. പതിനഞ്ചു വര്‍ഷത്തെ പാര്‍ട്ടി സെക്രട്ടറിയുടെ മെയ്‌വഴക്കത്തില്‍ പാളയത്തില്‍ പടയെ തുരത്തി ചീത്തപ്പേര് മാറ്റാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയന്‍. ഞങ്ങള്‍ വികസനവിരോധികളല്ല, കേരളം കോര്‍പ്പറേറ്റകളുടെ പറുദീസയാണ്. അതിന് പ്രത്യക്ഷതെളിവ് ഒരുക്കുന്നതിനാണ് പുതിയ നെട്ടോട്ടം. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യാശ കൈവിട്ടിട്ടില്ല. നേരത്തെ ജനപക്ഷ രാഷ്ട്രീയവുമായി നിലകൊണ്ടവരാണ്! കേരളത്തില്‍ വികസനത്തിന്റെ പുതിയ ചരിതം കുറിക്കുന്നതിനായി ജനത്തെ മറക്കുന്നത്.
ദേശീയപാത വികസനവും കൊച്ചി-മംഗലാപുരം-ബംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി വിന്യാസവുമാണ് വികസനത്തിന്റെ പുതിയ മുഖം. നേരത്തെ ഇതിനെതിരെ പ്രത്യക്ഷ സമര രംഗത്തുള്ളവരാണ് നിലവില്‍ ഇവ രണ്ടും പ്രധാന അജണ്ടയാക്കി മുന്നോട്ടുവന്നിരിക്കുന്നത്. പഴയ ശ്രീനിവാസന്‍ സിനിമയിലെ ഡയലോഗ് പോലെ പത്തുനാപ്പത് വര്‍ഷം കഴിഞ്ഞതിന് ശേഷം തെറ്റുതിരുത്തുകയായിരിക്കും സഖാക്കള്‍. എന്നാല്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കാലത്തിന് മായ്ക്കാനാവില്ലെന്ന യാഥാര്‍ഥ്യബോധ്യം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

70കള്‍ മുതല്‍ കേരളത്തില്‍ മുഴങ്ങികേള്‍ക്കുന്നതാണ് ദേശീയപാത വികസനം. നിലവില്‍ 15 മുതല്‍ 17 മീറ്റര്‍ വരെയുള്ള ദേശീയപാതകള്‍ വികസിപ്പിക്കണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. 30 മീറ്ററില്‍ റോഡ് വികസിപ്പിക്കുന്നതിന് 90 ശതമാനം ഭൂമി നിലവില്‍ ലഭ്യമാണ്. ബാക്കി 10 ശതമാനം ഭൂമി പാതയോരവാസികള്‍ തന്നെ ലഭ്യമാക്കി തരുകയും ചെയ്യും. പക്ഷെ, ദേശീയപാതയുടെ ദേശീയ ഡിസൈന്‍ 45 മീറ്ററാണത്രെ. ഏതെല്ലാം സംസ്ഥാനങ്ങളില്‍ 45 മീറ്ററില്‍ റോഡ് ഉണ്ടെന്ന് ഒരു പരിശോധനയെങ്കിലും നടത്തുന്നത് നന്നായിരിക്കും. മാത്രമല്ല എലിവേറ്റഡ് ഹൈവേ എന്ന സംവിധാനത്തിനെ എന്തിന് ഒഴിവാക്കണം. ഒപ്പം ബൈപ്പാസുകള്‍ക്ക് പ്രമുഖ്യം നല്‍കുന്ന പാത വികസനം എന്തുകൊണ്ട് ചര്‍ച്ചയാവുന്നില്ല. കാര്യങ്ങള്‍ പരിശോധിക്കുേമ്പാള്‍ ഇടതു-വലതു വികസന നയത്തില്‍ യാതൊരു വ്യത്യാസവും സാധാരണക്കാരന് കാണാനാവുന്നില്ല. പാതയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള റിബണ്‍ ഡെവലപ്പ്‌മെന്റ് എന്നാണ് കേരളത്തിലെ വികസനത്തിന് ലോകം നല്‍കിയ പേര്. പാതയോരങ്ങള്‍ കേന്ദ്രീകരിച്ച വികസനമാണത്. വീടും കച്ചവടസ്ഥാപനങ്ങളും മറ്റു വാണിജ്യസമുച്ചയങ്ങളും സ്‌കൂളുകളും കോളജുകളും അടക്കം പാതയോരങ്ങളില്‍ റിബണില്‍ കോര്‍ത്ത കണക്കിന്് നിരനിരയായി നിലകൊള്ളുകയാണ് ചെയ്യുന്നത്. അതിനിടയില്‍ 45 മീറ്ററില്‍ റോഡ് അസാധ്യമാണ്. ഇത് ഇടതിനും നന്നായി അറിയാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പോലും ഇക്കാര്യം നേരെചൊവെ പറയാന്‍ കഴിയാതെ വന്നത്. എന്‍.എച്ച് 47ഉം എന്‍.എച്ച് 17നും നാലുവരിപാതയുടെ നിലവാരത്തില്‍ ശക്തിപ്പെടുത്തുകയും വീതികൂട്ടുകയും ചെയ്യും എന്നാണ് ഇടതു പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നത്.

പ്രകടപത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമായി ദേശീയപാത വികസനത്തിന് ഇടതുസര്‍ക്കാര്‍ ഭരണം തുടങ്ങിയത് മുതല്‍ നീക്കമുണ്ട്. ഭരണമേറ്റെടുത്ത് ആദ്യമായി ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണിറായിവിജയന്‍ നല്‍കിയ ഉറപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമായിരുന്നു. അന്ന് 45മീറ്ററില്‍ ദേശീയപാത വികസിപ്പിക്കുമെന്ന് മുഖമന്ത്രി പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയത്. നാലുവരിപാതയാണെങ്കില്‍ 30 മീറ്ററിലാണ് നിര്‍മിക്കുക. നേരത്തെ വി.എസ് അച്യൂതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ നാലുവരിപാത വികസനമാണ് പരിഗണിച്ചത്. റോഡ് 45മീറ്ററില്‍ വേണമെന്ന കേന്ദ്ര നിലപാടും കേരളത്തിന്റെ നാലുവരിപാതയുമാണ് വികസനവുമായി തര്‍ക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മറ്റു സംസ്ഥാനങ്ങളില്‍ വിജനമായ സ്ഥലങ്ങളിലൂടെയാണ് റോഡുകള്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അവിടെ ആറുവരിയില്‍ റോഡ് വികസിപ്പിക്കുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. മാത്രമല്ല കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അനുസരിച്ച് ബി.ഒ.ടി വ്യവസ്ഥയില്‍ ടോള്‍പരിച്ചുള്ള റോഡുകളാണ് ദേശീയപാത അതോററ്റി ഓഫ് ഇന്ത്യ നിര്‍മിക്കുന്നത്. ടോള്‍റോഡുകള്‍ക്ക് സി.പി.എം എതിരാണ്. ടോളിന് പകരം സംവിധാനങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രിപറയുന്നുണ്ടെങ്കിലും കേരളത്തിനു മാത്രമായി എന്ത് സംവിധാനം ഉണ്ടാവും. മാത്രമല്ല സി.പി.ഐ ദേശീയപാത സംരക്ഷണസമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നവരാണ്. സി.പി.ഐ അടക്കം ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് നേരത്തെ ഉണ്ടായിരുന്ന നിലപാടിന് വ്യത്യസ്തമായി പ്രകടനപത്രികയില്‍ മാറ്റവും ഉണ്ടായത്. രണ്ടുതവണ ടെണ്ടര്‍ വിളിച്ചിട്ടും റോഡ് വികസനത്തിന് ഭൂമി ലഭിക്കാതെ കാലാവധി കഴിഞ്ഞതിനാല്‍ എന്‍.എച്ച്.എ പിന്‍മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുത്തു നല്‍കിയാല്‍ മാത്രമേ റോഡ് വികസനം നടത്താനാവൂ. അതിനിടെ പുതിയ സാധ്യതപഠനം പുരോഗമിക്കുകയുമാണ്. ജൂണ്‍ ഒന്നിന് പാതവികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്നായിരുന്നു സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷിക ആഘോഷത്തിനിടെ നല്‍കിയ പരസ്യത്തില്‍ വ്യക്തമാക്കിയത്. ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇടുതസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടുമില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കുറുക്കുവഴിയില്‍ ഏറ്റെടുത്തെന്ന് പറയുന്ന ഭൂമിയിലാണ് നമുക്കൊരുമിച്ച് മുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന മുദ്രാവാക്യവുമായി വികസനപ്രവര്‍ത്തനത്തിന് ഭരണകൂടം ശ്രമിക്കുന്നത്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ നടമാടുന്ന കാലഘട്ടത്തില്‍ പാശ്ചാത്യവികസിത രാഷ്ട്രങ്ങള്‍ റോഡ് വികസിപ്പിക്കകാതെ വാഹനനിയന്ത്രണത്തിന് പ്രാമുഖ്യം നല്‍കുമ്പോഴാണ് തലതിരിഞ്ഞ വികസനവുമായി എല്ലാം ശരിയാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപുറപ്പെടുന്നത്.
കൊച്ചി-മംഗലാപുരം-ബംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ കാര്യവും തഥൈവ. കേരളത്തിന് യാതൊരു നേട്ടവുമില്ലാത്ത പദ്ധതിക്കായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുവരുന്നതിലെ ജനവിരുദ്ധത കാണാതിരുന്നുകൂടാ. നിലവിലെ സാഹചര്യത്തില്‍ സിറ്റി ഗ്യാസ് പദ്ധതിക്ക് സര്‍ക്കാറുമായി ഗെയിലിന് യാതൊരു കരാറുമില്ല. പൈപ്പ് ലൈന്‍ പദ്ധതിക്കായി നല്‍കിയ കരാറില്‍ വീടുകളില്‍ പാചകവാതകം എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തവുമല്ല. തൃശൂര്‍ ജില്ലയില്‍ പൈപ്പ് വിന്യാസം പുരോഗമിക്കുമ്പോള്‍ കരാര്‍ നടപടികളും പൂര്‍ത്തിയാക്കിയതായി കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. അതിനിടെ പ്രതിരോധം തീര്‍ത്ത് വടക്കന്‍ ജില്ലകളുമുണ്ട്. ഇടതുപാളയത്തില്‍ നിന്നും കോര്‍പ്പറേറ്റ് അജണ്ടകള്‍ മറയില്ലാതെ വരുമ്പോള്‍ ജനകീയ പോരാട്ടവുമായി ജനം പ്രതിരോധം തീര്‍ക്കേണ്ടഗതികേടിലാണ് എത്തിനില്‍ക്കുന്നത്. ഈ ജനകീയപോരാട്ടങ്ങളെ തുരത്താന്‍ പഴയ ജനകീയപോരാട്ടനായകര്‍ വരുമ്പോള്‍ കാലത്തിന്റെ കാവ്യനീതി പുലരും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757