Opinion

കോര്‍പ്പറേറ്റുകള്‍ ചെങ്കൊടിയേന്തുമ്പോള്‍ – ജോണ്‍ പെരുവന്താനം

ഹാരിസണ്‍ന്റെ കൈയ്യേറ്റഭൂമി നിയമപരമാണെന്ന് നിയമസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. എത്ര നാണംകെട്ടാലും ഹാരിസണ്‍ എന്ന വിദേശ കൈയ്യേറ്റ മാഫിയയെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇടത് സര്‍ക്കാര്‍. അതോടൊപ്പം രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയേണ്ടതാണെന്നും വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരിക്കുന്നു. വിചിത്രമായ വാദങ്ങളാണ് നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ ഭൂമിക്ക് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് ബാധകമല്ലെന്നും തന്നിമിത്തം ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്ന ഭൂമി പ്രസ്തുത നിയമത്തില്‍ പെടില്ലെന്നും വിദേശികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് കേരള ഭൂപരിഷ്‌ക്കരണ നിയമം ബാധകമല്ലെന്നും വിദേശികളുടെ കേരളത്തിലെ ഭൂമിക്ക് ഫെറ നിയമം ബാധകമല്ലെന്നും ഉള്‍പ്പെടെയുള്ള കണ്ടെത്തലുകള്‍ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹാരിസനെതിരെ ഹൈകോടതിയില്‍ കേസ് വാദിച്ച്, ഭൂമി കേരള സര്‍ക്കാരിന്റേതാണെന്ന് സ്ഥാപിച്ച് കേരളത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിച്ച സുശീല ഭട്ടിനെ പ്ലീഡര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് പിണറായി വിജയന്‍ വകുപ്പ് സെക്രട്ടറിയെക്കൊണ്ട് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായിരിക്കുവോളം രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരിക്കുന്നു.

പിണറായി അധികാരത്തിലെത്തിയതിനുശേഷം 2016 ജൂണ്‍ 4 നാണ് രാജമാണിക്യം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. വിദേശ കമ്പനികളായെ കണ്ണന്‍ദേവനും ഹാരിസണ്‍സും യഥാക്രമം അവരുടെ ബിനാമികളായ ടാറ്റായിലൂടെയും ഗോയങ്കയിലൂടെയും അതോടൊപ്പം ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി, എ.വി.ടി, പോബ്‌സണ്‍, ഹോപ് പ്ലാന്റേഷന്‍ തുടങ്ങിയ കമ്പനികളും അഞ്ചര ലക്ഷത്തോളം ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി കയ്യടക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ഓര്‍ഡിനന്‍സിലൂടെ ഈ ഭൂമിയത്രയും സര്‍കാരിന് നിഷ്പ്രയാസം ഏറ്റെടുക്കാവുന്നതേയുള്ളു. ഇക്കാര്യത്തെ സംബന്ധിച്ച് റവന്യുവകുപ്പ് നിയമോപദേശം തേടി നിയമവകുപ്പിന് ഫയല്‍ കൈമാറുകയും ചെയ്തു. സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മാത്രം 38000 ത്തിലധികം ഏക്കര്‍ തോട്ടഭൂമി ഭൂസംരക്ഷണനിയമപ്രകാരം ഏറ്റെടുക്കുകയും 2015 നവംബര്‍ 21ന് ഹൈക്കോടതി അത് ശരിവക്കുകവരെ ചെയ്ത പശ്ചാത്തലത്തില്‍ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏത് നെറികെട്ടരീതിയിലും ഭൂമാഫിയയെ രക്ഷിക്കാന്‍ പിണറായി ഭരണം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ്. ഏറെ കൗതുകകരമായിട്ടുള്ളത് രാജമാണിക്യം റിപ്പോര്‍ട്ടിന് മുമ്പ് ഹാരിസണ്‍ന്റെ മാഫിയാ പ്രവര്‍ത്തനങ്ങളേപ്പറ്റി മുമ്പ് സമര്‍പ്പിച്ച നിവേദിത പി. ഹരന്‍, ജസ്റ്റീസ് എല്‍ മനോഹരന്‍, സജിത്ത് ബാബു, നന്ദനന്‍ പ്പിള്ള എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ മറിച്ചുനോക്കാന്‍ പോലും ഈ സര്‍ക്കാര്‍ തയ്യാറല്ലെന്നതാണ്. ചെങ്കൊടി പിടിക്കുന്നവന് പ്രത്യയശാസ്ത്രവും വര്‍ഗരാഷ്ട്രീയവും നഷ്ടപ്പെട്ടാല്‍ വര്‍ഗശത്രുവിനേക്കാള്‍ അപകടകാരിയെണെന്ന ചരിത്രയാഥാര്‍ഥ്യമാണ് ഈ സന്ദര്‍ഭത്തില്‍ തിരച്ചറിയേണ്ടത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ ലണ്ടനിലെ സായിപ്പണ്. 36,40,000 ഓഹരികളാണ് യു.കെ. ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷന്റെ കൈവശമുള്ളത്. എന്നാല്‍ ഇന്ത്യയില്‍ സായിപ്പ് നേരിട്ടല്ല കമ്പനി നിയന്ത്രിക്കുന്നത്. പഴയ നാട്ടുരാജക്കന്മാരെ വെച്ചുകൊണ്ടുള്ള പിന്‍സീറ്റ് ഭരണം (റസിഡന്റ് ഭരണം) മാത്രമാണ്. ഇന്ത്യയില്‍ ഇതിന് നേതൃത്വം നല്‍കുന്നത് ആര്‍.പി. ഗോയങ്കയാണ്. സി.പി.എം. ദേശീയ നേതൃത്വവുമായി ആത്മബന്ധമുള്ള ഗോയങ്കക്ക് കല്‍ക്കത്തില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്. മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവുമായി ഉറ്റ ചങ്ങാത്തം, പാര്‍ട്ടി സഖാക്കളുടെ തൊഴില്‍ദാതാവ്. ഇതാണ് കേരളത്തിലെ സി.പി.എം. നേതൃത്വം ഹാരിസണ്‍ന്റെ (ഗോയങ്കയുടെ) സംരക്ഷകരായി രംഗത്ത് വരുന്നത്. വ്യജരേഖ ചമച്ചും, കൃത്യമായി തെളിവുകള്‍ ഹാജരാക്കാതെയും, ഹൈക്കോടതിയില്‍ ഹാരിസണ്‍ന്റെ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കുന്നതിനുള്ള നിരവധി വിധികള്‍ അട്ടിമറിച്ചു. തിരിച്ചുപിടിക്കുന്നതിനുള്ള നോട്ടീസുകള്‍ നല്‍കുന്നതില്‍ ഉന്നത ഉദ്ദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന പഴുതുകള്‍വഴി ഹാരിസണ്‍ന് കോടതി വീണ്ടും അനുകൂലമായി വിധി പറയുന്ന അത്ഭുതകരമായ കാഴ്ച്ചയുടെ പിന്നിലെ രഹസ്യം പരിശോധിച്ചാല്‍ ജുഡീഷറിയും എക്‌സിക്യൂട്ടീവും ലജിസ്ലേറ്ററും ചേര്‍ന്ന് നടത്തുന്ന കോര്‍പ്പറേറ്റ് സേവ കാണാന്‍ കഴിയും.
ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിക്കുവേണ്ടി വ്യാജ ആധാരം ചമച്ചതില്‍ ഉന്നത ന്യായാധിപനും പങ്കുള്ളതായി സൂചന. കൈവശഭൂമിയുടെ ഉടമസ്താവകാശത്തിനായി കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വ്യാജ ആധാരങ്ങള്‍ നിര്‍മ്മിച്ച് കൈവശഭൂമി വില്‍പന നടത്തുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വില്‍പന നടത്തുന്നതിനുവേണ്ടി ഒരു ആധാരം എഴുതിയുണ്ടാക്കിയത് ഇപ്പോള്‍ ഉന്നതസ്ഥാനത്തുള്ള ന്യായാധിപനാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. കമ്പനിയുടെ 1600/1923 നമ്പര്‍ ആധാരത്തിന്റെ പകര്‍പ്പ് നേരത്തെ ഹൈക്കോടതി ജഡ്ജിയായിരുന്ന ആളാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ ബോയ്‌സ് എസ്റ്റേറ്റ് വില്‍പനക്കുവേണ്ടി വ്യജ ആധാരം തയ്യാറാക്കിയ വിവരവും വെളിപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി ബോയ്‌സ് എസ്റ്റേറ്റ് കമ്പനിയുടേതാണെന്ന നിലയില്‍ ആധാരം തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. ബോയ്‌സ് എസ്റ്റേറ്റ് 1955 ല്‍ തിരുവിതാംകൂര്‍ രാജാവില്‍നിന്നും സര്‍ക്കാര്‍ പൊന്നുംവിലക്ക് ഏറ്റെടുത്തിരുന്നു. അതോടെ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി. 2004 ല്‍ ഈ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദത്തോടെ കമ്പനി വില്‍പ്പന നടത്തുകയായിരുന്നു. വ്യാജ ആധാരം ചമക്കല്‍ ക്രിമിനല്‍ കുറ്റമാണ്. ഉന്നത ന്യായാധിപന്‍ കേസില്‍ പ്രതിയാകുമെന്ന് വന്നതോടെ കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം നടക്കുന്നു. 33 കോടി 30 ലക്ഷം രൂപക്കാണ് ഭൂമി വിറ്റതെന്ന് ആധാരത്തില്‍ പറയുന്നു. യഥാര്‍ത്ഥ വില്‍പനവില 100 കോടിയിലേറെ രൂപയാണെന്ന് പറയപ്പെടുന്നു. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലുള്ള 1600/1923 നമ്പര്‍ ആധാരമാണ് വില്‍പ്പനവേളയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ഹാരിസണ്‍ കമ്പനി പറയുന്നത്. ഈ ആധാരവും കമ്പനി വ്യജമായി ചമച്ചതാണെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ മുഴുവന്‍ ഉടമസ്ഥതക്ക് രേഖയായി കമ്പനി കാട്ടുന്നത് 1600/1923 നമ്പര്‍ ആധാരമാണ്. വ്യജരേഖ ചമച്ച് ഭൂമികള്‍ വില്‍പ്പന നടത്തിയതിന് ഹാരിസണ്‍ മലയാളം കമ്പനിയുടെ പ്രസിഡന്റ് വിനയരാഘവന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ധര്‍മ്മരാജ്, വൈസ് പ്രസിഡന്റ് (ലീഗല്‍) വി. വേണുഗോപാല്‍, കമ്പനി സെക്രട്ടറി രവി ആനന്ദ് എന്നിവരെ പ്രതികളാക്കി വിജിലന്‍സ് ഹൈക്കോടതില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരെ രക്ഷിക്കാന്‍ വേണ്ടിയും കോര്‍പ്പറേറ്റുകളെ സഹായിക്കാനും വേണ്ടിയാണ് നിയമ സെക്രട്ടറിയെക്കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിച്ചിട്ടുള്ളത്.
ഹാരിസണും, കണ്ണന്‍ദേവനും ഇഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളാണ്. ഇന്ത്യന്‍ കമ്പനി രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു കമ്പനിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദേശ കുത്തകകള്‍ക്ക് വിടു പണിചെയ്യുകയാണ് കേരള സര്‍ക്കാര്‍. സാമ്രാജ്യത്ത ആഗോളീകരണത്തിന്റെ രാഷ്ട്രീയ – സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍നിന്നും ജനപക്ഷ നീതിയുടെ രാഷ്ട്രീയം പ്രതീക്ഷിക്കുക വയ്യ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757