Opinion

കേരളത്തില്‍ ജാതിവിവേചനം അദൃശ്യമല്ല – എസ്.എ അജിംസ്

ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ നേരിടുന്ന അയിത്തത്തെ കുറിച്ച്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ ജാതി ഇല്ലാതായി എന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കരായിരുന്നോ മലയാളികള്‍? ജാതിക്കും അതിന്റെ അടിസ്ഥാനത്തിലുള്ള നാടുവാഴിത്തത്തിനും അറുതിവരുത്തിയാണോ നാം കേരളം എന്ന ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ ഏകകം കെട്ടിപ്പടുത്തത്? അല്ല എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഏത് മലയാളിയും സമ്മതിക്കും. ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യക്ഷ ഹിംസകള്‍ അവസാനിച്ചുവെന്ന് തോന്നാമെങ്കിലും അത് ഇനിയും നിലനില്‍ക്കുന്നു എന്നതിനുള്ള ഉദാഹരണങ്ങള്‍ ജനാധിപത്യ കേരളത്തില്‍ നിന്ന് നാം ദിനേന കേള്‍ക്കാറുണ്ട്. പയ്യന്നൂരിലെ ചിത്രലേഖയുടെ അനുഭവം മുതല്‍ കീഴ്ജാതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ വരെ. എന്നാല്‍, ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മലയാളി പൊതുസമൂഹം ഇപ്പോള്‍ തയ്യാറാണ്. കാരണം, മാധ്യമങ്ങളും ജനാധിപത്യ ഇടങ്ങള്‍ കൂടുതല്‍ വിശാലമായതും വഴി അദൃശ്യമായിരുന്ന ജാതി കൂടുതല്‍ ദൃശ്യമാവുന്നുണ്ട്. പക്ഷേ, ഇത് തുറന്ന് സമ്മതിക്കാനോ അംഗീകരിക്കാനോ തയ്യാറാവാത്ത ഒരു കൂട്ടരേയുള്ളൂ കേരളത്തില്‍. അത് പരമ്പരാഗത ഇടതുപക്ഷമാണ്.
ഇക്കാര്യം ഏറ്റവും നന്നായി വ്യക്തമായത് പാലക്കാട് ഗോവിന്ദാപുരത്തെ അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ നേരിടുന്ന അയിത്തത്തെ കുറിച്ച് എന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷമാണ്. ഗോവിന്ദാപുരത്ത് ചെന്നത് അയിത്തം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് മനസിലാക്കാതെയാണ്. എന്നാല്‍ അവിടെ നിന്ന് കാണാന്‍ കഴിഞ്ഞ കാഴ്ച വ്യത്യസ്തമായിരുന്നു. ജാതിവിവേചനം പലപ്പോഴും അദൃശ്യമാണെങ്കിലും ദൃശ്യമായ വിവേചനം തന്നെ അവിടെ കാണാന്‍ കഴിഞ്ഞു. അംബേദ്കര്‍ കോളനി സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടോളമായി. ആദ്യം ചക്ലിയര്‍ക്ക് വേണ്ടിയാണ് അവിടെ കോളനി സ്ഥാപിതമായത്. പിന്നീട് ഒ.ബി.സിക്കാരായ കുറെ ഭവനരഹിതര്‍ക്ക് വേണ്ടി കോളനിയോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തുകയും അവിടെ അവരെ പുനരധിവസിപ്പിക്കുകയുമായിരുന്നു. ഒ.ബി.സിക്കാരായ ഗൗണ്ടര്‍, ഈഴവ, ചെട്ടിയാര്‍ തുടങ്ങിയ വിഭാഗങ്ങല്‍ നിന്നുള്ളവരാണ് പട്ടികജാതിക്കാരായ ചക്ലിയരോട് ജാതി വിവേചനം കാണിച്ചിരുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഗൗണ്ടര്‍മാരുടെ വീടുകളിലെ കാര്‍ഷിക തൊഴിലാളികളായ ചക്ലിയരോട് ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിലനിന്ന ജാതിവിവേചനമായിരുന്നു നടമാടിയിരുന്നത്.

ഗൗïര്‍മാരുടെ വീടുകളില്‍ ചിരട്ടകളിലായിരുന്നു മുന്‍കാലങ്ങളില്‍ ചക്ലിയര്‍ക്ക് ചായ നല്‍കിയിരുന്നതെങ്കില്‍ ഇന്നത് ഗ്ലാസുകളിലായിട്ടുണ്ട്. ആ ഗ്ലാസുകള്‍ അവര്‍ക്ക് വേണ്ടി മാത്രം സംവരണം ചെയ്തതാണെന്ന് മാത്രം. ചായക്കടകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇന്നത് മാറി. പകരം, ചക്ലിയര്‍ ചായകുടിക്കാനെത്തുന്ന ചായക്കടയില്‍ മേല്‍ജാതിക്കാര്‍ വരാറില്ല. മേല്‍ജാതിക്കാര്‍ ചായകുടിക്കാനെത്തുന്ന ചായക്കടയില്‍ ചക്ലിയര്‍ ചെന്നാല്‍ അവര്‍ക്ക് പ്രത്യേകം ഗ്ലാസുകളാണ്. കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ക്ക് മുമ്പിലാണ് ജാതി കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഗൗണ്ടര്‍മാര്‍ വെള്ളം ശേഖരിക്കാനെത്തിയാല്‍ ചക്ലിയര്‍ മാറിനില്‍ക്കണം. അവരുടെ കുടം നിറഞ്ഞു കവിഞ്ഞാലും ചക്ലിയര്‍ക്ക് കുടം മാറ്റിവെച്ച് വെള്ളമെടുക്കാന്‍ കഴിയില്ല. കുടത്തില്‍ ചക്ലിയര്‍ തൊടാന്‍ പാടില്ല എന്നത് തന്നെ കാരണം. നേരത്തെ മേല്‍ജാതിക്കാരുടെ അമ്പലത്തില്‍ ചക്ലിയര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അയിത്തം പ്രശ്‌നമായപ്പോള്‍ പിന്നീട് പ്രവേശനം അനുവദിച്ചു. എന്നാല്‍, ചക്ലിയര്‍ കോളനിയില്‍ സ്വന്തമായി അമ്പലമുണ്ടാക്കി. ഇതോടെ, ചക്ലിയര്‍ മേല്‍ജാതിക്കാരുടെ അമ്പലത്തിലേക്ക് പോവാതായി.
ഒന്നര പതിറ്റാണ്ടു മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പാണ് ചക്ലിയര്‍ നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയത്. അന്നത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. അന്നത്തെ പട്ടികജാതി വകുപ്പു മന്ത്രി എ.പി അനില്‍കുമാര്‍ കോളനിയിലെത്തുകയും തുടര്‍ന്നുള്ള ഭരണകൂട ഇടപെടലുകളുമാണ് മുമ്പത്തെക്കാള്‍ ഇപ്പോള്‍ കാണുന്ന മാറ്റത്തിന് കാരണം. എന്നാല്‍, ഇപ്പോഴും നിലനില്‍ക്കുന്ന ജാതിയെക്കുറിച്ച മീഡിയവണ്‍ ടി.വി റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ ആദ്യം പ്രതികരിച്ചത് സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറി തിരുചന്ദ്രനാണ്. ചക്ലിയ യുവതി മേല്‍ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തില്‍ ചക്ലിയരുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും അവര്‍ അമ്പലത്തില്‍ അന്തിയുറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് സി.പി.എമ്മുകാരനായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകനാണെന്നാണ് ചക്ലിയര്‍ പരാതിപ്പെട്ടത്. ഗൗണ്ടര്‍ സമുദായംഗമായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണ ഗൗണ്ടര്‍ തന്റെ വീട്ടില്‍ ചക്ലിയരോട് ജാതീയവിവേചനം കാണിക്കുന്നുവെന്നും ചക്ലിയര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ആദ്യ റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനെപറ്റി പരാമര്‍ശമൊന്നുമില്ലാതിരിക്കെ തന്നെ, സി.പി.എം ലോക്കല്‍ സെക്രട്ടറി ചോദിച്ച ചോദ്യം ഇതായിരുന്നു. സി.പി.എം പോലെ ഒരു പുരോഗമന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നിടത്ത് അയിത്തമുണ്ടെന്ന് എന്ത് അര്‍ഥത്തിലാണ് നിങ്ങള്‍ പറയുന്നതെന്ന്.
പരമ്പരാഗത ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ജാതിരഹിത സമൂഹം ജാതിയെ പൊതിഞ്ഞു വെക്കുകയാണ് ചെയ്യുന്നത്്. ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തിലെ തൊഴില്‍വിഭജനം ജാതിയുടെ അടിസ്ഥാനത്തിലാണെന്ന കാര്യം അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. മണ്ണില്‍ പണിയെടുക്കുന്ന ദലിതരെ അവര്‍ കര്‍ഷകതൊഴിലാളിയായി കാണുന്നു. ആദിവാസിയെയും ദലിതനെയും കര്‍ഷകതൊഴിലാളിയെന്ന പേരില്‍ ഇടതുപക്ഷം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ കേരളത്തില്‍ അവരെങ്ങനെ ഇന്നും കര്‍ഷകതൊഴിലാളിയായി തുടരുന്നു എന്ന കാര്യം അവര്‍ സൗകര്യപൂര്‍വം മറക്കുന്നു. തങ്ങള്‍ തന്നെ, കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണമെന്ന കുടിയായ്മ പരിഷ്‌കരണത്തിന്റെ ഇരകളാണവരെന്ന കാര്യം കൂലിവര്‍ധനക്ക് വേണ്ടിയുള്ള സമരങ്ങളെ മുന്‍നിര്‍ത്തി അവര്‍ മറച്ചുവെക്കുന്നു. തോട്ടിപ്പണിയുള്‍പ്പടെ ചെയ്യേണ്ടി വരുന്നവരുടെ അന്തസിനെയും അഭിമാനത്തെയും തൊഴിലാളി വര്‍ഗം എന്ന സുന്ദരപദത്തില്‍ അവര്‍ പൊതിഞ്ഞുവെക്കുന്നു.

ദലിത് കോളനികള്‍ കേരളത്തില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ഭൂപരിഷ്‌കരണത്തില്‍ വഞ്ചിതരായ ദലിതുകളെ കോളനികള്‍ എന്ന ഗെറ്റോകളിലേക്ക് ആട്ടിപ്പായിക്കുകയായിരുന്നുവെന്നുമുള്ള സത്യത്തെ മറച്ചുവെച്ചാണ് പരമ്പരാഗത ഇടതുപക്ഷം പുരോഗമന കേരളമെന്ന പുന്നാരം പറയുന്നത്. അംബേദ്കര്‍ കോളനിയില്‍ സി.പി.എം മേല്‍ജാതിക്കാരെ പിന്തുണക്കുമ്പോള്‍ ചക്ലിയര്‍ക്ക് സ്വാഭാവികമായും ആശ്രയിക്കാനാവുക കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ ആണ്. ചക്ലിയരില്‍ കുറച്ച് യുവാക്കളെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും നേടിയിട്ടുണ്ട്. അവര്‍ അയിത്തത്തെയും ജാതിവിവേചനത്തെയും ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. അവരില്‍ കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും സി.പി.എമ്മുകാരുമെല്ലാമുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മേല്‍ജാതിക്കാരുടെ കൂടെയാണ്. വി.ടി ബല്‍റാം എം.എല്‍.എ ചക്ലിയരുടെ കൂടെ മിശ്രഭോജനത്തിനെത്തിയപ്പോള്‍ അതിനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡി.സി.സി വൈസ് പ്രസിഡന്റും യുവാവുമായ സുമേഷ് അച്യുതനും വി.ടി ബല്‍റാമുമൊഴികെ മറ്റൊരു പാലക്കാട്ടുകാരനായ കോണ്‍ഗ്രസ് നേതാവും പാലക്കാട് ജില്ലയില്‍ നടമാടുന്ന ഈ അയിത്തത്തിനെതിരെ പ്രതികരിച്ചിട്ടില്ല. അംബേദ്കര്‍ കോളനിയില്‍ അയിത്തമില്ലെന്ന് തന്നെയായിരുന്നു സി.പി.എമ്മിനെ പോലെ ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍, സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കെ. ബാബു എം.എല്‍.എ ചക്ലിയരെ അധിക്ഷേപിച്ച് സംസാരിച്ചതോടെ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചു. രാഷ്ട്രീയ മുതലെടുപ്പു മാത്രമായിരുന്നു ലക്ഷ്യം.
ജാതിയത, അയിത്തം എന്നിവയ്ക്ക് കാരണക്കാര്‍ രാഷ്ട്രീയ കക്ഷികളല്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനോട് എന്ത് സമീപനം സ്വീകരിക്കുന്നു എന്നുള്ളതാണ് ജാതിയോടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ജാതി വിവേചനത്തിനെതിരെ പോരാടുന്ന സി.പി.എം മീറ്ററുകള്‍ മാത്രമകലെ, തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഗോവിന്ദാപുരത്ത് ജാതിവിവേചനം മറച്ചുവെക്കുന്നുവെങ്കില്‍ അതിന് ഒരു കാരണമേയുള്ളൂ. ഇടതുപക്ഷം പണിതുയര്‍ത്തി എന്ന് മേനി നടിക്കുന്ന ആധുനിക കേരളത്തിന് സാംസ്‌കാരികമായും സാമൂഹികമായും രാഷ്ട്രീയമായും നിലനില്‍ക്കുന്ന പ്രതിസന്ധികളെ അവര്‍ക്കഭിസംബോധന ചെയ്യാനാവുന്നില്ലെന്ന സത്യം. വര്‍ഗസിദ്ധാന്തം ജാതിയെ അളക്കാന്‍ കഴിയുന്ന മാപിനിയല്ലെന്ന വലിയ സത്യം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757