Opinion

കെ.എ.എസ് ; നെല്ലും പതിരും തിരിയാന്‍ കാത്തിരിക്കേണ്ടിവരും – കെ.ബിലാല്‍ ബാബു

സിവില്‍ സര്‍വീസിനകത്തെ വിവാദങ്ങള്‍ക്ക് ലഭിക്കുന്ന മാധ്യമ ശ്രദ്ധ ഒട്ടും കുറവല്ലാത്തതിനാല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കേരളത്തിലെ അച്ചടി ദൃശ്യ മാധ്യമങ്ങളിലൂടെ ഏറെ ആഘോഷിക്കപ്പെട്ടു. ഭരണാനുകൂല സംഘടനകളുടെ അരസമ്മതമുള്ള ജയ്‌വിളികളും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സമരങ്ങളും ഈ വിവാദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് കേരളത്തിലെ ഭരണ പരിഷ്‌കരണ രംഗത്ത് ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സങ്കല്‍പ്പമാണെങ്കിലും ഉത്തരവുകള്‍ക്കപ്പുറം നടപടികളിലേക്ക് കടന്നതിനാലാണ് ഈ ചര്‍ച്ചകള്‍ സജീവമായത്.
മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ് കെ.എ.എസ് (കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്) നടപ്പിലാക്കാന്‍ നയപരമായ തീരുമാനമെടുത്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിനെ മുന്നോട്ടു കൊണ്ടു പോകുന്നു എന്നേ പറയാനാകൂ. ഉന്നത തസ്തികകളിലെ കെ.എ.എസിന്റെ ശതമാനം, ഉള്‍പ്പെടുന്ന വകുപ്പുകള്‍ തുടങ്ങിയവയിലെ തര്‍ക്കങ്ങള്‍ക്കപ്പുറം ഇത് കേരളത്തിന്റെ ഭരണ പരിഷ്‌കരണ രംഗത്ത് എന്ത് ഫലമാണ് ഉണ്ടാക്കേïത് എന്ന അടിസ്ഥാന ചര്‍ച്ച ഇനിയും വികസിച്ചിട്ടില്ല. ഭരണ പരിഷ്‌കരണം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം കേരളത്തിന്റെ സ്വന്തം സംസ്ഥാന സര്‍വീസ് രൂപീകരണം ചര്‍ച്ചയാകാറുണ്ട്. രണ്ട്, മൂന്ന് ഭരണ പരിഷ്‌കരണ കമ്മീഷനുകള്‍ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണം ശിപാര്‍ശ ചെയ്തിരുതും, 2016 ല്‍ പത്താം ശമ്പള പരിഷ്‌കരണ കമീഷന്‍ ഭരണ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നല്‍കിയ രïാംഘട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം പ്രതിപാദിച്ചിരുന്നതുമാണ്. കേരളത്തിലെ ഭരണരംഗത്ത്, കാര്യക്ഷമതയും കഴിവുള്ള ചെറുപ്പക്കാരായ ഒരു രണ്ടാം ഉന്നത ഉദ്യോഗസ്ഥനിരയെ സൃഷ്ടിക്കുക എന്നതാണ് കെ.എ.എസിന്റെ പ്രഖ്യാപിത ലക്ഷ്യം. അഖിലേന്ത്യാ സിവില്‍ സര്‍വീസ് പോലെ ഉയര്‍ന്ന യോഗ്യതയും കഴിവുമുള്ള സംസ്ഥാനത്തിന് സ്വന്തമായ ഉദ്യോഗസ്ഥരുടെ പുതുനിര സര്‍ക്കാര്‍ സര്‍വീസിന്റെ ഉന്നത പദവികളിലേക്ക് ഇതുവഴി കടന്നുവരുമെന്നും ഭരണരംഗത്ത് പുതിയ ചലനങ്ഡള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഭരണ നിര്‍വഹണ സംവിധാനത്തിന്റെ ശാക്തീകരണത്തിനും പുതു സാങ്കേതിക വിദ്യ സര്‍വീസ് മേഖലയിലേക്ക് അനായാസം കടന്ന് വരാനും കെ.എ.എസിലെ യുവ തലമുറയുടെ സാന്നിദ്ധ്യം ഗുണം ചെയ്യും. കേരളത്തിന്റെ ഭരണരംഗത്ത് ഇത് വലിയ മാറ്റങ്ങളുïാക്കും. കെ.എ.എസിന്റെ ലക്ഷ്യങ്ങളും ഗുണഫലങ്ങളുമായി വ്യക്തമാക്കപ്പെടുന്ന കാര്യങ്ങള്‍ ഒട്ടും ചെറുതല്ല.
പൊതുഭരണം, ഫിനാന്‍സ് എന്നീ സെക്രട്ടേറിയറ്റ് വകുപ്പുകള്‍, പ്രത്യേകം പരാമര്‍ശിച്ച 27 സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് വകുപ്പുകളിലെ കോമണ്‍ കാറ്റഗറി തസ്തികകള്‍ ഉള്‍പ്പെടെയുള്ളവയിലെ രïാം ഗസറ്റഡ് തസ്തികകളുടെ പത്ത് ശതമാനമാണ് കെ.എ.എസിലേക്ക് ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായത്. ഇതില്‍ മൂന്നിലൊന്ന് നേരിട്ടുള്ള നിയമനവും മൂന്നിലൊന്ന് ഒന്നാം ഗസറ്റഡ് തസ്തികയില്‍ നിന്ന് ബൈ ട്രാന്‍സ്ഫര്‍ വഴിയും ശേഷിക്കുന്ന മൂന്നിലൊന്ന് സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലേയും പൊതുമേഖല സ്ഥാപനങ്ങളിലെയും സ്ഥിരജീവനക്കാര്‍ക്കുമായും നീക്കിവെച്ചിരിക്കുന്നു. എല്ലാം നിയമനങ്ങളും പി.എസ്.സി വഴിയായിരിക്കും. മിനിമം യോഗ്യത ബിരുദമായി നിശ്ചയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍വീസിനകത്ത് ഉന്നത തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള നിലവിലെ പ്രധാനയോഗ്യത സീനിയോറിറ്റിയാണ്. ചട്ടപ്രകാരം അറിവും കഴിവും കാര്യക്ഷമതയുമെല്ലാം മാനദണ്ഡമാണെങ്കിലും ഇവയുടെ വിലയിരുത്തല്‍ ഒരു വഴിപാട് മാത്രമാണ്. പുറത്തറിയുംവിധമുള്ള വന്‍ അഴിമതിക്കാരോ അച്ചടക്ക നടപടി നേരിടുന്നവരോ മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് സ്ഥിരമായി ഇരയാകുവന്നരോ അല്ലാത്തവരെക്കുറിച്ച ഇത്തരം വിലയിരുത്തലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്) ഒരു ചടങ്ങ് മാത്രമാണ്. ഇത്തരം വിലയിരുത്തലുകള്‍ക്ക് എന്തെങ്കിലും ശാസ്ത്രീയമായ കണക്കുകളുടെയോ, വിവരങ്ങളുടെ തരം തിരിവിന്റെയോ, പിന്‍ബലമാവശ്യമില്ലാത്തതിനാല്‍ ഒട്ടും സത്യസന്ധവുമാകാറില്ല. സുതാര്യവും കാര്യക്ഷമവുമല്ലാത്ത വിലയിരുത്തലുകളിലൂടെ സ്ഥാനക്കയറ്റത്തിന് അര്‍ഹത നേടിയവരിലൂടെ സംസ്ഥാന സിവില്‍ സര്‍വീസിന് ഉണ്ടാകുന്ന പരിക്കുകള്‍ പരിഹരിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് സാധിക്കുമോ എന്നതാണ് വിലയിരുത്തപ്പെടേണ്ടത്.
സംസ്ഥാന സര്‍വീസിനകത്ത് സീനിയോറിറ്റി മുഖ്യ മാനദണ്ഡമായി നടക്കുന്ന സ്ഥാനക്കയറ്റങ്ങളില്‍ ഉദ്യോഗസ്ഥര്‍ അവരുടെ സര്‍വീസിന്റെ അവസാന ഘട്ടത്തിലാണ് ഉന്നത പദവികളിലെത്തുക. സര്‍വീസ് ജീവിതത്തിലൂടെ ആര്‍ജിച്ച അറിവും കഴിവും പ്രവര്‍ത്തിപരിചയവും തങ്ങളുടെ വകുപ്പ്/സ്ഥാപനം ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നതിന് പകരം ചട്ടപ്പടി കാര്യങ്ങള്‍ മുാേട്ട് നീക്കാനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ സര്‍വീസിന്റെ അവസാന കാലത്ത് ഏറ്റെടുക്കാന്‍ തയാറാകാതെയും അടുത്തൂണ്‍ പറ്റാനുള്ള ശ്രമമാണ് ഇവര്‍ നടത്തുക എന്ന് വിലയിരുത്തപ്പെടുന്നു. അതുകൊïാണ്, മേല്‍നോട്ടം മുതല്‍ നടപ്പാക്കല്‍ വരെ പ്രധാന സര്‍ക്കാര്‍ നിയന്ത്രണ കേന്ദ്രങ്ങളില്‍ മാറ്റങ്ങള്‍ ദൃശ്യമാവാത്തതെന്നും ഇതിനെ പരിഹരിക്കാന്‍ സര്‍വീസിനകത്ത് പുതു തലമുറയുടെ കടുവരവ് സഹായകരമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരളത്തിലെ ഫീല്‍ഡ് വകുപ്പുകളിലെ ഒന്നാം ഗസറ്റഡ് തസ്തികയിലേക്ക് ഏതാണ്ടെല്ലാ വകുപ്പുകളിലും നേരിട്ടുള്ള നിയമനരീതി ഇപ്പോള്‍ തന്നെ നിലവിലുï്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി (40%), മുനിസിപ്പല്‍ സെക്രച്ചറി (40%), കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ (20%), ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നേരിട്ട് നിയമനമുള്ള ഏറ്റവും ഉന്നത തസ്തികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാന്റ് റവന്യൂ വകുപ്പിലെ രïാം ഗസറ്റഡ് തയ്തികയായ ഡെപ്യൂട്ടി കലക്ടര്‍ (20%) വരെ നേരിട്ടുള്ള നിയമനം നടക്കുന്നുï്. സംസ്ഥാന സിവില്‍ സര്‍വീസായി നിലവില്‍ വിവക്ഷിക്കപ്പെടുന്ന ഡെപ്യൂട്ടി കലക്ടറുടെ സംസ്ഥാനമൊട്ടാകെ സ്ഥിരവും താല്‍കാലികവുമായുള്ള 137 തസ്തികകളില്‍ നിലവില്‍ 38 പേര്‍ (28 %) നേരിട്ട് നിയമിക്കപ്പെട്ടവരാണ്.


സംസ്ഥാന സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് മാത്രമാണ് നേരിട്ടുള്ള നിയമനമുള്ളത്. വകുപ്പുതല പരീക്ഷകളും സീനിയോറിറ്റിയും കോഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും അനുകൂലമായാല്‍ നിലവില്‍ സെക്രട്ടേറിയറ്റ് സര്‍വീസില്‍ നോണ്‍ ഐ.എ.എസ് ആയ സ്‌പെഷല്‍ സെക്രട്ടറി വരെയാകാനുള്ള സാധ്യതകള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍, അഖിലേന്ത്യ സിവില്‍ സര്‍വീസിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സിംഹഭാഗവും സ്‌റ്റേറ്റ് സിവില്‍ സര്‍വീസിനായി നിലവില്‍ വിവക്ഷിപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍മാരില്‍ നിന്നാണ് നികത്തപ്പെടുക. നോണ്‍ റവന്യൂ കാഡര്‍ എന്നറിയപ്പെടുന്ന മറ്റെല്ലാ വിഭാഗങ്ങളുടെയും കൂടെയുള്ള ഒരു സാധ്യത മാത്രമാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നിലവില്‍ ഐ.എ.എസ് ലഭിക്കാനുള്ളത്.
സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ ഉയര്‍ന്ന് വരുന്നതിന്റെ യഥാര്‍ഥ കാരണം സ്‌റ്റേറ്റ് സിവില്‍ സര്‍വീസായി ആരെയെല്ലാം പരിഗണിച്ച് അഖിലേന്ത്യ സര്‍വീസിലേക്ക് റഫര്‍ ചെയ്യാന്‍ അര്‍ഹതപ്പെടും എന്നതായിരുന്നു. ഭരണ തലത്തില്‍ ഏറെ സ്വാധീനമുള്ള സെക്രട്ടേറിയേറ്റ് ജീവനക്കാരെ സ്‌റ്റേറ്റ് സിവില്‍ സര്‍വീസിന്റെ ഭാഗമായി കണക്കാക്കുന്നതിന് അവര്‍ തന്നെ ആരംഭിച്ച വ്യത്യസ്ത തലത്തിലുള്ള നടപടികളാണ് ഇന്ന് അവരിലെ ഒരു വിഭാഗം പ്രത്യക്ഷമായി എതിര്‍ക്കുകയും ഭരണാനുകൂല സംഘടനകള്‍ മുറുമുറുപ്പോടെ അംഗീകരിക്കയും ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.
എന്നാല്‍ സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പേരില്‍ ഇന്ന് ഏതിര്‍പ്പുകളുന്നയിക്കുന്ന്‌വരുടെ വാദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിനകത്ത് സെക്രേട്ടറിയറ്റ് ജീവനക്കാരുടെ വരേണ്യമനോഭാവം നിലനില്‍ക്കുന്നു എന്ന ഫീല്‍ഡ് വകുപ്പുകളിലെ ജീവനക്കാരുടെ ആക്ഷേപത്തെ ശരിവെക്കുന്നതാണ്. അഴിമതിക്കാരല്ലാത്ത വിശുദ്ധരും കളങ്കപ്പെടാത്തവരുമായ വിഭാഗമാണ് തങ്ങളൊണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാദം. ഫീല്‍ഡ് വകുപ്പുകളിലെ അഴിമതിക്കാരും സ്വജനപക്ഷപാതികളും കാര്യക്ഷമമില്ലാത്തവരുമായ ഉദ്യോഗസ്ഥര്‍ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലൂടെ സെക്രട്ടറിയേറ്റിലെത്തുമെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിനകത്തെ വരേണ്യ വിശുദ്ധ താല്‍പര്യങ്ങള്‍ നശിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
കേരളത്തിലെ ഏതാïെല്ലാ ഫീല്‍ഡ് വകുപ്പുകളിലും സ്വയം ഭരണ സ്ഥാപനങ്ങളിലുമെല്ലാം ആ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉന്നത തസ്തികകള്‍ക്ക് ലാവണങ്ങളുï്. ഇതേ ഫീല്‍ഡ് വകുപ്പുകളില്‍ പലതിലും വകുപ്പിന്റെ സ്വന്തം ഉന്നത തസ്തികകള്‍ നാമമാത്രമാണ് താനും. ഫീല്‍ഡ് വകുപ്പുകളിലെ ജീവനക്കാരില്‍ നിന്നും നിലവില്‍ രൂപീകരിക്കപ്പെടുന്ന കെ.എ.എസ് സംബന്ധിച്ച കാര്യമായ എതിര്‍പ്പുകള്‍ ഉയരാതിരുന്നതും അതിനാലാണ്. അതേ സമയം, സെക്രട്ടേറിയറ്റില്‍ നിന്ന് കെ.എസിലേക്ക് നിലവില്‍ ചേര്‍ക്കപ്പെടുന്ന രïാം ഗസറ്റഡ് തസ്തികയായ അണ്ടര്‍ സെക്രട്ടറിമാരുടെ എണ്ണം ഇപ്പോള്‍ പരിമിതമാണെങ്കിലും ഇതിലൂടെ തങ്ങളുടെ ഭാവിസ്ഥാനക്കയറ്റ സാധ്യതകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരുപക്ഷേ, തീര്‍ത്തും ഇല്ലാതെയാക്കുമെന്ന ഭയമാണ് ഈ എതിര്‍പ്പുകളുടെ യഥാര്‍ഥ കാരണം. എന്നാല്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വീസിനകത്തെ അപ്രമാധിത്വം നഷ്ടപ്പെടുന്ന നേരിട്ട് നിയമനം ലഭിച്ച ഡെപ്യൂട്ടി കലക്ടര്‍മാരും സ്‌റ്റേറ്റ് സിവില്‍ സര്‍വീസിനകത്ത് നിലവില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള റവന്യൂ വകുപ്പിലെ ജീവനക്കാരും സംഘടിത വിലപേശല്‍ ശക്തിയുടെ ആത്മവീര്യം ചോര്‍ന്നതിനാല്‍ നിലപാടുകളില്ലാതെയും നേതൃത്വമില്ലാതെയും അനാഥരുമാണ്.
സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ആശങ്ക അസ്ഥാനത്തല്ല എന്നാണ് കെ.എ.എസ് സ്‌പെഷല്‍ റൂളിനെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തെളിയുന്നത് രïാം ഗസറ്റഡ് തസ്തികക്ക് മുകളിലുള്ള സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ എല്ലാ തസ്തികകളും കെ.എ.എസ് ന്റെ സ്ഥാനക്കയറ്റ തസ്തികകളാക്കി മാറ്റുമെന്നാണിത്. ഫീല്‍ഡ് വകുപ്പുകളില്‍ രïാം ഗസറ്റഡ് തസ്തികക്ക് മുകളിലുള്ള തസ്തികകള്‍ വിരളമായതിനാല്‍ ഇന്നത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകളെ മാത്രമേ ബാധിക്കൂ.
സെക്രട്ടേറിയറ്റ് സര്‍വീസിനെ ഒഴിവാക്കി സര്‍ക്കാര്‍ വകുപ്പുകളെ മാത്രം ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍വീസ് കൊï് ഭരണരംഗത്ത് മാറ്റങ്ങളൊന്നും ഉണ്ടാവില്ല. ഭരണസിരാകേന്ദ്രത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരായി കെ.എ.എസുകാര്‍ മാറുന്നത് ഇതിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വിരുദ്ധമാവുകയാണ് ചെയ്യുക. ഭരണരംഗത്തെ സുപ്രധാനമായ മേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ഒരു സംസ്ഥാന സര്‍വീസ് എന്തെങ്കിലും ഗുണകരമായ ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത് തികഞ്ഞ മൗഢ്യമായിരിക്കും.
കെ.എ.എസ് രൂപീകരണം വഴി ഹൃസ്വകാലാടിസ്ഥാനത്തില്‍ സംസ്ഥാന സര്‍വീസില്‍ മാറ്റങ്ങളുണ്ടാകില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് സര്‍വീസിനെ മെച്ചപ്പെടുത്തും. മേല്‍നോട്ടത്തിലും നിര്‍വഹണത്തിലുമായിരിക്കും കെ.എ.എസ് ഗുണകരമാവുക. ഇതിന്റെ ഫലം സര്‍വീസിനകത്ത് പ്രതിഫലിക്കാന്‍ അല്‍പം സമയമെടുക്കുമെന്ന് മാത്രം. അതേസമയം തന്നെ, സര്‍ക്കാര്‍ സര്‍വീസിനകത്തെ വലിയ പ്രശ്‌നമായ കാലഹരണപ്പെട്ട നിയമങ്ങള്‍, ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍, പാരമ്പര്യ രീതികള്‍ എന്നിവ പരിഹരിക്കുന്നതിന് രാഷ്ട്രീയഭരണ നേതൃത്വത്തിന്റെ നയപരമായ തീരുമാനത്തിന് വിധേയമായ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ, സര്‍വീസിന്റെ കാര്യക്ഷമത, വേഗത തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരമുണ്ടാകൂ. നേരിട്ടുള്ള നിയമനത്തിലൂടെ കടന്ന് വരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങളെ ബാധ്യതാരഹിതമായി മറികടന്ന് പുതിയ വഴികളിലൂടെ സര്‍വീസിനെ നയിക്കുമെന്ന പ്രതീക്ഷകള്‍ ഫലവത്താകണമെങ്കില്‍ അടിസ്ഥാനപരമായ മേല്‍ സൂചിപ്പിച്ച മാറ്റങ്ങളും ഉണ്ടാകേണ്ടതുണ്ട്.


കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് കേരളത്തിന്റെ സ്വന്തം ഉന്നത ഉദ്യോഗസ്ഥ നിരയായിരിക്കും. അഖിലേന്ത്യ സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഭരണ നേതൃത്വവുമായുള്ള വിയോജിപ്പുകള്‍ വ്യക്തമാക്കി കേന്ദ്ര സര്‍വീസിലേക്കും തിരിച്ചും വിവിധ കാരണങ്ങളാല്‍ നിയമപരമായി മാറാനുള്ള സവിശേഷമായ സൗകര്യവുമുï്. സംസ്ഥാന കാഡറുകള്‍ മാറാനുള്ള അവസരങ്ങളുï്. സംസ്ഥാന സര്‍വീസിനകത്ത് അത്തരം സൗകര്യം സ്വാഭവികമായയും ഇല്ലാത്തതിനാല്‍ അഖിലേന്ത്യ സര്‍വീസിനകത്തുള്ളവര്‍ നിയമപരമായി നിയമിക്കപ്പെടേണ്ടതല്ലാത്ത മുഴുവന്‍ ഇടങ്ങളിലും സ്‌റ്റേറ്റ് സിവില്‍ സര്‍വീസിലുള്ളവരെ നിയമിക്കാനാകും. പൊതുമേഖല സ്ഥാപനങ്ങള്‍ മുതല്‍ വകുപ്പ് തലവന്മാര്‍വരെ കേരളത്തിന്റെ രാഷ്ട്രീയ ഭരണനേതൃത്വത്തിന് വിധേയമാകുവര്‍ മതിയെന്ന് തീരുമാനിക്കാനാകും വിധമുള്ള ഒരു പരിധിക്കും പരിമിതിയും കെ.എ.എസ് തുറിടുന്നുണ്ട്. പൊതു സമൂഹത്തിന്റെ നിതാന്ത ജാഗ്രത ഇക്കാര്യത്തില്‍ ആവശ്യമായി വരും.
എതിര്‍പ്പുകളും ആശങ്കകളുമുള്ള ജീവനക്കാരുടെ മുഴുവന്‍ പ്രതിഷേധങ്ങളെയും കണ്ടില്ലെന്ന് നടിച്ച് ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പപിക്കാനുള്ള ശ്രമവും ഒട്ടും ശരിയായിരിക്കില്ല. കേരളത്തിലെ സിവില്‍ സര്‍വീസിനകത്ത് വരുന്ന മാറ്റങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ ഏറെ അര്‍ഹതയുള്ളവരാണ് ജീവനക്കാര്‍. അവരുടെ അഭിപ്രായങ്ങള്‍ള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെയുള്ള പരിഷ്‌കരണ ശ്രമങ്ങള്‍ ഒരുപക്ഷേ വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക. നിലനില്‍ക്കുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ തത്വദീക്ഷയില്ലാതെ വെട്ടിക്കുറക്കാനിടയുണ്ടെന്ന് സംശയിക്കപ്പെടുമ്പോള്‍ അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ തയാറാകുക എന്നത് മിനിമം ബാധ്യതയാണ്. ഏകാധിപതിയുടെ ധാര്‍ഷഠ്യമേറിയ സ്വരമല്ല, ഒത്ത് തീര്‍പ്പിന്റെയും ആശ്വസിപ്പിക്കലിന്റെയും രീതിയും ശൈലിയുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായിട്ടുള്ളത്.
ഒരു ഭരണമാറ്റം ജീവനക്കാരുടെ സംഘടനകളുടെ നയനിലപാടുകളിലുണ്ടാക്കുന്ന രസാവഹമായ രാസമാറ്റങ്ങളും പരിണാമങ്ങളും പരിശോധിച്ചാല്‍ ഇവരുടെ പ്രതിബദ്ധത തങ്ങളുള്‍ക്കൊള്ളുന്ന ജീവനക്കാരുടെ താല്‍പര്യ സംരക്ഷണമല്ല; മറിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ സംരക്ഷണം മാത്രമാണ് എന്ന് ബോധ്യമാകും. എന്നാല്‍ ഈ രാഷ്ട്രീയ നിലപാടുകള്‍ സാമൂഹിക പുരോഗതിക്കായുള്ള അടിസ്ഥാനമാറ്റങ്ങളെ അല്‍പം പോലും പ്രചോദിപ്പിക്കുന്നില്ല എന്നതാണ് സര്‍വീസ് സംഘടനകളുടെ അപചയത്തിന്റെ പ്രധാനകാരണം. ജീവനക്കാരും അധ്യാപകരും തങ്ങളുടെ സേവന ഇടങ്ങളില്‍ സേവനത്തിന്റെ ഗുണനിലവാരത്തില്‍ സ്വയം പരിശോധന നടത്തിയും കാര്യക്ഷമതയുടെ സ്വയം സാക്ഷ്യപ്പെടുന്ന മാതൃകകളായി മാറി സേവന വ്യവസ്ഥകളുടെ സംരക്ഷണത്തിന് സ്വയം പ്രതിരോധം തീര്‍ക്കുക എന്നതും ഇത്തരം കാഴ്ചപാടുകള്‍ പ്രസരിപ്പിക്കുന്ന പുതുകൂട്ടായ്മകളെ ശക്തിപ്പെടുത്തുക എന്നതും മാത്രമാണ് ഏകവഴി.
കേരളത്തിന്റെ ഉന്നത ഉദ്യോസ്ഥ നിരയില്‍ ഒരു പൊതുസര്‍വീസ് എന്ന ആശയത്തെ തുടര്‍ച്ചയായി അവതരിപ്പിക്കുമ്പോള്‍ തന്നെ ക്ലാര്‍ക്ക് തൊട്ടുള്ള എല്ലാ പൊതു കാറ്റഗറികളും ഇപ്രകാരം പൊതുപൂള്‍ ചെയ്യുക എന്ന ആശയവും ചര്‍ച്ച ചെയ്യപ്പെടണം. ജീവനക്കാരുടെ കോമണ്‍പൂള്‍ എന്ന ആശയം സെക്രട്ടേറിയറ്റ് പോലെയുള്ള വരേണ്യ ജനസമ്പര്‍ക്കത്തിന്റെ അനുഭവങ്ങളുള്ള സാധാരണ ജീവനക്കാരെ ഉപയോഗിച്ച് മനുഷ്യരുടെ ദുരിതങ്ങളറിയുന്നവരുടെ സജീവസാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കാന്‍ കഴിയും എന്നത് തിരിച്ചറിയണം. ഉന്നത ഉദ്യോസ്ഥര്‍ മാത്രമല്ല; മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പൊതുവായി മാറി വകുപ്പ്/കാറ്റഗറി തര്‍ക്കങ്ങളും സര്‍വീസ് പ്രശ്‌നങ്ങളൂം മൂപ്പിളമ തര്‍ക്കങ്ങളും അവസാനിക്കുന്ന ഒരു മാതൃകാ സര്‍വീസിനെ സംബന്ധിച്ചും ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നത് നന്നായിരിക്കും.

അസോ.ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് (അസെറ്റ്) സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757