Opinion

കേരളത്തിലെ ഭൂപ്രശ്‌നങ്ങളും പരിഹാരവും – സംവാദം വിഷയാവതരണം – കെ.എ. ശഫീഖ്

 

2017 മെയ് 10,11 തിയ്യതികളില്‍ തിരുവനന്തപുരത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കേരള ലാന്റ് സമ്മിറ്റിന്റെ ഭാഗമായി ‘കേരളത്തിലെ ഭൂപ്രശ്‌നങ്ങളും പരിഹാരവും’ എന്ന തലക്കെട്ടില്‍ നടന്ന സംവാദത്തില്‍ വിഷയാവതരണം നടത്തിക്കൊണ്ട് സമര്‍പ്പിച്ച പ്രബന്ധം

കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ രൂക്ഷമായ സംഘര്‍ഷങ്ങളും വിവാദങ്ങളും സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയ പ്രശ്‌നമാണ് ഭൂമി എന്നത്. നിശ്ചിത ഇടവേളകളില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കി ഉയര്‍ന്നുവരികയും പത്രേക പരിശ്രമങ്ങളിലൂടെ അത് അണഞ്ഞുപോവുകയും ചെയ്യുക എന്നതാണ് സാധാരണ നടന്നുവരുന്നത്.
കേരള നിയമസഭയും കേരളീയ പൊതുസമൂഹം ആകെയും ഭൂമിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. കേരളത്തില്‍ ഭൂപ്രശ്‌നം ഉണ്ട് എന്നത് ആരൂം അത്ര ധൈര്യത്തില്‍ നിരാകരിക്കാത്ത ഒരു വസ്തുതയാണ്. പക്ഷേ, അതിന്റെ പരിഹാരത്തിന് ആരും ധൈര്യം കാണിക്കാത്ത കാര്യവുമാണ്. കഴിഞ്ഞ ദിവസം വയനാട്ടിലെ പുല്‍പള്ളിയില്‍ ചണ്ണക്കൊല്ലി എന്നു പറയു പണയആദിവാസിവിഭാഗങ്ങള്‍ താമസിക്കുന്ന ഒരു കോളനിയില്‍ ഒരു കുടുംബം കക്കുസിനകത്ത് താമസിക്കുന്നതിന്റെ ദൃശ്യം കേരളമാകെ കണ്ടിരുന്നു. അതിനകത്ത് ഒരു ചെറിയ കുട്ടി ഈച്ചകളുടെയും മറ്റ്ശല്യങ്ങള്‍ക്കിടയില്‍ കിടിന്നുറങ്ങുന്നത് നൊമ്പരത്തോടുകൂടിയല്ലാതെ കേരളത്തിന് കണ്ടിരിക്കാന്‍ കഴിയുന്ന കാഴ്ചയായിരുന്നില്ല. അത്തരം ഒരുപാട് ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നു. മരിച്ചുവീഴുമ്പോള്‍ ആത്മബന്ധുവിനെ അതുവരെ താമസിച്ച മുറിക്കുള്ളില്‍ അടക്കം ചെയ്യേണ്ടിവരുന്നവന്റെ വിഷമവും പ്രതിഷേധവും എന്തുകൊണ്ടാണ് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിന് മനസ്സിലാകാതെ പോകുന്നതെന്നത് നമ്മുടെ മുന്നിലെ വലിയ ഒരു ചോദ്യമാണ്. ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകുന്നത് ഭൂമി ഇല്ലാത്തതുകൊണ്ടല്ല. ഭൂമിയുണ്ട്, പക്ഷേ, അത് അര്‍ഹര്‍ക്ക് ലഭിക്കാത്തതുകൊണ്ടാണ്. അതിന്റെ മറ്റൊരുകാഴ്ച ഇപ്പോള്‍ മൂന്നാറില്‍ നി്ന്ന നമുക്ക് സമൃദ്ധമായി ലഭിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി ഇടുക്കിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഇടുക്കിയിലെ റവന്യൂ ഉദ്യോഗസ്ന്മാര്‍ സമര്‍പ്പിച്ച രേഖകളില്‍ ഏറ്റവും പുതുതായി കൈയേറിയ ഭൂമിയുടെ അളവ് മുന്നില്‍വെക്കുന്നുണ്ട്. അത് വളരെ ചെറിയ അളവാണ്. 1500 ഏക്കര്‍ മാത്രമാണത്. പക്ഷേ, അതല്ല കേരളത്തിലെ കൈയേറ്റം. സര്‍ക്കാറിന്റെ കയ്യിലേക്ക് തിരിച്ചുവരേണ്ട ഭൂമി അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയാണ് എന്ന മറ്റൊരു റിപ്പോര്‍ട്ടും കേരള സെക്രട്ടേറിയറ്റിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ സുരക്ഷിമായി ഇരിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ട് നല്‍കിയത്, സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശം പ്രകാശം നിയോഗിതനായ സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം ഐ.എ.എസ് ആണ്. കേരളത്തില്‍ ഒരു ഭാഗത്ത് ആളുകള്‍ ഭൂമി സമൃദ്ധമായി ഉപയോഗിക്കുന്നു. ജല ദൗര്‍ലഭ്യം പോലെ; നമ്മുടെ നാട്ടില്‍ ചിലര്‍ക്ക് ഒരിറ്റുവെള്ളം പോലും കുടിക്കാനില്ല എന്നാല്‍ ചിലര്‍ക്ക് ജലകേളി നടത്താന്‍ ആവശ്യമായത്ര സമൃദ്ധമായ വെള്ളം ലഭിക്കുന്നു. ഇതുപോലെ ഒരുതുണ്ട് ഭൂമിയില്ലാത്തവരുടെ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ച് അതില്‍ നിന്ന് കോടികള്‍ സമാഹരിച്ച് തടിച്ചുകൊഴുക്കുന്നവരെയും കാണുന്നു എന്നതാണ് വൈരുദ്ധ്യം.

കേരളത്തിലെ ഭൂപ്രശ്‌നം എന്നത് ഒന്നാമാതായി നാല് ലക്ഷം വരുന്ന ജനങ്ങളുടെ ഭൂരാഹിത്യമാണ്. എന്തുകൊണ്ട് ഈ ഭൂരാഹിത്യം ഉണ്ടായി എന്നതിനെ സംബന്ധിച്ച് സത്യസന്ധമായ ഒരു വിലയിരുത്തലിന് കേരളീയ സമൂഹം ഇനിയും തയാറായിട്ടില്ല. നമ്മുടെ പൊതുവായ വിലയിരുത്തല്‍ കേരളത്തിലെ ഭൂരാഹിത്യപ്രശ്‌നം പരിഹരിക്കുന്നതിന് കേരളത്തില്‍ നിയമമാക്കപ്പെട്ട ഏറ്റവും വലിയ വിപ്ലവകരമായ ഭൂപരിഷ്‌കരണ നിയമംമതി എന്നും അതോടുകൂടി പ്രശ്‌നം പരിഹരിക്കപ്പെ്ട്ടരിക്കുന്നു എന്നുമാണ്. ഡോ. ടി.എം. തോമസ് ഐസക്കിന്റെ ‘ഭൂപരിഷ്‌കരണം ഇനി എന്ത്’ എന്ന പുസ്തകത്തില്‍ അദ്ദേഹം സമര്‍ഥിക്കുത് കേരളത്തില്‍ ഗവമെന്റിന്റെ മുന്‍ കൈയില്‍ ഇനി ഒരു ഭൂവിതരണം എന്നത് പ്രയോഗികമല്ല എന്നാണ്. അതിന് അദ്ദേഹം ന്യായമായി പറയുന്നത്, ഭൂപരിഷ്‌കരണ നിയമം ഉണ്ടാകുന്നകാലത്ത് കേരളത്തില്‍ ഭൂരഹിതരുടെ എണ്ണം കൂടുതലും ഭൂഉടമകളുടെ എണ്ണം കുറവുമായിരുന്നു എന്നാണ്. അഥവാ സാമൂഹികമായി ഉന്നയിക്കപ്പെട്ടാല്‍ പിന്തുണ ലഭിക്കുമായിരുന്ന കാര്യമായിരുന്നു അത്. ഇന്ന് ഭൂ ഉടമകളുടെ എണ്ണം കൂടുതലും ഭൂരഹിതരുടെ എണ്ണം കുറവുമാണ്. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഭൂമിക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചാല്‍ അത് സാമൂഹിക സംഘര്‍ഷത്തിന് കാരണമാകും. അതുകൊണ്ട് ഭൂമി ഇനി ഒരു ക്ലെം അല്ല. ഭൂമിക്ക് വേണ്ടിയുള്ള അവകാശവാദങ്ങള്‍ കേരളത്തില്‍ പ്രസക്തിയില്ല’ എന്നാണ്. ഇത് ഒരു വ്യക്തിയുടെ മാത്രം നിരീക്ഷണമല്ല. പൊതുവായി കേരളത്തിലെ ഭരണനേതൃത്വത്തിന്റെ മനസ്സാണ്. പക്ഷേ, അത് അങ്ങനെ തന്നെ വെളിപ്പെടുത്താന്‍മാത്രം ആത്മധൈര്യം കേരളീയപൊതുസമൂഹത്തെ കുറിച്ച് അവര്‍ തന്നെവെച്ചുപുലര്‍ത്തുന്ന ധാരണകള്‍ കൊണ്ട്, അങ്ങനെ ഒരു ധൈര്യമില്ലാത്തതുകൊണ്ട് അതിനെ മറ്റ് നിലക്ക് മറികടക്കാന്‍ ശ്രമിക്കുകയാണ് കേരളത്തിലെ ഭരണനേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായി തീരുന്നത്.

ഭൂപരിഷ്‌കരണ നിയമം എന്നത് ഒരളവില്‍ വിപ്ലവകരമാണ്. കേരളത്തില്‍ കുടിയാന്മാര്‍ക്ക് ഭൂമി കിട്ടിയിട്ടുണ്ട്. ആ നിലക്ക് അത് അംഗീകരിക്കപ്പെടേണ്ടതാണ്. പക്ഷേ, കേരളത്തില്‍ വലിയൊരു ജനവിഭാഗത്തിന് ഭൂമിയുടെ ഉടമസ്ഥത അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആ ഭൂഉടമസ്ഥത നിഷേധിക്കപ്പെട്ടവര്‍ ഭൂമിയുമായി ബന്ധപ്പെട്ടവരാണ്. കാര്‍ഷിക വൃത്തി ചെയ്യുന്നവാരാണ്. കേരളത്തെ ഇന്നത്തെ കേരളമാക്കി തീര്‍ത്തതിലും ഒരു സംസ്‌കൃതി രൂപപ്പെടുത്തുന്നതിലും വലിയസംഭാവന നല്‍കിയ ഒരു വിഭാഗമാവര്‍. അവര്‍ക്ക് ചരിത്രാതീത കാലം മുതല്‍ ഉടമസ്ഥത നിഷേധിക്കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ കാര്യത്തില്‍ മാത്രമല്ല, ഒരു കാര്യത്തിലും ഉടമസ്ഥാവകാശമില്ലാത്തവരായി അവര്‍ മാറ്റപ്പെട്ടു. നമ്മുടെ രാജ്യത്തെ ജാതിവ്യവസ്ഥയാണ് അതിലെ പ്രധാനപ്രതി. ഇങ്ങനെ നിര്‍മിക്കപ്പെട്ട ഒരു സാമൂഹിക ഘടനയില്‍ നിയമമുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ആ നിയമം ഈ വിഭാഗത്തെ സവിശേഷമായി പരിഗണിച്ചില്ല, അവരുടെ അവകാശം സ്ഥാപിച്ചുകൊടുക്കതതിന് ശ്രമിച്ചില്ല എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അവരെ കോളനികളിലേക്കും കുടികിടപ്പിലേക്കും മാറ്റി നിര്‍ത്തികൊണ്ട് ഭൂഉടമസ്ഥത എന്നത് സാമൂഹികമായി മുന്നിലുള്ള, അതേ സമയം ഭൂഉടമസ്ഥതയില്‍ എത്തപ്പെടാതെ പോയ കുടിയാന്‍മാര്‍ക്ക് മാത്രം പരിമിതപ്പെടുന്നതിലേക്ക് ഭൂപരിഷ്‌കരണം നിയമം മാറി എന്നത് അതിനെ കുറിച്ചുള്ള വിശകലനത്തിലെ പ്രധാനപ്പെട്ട ആക്ഷേപമാണ്. ഇത് പരിഹരിക്കാത്തതുകൊണ്ടാണ് ഇവിടെ ഭൂരഹിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഓരോദിവസവും പുതിയ പുതിയ ഭൂരഹിതര്‍ പിറവിയെടുത്തുകൊണ്ടിരിക്കുകയാണ്. കാരണം, അവര്‍ക്ക് സ്വന്തമായി ഭൂമിഇല്ല. ലഭിച്ചവര്‍ക്ക് തന്നെ, ഒരു തലമുറക്കപ്പുറം ആ ഭൂമിയുമായി മുന്നോട്ടുപോകുവാന്‍ കഴിയില്ല. അവര്‍ക്ക് ലഭിച്ച ഭൂമിയില്‍ നിന്ന് അവര്‍ക്ക് വരുമാനമില്ല. ഉല്‍പാദനമില്ല. അവരുടെ സാമൂഹികനിലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാവശ്യമായ ഒന്നും ആ ഭൂമിയില്‍ നിന്ന് ലഭിക്കുന്നില്ല. അത്രത്തോളം പരിമിതമാണ് അവര്‍ക്ക് ലഭിച്ചു എന്ന് പറയുന്ന ഭൂമി തന്നെ. അതേ സമയം ഭൂപരിഷ്‌കരണ നിയമത്തിലൂടെ വലിയ അളവില്‍ ഭൂമി ലഭിച്ചവര്‍ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. ഈ അവകാശം എന്തുകൊണ്ട് ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. അപ്പോള്‍ ഭൂവിതരണത്തില്‍ ജനാധിപത്യം പാലിക്കപ്പെട്ടിട്ടില്ല. ജനാധിപത്യപരമായ വിതരണത്തിലെ അട്ടിമറിയാണ് ഈ ഭൂരഹിതരെ സൃഷ്ടിച്ചത്. അത് പരിഹരിക്കണമെങ്കില്‍ ജനാധിപത്യപരമായി ഭൂവിതരണം നടത്തു ഒരു സമഗ്ര ഭൂപരിഷ്‌കരണം ഉണ്ടാകണം എന്നാണ് വെല്‍ഫെയര്‍പാര്‍ട്ടി കേരളത്തോട് പറയുന്നത്. എന്തുകൊണ്ട് അതിനെ ആ നിലക്ക് കാണാന്‍ കഴിയുന്നില്ല. അതിന് കാരണം, ഈ ഭൂമി വെറുതെ കിടക്കുകയല്ല. ഈ ഭൂമി ചിലരുടെ കൈയിലാണ് എന്നതാണ്.

കേരളത്തില്‍ ഭൂരഹിതരെ പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്നതില്‍ പ്രധാനമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രണ്ട് നിയമങ്ങളുണ്ട്. ഒന്ന് 1964 ലെ ഭൂമി പതിവ് ചട്ടം, ശേഷം 1993ല്‍ ഇറക്കിയ പ്രത്യേക ആക്ട്- ഈ ആക്ടും ഭൂമി പതിച്ചു നല്‍കുന്നതിലും വനഭൂമി അടക്കമുള്ളത് കൈവശപ്പെടുത്തുന്നത് ക്രമീകരിക്കപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമവും കേരളത്തില്‍ ആര്‍ക്കാണ് ഉപകരിച്ചത് എന്ന് സത്യസന്ധമായി പരിശോധിക്കേണ്ടതുണ്ട്. ഒരു ദലിതനും ആദിവാസിക്കും ദുര്‍ബലനും ഭൂമി ലഭിച്ചിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വിലപേശാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ആ ഭൂമി ലഭിച്ചത്. 1970 ജനുവരി ഒന്നിന് മുമ്പ് നടന്ന കൈയേറ്റത്തെ കുടിയേറ്റമായി അംഗീകരിച്ചുകൊണ്ട് അവര്‍ക്ക് ഭൂമി നല്‍കണമെന്നാണ്, 93 ലെ ചട്ടപ്രകാരം ഒന്നുകൂടി ശരിപ്പെടുത്തുന്ന ആ നിയമം പറയുന്നത്. ആ നിയമത്തിന്റെ ഭാഗമായി ഇപ്പോഴും ഭൂമി കൊടുക്കുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞത്, 77 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവരില്‍ ഇനിയും ലക്ഷങ്ങള്‍ക്ക് പട്ടയം നല്‍കാനുണ്ട് എന്നാണ്. വെല്‍ഫെയര്‍പാര്‍ട്ടി ഈ വിഷയത്തില്‍ ഉന്നയിക്കുന്ന ആക്ഷേപം ഇത് സത്യസന്ധമല്ല എന്നതാണ്. 1977ന് ശേഷം നടന്ന കൈയേറ്റത്തെയും 77 ന് മുമ്പുള്ള കൈയേറ്റത്തിലേക്ക് മാറ്റിക്കൊടുക്കന്നത് അട്ടിമറിയാണ് എന്നതാണ് വെല്‍ഫെയര്‍പാര്‍ട്ടി പറയുന്നത്. അല്ലെങ്കില്‍ ഇത് പരിഹരിക്കപ്പെടേണ്ടതല്ലേ? ഇത് ഒരു മരീചകയായി പോയികൊണ്ടിരിക്കുന്നു. 77ലെ ആക്ടിനെകുറിച്ച് പറഞ്ഞ് പറഞ്ഞ് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. പട്ടയം കൊടുത്തുതീര്‍ന്നിട്ടില്ല. അപ്പോള്‍ പുതിയ പട്ടയ അവകാശികള്‍ വരുന്നു. അതില്‍ തന്നെ ഭൂമിയുടെ അളവ് വര്‍ധിപ്പിച്ചു. കഴിഞ്ഞ വി.എസ്. അച്യൂതാന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ ഭൂലഭ്യത കുറാവാണെന്ന് പറഞ്ഞ് ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി മൂേന്നക്കര്‍ കൊടുക്കാമായിരന്നു ഭൂമി ഒരേക്കറിലേക്ക് ചുരുക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് വര്‍ധിപ്പിച്ച് നാല് ഏക്കര്‍ ആക്കുകയും അത് നല്‍കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തിക നിലയിലെ അളവും വര്‍ധിപ്പിച്ചു. അങ്ങനെ കിട്ടുന്ന ഭൂമി 15 വര്‍ഷത്തിന് ശേഷമേ കൈമാറ്റം ചെയ്യപ്പെടാവൂ എന്ന വ്യവസ്ഥ എടുത്തുമാറ്റി. കിട്ടുമ്പോള്‍ തന്നെ കൈയേറ്റം ചെയ്യപ്പെടാം എന്ന നിലയിലേക്ക് മാറുമ്പോള്‍ ഇത് ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല, ഇതില്‍ ഭൂമാഫിയയുടെകൂടി അംശമുണ്ട് എന്നതാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ ഒരു നിയമം ഉപയോഗിച്ചുകൊണ്ട് പാവങ്ങള്‍ക്ക് ലഭിക്കേണ്ട ഭൂമി മാറ്റപ്പെടുന്നു.

രണ്ട്, ഭൂപരിഷ്‌കരണ നിയമത്തിലെ സെഷന്‍ 81 ല്‍ തോട്ടം ഭൂമിയെ ഒഴിവാക്കി. അതിന് ന്യായങ്ങള്‍ പറഞ്ഞത് അത് വിദേശനാണ്യം, കൂടുതല്‍ നേടാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നെല്ലാമാണ്. ഇവ പൂര്‍ണമായും നിരാകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ സെഷന്റെ മറവില്‍ മാറ്റപ്പെട്ടുപോയ ഭൂമി കാര്‍ഷിക ഭൂമിയായി തന്നെയാണോ നിലനിന്നത് എന്നത് കേരളം പരിശോധിക്കണം. ആ ഭൂമി കൃഷിഭൂമിയായിട്ട് മാത്രമല്ല നില്‍ക്കുന്നത്. അതില്‍ തന്നെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി, അങ്ങനെ ലഭിക്കപ്പെട്ട തോട്ടം ഭൂമിയില്‍ നിന്ന് അഞ്ച് ശതമാനം ഭൂമി കാര്‍ഷികേതര ആവശങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. ടൂറിസം, ഖനനം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌വേണ്ടി ആ ഭൂമി ഉപയോഗിക്കാം എന്ന ഒരു ‘ക്ലോസ്’ കൊണ്ടുവന്നു. വലിയ അളവിലുള്ള ഭൂവിഭാഗം അതിലൂടെ മാറ്റപ്പെട്ടു. ഇങ്ങനെ ഭൂമി കൃഷിക്ക് വേണ്ടി എന്നു പറഞ്ഞുകൊണ്ട് മാറ്റിവെക്കുക, മാറ്റിവെക്കപ്പെട്ട ഭൂമിയുടെ നിശ്ചിതശതമാനം മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം എന്ന് പറയുക, ഇങ്ങനെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് അവിടെ നടന്നിട്ടുള്ള കൈയേറ്റങ്ങള്‍ക്ക് നിയമ സാധ്യത നല്‍കുക എന്നിങ്ങനെയാണ് സംഭവിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് 27ന് പ്രത്യേകമായി ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇടുക്കിയിലെ ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളുമടക്കം പങ്കെടുത്തതായിരുന്നു ആ യോഗം. ആ യോഗത്തിന്റെ മിനുട്‌സ് കേരള നിയമസഭയില്‍ വന്നിട്ടുണ്ട്. എം.എല്‍.എമാരായ വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, എ.പി. അനില്‍കുമാര്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ആ മിനുട്‌സ് സഭയില്‍ വെച്ചിട്ടുണ്ട്. ആ മിനുട്‌സ് പരിശോധിച്ചാല്‍ കാണാന്‍ കഴിയും എന്ത് ഉദ്ദേശത്തിലാണ് അദ്ദേഹം യോഗം വിളിച്ചു ചേര്‍ത്തത് എന്ന്. കൈയേറ്റം ചെയ്യപ്പെട്ട ഭൂമി ഗവമെന്റിന്റെ പ്രത്യേക ഉദ്യോഗസ്ഥയായിരുന്ന നിവേദിത പി ഹരന്‍ നല്‍കിയ റിപ്പോട്ട് അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ നടത്തിയ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ റദ്ദുചെയ്യുന്നതുമായി ബന്ധപ്പെട്ട ആലോചന, ആ നിര്‍ദേശം എന്ന് പറയുന്നത് കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും പാരിസ്ഥിതിക പ്രധാന്യമുള്ള ഭൂമി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള നിര്‍ദേശമാണ്. ആ നിര്‍ദേശങ്ങളെ അട്ടിമറിക്കുന്നതിനും റദ്ദ് ചെയ്യുതിനും കുറിഞ്ഞി പൂക്കുന്ന മൂന്നാറിലെ മലനിരകളുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുതുമായി ബന്ധപ്പെട്ടുമായിരുന്നു പ്രത്യേകമായി യോഗം വിളിച്ചു ചേര്‍ത്തത്. ആ യോഗത്തിലെ ആവശ്യങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭൂമിയില്‍, വനഭൂമിയില്‍, പ്രത്യേകാവശ്യങ്ങള്‍ക്ക് മാറ്റിവെക്കപ്പെട്ട ഭൂമിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും കയ്യേറ്റങ്ങളെയും നിയമവത്കരിക്കുന്നതിന് വേണ്ടിയാണ് ഗവമെന്റ് ശ്രമിക്കുന്നത് എന്ന് നിസ്സംശയം മനസ്സിലാക്കാന്‍ സാധിക്കും. ഗവമെന്റുകള്‍ ഇങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചു എന്ന് പറയുന്ന ഭൂമിയില്‍ പില്‍ക്കാലത്ത് നടന്ന എല്ലാ കാര്യങ്ങളെയും നിയമപരമായി സാധൂകരിക്കാന്‍ ശ്രമിക്കുന്നു. അതിലെ ഏറ്റവും പ്രധാനമാണ് സി.എച്ച്.ആര്‍ ഭൂമി (Cardamom Hill Reserves)  ഇടുക്കി ജില്ലയിലെ രണ്ടരലക്ഷം ഏക്കര്‍ വരുന്ന നിര്‍ധിഷ്ഠ വനഭൂമി. ആ വനഭൂമി, ഏലകൃഷിക്ക് കുത്തകപ്പാട്ടാം നല്‍കിയതൊഴിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ മറ്റൊന്നും പാടില്ല എന്ന് നിര്‍ണയിക്കപ്പെട്ട ആ ഭൂമിയടക്കം റവന്യൂ ഭൂമിയായി പരിവര്‍ത്തിച്ച് ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള ശ്രമമാണ് ഗവമെന്റ് നടത്തുന്നത്. ഇതും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു എന്ന് മിനുട്‌സില്‍ കാണാന്‍ കഴിയും. ഇത്തരം നിര്‍ദേശങ്ങള്‍ക്കെല്ലാം കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലാണുള്ളത് എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവരുടെ കയ്യേറ്റത്തിന് നിയമ പ്രാബല്യം നല്‍കുകയും അവകാശം ചോദിക്കുന്നവര്‍ക്ക് അത് നല്‍കാതിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന്‍ നടത്തുന്ന ഭൂസമരത്തിന് ഈ നിയമ പ്രാബല്യം നല്‍കിയിട്ടുണ്ടോ?
ചെങ്ങറയില്‍ ളാഹഗോപാലനും സംഘവും എത്രയോ നാളുകളായി സമരം ചെയ്ത് ഭൂമി കൈവശം വെച്ചിരിക്കുന്നു. അതില്‍ ഒരു സെന്റ് ഭൂമി ക്രമപ്പെടുത്തിക്കൊടുക്കാന്‍ കേരളത്തിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ടോ?. അതേ സമയം ആയിരക്കണക്കിന് ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് ക്രമപ്പെടുത്തിക്കൊടുക്കാന്‍ രണ്ട് മാസത്തിനുള്ളില്‍ രണ്ട് യോഗങ്ങളാണ് സെക്രട്ടേറിയറ്റിനുള്ളില്‍ വിളിച്ച് ചേര്‍ക്കപ്പെട്ടത് എന്നതില്‍ നിന്ന് ഇതിന്റെ അപകടം മനസ്സിലാക്കാം.

കേരളത്തിലെ ജനങ്ങളുടെ ഭൂരാഹിത്യമെന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍തന്നെ ചിലരുടെ ഭൂവുടമസ്ഥത വര്‍ധിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. കൈയേറ്റം ഒഴിപ്പിക്കുതുമായി ബന്ധപ്പെട്ട് വിവേചനപൂര്‍വമായ നിലപാടാണ് ഗവമെന്റ് സ്വീകരിക്കുന്നത്. ഏതെങ്കിലും ഒരു ഭൂരഹിതന്‍ ഒരു സമരത്തിന്റെ ഭാഗമായി ഭൂമി കയ്യേറിയാല്‍ പൊലീസിനെ ഉപയോഗിച്ച് അവരെ അടിച്ച് പുറത്താക്കുന്നതില്‍ ആവേശം കാണിക്കുകയായിരിക്കും ഏത് സര്‍ക്കാറായാലും ചെയ്യുക. പി.സി.ജോര്‍ജ് എം.എല്‍.എ കേരള നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് റവന്യൂ മന്ത്രി നല്‍കിയ മറുപടി – മൂന്നാറിലെ വ്യാജപട്ടയങ്ങളെകുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി, ക്രൈംബ്രാഞ്ച് സി.ഐ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് അത് സംബന്ധിച്ച് കൊടുത്ത ആക്ഷേപത്തിനുശേഷം ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴും കണ്ടെത്തിയത് അത് വ്യാജപട്ടയമാണെന്ന് തന്നെയായിരുന്നു. ഒരു ഭാഗത്ത്, വ്യജപ’യമുണ്ടാക്കി ജനപ്രതിനിധികളടക്കം ഭൂമി കൈവശംവെച്ചുകൊണ്ടിരിക്കുക്കുകയും അതിനെ സംരക്ഷിക്കുന്ന തരത്തില്‍ നിയമപ്രാബല്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് കണ്ടുകൊണ്ടിരിക്കുത്. അതേ സമയം ഭൂരഹിതര്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവരോട് ജനാധിപത്യ വിരുദ്ധമായ രൂപത്തില്‍ ഭരണകൂടത്തിന്റെ മര്‍ദനോപകരണമായ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ ഭൂസമരക്കാരെല്ലാം ഭൂമി പിടിച്ചെടുത്തുകൊണ്ടല്ല ഈ പ്രശ്‌നം പരിഹരിക്കേണ്ടത്. അങ്ങനെ പരിഹാരിക്കേണ്ടിവരും സര്‍ക്കാറുകള്‍ നിശബ്്ദരായി ഇരുന്നാല്‍. പക്ഷേ, അതല്ല പരിഹാരം. രാഷ്ട്രീയ പരിഹാരം തന്നെയാണ് ഉണ്ടാകേണ്ടത്. അങ്ങനെയൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെങ്കില്‍ നിയമപ്രാബല്യം വേണം. കേരള ഭൂസംരക്ഷണ ആക്ട് അനുസരിച്ചും ഭൂപരിഷ്‌കരണ നിയമമനുസരിച്ചും റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കുന്ന സവിശേഷാധികാരമുണ്ട്. സിവില്‍ കോടതികള്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത ഒരു നീക്കമാണത്. അങ്ങനെയൊരു നിയമസംരക്ഷണം ഉണ്ടായാല്‍ മാത്രമേ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയും ടാറ്റയുടെ കൈവശമുള്ള ഭൂമിയുമുള്‍പ്പെടെ അഞ്ചുലക്ഷത്തിലധികം വരുന്ന ഭൂമി തിരിച്ച്പിടിക്കണം. അത് തിരിച്ച് പിടിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ശ്രമിക്കുമ്പോള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കും. ഗവ.പ്ലീഡര്‍ ഹാജരാകില്ല. എ.വി.ടിയുടെ ഭൂമിയില്‍ നമ്മളത് കണ്ടതാണ്. എ.വി.ടിയുടെ ഭൂമിയില്‍ മരംമുറിക്കുന്നത് സംബന്ധിച്ച കേസ് കോടതിയില്‍ വന്നപ്പോള്‍ പ്ലീഡര്‍ ഹാജരായില്ല. കോടതി വ്യവഹാരങ്ങളിലേക്ക് എത്തിച്ച്, കേസ് തോറ്റ്‌കൊടുത്തുകൊണ്ട് കയ്യേറ്റക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്നു. നിലവിലെ നിയമങ്ങള്‍ ദുര്‍ഭലമായിക്കൊണ്ടിരിക്കുന്നു. ഈ നിയമങ്ങള്‍ക്ക് പല്ലും നഖവും ശൗര്യവും ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് പുതുതായി ഒരു നിയമനിര്‍മാണം നടക്കണം. ആ നിയമനിര്‍മാണത്തിലേക്ക് കേരളീയ സമൂഹം എത്തി അതിലൂടെ ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാവുക എന്നതാണ് യഥാര്‍ഥത്തില്‍ വേണ്ടത്. പകരം കയ്യേറ്റ ഭൂമിക്ക് നിയമപ്രാഭല്യം നല്‍കുകയും ഭൂമി ക്രമീകരിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് കണ്ടുകൊണ്ടിരിക്കുത്. ഇതില്‍ മുന്നണിവത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത് എന്നത് കേരളത്തിലെ ഭൂരഹിതരിലും പൊതുസമൂഹത്തിലും വലിയതരത്തില്‍ പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്. മുഴുവന്‍ ഭൂപ്രദേശത്തെയും ബാധിക്കുന്നതും മുഴുവന്‍ ജനവിഭാഗങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ അംഗീകരിക്കുന്നതുമായ ഒരു സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിലൂടെ മാത്രമേ കേരളത്തിലെ ഭൂപ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. അത്തരമാരു പരിഹാരത്തിലേക്ക് കേരളീയ സമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും സംഘടനകളും എത്തിച്ചേരണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757