Uncategorized

പാവപ്പെട്ടവന്റെ ഊട്ടിയിലേക്ക് – വാല്‍പ്പാറയിലേക്ക് ഒരു വിനോദയാത്ര

ഹാഫിസ്
സുഹൃത്തുക്കളെ, മധ്യവേനല്‍ അവധിയായി, നാട്ടിലാണെങ്കില്‍ നല്ല ചൂടും. ഈ ചൂടില്‍നിന്നും, യാന്ത്രികമായ ജീവിതത്തില്‍നിന്നും രക്ഷപ്പെട്ട് ഒരു ചെറിയ യാത്ര ആയാലോ? ഷോളയാര്‍ പെരുംകാട്ടിലൂടെ, തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ വെയില്‍ തട്ടാത്ത കാനനപാതയിലൂടെ ഇളംതണുപ്പില്‍, ഏതു നിമിഷവും വന്യമൃഗങ്ങള്‍ മുന്നില്‍ ചാടിവീഴുമെന്നു പ്രതീക്ഷിച്ചുകൊണ്ട്, കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വാല്‍പാറയിലേക്ക് പാവപ്പെട്ടവന്റെ ഊട്ടിയിലേക്ക് ഒരു യാത്ര. യുവാക്കള്‍ക്കും സാഹസികര്‍ക്കും ബൈക്ക് മതിയാകും, എന്നാല്‍ ചെറിയ ചക്രങ്ങളോട് കൂടിയ സ്‌കൂട്ടറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സ്ത്രീകളോ കുട്ടികളോ ഉണ്ടെങ്കില്‍ കാറ് ആണ് സുരക്ഷിതം.
ഞാന്‍ തൃശൂര്‍ സ്വദേശി ആയതുകൊണ് തൃശ്ശൂരില്‍ നിന്നും പുറപ്പെട്ടു തൃശ്ശൂരില്‍ തന്നെ തിരിച്ചെത്തുന്ന രീതിയില്‍ ആണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. തൃശൂരില്‍നിന്ന് ചാലക്കുടി, അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍ വഴി വാല്‍പ്പാറയില്‍ എത്തി, തിരിച്ചു ആളിയാര്‍ഡാം, ആനമല ഗോനിന്ധാപുരം, കൊല്ലംകോട്, വടക്കുംചേരി വഴി തൃശ്ശൂരില്‍ തിരിച്ചെത്തും. യാത്ര കാറില്‍ ആണെങ്കില്‍ ഏകദേശം പതിനാലു മണിക്കൂറും, ബൈക്കിലാണെങ്കില്‍ പതിനാറു മണിക്കൂറും വേണ്ടിവരും മൊത്തം മുന്നൂറു കിലോമീറ്റര്‍ വണ്ടി ഓടിക്കണം.

യാത്ര തുടങ്ങുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈ റൂട്ടില്‍ പെട്രോള്‍ പമ്പ്, വര്‍ക്ക്‌ഷോപ്, ഹോട്ടല്‍ മുതലായവ അധികം ഇല്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള ഇന്ധനവും ഭക്ഷണവും വെള്ളവും കരുതിയിരിക്കണം. കുടാതെ യാത്രചെയ്യുന്ന വാഹനവും നല്ല കണ്ടിഷനില്‍ ഉള്ളതായിരിക്കണം. ചാലക്കുടിയില്‍നിന്നും അതിരപിള്ളി റോഡിലോട്ടു തിരിഞ്ഞാല്‍ പിന്നെ പെട്രോള്‍ പമ്പുകള്‍ വിരളമാണ്. കാറില്‍ സ്റ്റെപ്പിനി ടയര്‍ എടുക്കാന്‍ മറക്കണ്ടാ. മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ ടയര്‍ പഞ്ചറായാല്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ എടുക്കണം.

അതിരാവിലെതന്നെ യാത്ര പുറപ്പെടുന്നതാണ് നല്ലത്, കാലത്ത് അഞ്ചുമണിക്ക് പുറപ്പെട്ടാല്‍ വൈകീട്ട് ഇരുട്ടാവുന്നതിനു മുന്‍പ് തിരിച്ചെത്താം. അതിരപ്പിള്ളി റോഡില്‍ എത്തുന്നതുവരെ പുതിയ നാലുവരിപ്പാതയിലൂടെ വേഗത്തില്‍ ഡ്രൈവ് ചെയ്യാം. ചാലക്കുടിയില്‍ എത്തുന്നതിനു മുന്‍പായി തന്നെ ഇടത് വശത്ത് അതിരപ്പിള്ളി റോഡ് കാണാം. അല്പം വീതി കുറവാണ് എങ്കിലും മനോഹരമായ റോഡാണിത്. അല്പദൂരം പിന്നിടുമ്പോള്‍ തന്നെ ഒരു കാടിന്റെ പ്രദീതി തോന്നിതുടങ്ങും. തണുത്ത ഫ്രഷ് എയര്‍ ശ്വസിക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ട്. കാറിലാണ് യാത്രയെങ്കില്‍ ആദ്യത്തെ സ്റ്റോപ്പ് അതിരപിള്ളിയില്‍ മതി.

തൃശൂരില്‍നിന്ന് അതിരപിള്ളിയിലേക്ക് അറുപത്തിഒന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ ഇത്രയും ദൂരം നിറുത്താതെ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ഓരോ ഇരുപതു കിലോമീറ്റര്‍ പിന്നിടുമ്പോളും അഞ്ചു മിനിറ്റെങ്കിലും വിശ്രമം നല്ലതാണ്, വണ്ടിക്കും യാത്രികര്‍ക്കും.

അതിരപിള്ളി വെള്ളച്ചാട്ടത്തിനടുത്തുള്ള കടകള്‍ ഈ സമയത്ത് തുറന്നിടുണ്ടാവില്ല എങ്കിലും ഒരു ചായ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അതിരപിള്ളിയില്‍നിന്നും അല്‍പംകൂടി കൂടി മുന്നോട്ടു പോയാല്‍ വാഴച്ചാല്‍ വെള്ളച്ചാട്ടമായി. നമ്മുടെ ലക്ഷ്യം ഈ രണ്ടു സ്ഥലവും അല്ലാത്തതുകൊണ്ട് ഇവിടെ സമയം പാഴാക്കണ്ട. വാഴച്ചാല്‍ മുതല്‍ ഷോളയാര്‍ കാടുകള്‍ ആരംഭിക്കുകയായി. ചെക്‌പോസ്റ്റില്‍ വണ്ടി നിറുത്തി അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ പറഞ്ഞു കൊടുക്കണം. കാലത്ത് ആറുമണി മുതലാണ് ചെക്‌പോസ്റ്റ് വഴി വാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ. സംശയം തോന്നിയാല്‍ അവര്‍ വാഹനത്തിന്റെ അകവും പരിശോധിക്കും. മദ്യം, പ്ലാസ്റ്റിക് കവര്‍ എന്നിവ കാട്ടിനകത്ത് അനുവദനീയമല്ല. എന്നാല്‍ തിരിച്ചു കൊണ്ടുവരും എന്ന ഉറപ്പില്‍ അവര്‍ പ്ലാസ്റ്റിക് കവര്‍, ബോട്ടില്‍ എന്നിവ കൊണ്ടുപോകാന്‍ അനുവധിക്കാറുണ്ട്. വണ്ടിയുടെ നമ്പര്‍, യാത്രക്കാരുടെ എണ്ണം, ഡ്രൈവറുടെ പേര്, എവിടെനിന്നും വരുന്നു, എങ്ങോട്ട് പോകുന്നു, എപ്പോള്‍ തിരിച്ചുവരും മുതലായ വിവരങ്ങള്‍ ചെക്‌പോസ്റ്റില്‍ ഉള്ള ഉധ്യോഗസ്ഥര്‍ക്ക് കൃത്യമായി പറഞ്ഞുകൊടുക്കണം. ഡ്രൈവറുടെ ലൈസന്‍സ് കാണിച്ചുകൊടുക്കണം. കൂടാതെ അവര്‍ തരുന്ന റെസീപ്റ്റ് വാങ്ങി സൂക്ഷിച്ചുവച്ചു അത് അടുത്ത ചെക്‌പോസ്റ്റില്‍ കാണിച്ചു കൊടുക്കുകയും വേണം.
സുഹൃത്തുക്കളെ, കാടിന്റെ അവകാശികള്‍ വന്യജീവികളാണ് പിന്നെ ആദിവാസികളും. അതുകൊണ്ടെതന്നെ കാടിനുള്ളില്‍ കടന്നാല്‍ നാം ചില മര്യാദകള്‍ പാലിക്കണം. ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയോ അനാവശ്യമായി ഹോണ്‍ അടിക്കുകയോ ചെയ്യരുത്. കാടിനുള്ളില്‍ പ്ലാസ്റ്റിക് കവര്‍ ബോട്ടില്‍ എന്നിവ ഉപേക്ഷിക്കരുത്. തീ കൂട്ടരുത്, ബീഡി സിഗരറ്റ് എന്നിവ കെടുത്താതെ കളയരുത്. റോഡില്‍ പലയിടത്തായി വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോഡുകള്‍ അവഗണിക്കരുത്.
ചെക്‌പോസ്റ്റ് കഴിഞ്ഞു അല്‍പം അകലെ ഇടതുവശത്തായി ഫോറെസ്റ്റ് ഡോര്‍മിറ്റെറി കാണാം. അല്പം കൂടി പോയാല്‍ ഇടതുവശത്തുതന്നെ പെരിങ്ങല്‍കുത്ത് പവര്‍ പ്ലാന്റിലെക്കുള്ള വഴിയും കാണാം. കാടിന്റെ ഭംഗി ആസ്വദിച്ചു മിതമായ വേഗത്തില്‍ മാത്രം യാത്ര ചെയ്യുക. ഡ്രൈവര്‍ ഒഴിച്ചുള്ള എല്ലാവരും റോഡിനിരുവശവും ശ്രദ്ധയോടെ നോക്കിയിരിക്കണം. കുരങ്ങു, കരിംകുരങ്ങു, കാട്ടുകോഴി, മലയണ്ണാന്‍, വേഴാമ്പല്‍ എന്നിവയെ ഇഷ്ടംപോലെ കാണാം. പേടിപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കുന്ന പക്ഷി ഭീമന്‍ മലമുഴക്കി വേഴാമ്പല്‍ ഷോളയാര്‍ കാട്ടില്‍ ധാരാളം ഉണ്ട്. പക്ഷി നിരീക്ഷകര്‍ക്ക് കണ്ണിനു വിരുന്നായിരിക്കും ഈ വഴിയുള്ള യാത്ര. അടുത്ത കാലത്തായി മലക്കപ്പാറ ഭാഗത്ത് പുലി ഇറങ്ങുന്നതായി വാര്‍ത്തകള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധ നന്നായിരിക്കും. ഷോളയാര്‍ കാടുകളില്‍ ആനക്ക് യാതൊരുവിധ ക്ഷാമവും ഇല്ല അതുകൊണ്ടുതന്നെ ആന കൂട്ടങ്ങളെ കാണാന്‍ നല്ല സാധ്യത ഉണ്ട്. പിന്നെ മാന്‍, മ്ലാവ് എന്നിവയേയും ഭാഗ്യം ഉണ്ടെങ്കില്‍ കാണാം. കാട്ടില്‍നിന്നും കേള്‍കുന്ന ചെറിയ ശബ്ദങ്ങള്‍ പോലും കാതോര്‍ക്കണം.
ആനകള്‍ റോഡ് ക്രോസ് ചെയ്യുന്ന ചില സ്ഥലങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്തിരിക്കുന്നതു കാണാം ഇവിടെ ശ്രദ്ധിച്ചു വേണം വാഹനം ഓടിക്കാന്‍. റോഡില്‍ ആനകളെ കണ്ടാല്‍ വാഹനം നിറുത്തുക. ഹോണ്‍ അടിച്ചു അവയെ ശല്യം ചെയ്യരുത്. ലൈറ്റ് ഓണ്‍ ചെയ്തു അവയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നോക്കുകയും അരുത്. അല്‍പസമയത്തിന് ശേഷം അവ വഴി മാറി പോകുന്നതാണ്. അധവാ ആനകള്‍ വണ്ടിയുടെ നേരെ മുന്നോട്ട് വരികയാണെങ്കില്‍, വണ്ടി റിവേര്‍സ് എടുക്കണം. ആനകള്‍ സ്ഥിരമായി റോഡ് ക്രോസ് ചെയ്യുന്ന സ്ഥലത്തിന് വണ്ടി തടസ്സം ഉണ്ടാകുമ്പോള്‍ ആണ് ആനകള്‍ വണ്ടിയുടെ നേരെ വരുന്നത്.
വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞു ഇരുപതു കിലോമീറ്റര്‍ കൂടി യാത്ര ചെയ്താല്‍ ആനക്കയം പാലവും അടുത്ത്തന്നെ ആയി ഫോറെസ്റ്റ് ഓഫിസും കാണാം. വീട്ടില്‍ നിന്നും കൊണ്ടുവന്ന പ്രഭാത ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. ചെറിയ പാലവും പാലത്തിനടിയിലായി അരുവിയും. നല്ല തണുത്ത വെള്ളത്തില്‍ ഒരു കുളിയും ആവാം. എന്നാല്‍ അവിടെ അപകട മുന്നറിയിപ്പ് ബോഡ് ഉണ്ടെങ്കില്‍ അതിലെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.

അവിടെനിന്നും പന്ത്രണ്ടു കിലോമീറ്റര്‍ കൂടി പോയാല്‍ ഷോളയാര്‍ ഡാമിന്റെ പെന്‍സ്‌ട്രോക്കുകളും സര്‍ജു ടാങ്കും കാണാം അകലെ ആയി പവര്‍ ഹൌസും കാണാം. ഡാമില്‍നിന്നും പവര്‍ ഹൌസിലേക്ക് വള്ളം എത്തിക്കുന്നതിനാണ് പെന്‍സ്‌ട്രോക്കുകള്‍ ഉപയോഗിക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ പെന്‍സ്‌ട്രോക്കുകള്‍ അടക്കെണ്ടിവന്നാല്‍ പ്രഷര്‍ മൂലം പൈപ്പുകള്‍ പൊട്ടാതിരിക്കാനാണ് സര്‍ജു ടാങ്ക്.

പെന്‍സ്‌ട്രോക്കുകള്‍ കഴിഞ്ഞു ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ റോഡ് മോശമായി. എന്നാല്‍ വളരെ മോശമല്ല. തുടര്‍ന്ന് പത്തു കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍പ്പിന്നെ മലക്കപ്പാറ ചെക്‌പോസ്റ്റ് ആയി, ചെക്‌പോസ്റ്റ് എത്തുന്നതിനു അല്പം മുന്‍പ് മുതല്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിക്കുകയായി. വാഴച്ചാല്‍ ചെക്‌പോസ്റ്റില്‍ നിന്നും തന്ന രസീത് ഇവിടെ കാണിക്കണം. ചിലപ്പോള്‍ ഒരു പരിശോധനയും ഉണ്ടാകും.

ഷോളയാര്‍ കാടുകള്‍ കഴിഞ്ഞു ഇനി തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് യാത്ര. ചെക്‌പോസ്റ്റ് കഴിഞ്ഞു അഞ്ചു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഷോളയാര്‍ ഡാം കാണാം. ഡാമിന്റെ മുകള്‍ഭാഗം ചേര്‍ന്നാണ് വാല്‍പാറയിലേക്കുള്ള റോഡ്. അവിടെ വണ്ടി നിറുത്തി ഡാമിനു മുകളിലൂടെ അല്പം നടക്കാം.

അപ്പര്‍ ഷോളയാര്‍ ഡാം സാമാന്യം വലുതാണ്. ഈ ഡാമിന്റെ ക്യാച്ച്‌മെന്റ്ഏരിയ വളരെയധികം ദുരത്തില്‍ റോഡിനു സമാന്തരമായി കാണാം. ഡാമില്‍നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് വാല്പാറയിലേക്ക്. ‘ഉറളിക്കള്‍ അനമലൈ ടൈഗേര്‍ റിസര്‍വ്’ എന്ന ബോര്‍ഡ് വച്ച ഒരു ചെക്‌പോസ്റ്റ് വഴിയില്‍ കാണാം. എന്നാല്‍ ആ ചെക്‌പോസ്റ്റ് ജനവാസ കേന്ത്രത്തിലാണ് ഉള്ളത്. വാല്‍പ്പാറവരെയുള്ള റോഡിനു ഇരുവശവും ഇനി തേയിലത്തോട്ടങ്ങള്‍ തന്നെ. തൃശൂരില്‍നിന്ന് നാം ഇപ്പോള്‍ നൂറ്റി നാല്പത്തഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാണ് വാല്‍പാറയില്‍ എത്തിയിരിക്കുന്നത്.
ഊട്ടി പോലെ മനോഹരമായ ഒരു സുഖവാസ കേന്ദ്രം പ്രതീക്ഷിച്ചുകൊണ്ട് വാല്‍പാറയില്‍ എത്തിയവര്‍ തീര്‍ച്ചയായും നിരാശരാകും. എന്തെന്നാല്‍. കേരളത്തിലെ ഏതെങ്കിലും ചെറിയ ടൌണ്‍ ഇരുപത്തഞ്ചു കൊല്ലം മുന്‍പ് എങ്ങിനെയാണ് അതാണ് വാല്‍പാറ ഇപ്പോള്‍. തട്ടുകളായാണ് ടൌണ്‍. നിറയെ വളരെ ചെറിയ കടകള്‍. റോഡിനു ഇരുപുറവും വഴി വാണിഭക്കാരെ ഇഷ്ടം പോലെ കാണാം. പഴങ്ങളും പച്ചക്കറികളും നിലത്തു കൂട്ടിയിട്ടു വില്കുന്നത് കാണാം. കിലോക്ക് എണ്‍പത് രൂപയ്ക്കു ചക്ക ചുള പറിച്ചതും കിട്ടും. മലയാളവും തമിഴും ഇടകലര്‍ത്തി സംസാരിക്കുന്ന ജനങ്ങളാണ് വാല്‍പാറയില്‍ ഉള്ളത്.

ഉച്ചഭക്ഷണം കഴിക്കാന്‍ സ്ഥലം അന്വേഷിച്ചു നടക്കണ്ട. വാല്‍പാറയില്‍ ഒരു നല്ല ഹോട്ടല്‍ മാത്രമേ ഉള്ളൂ, ഹോട്ടല്‍ ഗ്രീന്ഹില്‍. വണ്ടി പാര്‍ക്ക് ചെയ്യാനും അവിടെ സൗകര്യം ഉണ്ട്. ഗ്രീന്ഹില്‍ ഹോട്ടലില്‍നിന്ന് പൊന്നി അരിയുടെ തൂവെള്ള നിറത്തിലുള്ള ചോറ് കിട്ടും. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കിട്ടും. ഭക്ഷണം കഴിഞ്ഞു അല്പസമയം ടൌണ്‍ ചുറ്റിക്കറങ്ങി നടക്കാം. കിലോക്ക് നൂറ്റി അന്‍പതു രൂപയ്ക്കു നല്ല തേയില കിട്ടും. മുന്നൂറു രൂപയ്ക്കു ഗ്രീന്‍ ടീയും.

ഇനി ഒരു ദിവസം വാല്‍പാറയില്‍ താമസിക്കണം എന്നുള്ളവര്ക് വേണ്ടി, ഗ്രീന്ഹില്‍ ഹോട്ടലില്‍ നാല്പതു മുറികളുണ്ട്. ആയിരത്തി നാനൂറു മുതല്‍ മുകളിലേക്കാണ് ഡബിള്‍ റുമിന്റെ വാടക. അല്ലെങ്കില്‍ രണ്ടായിരത്തി നാനൂറു രൂപയ്ക്കു അഞ്ചു പേരുടെ ഡോര്മിടെറി കിട്ടും. കൂടുതല്‍ ആളുകള്‍ ഉണ്ടങ്കില്‍ ബെഡിനു മുന്നൂറു രൂപ വെച്ച് എക്‌സ്ട്രാ കൊടുക്കണം. രാത്രി നല്ല തണുപ്പാണ്. ചിലവു കുറഞ്ഞ ഹോം സ്റ്റേകള്‍ ഇവിടെ ഇഷ്ടം പോലെയുണ്ട്. പത്തു പേര്‍ക്ക് തങ്ങാന്‍ പറ്റുന്ന രണ്ടു ബെഡ്‌റൂം വീടിനു ആയിരം കൊടുത്താല്‍ മതിയാകും. മലക്കപ്പാറ ചെക്‌പോസ്റ്റ് കഴിയുമ്പോള്‍ തന്നെ ഹോംസ്റ്റെകളുടെ ബോര്‍ഡ് കണ്ടു തുടങ്ങും. കുറച്ചു ഹോം സ്റ്റേ കളുടെ ഫോണ്‍ നമ്പര്‍ തരാം.

St. joseph home stay 09442482736 Near malakapaara check post
Rock valley home stay 09443055017 Between malakapaara and vaalpaara
Green cottage 09349055955 Between malakapaara and vaalpaara
Pavin home stay 09443194353 Vaalpaara
Hotel Green hill 09443409589, 04253 222861 Vaalpaara

തിരക്കിനിടയില്‍ ഒരുകാര്യം മറന്നു പോയി. യാത്ര മോട്ടോര്‍ സൈകിളില്‍ ആണെങ്കില്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ഒരു ബൈക്കില്‍ രണ്ടു പേരാണ് എക്കൊനോമിക്കല്‍. ഒരു ദിവസംകൊണ്ട് മുന്നൂറു കിലോമീറ്റര്‍ യാത്ര ചെയ്യുന്നത് കടുത്ത ടാസ്‌ക് തന്നെയാണ്. ഒന്നിലധികം ബൈക്കുകള്‍ ഉണ്ടെങ്കില്‍ ആരും കൂട്ടം തെറ്റി പോകാതെ നോക്കണം. പരസ്പരം കാണാവുന്ന അകലത്തിലേ ബൈക്കുകള്‍ ഓടിക്കാവൂ. ഏകദേശം നാല്പതു കിലോമീറ്റര്‍വരെ സ്പീഡ് ആണ് സുരക്ഷിതം. ശ്രദ്ധിക്കുക, ഈ വഴിയില്‍ എല്ലായിടത്തും മൊബൈല്‍ഫോണ്‍ റേഞ്ച് ഇല്ല അതുകൊണ്ടുതന്നെ കൂട്ടം തെറ്റി പോയാല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു കണ്ടുപിടിക്കാം എന്ന വ്യാമോഹം വേണ്ട. ഇതുപോലുള്ള വഴികളില്‍ കൂടി യാത്രചെയ്യുമ്പോള്‍ കൂട്ടം തെറ്റിയ ആളെ കണ്ടുപിടിക്കാന്‍ സാധാരണ SMS ആണ് നല്ലത്.


ഇനി വാല്‍പാറയില്‍ നിന്നുമുള്ള മടക്കയാത്ര തുടങ്ങാം. ഉച്ചക്ക് രണ്ടു മണിക്ക് മുന്പായി തന്നെ വാല്‍പാറയില്‍നിന്നും പുറപ്പെടണം. നമ്മുടെ അടുത്ത സ്റ്റോപ്പ് ആളിയാര്‍ ഡാം ആണ്. വാല്‍പാറയില്‍ നിന്നും ആളിയാര്‍ ഡാമില്‍ എത്താന്‍ നാല്പതു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഈ നാല്‍പതു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നാല്പതു ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. റോഡ് വളരെ നല്ലതാണ് എങ്കിലും നിറയെ വളവും തിരിവും ആയതുകൊണ്, വളരെ ശ്രദ്ധിച്ചു വേണം ഡ്രൈവ് ചെയ്യുവാന്‍. ഏകദേശം പകുതി വഴി പിന്നിടുമ്പോള്‍ തന്നെ അകലെ താഴ്ചയില്‍ ഒരു വലിയ കുളം പോലെ ആളിയാര്‍ ഡാം കണ്ടു തുടങ്ങും. പിന്നെയുള്ള ഓരോ വളവിലും ഡാം വലുതായി വരുന്നതായി തോന്നും. ഡാം എത്തുന്നതിനു മുന്‍പ് ഒന്ന് രണ്ടു വ്യൂ പോയിന്റ്കള്‍ ഉണ്ട്. അവിടെ വണ്ടി നിറുത്തി ഡാമിന്റെ മനോഹാരിത ആസ്വദിക്കാം.

മങ്കി ഫാള്‍സ് എന്ന ഒരു ചെറിയ വെള്ളച്ചാട്ടവും വഴിയിലുണ്ട്. ടിക്കറ്റ് എടുത്തിട്ട് വേണം ഈ വെള്ളച്ചാട്ടം കാണാന്‍ ഇവിടെ കുളിക്കാനും സൗകര്യം ഉണ്ട്. ഒരു കാര്യം ശ്രദ്ധിക്കണം. ഈ വഴിയില്‍ പലയിടത്തും പിന്നെ മങ്കി ഫാള്‌സിലും കുരങ്ങന്‍മാരുടെ കൂട്ടം കാണാം. ഇവയെ ശ്രദ്ധിക്കണം. കയ്യിലിരിക്കുന്ന ബാഗുകള്‍ ഭക്ഷണ സാധനങ്ങള്‍ കൂടാതെ വണ്ടിയുടെ ഉള്ളിലുള്ള വസ്തുക്കള്‍ വരെ ബലമായി ഇവ പിടിച്ചടക്കും. ശാരീരിക ഉപദ്രവവും ഉണ്ടാകും.
ഒരു വലിയ സിമന്റ് ടാങ്ക് പോലെയാണ് ആളിയാര്‍ ഡാം. മൂന്ന് വശവും റോഡ്. കേരളത്തില്‍ നിന്നാണ് ആളിയാര്‍ ഡാമില്‍ വെള്ളം എത്തുന്നത്. വെള്ളം അളന്നു കൊടുക്കാന്‍ വേണ്ടി കേരള സര്‍കാരിന്റെ ഓഫീസും ഉധ്യോഗസ്ഥരും അവിടെ സ്ഥിരമായുണ്ട്. ആളിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ടാണ് തമിഴ്‌നാടിന്റെ പൊള്ളാച്ചി അടക്കമുള്ള പ്രദേശങ്ങളില്‍ കൃഷിക്ക് വെള്ളം എത്തുന്നത്. ടിക്കറ്റ് എടുത്തിട്ടുവേണം ഡാമിന്റെ ഉള്ളില്‍ കയറുവാന്‍. ഡാമിനോട് ചേര്‍ന്ന പൂന്തോട്ടം അത്യാവശ്യം നന്നായിത്തന്നെ സംരക്ഷിക്കുന്നുണ്ട്. വളരെയധികം പടികള്‍ കയറി വേണം ഡാമിന്റെ മുകളില്‍ എത്തുവാന്‍. ഡാമില്‍ വലിയ കുട്ടയിലുള്ള സവാരിയും സ്പീഡ് ബോട്ടും ഉണ്ട്.

ലൈഫ്‌ബോയ് പോലെയുള്ള മുന്‍കരുതല്‍ ഒന്നും ഇല്ല. ഡാമിനു പുറത്തു റോഡ് സൈഡില്‍ തന്നെ ധാരാളം വഴി വാണിഭക്കാരെ കാണാം. പുളിയില്ലാത്ത ഒരുതരം മാങ്ങ നീളത്തില്‍ മുറിച്ചു ഉപ്പും മുളകും ചേര്‍ത്ത് വില്‍ക്കുന്നത് കാണാം. അതുപോലെ തന്നെ പൈന്‍ആപ്പിളും കിട്ടും. കപ്പലണ്ടിയും കടലയും പുഴുങ്ങിയതും വില്പനക്കുണ്ട്. കൂടാതെ ഡാമില്‍നിന്നും പിടിച്ച ഫ്രഷ് മത്സ്യം നന്നാക്കി മുളക് ചേര്‍ത്ത് പൊരിക്കാന്‍ റെഡിയായി തൂക്കി ഇട്ടിരിക്കുന്നത് കാണാം. ഒരു കഷണം ഇരുപതു രൂപ. അപ്പോള്‍ തന്നെ പൊരിച്ചു തരും. ഒന്നര കിലോ തൂക്കമുള്ള ഒരു മുഴുവന്‍ മത്സ്യം ഏകദേശം നാനൂറു രൂപയ്ക്കു പൊരിച്ചു തരും.

ഇനിയുള്ള യാത്രയില്‍ കാര്യമായിട്ടൊന്നും കാണാനില്ല. തൃശ്ശൂരില്‍ തിരിച്ചെത്താന്‍ ഇനി നൂറ്റി പതിനാലു കിലോമീറ്റര്‍ യാത്ര ചെയ്യണം. പൊള്ളാച്ചി വഴിയാണെങ്കില്‍ വഴി അല്പം കൂടി കൂടും. ആളിയാര്‍ ഡാമില്‍ നിന്നും പൊള്ളാച്ചി റോഡില്‍ പത്തു കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ N M ചുങ്കം എന്ന ജങ്ഷന്‍ ആയി. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞു പതിനഞ്ചു കിലോമീറ്റര്‍ കൂടി പോയാല്‍ അമ്ബ്രംപാളയം എന്ന ജങ്ഷന്‍ ആയി. ഈ ജങ്ഷനില്‍ നിന്നും തൃശൂര്‍ റോഡിലേക്ക് തിരിയണം. ശ്രദ്ധിക്കുക പാലക്കാട് റോഡിലേക്ക് തിരിയരുതു. ഈ റോഡിലൂടെ ഏഴു കിലോമീറ്റര്‍ കൂടി പോയാല്‍ കേരള അതിര്‍ത്തിയായ ഗോവിന്ദാപുരം എത്തും. ചെക്‌പോസ്റ്റില്‍ പ്രത്യേകിച്ച് പരിശോധനകള്‍ ഒന്നും ഇല്ല. ഏഴു കിലോമീറ്റര്‍ കൂടി പോയാല്‍ കാംബ്രതിചെള്ള എന്ന സ്റ്റോപ്പ് ആയി. കാംബ്രതിചെള്ളയിലെ ഹോട്ടല്‍ മുരളി നല്ല ദോശക്കു പ്രസിദ്ധമാണ്. അവിടെനിന്നും ആറു കിലോമീറ്റര്‍ അകലെയാണ് കൊല്ലംകോട്. കൊല്ലംകോട് നിന്നും നെന്മാറയിലേക്ക് പന്ത്രണ്ടു കിലോമീറ്റര്‍. പതിനാലു കിലോമീറ്റര്‍ കൂടി പോയാല്‍ തൃശൂര്‍ പാലക്കാട് ഹൈവേയില്‍ വടക്കുംചേരിയില്‍ കയറാം. നേരെ ഇടത്തോട്ട് തിരിഞ്ഞു മുപ്പത്തിനാലു കിലോമീറ്റര്‍ കൂടി യാത്രചെയ്യുമ്പോള്‍ തൃശ്ശൂരില്‍ തിരിച്ചെത്താം. കുതിരാന്‍ പുതിയതായി ടാര്‍ ചെയ്തതുകൊണ്ടു ഈ വഴി പഴയത് പോലെ യാത്രക്കാരുടെ പേടിസ്വപ്നം അല്ല.

വാല്‍കഷണം – ഏതോ ഒരു മഹാന്‍ പറഞ്ഞത് ഇപ്പോള്‍ ഓര്മ വരുന്നു. വിരസമായ ജീവിതത്തില്‍നിന്നും അല്പം സന്തോഷം കിട്ടാനായി നാം യാത്ര ചെയ്യുന്നു. യാത്ര കഴിഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നമുക്ക് ആ സന്തോഷം കിട്ടുന്നു. വിരസം ആണെന്ന് നാം കരുതുന്ന ആ പഴയ ജീവിതത്തെയും സ്വന്തം വീടിനേയും നാം എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നു ഒരു യാത്ര കഴിഞ്ഞു വരുമ്പോളാണ് നാം തിരിച്ചറിയുന്നത്.

സ്‌നേഹപൂര്‍വ്വം
ഹാഫിസ് 9895057208

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757