Uncategorizedzero hour

തുരുമ്പിച്ച ഇരുമ്പുമറ – ചാക്യാര്‍

തികച്ചും അപ്രതീക്ഷിതമായാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് എന്നു പറഞ്ഞാല്‍ തെറ്റുണ്ടാവാന്‍ വഴിയില്ല. കാരണം വി.എസ് അച്ചുതാനന്ദന്‍ പ്രതിപക്ഷനേതാവായി കേരളത്തില്‍ ജീവനോടെ (ആരോഗ്യത്തോടെ)ഓടി നടക്കുന്നുണ്ടായിരുന്നല്ലോ.. ജനകീയസമരങ്ങളുടെ മുന്‍നിരയിലും ജനമനസുകളുടെ ഉള്‍തുടുപ്പിലും തന്നെയായിരുന്നു അദ്ധേഹത്തിന്റെ അന്നത്തേയും ഇന്നത്തേയും സ്ഥാനം. മലമ്പുഴയില്‍ നിന്നും അദ്ധേഹം മല്‍സരിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ പാരമ്പര്യമനുസരിച്ച് (ഗ്രൂപ്പില്ല എന്ന് സങ്കല്‍പ്പിച്ചുകൊണ്ട്) പ്രതിപക്ഷനേതാവായി അദ്ധ്വാനിച്ചു വിയര്‍പ്പൊഴുക്കിയ വി.എസ് തന്നെയാണല്ലോ അധികാരം കിട്ടുമ്പോള്‍ വര്‍ഗസിദ്ധാന്തപ്രകാരം നേതാവാകേണ്ടത്. വയലിലെ പണിക്ക് വരമ്പത്ത് കൂലി എന്ന് പ്രഖ്യാപിക്കുന്ന നേതാവ് പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ വിശേഷിച്ചും. പിണറായിയും പുതിയ കുപ്പായം തുന്നി മല്‍സരിക്കുന്നത് കണ്ട് പലരും ചോദിച്ചിരുന്നു. ജയിച്ചാല്‍ ആരു മുഖ്യമന്ത്രിയാകുമെന്ന്. ക മാ ന്നൊരക്ഷരം യെച്ചുരി പറഞ്ഞില്ല. പിണറായി ലാവ്‌ലിനിലെ പ്രതിപട്ടികയിലുള്ളത് കൊണ്ട് മറിച്ചൊരു ധ്വനി വരുത്തി തീര്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ, ജയിച്ചപ്പോഴാകട്ടെ പിണറായി മുഖ്യനാവുകയും വിഎസ് ഫിഡല്‍ കാസ്‌ട്രോയാവുകയും ചെയ്തു. ധീരനായ കമ്മ്യൂണിസ്റ്റായതു കൊണ്ട് അദ്ധേഹത്തിനു കാശിക്ക് പോകാനുള്ള വകയുണ്ടായില്ല. ഇപ്പോള്‍ വാര്‍ധക്യകാല പെന്‍ഷനായി ഭരണപരിഷ്‌കാര കമ്മീഷനില്‍ കഞ്ഞിക്കുള്ള മാര്‍ഗം കണ്ടെത്തി ജീവിച്ചുപോകുന്നു. പക്ഷെ, അദ്ധേഹത്തിനു ഈ കമ്മീഷനിലൊന്നും വിശ്വാസമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

ഏറെ പ്രതീക്ഷകളോടെയാണ് പിണറായി മുഖ്യമന്ത്രിയായത് എന്ന് വിശേഷിപ്പിനൊക്കെ അസാമാന്യതൊലിക്കട്ടിയുള്ളവര്‍ക്കേ കഴിയൂ. നല്ല കാര്യങ്ങള്‍ ധാരാളമായി ചെയ്യുന്ന കാര്യത്തില്‍ മിടുക്കന്മാര്‍ ലോകത്ത് തന്നെ ഞങ്ങളാണ് എന്ന മട്ടിലാണ് ഇടതന്മാരുടെ സംസാരം. ചെറുപ്പം മുതല്‍ മാനിഫെസ്റ്റോയൊക്കെ വായിച്ചു വളരുതുകൊണ്ട് ഇവര്‍ക്കല്ലെങ്കിലും സംസാരം കൂടും. ധനകാര്യത്തെ സംബന്ധിച്ച് പല പ്രവചനങ്ങളും നടത്തുന്ന തോമസ് ഐസകിന്റെ മട്ട് കണ്ടാല്‍ സാക്ഷാല്‍ ഐസക് ന്യൂട്ടനാണെ് തോന്നിപ്പോകും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച എല്ലായിടത്തും ആദ്യമൊക്കെ ഇങ്ങിനെതന്നെയായിരുന്നുതാനും. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് അവരങ്ങ് വീര്‍പ്പുമുട്ടിക്കും. സന്തോഷം കൊണ്ട് ജനത്തിന് ഇരിക്കപ്പൊറുതിയില്ലാതാകും. . പിന്നെ അവരറിയാതെ തനിനിറം പുറത്തുവരും. അധികാരത്തിന്റെ ഹുങ്കില്‍ സംസാരിക്കാനും പെരുമാറാനും തുടങ്ങും. വിഎസിനോട് ചെയ്തതുപോലെ വോട്ടുചെയ്ത ജനങ്ങളോടും ചെയ്യും. പാര്‍ട്ടി ഭരിച്ച മറ്റെല്ലായിടത്തെയും അവസ്ഥ മാലോകര്‍ക്കറിയാമല്ലോ. പണ്ടിവടെ പാര്‍ട്ടി ഭരിച്ചിരുന്നുവെന്ന ചരിത്രവും പൗരധര്‍മവും പഠിപ്പിച്ചുകൊടുക്കേണ്ടുന്ന അവസ്ഥയിലാണ്അവരിന്നുള്ളത്. ബംഗാളില്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ കൈപ്പത്തിയില്‍ അരിവാള്‍ പതിച്ചുകൊടുത്തിട്ടും മമത പുല്ലുവില കല്‍പ്പിക്കാതിരുന്നതിന്റെ കുണ്ഠിതത്തിലാണ് പാവം സീതാറാം യച്ചൂരി. ചെറിയ കാറുകളുണ്ടാക്കുന്ന വലിയ കമ്പനിക്ക് ഭൂമി ചുളുവിലക്ക് കൊടുക്കാന്‍ അധികാരത്തിന്റെ തിണ്ണബലം കൊണ്ട് പാവം ജനങ്ങളെ കൈകാര്യം ചെയ്തപ്പോള്‍ അവര്‍ തിരിഞ്ഞുകുത്തിയതിന്റെ ഫലമാണല്ലോ ഇപ്പോള്‍ അനുഭവിക്കുന്നത്.
പാര്‍ട്ടി ഭരിക്കുന്നയിടങ്ങളില്‍ ഇരുചെവിയറിയാതെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഒരു മറ വന്നുവീഴുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ മറ എല്ലാവര്‍ക്കുമൊന്നും കാണാന്‍ പറ്റില്ല. എല്‍.സി സെക്രട്ടറിയാവുകയെന്നതാണ് മറ അടുത്തുകാണുവാനുള്ള മിനിമം യോഗ്യത. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ ഭരിക്കുന്ന കാലം മുതല്‍ക്കേ തന്നെ ഇതു രൂപപ്പെട്ടിരുന്നു. ഇരുമ്പുമറ എന്നാണ് അത് അറിയപ്പെട്ടിരുന്നത്. മിഖായില്‍ ഗൊര്‍ബച്ചോവ് വന്നു പെരിസ്ട്രായിക്ക, ഗ്ലാസ്‌നോസ്ത് എന്നൊക്കെ ഉച്ചരിച്ചുതുടങ്ങിയപ്പോഴാകട്ടെ ഇരുമ്പുമറ പൊളിഞ്ഞുതാഴെ വീഴുകയും ചെയ്തു. അതിലേറ്റവുമധികം സന്തോഷിച്ചതു അവിടത്തെ ദന്ത ഡോക്ടര്‍മാരായിരുന്നു. കാരണം ജനങ്ങള്‍ക്ക് വായ തുറക്കാനാവകാശമില്ലാതിരുന്നതുകൊണ്ട് അതുവരെ അവര്‍ പല്ലുചികില്‍സ നടത്തിയിരുന്നത് മൂക്കിലൂടെയായിരുന്നുവത്രെ. ഇരുമ്പു മറ പോയതോടു കൂടി പക്ഷെ, ഭരണവും പോയതാണ് റഷ്യയുടെ അനുഭവം.

പിണറായി സഖാവ് സോവിയറ്റ് അനുഭവങ്ങള്‍ അവഗാഹത്തോടെ പഠിച്ചിട്ടുള്ള(ഐസകിന്റയത്രയും വരില്ലെങ്കിലും) കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥിയാണ്. കാര്യങ്ങള്‍ എങ്ങിനെ നടത്തണമെന്ന് അദ്ധേഹത്തിനു നന്നായറിയാം. അതിനു പാര്‍ട്ടിക്കാരുടെയോ മുന്നണിയുടേയോ സഹായം പോലും അദ്ധേഹത്തിനു ആവശ്യമുണ്ടാകാന്‍ വഴിയില്ല. ഭരണയന്ത്രം ഇരുമ്പുമറയുടെ സഹായത്തോടെ വളച്ചുതിരിക്കാനാണ് പിണറായി പരിശ്രമിക്കുത്. മുഖ്യമന്ത്രി പി. ആര്‍ പണിയെടുക്കേണ്ടയാളല്ല എന്നദ്ധേഹം പറഞ്ഞപ്പോള്‍ കയ്യടിച്ച മാന്യദേഹങ്ങളെല്ലാം തന്നെ ഇപ്പോള്‍ അടിച്ച കൈ തിരിച്ചെടുക്കാന്‍ കഴിയാത്ത വിഷമത്തിലാണ്. ക്യാബിനെറ്റിന് ശേഷം എല്ലാ ആഴ്ച്ചയും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കണ്ടാലെന്താ കുഴപ്പമെന്നു ചോദിക്കുവാന്‍ ഒരു സിപിഐക്കാരന്‍ പോലും ധൈര്യം കാണിച്ചില്ല. ഒളിപ്പിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് ധാരാളം കാര്യങ്ങളുണ്ടെന്നതിന്റെ സൂചനയായിരുന്നുവത്. പിന്നീട് ക്യാബിനറ്റ് തീരുമാനങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായി പ്രഖ്യാപനം. അതിനു സഖാവേ മന്ത്രിസഭ പോളിറ്റ് ബ്യൂറോയല്ലല്ലോ എന്നു ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്ന ആര്‍. എസ്. പി പക്ഷെ, ഇപ്രാവിശ്യം മുന്നണിയിലുണ്ടായില്ല. ദാമോദരന്‍ വക്കീലിന്റെ മുഖ്യഉപദേശകനായുള്ള വരവോടെ മുഖ്യമന്ത്രിയുടെ മനസിലുള്ളത് ജനം മാനത്തു കണ്ടു. അതിനിടയിലാണ് ദേശീയപാതയുടെ നീളത്തിന്റെയും വീതിയുടേയും കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും സഖാവ് പ്രഖ്യാപിച്ചുകളഞ്ഞത്. ഇപ്പോള്‍ ആഗോളകുത്തകകളുടെ പ്രിയതോഴിയായ ഗീതാ ഗോപിനാഥിനെ സാമ്പത്തികഉപദേഷ്ടാവായി വാഴിക്കുന്നതോടെ വി. എസ് എന്തുകൊണ്ടാണ് ഈ തൊണ്ണൂറാം വയസിലും മുഖ്യമന്ത്രിയാകാന്‍ നിര്‍ബന്ധം കാണിച്ചതെന്നതിന്റെയര്‍ഥം ജനത്തിനു ശരിക്കും മനസിലായിതുടങ്ങിയിരിക്കുന്നു. പിണറായി ഇടതുപക്ഷത്തിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകാനുള്ള കുളംകുത്തല്‍ (കുലം കുത്തല്‍ എന്നും പറയാം) യജ്ഞത്തിലാണ്.
മുഖ്യമന്ത്രിയോടും പാര്‍ട്ടിയംഗങ്ങളോടും ഇടതു സഹായാത്രകരോടും രണ്ടുകാര്യങ്ങള്‍ കളി കണ്ടു നില്‍ക്കുന്നവര്‍ പറഞ്ഞുകൊള്ളട്ടെ. സര്‍ക്കാരിനെതിരെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന ദാമോദരന് നിയമ ഉപദേശകനും മോദി സര്‍ക്കാരിന്റെ അരുമയും ഉദാരീകരണത്തിന്റെ ഉറ്റവളുമായ ഗീതാ ഗോപിനാഥിന് സാമ്പത്തീക ഉപദേശകനുമാകാമെങ്കില്‍ കാണികളും കളി പറയുന്നതില്‍ തെറ്റൊന്നുമില്ല.. ഭരണത്തിന്റെ ആയുസിന് അതു ഏറെ സഹായകവുമാണ്.
ഇരുമ്പു മറ ഏറെ തുരുമ്പു പിടിച്ചതാണെന്നും അതിനി ഉപോയോഗിക്കരുതെന്നുമാണ് ഒന്ന്ാമത്തെ ഉപദേശം.
വി.എസിനോട് യു. എസി. നോടെന്ന വണ്ണം പെരുമാറരുതെന്നാണ് രണ്ടാമത്തേത്.
ബംഗാളില്‍ നിന്നും ധാരാളം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തുരുമ്പിച്ച ഇരുമ്പുമറകളില്‍ നിന്നും പിടിവാശി അല്‍പ്പമൊക്കെ ഉപേക്ഷിച്ചു പുറത്തുവരുതല്ലേ ഭംഗി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757