cultural

നാല് കവിതകള്‍

സി.വി.എന്‍ ബാബു

ചിത്രീകരണം
എം.കെ പകല്‍വന്‍

ദലിത്
ദലിതരെന്ന് നിങ്ങള്‍ സ്വയം
പറയരുത്
ഞങ്ങള്‍ വിളിച്ചോളാം
നിങ്ങളുടെ പറച്ചില്‍
ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്
പാതാളത്തോളം ചവിട്ടി താഴ്ത്തിയ ഞങ്ങടെ കാലുകള്‍
ചുട്ട് പഴുക്കുന്നുണ്ട്…
ചരിത്രത്തിലൂടെ നിങ്ങളെ വലിച്ചിഴച്ച ചോരപ്പാടുകള്‍ നിലവിളിക്കുന്നുണ്ട്..
ഞങ്ങള്‍ വലിച്ച് കീറിയ കറുത്ത യോനികളിലെ ആഴത്തിലെ മുറിവുകള്‍ കൂടിച്ചേരുന്നുണ്ട്
ഞങ്ങള്‍ കെട്ടിത്തൂക്കിയ മരക്കൊമ്പുകളില്‍
കെണിയൊരുങ്ങുന്നുണ്ട്
ചുട്ടുകൊന്നവര്‍ ഇനിയുമണയാത്ത പന്തങ്ങളായെരിയുന്നുണ്ട്
അത്‌കൊണ്ട് നിങ്ങള്‍ നിങ്ങളെ മനുഷ്യരെന്ന് വിളിക്കുക
വര്‍ഗമെന്നോ ഹിന്ദുവെന്നോ വിളിക്കുക.
ദലിതരെന്ന് മാത്രം പറയാതിരിക്കുക.

ഏകാന്തത
അമ്മയേയും അച്ഛനേയും
ചേര്‍ത്ത് നിറുത്തി പകര്‍ത്തിയ ഫോട്ടോകളില്‍
ഫോക്കസൗട്ടായ എത്രയോ മാതാപിതാക്കള്‍
ഗ്യാലറിയുടെ
ഏകാന്തതയിരുന്ന്
കരയുന്നവരും ഉണ്ട്
ക്രോപ്പ് ചെയ്ത മക്കളെയോര്‍ത്ത്

‘മെയ്’ ദിനം
മെയ്യനങ്ങാതിരുന്ന്
കീ ബോഡില്‍ താളം പിടിച്ച്
ഞാനുമാശംസിക്കുന്നു
സുഹൃത്തേ മെയ്ദിനം
വയലായ വയലെല്ലാം നികത്തി
തമിഴന്റെ അരിശിയില്‍
ചോറ് തിന്ന് വളിവിട്ട’്
ഞാനുമാശംസിക്കുന്നു
സുഹൃത്തേ മെയ്ദിനം
തെങ്ങും തേങ്ങാവെള്ളവും മറന്ന്
പതഞ്ഞൊഴുകും കോളയുടെ മഹിമയില്‍
തൂങ്ങിയാടും കര്‍ഷകന്റെ
വിറങ്ങലിച്ച ശവത്തിനടിയില്‍
കുറിക്കുന്നു സുഹൃത്തേ..
മെയ്ദിനാശംസകള്‍…

പാതി
പങ്കിട്ട്‌ തിന്നുമ്പോള്‍
പകുതിയേ കിട്ടൂ..
ഒറ്റക്ക് തിന്നുമ്പോള്‍
ഒന്നിച്ച് തിന്നാം
ഒന്നിച്ച് തിന്നാലൊന്നും ബാക്കിയില്ല
തിന്ന പാതിയേക്കാള്‍ രുചി
തിന്നാത്ത പാതിക്ക്.
പങ്കിട്ട് തിന്നാം
ബാക്കി വെക്കാം
ഇനിയും തിന്നാനൊരു
പൂതി ബാക്കിയാക്കാം

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757