Uncategorized

നോട്ട് നിരോധനം; രാജ്യം അടിയന്തരാവസ്ഥയിലേക്ക്

നോട്ട് അസാധു:
രാഷ്ട്രീയ അടിയന്തിരാവസ്ഥയിലേക്ക് ഒരു വാതില്‍ മാത്രം

നവംബര്‍ എട്ട് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദൂരദര്‍ശന്‍ വഴി രാജ്യത്ത് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്നു 1000, 500 രൂപയുടെ കറന്‍സികള്‍ റദ്ദാക്കിയ പ്രഖ്യാപനം വമ്പിച്ച ഞെട്ടലോടെയാണ് രാജ്യത്തിലെ ഒരോ പൗരനും കേട്ടത്. അന്ന് അര്‍ധരാത്രി മുതല്‍ കറന്‍സി മൂല്യത്തിന്റെ 85 ശതമാനം വരുന്ന നോട്ടുകള്‍ അസാധുവായിരിക്കുന്നു. അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദത്തെയും രാജ്യത്ത് വര്‍ധിച്ചുവരുന്ന കള്ളപ്പണത്തെയും വിപണിയിലെത്തുന്ന കള്ളനോട്ടിനെയും പരിപൂര്‍ണമായി ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു കടുത്ത തീരുമാനം നടപ്പിലാക്കുന്നതെന്ന മോദിയുടെ വൈകാരിക പ്രഭാഷണം സാമ്പത്തിക വിദഗ്ദര്‍മുതല്‍ സാധാരണക്കാര്‍വരെ അമ്പരപ്പോടെ ഉള്‍കൊണ്ടു. രാജ്യം ഇന്നുവരെ കാണാത്ത ഏതോ വികസന ചക്രവാളത്തിലേക്ക് കുതിക്കുന്നതിന് രാജ്യവാസികള്‍ ബലിനല്‍കേണ്ട ത്യാഗമാണ് കുറച്ചുദിവസത്തെ പ്രതിസന്ധികളെന്ന പ്രചാരണത്തില്‍ കുറേയാളുകള്‍ വിശ്വസിച്ചു.

ബാങ്കുകള്‍ക്ക് മുമ്പിലെ ക്യൂ ദിനങ്ങള്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വഴിമാറി. പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലും കുമ്മനം രാജശേഖരനും വരെ വാക്കുമാറ്റി. ബാങ്കിന് മുന്നിലെ ക്യൂവിന് യാതൊരു മാറ്റവുമുണ്ടായില്ല. വരണ്ടുപോയ അങ്ങാടികളും ശൂന്യമായ തൊഴിലിടങ്ങളും യാതൊരു മാറ്റവുമില്ലാതെ പകച്ചുനില്‍ക്കുന്നു. തുറന്നത് വികസനത്തിന്റെ അത്ഭുതവിളക്കല്ലെന്നും ദുരന്തത്തിന്റെ പണ്ടോറയുടെ പെട്ടിയാണും ഇന്ന് ഓരോ പൗരനും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

യുദ്ധാനന്തര അവസ്ഥയാണ് ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. നമ്മെ ആരും ആക്രമിച്ചില്ല. ഒരു ബോംബും ആകാശത്തുനിന്ന് പെയ്തില്ല. എന്നിട്ടും, ഭരണകൂടം പടച്ചുവിട്ട ദുരന്തത്തിന്റെ കെടുതി രാജ്യനിവാസികളുടെ മുമ്പില്‍ വാപിളര്‍ന്ന് നില്‍ക്കുകയാണ്. യുദ്ധചിത്രം പോലെ പൗരന്‍മാര്‍ റേഷനായി ലഭിക്കുന്ന പണത്തിനുവേണ്ടി ബാങ്കുകള്‍ക്ക് മുമ്പില്‍ നിസ്സഹായരായി, അനന്തമായ ക്യൂവില്‍ നില്‍ക്കുന്ന ദയനീയത രാജ്യത്തുടനീളം പ്രത്യക്ഷമായി. സമഗ്രാധിപത്യ പ്രവണതയുള്‍കൊണ്ട പ്രധാനമന്ത്രി സാമ്പത്തിക അടിയന്തിരാവസ്ഥയാണ് പ്രഖ്യാപിച്ചതെന്ന വസ്തുത പതുക്കെയാണങ്കിലും വ്യക്തമാകുകയാണ്. പണച്ചുരുക്കത്തിന്റെ ദുരന്തം സാധാരണ പൗരന്റെ പുതുവര്‍ഷത്തെ ഭീതിദമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ അടിയന്തിരാവസ്ഥയിലേക്ക് ഇനി അധികദൂരമില്ലെന്ന് ഉള്‍ക്കാഴ്ചയുള്ളവര്‍ ഭീതിയോടെ നല്‍കുന്ന മുന്നറിയിപ്പ് തള്ളിക്കളയാന്‍ നമുക്കാവില്ല. എങ്ങിനെയാണ് ഈ സംഘടിതമായ കൊള്ള നടന്നതെന്ന് വൈകാരികതകളുപേക്ഷിച്ച് നമുക്ക് പരിശോധിക്കാം. ഭരണാധികാരികളെ തീക്ഷ്ണമായി വിചാരണ ചെയ്യാന്‍ ജാഗ്രതയും ഓര്‍മകളും കണക്കുകളും നമ്മെ സഹായിക്കും.

നോട്ട് നിരോധനത്തില്‍ സാധാരണക്കാരന് സംഭവിച്ചത്

മാസം ഒന്ന് കഴിഞ്ഞിട്ടും ബാങ്കുകളിലെ അവസാനിക്കാത്ത ക്യൂ വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലയെന്നതിന്റെ തെളിവാണ്. രാജ്യത്തിലെ മുഴുവന്‍ എ.ടി.എമ്മും പുതിയ നോട്ടിന്റെ വലിപ്പവ്യത്യാസം കാരണം ആദ്യ മൂന്ന് ദിവസം നിശ്ചലമായി. ഇപ്പോഴും 40 ശതമാനം എ.ടി.എമ്മുകളും അടഞ്ഞുതകെിടക്കുന്നു; കാരണം, പണച്ചുരുക്കവും സാങ്കേതിക പ്രശ്‌നങ്ങളും. നീണ്ട ക്യൂ നിന്ന് ലഭിച്ചതാകട്ടെ 2000 രൂപ നോട്ടും. 1000വും 500ഉം ഇല്ലെങ്കില്‍ 2000 നിഷ്പ്രയോജന നോട്ടാെണ കറന്‍സി ശാസ്ത്രത്തിന്റെ പ്രാഥമിക പാഠംപോലും മോദിയുടെ ബുദ്ധിജീവികള്‍ക്ക് പിടിപാടില്ലെന്ന് വെളിപ്പെടുന്നു. ആവശ്യത്തിന് ചെറുനോട്ടുകള്‍ കൂടി ഇല്ലാതായതോടെ പ്രതിസന്ധികളുടെ പെരുമഴ തുടങ്ങുകയായിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ എടുത്തുചാടിയുള്ള ഒരേര്‍പ്പാടാണ് നടന്നതെന്ന് പിന്നീടുള്ള ഓരോ പ്രസ്താവനകളും നീക്കങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു. പോസ്‌റ്റോഫീസിനെയും പെട്രോള്‍ പമ്പുകളെയും സാമ്പത്തിക വിനിമയത്തിന് വിശ്വസിക്കുകയും സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണാലയമാക്കി പൈശാചികവത്കരിക്കുകയും ചെയ്തതില്‍ നിന്ന് മനസ്സിലാക്കാം, ജനബന്ധമില്ലാത്ത കേന്ദ്രഭരണകൂടത്തിന്റെ വിഡ്ഢിത്തങ്ങളുടെ ആഴം.

ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ ഏതാണ്ട് കച്ചവടം ഇല്ലാത്ത അവസ്ഥയിലായി. വിളവെടുത്ത കൃഷി ഉല്‍പങ്ങള്‍ വാങ്ങാനാളില്ലാതെ വിലയിടിഞ്ഞു. പണച്ചുരുക്കം മൂലം നിര്‍മാണ മേഖല നിശ്ചലമായി. കൂലിയില്ലാതെ തൊഴിലാളികള്‍ പട്ടിണിയിലേക്ക് തുറിച്ചുനോക്കാന്‍ തുടങ്ങിയിരിക്കുന്നു. അവനവന്റെ അക്കൗണ്ടിലുള്ള പണംപോലും പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ വിവാഹാവശ്യങ്ങള്‍, വീട് നിര്‍മാണം, കാര്‍ഷികാവശ്യങ്ങള്‍, ബന്ധുക്കളുടെ മരണാനന്തര കര്‍മങ്ങള്‍, അത്യാവശ്യം വേണ്ട യാത്രകള്‍, ചികിത്സാ ആവശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങെളല്ലാം താറുമാറായി. ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതിനൊരു മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അക്കൗണ്ടുകളിലേക്ക് വന്നെങ്കിലും അത് നല്‍കാനുള്ള കറന്‍സി ലഭ്യമായിരുന്നില്ല. സ്വകാര്യ മേഖലയില്‍ അതിനേക്കാള്‍ പ്രതിസന്ധി രൂപപ്പെട്ടു. നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. നഗരസഭകളും തദ്ദേശ സ്ഥാപനങ്ങളും നിത്യപ്രവര്‍ത്തനത്തിനാവശ്യമായ പണം ലഭ്യമാകാതെ വലയുന്നു. കേരളത്തിന്റെ ധനകാര്യ മന്ത്രി പറയുന്നത് ജനുവരിമാസം ശമ്പളം നല്‍കാനുള്ള പണം ഭീമമായ വരുമാനക്കുറവ് കാരണം ഉണ്ടാകാനിടയില്ല എന്നാണ്. കാഷ്‌ലെസ് എകോണമിയെ കുറിച്ച് വലിയ വര്‍ത്തമാനം പറയുമ്പോള്‍ സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന 40 ശതമാനത്തിലധികമാണ് ഇടിവ്. മഹീന്ദ്ര, നിസാന്‍ കമ്പനികള്‍ ഉല്‍പാദനം വെട്ടിക്കുറക്കുകയും നാല്‍പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നു.

നോട്ട് നിരോധത്തില്‍ ഗുണം ലഭിച്ചതാര്‍ക്ക് ?

നോട്ട് നിരോധത്തെ തുടര്‍ന്ന് ചെറുകിട മേഖലകളെല്ലാം സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങുമ്പോള്‍ നേട്ടമുള്ള ഒരു കൂട്ടര്‍ വേറെയുണ്ട്. പേടിഎം എന്ന ഓലൈന്‍ മൊബൈല്‍ വാലറ്റ് കമ്പനി തന്നെ അവകാശപ്പെട്ടത് തങ്ങളുടെ വരുമാനം കറന്‍സി നിരോധനത്തിന് ശേഷം 200 ശതമാനത്തിലേറെ വര്‍ധിച്ചു എന്നാണ്. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, കെ.എഫ്.സി പോലുള്ള റെസ്‌റ്റോറന്റ് ശൃഖലകള്‍, സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ ഇവക്കെല്ലാം വരുമാനവര്‍ധനവുണ്ടായി. ചൈനീസ് കമ്പനിയായ പേടിഎമ്മിന് ഈ ഒറ്റ തീരുമാനത്തിലൂടെ കോടികളുടെ ലാഭമാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം കാര്‍ഡായ റുപേയെ വിപുലമാക്കാന്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന വാചാടോപം നടത്തുന്നവര്‍ക്ക് താല്‍പര്യമില്ല. വിസക്കും മാസ്റ്റര്‍ കാര്‍ഡിനും പുതിയ തീരുമാനം നല്ല കോളിന് നിമിത്തമായി. പുതിയ മണിവ്യാപാരത്തിന് ഇറങ്ങിയ അംബാനിക്കും അഛാദിനാണ് ഈ തീരുമാനം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 40 ശതമാനവും ബാങ്കുകളില്ലാത്തവയാണ്. അവിടെയാണ് 65 ശതമാനം ജനങ്ങളും വസിക്കുന്നത്. അവരാണ് ഒരു സുപ്രഭാതത്തില്‍ കാഷ്‌ലെസായി സാമൂഹിക ജീവിതത്തില്‍ നിന്ന് പുറംതള്ളപ്പെട്ടത്. നോട്ട് നിരോധനത്തിന്റെ ആദ്യ പതിനഞ്ച് ദിവസത്തിനുള്ളില്‍ അമ്പതിനായിരത്തിലധികം വിവാഹങ്ങള്‍ മുടങ്ങിയപ്പോള്‍ ഗഡ്ഗരിയുടെ മകളുടെ വിവാഹത്തിന് വിമാനങ്ങള്‍ ചാര്‍ട്ട്് ചെയ്ത് വരാനും ജനാര്‍ദ്ദന റെഡ്ഡിക്ക് 500 കോടിയുടെ ആഢംബര കല്യാണം നടത്താനും ഒരു പ്രയാസവുമുണ്ടായില്ല.

ഇപ്പോഴും ശൗചാലയങ്ങളില്ലാത്ത രാജ്യത്താണ് പ്രധാനമന്ത്രി കാഷ്‌ലെസ് എക്കോണമി എന്നു പറയുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തികാടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്നെ ബി.ജെ.പി രാജ്യത്തെ പലഭാഗത്തും ഭൂമി വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓണ്‍ലൈന്‍ മൊബൈല്‍ വാലറ്റുകളായ മൊബിക്വിക്, പേടിഎം, എയര്‍ടെല്‍ മണി, ഫ്രീചാര്‍ജ്ജ് തുടങ്ങിയ കമ്പനികള്‍ മൊബൈല്‍ റീചാര്‍ജ്ജിങ്ങിനപ്പുറമുള്ള ബാങ്കിംഗ് രീതികളിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടിരുന്നു. ജിയോ മണി എന്ന പുതിയ വാലറ്റ് അംബാനിയുടെതായി വരികയും ചെയ്തു. കള്ളപ്പണക്കാരുടെയും കോര്‍പ്പറേറ്റുകളുടെയും അറിവും അധികാരപങ്കാളിത്തവും ഈ തീരുമാനത്തി ലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.


നോട്ട് നിരോധം രാജ്യത്തിലെ കള്ളപ്പണത്തെ തടയുമോ ?

പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ രാജ്യത്തെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും തോതിനെക്കുറക്കാന്‍ നോട്ട് നിരോധം കാരണമായേക്കുമോ എന്ന് പരിശോധിക്കാം. നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കണക്കനുസരിച്ച് ആകെ കള്ളപ്പണ വിനിമയത്തിന്റെ ആറ് ശതമാനം മാത്രമാണ് കറന്‍സികളില്‍ സൂക്ഷിക്കുന്നത്. കള്ളപ്പണ വിനിമയം റിയല്‍എസ്റ്റേറ്റ് വഴിയും സ്വര്‍ണം വഴിയും ഒക്കെയാണ്. യഥാര്‍ഥത്തില്‍ സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളിലാണ് കള്ളപ്പണത്തിന്റെ ബഹുഭൂരിഭാഗം നിക്ഷേപങ്ങളും. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള 648 വന്‍കള്ളപ്പണക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനോ പണം തിരിച്ചുപിടിക്കാനോ തയ്യാറാകാത്ത സര്‍ക്കാരാണ് 120 കോടി ജനങ്ങളുടെ പണം റദ്ദാക്കിയത്. കള്ളപ്പണം പിടിച്ചെടുക്കുക എന്നതോ കള്ളപ്പണക്കാരെ പൂട്ടുക എന്നതോ അല്ലായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. നിരോധിച്ച നോട്ടിലെ 85 ശതമാനവും ബാങ്കില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇതിനര്‍ഥം ഒന്നുകില്‍ കള്ളപ്പണം ഉദ്യോഗസ്ഥ സഹായത്തോടെ വെളുപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ മോദി പറഞ്ഞത്ര കള്ളപ്പണം രാജ്യത്തില്ല. ഇപ്പോഴത്തെ കള്ളപ്പണ റെയ്ഡില്‍ പിടിക്കപ്പെടുന്നത് പുതിയ രണ്ടായിരത്തിന്റെ കോടിക്കണക്കിന് രൂപ. സാധാരണക്കാര്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കള്ളപ്പണക്കാരുടെ അലമാരകളില്‍ പുതിയ നോട്ടുകള്‍ നിറഞ്ഞിരിക്കുന്നുവെന്നതുമാത്രം മതി പ്രധാനമന്ത്രി രാജിവെച്ച് ജനങ്ങളോട് മാപ്പുപറയാന്‍. നോട്ട് റദ്ദാക്കിയതിന് പറഞ്ഞ ഒരു കാര്യവും യാഥാര്‍ഥ്യമായില്ല എന്നുമാത്രമല്ല കടുത്ത ദാരിദ്രവും പ്രതിസന്ധിയും രാജ്യത്ത് തിരിച്ചുവരാന്‍ കാരണമായിരിക്കുന്നു. അസാധുവാക്കിയ നോട്ടിന്റെ മൂന്നിലൊന്ന് അടിച്ചപ്പോഴേക്കും കടലാസ് തീര്‍ന്നിരിക്കുന്നു. ഇനി 8000 ട ഇറക്കുമതി ചെയ്യണം പോലും നോട്ടടിക്കാന്‍. ജനങ്ങളുടെ പ്രശ്‌നങ്ങളെ ഇത്ര ലാഘവത്തോടെ കണ്ട ഒരു പ്രധാനമന്ത്രിയും ഭരണകൂടവും ഇന്ത്യക്ക് ഉണ്ടായിട്ടില്ല. രാജ്യത്തെ ആദായ നികുതി ഇടപാടുകളില്‍ വെട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ട അദാനി, അംബാനി തുടങ്ങിയ കോര്‍പ്പറേറ്റുകളും അമിതാഭ് ബച്ചനെപ്പോലെയുള്ള സൂപ്പര്‍ സ്റ്റാറുകളുമൊക്കെയാണ് പിന്തുണച്ചിരിക്കുന്നതെന്നതാണ് നോട്ടുനിരോധത്തിലെ തമാശ. അമര്‍ത്യാസെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമടക്കം ലോകത്തെ പ്രമുഖരായ സാമ്പത്തിക വിദഗ്ദരെല്ലാം ഈ തീരുമാനം ശുദ്ധമണ്ടത്തരമാണെന്ന് മുന്നറിയിപ്പ് നല്‍കിയതാണ് ഭാവിയെ ഭീതിജനകമാക്കുന്നത്.

ക്യാഷ്‌ലെസ് രാജ്യമെന്ന ഉണ്ടയില്ലാ വെടി

ആദ്യമൊക്കെ കള്ളപ്പണ വേട്ടയെക്കുറിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനങ്ങളില്‍ പറഞ്ഞതെങ്കിലും പിന്നീട് അദ്ദേഹം ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ഈ പദ്ധതിയെന്നും കര്‍ഷകരും മറ്റുള്ളവരുമെല്ലാം അതിലേക്ക് നീങ്ങണമെന്നും പറയുകയുണ്ടായി. എന്നുമാത്രമല്ല ജനങ്ങളെയാകെ പരിഹസിച്ചുകൊണ്ട് സൗജന്യ ഭക്ഷണം നല്‍കുന്ന ഹോട്ടലുകളില്‍ പോയി യാചിച്ച് ഭക്ഷണം കഴിച്ചോളൂ എന്ന ക്രൂരഫലിതവും പറയാന്‍ അശേഷം മടിച്ചില്ല. ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് അഥവാ കറന്‍സിയില്ലാത്ത വിനിമയ രീതിയിലേക്ക് രാജ്യത്തെ എത്തിക്കാനാവുമോ എന്നതാണ് പ്രശ്‌നം. രാജ്യത്തെ 80 ശതമാനത്തിലേറെ സാമ്പത്തിക ഇടപാടുകളും (99 ശതമാനം ജനങ്ങളുടെ ഇടപാടുകളും) കറന്‍സി വഴിയാണ്. അവശേഷിച്ച 20 ശതമാനത്തില്‍ നല്ലൊരു പങ്ക് ചെക്ക് വഴിയുള്ള ഇടപാടുകളാണ്. അതിനും ശേഷമാണ് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുള്ളത്. അതില്‍തന്നെ നല്ലൊരു പങ്ക് ടിക്കറ്റിംഗ് ആവശ്യത്തിനാണ് ഉപയോഗിക്കാറുള്ളത്.

ഇന്ത്യയുടെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് മിനിമം ബോധമെങ്കിലും സര്‍ക്കാരിനുണ്ടായിരുന്നുവെങ്കില്‍ സ്വീഡനെ ഉദാഹരിച്ചുകൊണ്ടുള്ള ക്യാഷ്‌ലെസ് എക്കോണമിയെക്കുറിച്ച് പ്രധാനമന്ത്രി പറയില്ലായിരുന്നു. ഓലൈന്‍ പണമിടപാടുകള്‍ തീര്‍ച്ചയായും വര്‍ധിച്ചുവരുന്നുണ്ട്. അത് സ്വാഭാവികമായി തന്നെ സാമൂഹ്യ സാഹചര്യങ്ങളുടെ വളര്‍ച്ചയനുസരിച്ച് ഇനിയും വര്‍ധിക്കുകതന്നെ ചെയ്യും. ഇപ്പോള്‍ രാജ്യത്തെ ആവറേജ് ഇന്റര്‍നെറ്റ് സ്പീഡ് 3.5 എം.ബി.പി.എസ് മാത്രമാണ്. അതുതന്നെ ഗ്രാമങ്ങളില്‍ ലഭിക്കില്ല. കൂടുതലാളുകള്‍ ഒന്നിച്ച് ഓണ്‍ലൈന്‍ പണം കൈമാറ്റ രീതിയിലേക്ക് വരാനുള്ള ശേഷി ഇപ്പോള്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സെര്‍വറുകള്‍ക്കില്ല. അത് വര്‍ധിപ്പിക്കണം. അതിലും പരിതാപകരമാണ് ഇന്റര്‍നെറ്റ് സാക്ഷരത. ബാങ്കിംഗ് ഉപയോഗം തന്നെ ഇനിയും ആരംഭിച്ചിട്ടല്ലാത്തവരാണ് രാജ്യത്തെ 60 ശതമാനം പൗരന്മാരും 30 ശതമാനം കുടുംബങ്ങളും. ഓണ്‍ലൈന്‍ സംവിധാനം 75 ശതമാനമെങ്കിലും വരണമെങ്കില്‍ കുട്ടികളുള്‍പ്പെടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ വേണം. ഇന്റര്‍നെറ്റ് സംവിധാനവും മൊബൈലും ലാപ്‌ടോപ്പുമൊക്കെ വേണം. വീണിടത്തുകിടന്നുരുളുക എന്നതിനപ്പുറം ക്യാഷ്‌ലെസ് എക്കോണമിയെക്കുറിച്ചും ഗൗരവമായി പഠിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെന്നര്‍ഥം.


എന്താണ് രാജ്യത്ത് സംഭവിക്കുന്നത് ?

നമ്മുടെ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സഭ അവിശ്വസിക്കപ്പെട്ടിരിക്കുന്നു. എല്ലാ ജനങ്ങളെയും ബാധിക്കുന്ന കാര്യം ജനപ്രതിനിധികളോ ജനപ്രതിധി സഭയോ അറിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ വ്യക്തതയുള്ള വിശദീകരണത്തിനുപോലും പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലയെന്നത് രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നു. ജനാധിപത്യത്തെ മുച്ചൂടും മൂടി കേര്‍പറേറ്റുകളുടെയും സ്തുതിപാടകരുടെയും മാത്രം അഭിപ്രായങ്ങള്‍ കേട്ട് ഏകാധിപതിയുടെ രൂപത്തിലാണ് മോദി തീരുമാനങ്ങളെല്ലാം അടിച്ചേല്‍പിക്കുന്നത്. സാധാരണക്കാരന്റെ കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സഹകരണ മേഖലയിലെ ബാങ്കിംഗ് രീതിയെ തകര്‍ക്കുകയും സംസ്ഥാനത്തെ ട്രഷറികളടക്കമുള്ളവയെ നിര്‍വീര്യമാക്കുകയും ചെയ്യുക വഴി ഭരണഘടന വിഭാവന ചെയ്യു ഫെഡറല്‍ സംവിധാനത്തെ അവഗണിച്ച് ഏകാധിപത്യ അധികാര കേന്ദ്രീകരണത്തിലേക്കുള്ള വാതിലാണ് മോദി തുറിരിക്കുന്നത്. ഗുരുതരമാണ് സ്ഥിതിവിശേഷം. ഭാഗികമായ അക്കൗണ്ട് ഫ്രീസിംഗാണ് ഇപ്പോഴുള്ളത്. ആറ് മാസമെങ്കിലും എടുക്കും സാധാരണ നിലയിലാകാനെന്നാണ്് റിസര്‍വ് ബാങ്ക് പറയുന്നത്. രണ്ട് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇതുണ്ടാക്കുന്ന ആഘാതം എത്ര വലുതാണ്. 12,000 കോടി രൂപയാണ് കറന്‍സി പ്രിന്റിംഗിന് മാത്രം വന്ന ചിലവ്. ഒരലക്ഷം കോടി രൂപയുടെ പെട്ടെന്നുള്ള നഷ്ടമാണ് നോട്ട്‌നിരോധത്തിലൂടെ സംഭവിച്ചിരിക്കുന്നത്. കാര്‍ഷിക, വ്യാവസായിക മേഖലകളിലെ ഉല്‍പാദനക്കുറവ് വരുത്തുന്ന നഷ്ടം അതിഭീമമായിരിക്കും. ചെറുകിട വ്യാപാരികളും അവരുടെ ആശ്രിതരും പട്ടിണിയിലേക്കാണ് പോകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്‍കാനാവുമെന്നുറപ്പില്ല. ഇതിനിടെ ജനങ്ങളോട് ഭിക്ഷയെടുത്ത് ജീവിച്ചോളൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി ഉല്ലാസയാത്ര തുടരുന്നു. പൗരന്മാര്‍ അണിനിരന്ന് ഈ തീവെട്ടിക്കൊള്ളയെ ചെറുക്കണം.

ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തി. പൗരാവകാശങ്ങളും സാമ്പത്തിക സ്വാതന്ത്ര്യമടക്കമുള്ള എല്ലാ മൗലികാവകാശങ്ങളും ജനാധിപത്യം നിലനിന്നാലെ തുടര്‍ന്നുപോകൂ. നോട്ട്‌നിരോധം രാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള മുന്‍നടപടിയാണെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നമുക്ക് നമ്മുടെ കൈയിലെ പണം മാത്രമാണ് ഒരൊറ്റ രാത്രികൊണ്ട് അസാധുവായിപ്പോയത്. നാളെ ഭരണഘടന വഴി നമ്മുടെ കൈയാല്‍ വന്ന മുഴുവന്‍ പൗരാവകാശങ്ങളും ഒരു രാത്രിയിലെ പ്രഖ്യാപനത്തിലൂടെ അസാധുവാക്കാനും കഴിയും. ഇപ്പോള്‍ പ്രതിഷേധത്തിന്റെ കരുത്ത് പ്രകടിപ്പിക്കാന്‍ വിമുഖരാകുകയാണെങ്കില്‍ പൗരാവകാശങ്ങള്‍ സ്വപ്‌നം മാത്രമാകുന്ന നാളുകളാണ് വരാനിരിക്കുന്നത്. അന്ന് ശബ്ദിക്കാന്‍ ആരുമുണ്ടാകില്ല ചരിത്രം ജാഗ്രതയോടെ ഓര്‍ത്തെടുക്കുക.

രാജ്യം എന്നത് ഒരു വ്യക്തിയല്ല; അദ്ദേഹം എത്ര ഉന്നതനായാലും. ജനപ്രതിനിധി സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഭരണഘടന നിശ്ചയിച്ച ഇതര സംവിധാനങ്ങളും നൂറ്റി മുപ്പത് കോടി ജനങ്ങളും ചേരുന്നതാണ് ഇന്ത്യയെന്ന നമ്മുടെ രാജ്യം. രാജ്യത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനം ഇതിനെയെല്ലാം മുഖവിലക്കെടുത്തും ഇവരോട് കൂടിയാലോചിച്ചും വേണം എടുക്കാന്‍. അതാണ് ജനാധിപത്യം. അങ്ങനെയാണ് രാജ്യരക്ഷയുണ്ടാകേണ്ടത്. അതിന് പകരം ഒരു ഭരണാധികാരിയും അദ്ദേഹത്തിന്റെ ആളുകളും മാത്രം ശരിയെന്നും മറ്റെല്ലാവരിലും രാജ്യവിരുദ്ധത ഒളിഞ്ഞിരിക്കുന്നു എന്ന് ആക്ഷേപിച്ച് അവരെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ടുള്ള രാജ്യസഞ്ചാരം ജനാധിപത്യത്തിലേക്കല്ല; ഏകാധിപത്യത്തിലേക്കാണ്; അരാജകത്വത്തിലേക്കാണ്; അത് അനുവദിക്കരുത്. പൗരന്‍മാരുടെ മൗലികാവകാശങ്ങളില്‍ കൈവെക്കാന്‍ ഒരു ഭരണാധികാരിക്കും ധൈര്യമുണ്ടാകാത്തവിധം പ്രതിഷേധത്തിന്റെ ജ്വാല തെരുവുകളില്‍ തെളിയട്ടെ. ഭാവി തലമുറ ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടവര്‍ എന്ന നിലയില്‍, സാമ്പത്തിക, രാഷ്ട്രീയ അടിയന്തിരാവസ്ഥയെ തടഞ്ഞവര്‍ എന്ന് നമ്മെ കുറിച്ച് അഭിമാനം കൊള്ളട്ടെ. വരൂ…. ആ ചരിത്രകടമ നിര്‍വഹിക്കാന്‍ ജനാധിപത്യ പ്രതിരോധത്തിന് തയ്യാറാവുക.

( നോട്ട് നിരോധനം; രാജ്യം അടിയന്തരാവസ്ഥയിലേക്ക് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കാമ്പയിനോനുബന്ധിച്ച് പ്രസിദ്ദീകരിച്ച ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757