culturalUncategorized

ഗാന്ധിയും ഗോഡ് സേയും

മുഹമ്മദ് ശമീം

Dissociative disorder എന്ന ഒരു മാനസിക പ്രതിഭാസമുണ്ട്. ലഘുവും ഗുരുവുമായ ഒട്ടേറെ രൂപങ്ങളുമുണ്ട് ഇതിന്. ഒരാളുടെ വ്യക്തിത്വത്തിന് സവിശേഷമായ വിഘടനങ്ങള്‍ സംഭവിക്കുകയാണ്. ഇതിന്റെ ഒരു രൂപമാണ് Depersonalization disorder. അയഥാര്‍ത്ഥവും താല്‍ക്കാലികവുമായ ഭ്രമങ്ങള്‍ക്കടിപ്പെടുന്ന ഒരാളില്‍ സംഭവിക്കുന്ന, അഹത്തില്‍ നിന്നും വലയത്തില്‍ നിന്നുമുള്ള വേര്‍പെടല്‍ (detachment from self and surrounding) ആണിത്.

മര്‍ലന്‍ ബ്രാന്റോയ്ക്കും അല്‍ പാസിനോയ്ക്കും ഇതിന് സമാനമായ ഒന്ന് സംഭവിച്ചതിനെപ്പറ്റി പറയുന്നുണ്ട്, ഷെറി, ഷൈജു ഗോവിന്ദ് സഹോദരന്മാരുടെ ഗോഡ് സേ എന്ന സിനിമയിലെ ഹരിശ്ചന്ദ്രന്‍ (വിനയ് ഫോര്‍ട്ട്). ഗോഡ്ഫാദറില്‍ നിന്നിറങ്ങാന്‍ കുറേ ചികില്‍സയും കൗണ്‍സലിങ്ങുമൊക്കെ വേണ്ടി വന്നുവത്രേ. (അല്ലെങ്കിലും ഗോഡ്ഫാദര്‍ ട്രിലഗിയില്‍ നിന്ന് അത്ര പെട്ടെന്നൊന്നും ഇറങ്ങാന്‍ പ്രേക്ഷകനും പറ്റില്ല. കൊപ്പോളയുടെ തന്നെ ഒരു ബാധ സിനിമതന്നെയായ ബ്രാം സ്‌റ്റോക്കേഴ്‌സ് ഡ്രാക്കുളയ്ക്ക് പോലും അങ്ങനെയൊരു ഭ്രമം ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല). ഹരിശ്ചന്ദ്രന്‍ ഇത് പറയുന്നത് താന്‍ ജോലി ചെയ്യുന്ന, ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ഡിറക്ടര്‍, ഖാന്‍ സാറിനോട് (ജോയ് മാത്യു) ആണ്. നിലയത്തില്‍ ഗാന്ധിമാര്‍ഗം അവതരിപ്പിച്ചിരുന്ന ഗോവിന്ദനുണ്ണിയുടെ യാത്രയയപ്പ് കഴിഞ്ഞതിന് ശേഷമാണ്. ഗോവിന്ദനുണ്ണിയില്‍ അവസാനം ഗാന്ധിസം ഒരു ബാധയായി മാറി. രസകരമായൊരു വസ്തുതയെന്തെന്നാല്‍ അദ്ദേഹത്തിന് ശേഷം ഗാന്ധിമാര്‍ഗം അവതരിപ്പിക്കാനുള്ള നിര്‍ബ്ബന്ധിത നിയോഗം ഏറ്റെടുക്കേണ്ടി വന്ന ഹരിശ്ചന്ദ്രന് ഇതേ വിഭ്രമം പിടിപെട്ടു എന്നതാണ്. ഗോവിന്ദനുണ്ണിയില്‍ ഗാന്ധിസം മാത്രമാണ് ആവേശിച്ചിരുന്നതെങ്കില്‍ ഹരിശ്ചന്ദ്രനില്‍ അത് പൂര്‍ണമായ ഒരു മെറ്റമോര്‍ഫസിസ് ആയിരുന്നു. ആള്‍ ഗാന്ധി തന്നെയായി മാറി.

ഭാഗികമായി ഇങ്ങനെയൊരാദേശത്തിലേക്ക് പോകുന്നുണ്ട് സിനിമയിലെ മറ്റൊരു കഥാപാത്രവും. മൈഥിലി അവതരിപ്പിക്കുന്ന, ഹരിശ്ചന്ദ്രന്റെ കാമുകി കൂടിയായ ഡ്രാമ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. അവള്‍ മുഖത്ത് മാത്രമല്ല, ജീവിതത്തിന് തന്നെ ചായം തേക്കുകയാണ്. വ്യത്യസ്തങ്ങളായ ചായങ്ങള്‍. അവളെ നാം ആദ്യം കാണുമ്പോള്‍ റെഷേല്‍ എന്ന അഭിസാരികയുടെ വേഷത്തിലാണ്. ഏറ്റവും ഭാഗ്യവും നിറവുമുള്ളത് അഭിസാരികയുടെ ജീവിതത്തിലാണെന്നും എല്ലാ ദിവസവും ഒരേ മുഖവും ഒരേ കട്ടിലും കണി കണ്ടുണരേണ്ടതില്ലല്ലോ എന്നും പറയുന്ന അവള്‍ നമുക്ക് കല്യാണം കഴിക്കണ്ടേ എന്ന ഹരിയുടെ ചോദ്യത്തെ പരിഹസിക്കുന്നു. ഈ വേഷത്തില്‍ നിന്നിറങ്ങിയാല്‍ താന്‍ ചിലപ്പതികാരത്തിലെ കണ്ണകിയായി വരും എന്നും അന്ന് നിനക്ക് പാതിവ്രത്യം സമര്‍പ്പിക്കാം എന്നുമാണ് അവളുടെ ഡയലോഗ്. സിനിമയുടെ അവസാനത്തിലാകട്ടെ, മൈഥിലിയുടെ മുഖഭാവത്തില്‍ കസ്തൂര്‍ ബാ ഗാന്ധിയുടെ നിസ്സംഗതയും സാത്വികതയും.

ഹരിശ്ചന്ദ്രന്‍ ഗാന്ധിയായി മാറുന്നതാണ് ടി.എന്‍ പ്രകാശിന്റെ ഗാന്ധിമാര്‍ഗം എന്ന കഥ. കഥയില്‍ നിന്ന് തിരക്കഥാകൃത്തായ ഷെറി സ്വീകരിക്കുന്നത് ഇത്രയും മാത്രമാണ്. അത് പക്ഷേ, പല കോണുകളിലൂടെ വികസിപ്പിച്ചതോടെ, മന്‍മോഹന്‍ സിങ്ങും ഉദാരവല്‍ക്കരണവും ബാബരി മസ്ജിദും തൊട്ടുള്ള ഇന്ത്യയെക്കുറിച്ച ഒരു സത്യവാങ്മൂലമായി അത് മാറി.

പത്മരാജന്റെ മരണത്തെത്തുടര്‍ന്ന് അയാള്‍ അവതരിപ്പിക്കുന്ന പരിപാടി സിനിമയുടെ തുടക്കത്തില്‍ നാം കാണുന്നു, ക്ഷമിക്കണം, കേള്‍ക്കുന്നു. നിയമം തെറ്റിച്ച് ഭൂമിയിലെ പെണ്‍കൊടിയെ പ്രണയിച്ച ഗന്ധര്‍വന്റെ കഥയിലാണ് അത് തുടങ്ങുന്നത്. മോസ്റ്റ് റേഡിയോജെനിക് വോയ്‌സ് ഒഫ് കോഴിക്കോട് സ്‌റ്റേഷന്‍ എന്ന് ഖാന്‍ ഒരിക്കല്‍ ഹരിയെ വിശേഷിപ്പിക്കുന്നുണ്ട്.

ആദ്യഭാഗത്ത് ഹരിശ്ചന്ദ്രന്റെ ജീവിതം അരാജകവാദത്തിന്റെ ആഘോഷമാണ്. മദ്യത്തോട് അത്യാസക്തി വെച്ചു പുലര്‍ത്തുന്നുണ്ട് അയാള്‍. ചാരായം ചേര്‍ത്ത് ചായ കുടിക്കുകയും ഇഡ്ഡലിയില്‍ സാമ്പാറിന് പകരം ബ്രാണ്ടി ഒഴിക്കുകയും ചെയ്യുന്ന ആള്‍. എന്നാല്‍ ഗാന്ധിമാര്‍ഗം തലക്ക് പിടിച്ചതോടെ അതായിത്തീര്‍ന്നു അയാളുടെ ഭ്രമം. അയാള്‍ മനോബലം കുറഞ്ഞ ചെറുപ്പക്കാരനാണെന്നാണ് ഖാന്റെ അഭിപ്രായം. കള്ളും ഗാന്ധിസവും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടമുണ്ടാക്കുന്നതാണ് എന്ന് അയാള്‍ ഹരിയെ ഉപദേശിച്ചു. രണ്ടും ലഹരിയാണ്. മനോബലമില്ലാത്തവര്‍ അടിപ്പെട്ട് പണ്ടാരടങ്ങും. ഇത് തന്നെയാണ് സംഭവിച്ചതും. ചിന്തകളില്‍ മാത്രമല്ല, വേഷത്തിലും ഭാവത്തിലും നടപ്പിലും ഇരിപ്പിലുമെല്ലാം ഗാന്ധി. ഒടുക്കം കടപ്പുറത്തെ ചെരിഞ്ഞു വീണ ഗാന്ധിപ്രതിമയുടെ സ്ഥാനത്ത് ഹരി സ്വയം പ്രതിഷ്ഠിക്കുകയാണ്.

എന്നാല്‍ വ്യവസ്ഥിതിക്കെതിരെ ചിന്തിക്കുന്നവരെയാണ് ഒരര്‍ത്ഥത്തില്‍ അനാര്‍ക്കിസ്റ്റുകള്‍ എന്ന് വിളിക്കുക. ഹരിയുടെയും ചങ്ങാതിമാരുടെയും ആവിഷ്‌കാരങ്ങള്‍, അവരുടെ നാടകക്കളരിയിലെ പാട്ടും കളിയുമെല്ലാം തന്നെ ആ സ്വഭാവത്തില്‍ തന്നെയായിരുന്നു. ‘ഈ ദിവസത്തെ ചവിട്ടിക്കൂട്ടിയൊതുക്കാലോ, ഈ സമയത്തെ കെട്ടിയിട്ട് പോറ്റാലോ, കാത് കേള്‍ക്കണ കാര്യത്തിനൊന്നും നാവു കൊണ്ടൊന്നും മുണ്ടങ്ങ (മുണ്ടങ്ങ? ഒന്നും മുണ്ടണ്ട), കണ്ണ് കാണണ നേരിനൊന്നും തല കൊണ്ടൊന്നും ചീരങ്ങ (ചീരങ്ങ? ഒന്നും ചിന്തിക്കണ്ട).’

ഇന്നിലക്ക് ചിന്തിക്കുമ്പോള്‍ ഗാന്ധിസവും അനാര്‍ക്കിസം തന്നെ. ഗാന്ധിയുടെ രാഷ്ട്രീയ പ്രചോദനങ്ങളില്‍ ഒരാളായിരുന്ന ഹെന്റി ഡേവിഡ് തോറോയുടെ സിദ്ധാന്തം അറിയപ്പെട്ടത് തന്നെ പസിഫിസ്റ്റ് അനാര്‍ക്കിസം അഥവാ അനാര്‍ക്കോ പസിഫിസം എന്നാണ്. അഹിംസാധിഷ്ഠിത സാമൂഹ്യ വിപ്ലവം എന്ന ആശയം യഥാർത്ഥത്തിൽ അനാര്‍ക്കോ പസിഫിസത്തിന്റേതാണ്. പിയര്‍ ഴൂസെഫ് പ്രൂഥോ ആണല്ലോ തന്റെ സാമൂഹ്യചിന്തയെ അനാര്‍ക്കിസം എന്ന് ആദ്യമായി വിളിക്കുന്നത്. അദ്ദേഹത്തിന്റെ The Philosophy of Poverty എന്ന പുസ്തകത്തെ വിമര്‍ശിച്ചു കൊണ്ട് കാള്‍ മാര്‍ക്‌സ് The Poverty of Philosophy എന്ന പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്‍ പ്രൂഥോയുടെ ചിന്തയെ മാര്‍ക്‌സ് തന്നെയും വിശേഷിപ്പിച്ചത് അനാര്‍ക്കോ കമ്യൂനിസ്റ്റ് എന്നായിരുന്നു. പ്രൂഥോയെ മാത്രമല്ല, തികച്ചും കയോട്ടിക് ആയ വിപ്ലവസിദ്ധാന്തങ്ങള്‍ ഉന്നയിച്ച ബാക്കുനിനെയും മാര്‍ക്‌സ് തള്ളിക്കളഞ്ഞു. ഖുര്‍ആനില്ലാത്ത മുഹമ്മദിന്റെ പുറകെ പോകുന്നവര്‍ എന്ന് ബാക്കുനിനിസ്റ്റുകള്‍ക്ക് നല്ലൊരു വിശേഷണവും അദ്ദേഹം നല്‍കുന്നുണ്ട്. ഒരു അടിത്തറയിലും നിലപാടിലും നിന്നു കൊണ്ട് പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് മുഹമ്മദ് നബിയും ശ്രമിച്ചത്. അതേസമയം നിലനില്‍ക്കുന്ന സമ്പ്രദായത്തെയും വ്യവസ്ഥയെയും അദ്ദേഹവും നിരാകരിച്ചു.

അതായത് വ്യവസ്ഥിതിക്കെതിരായ സമരം എന്ന നിലയില്‍ അനാര്‍ക്കിസമായിരിക്കുമ്പോഴും സമരത്തിലെ അച്ചടക്കം എന്നത് ഗാന്ധി കര്‍ക്കശപൂര്‍വം സ്വീകരിച്ച നിലപാടാണ്.

godsay
godsay

സ്വഭാവത്തിലും വേഷത്തിലുമൊക്കെ പരിഹാസ്യമെന്ന് പോലും തോന്നാവുന്ന പരിവര്‍ത്തനങ്ങള്‍ സ്വീകരിച്ചപ്പോഴും അനാര്‍ക്കിസ്റ്റായ ഹരിശ്ചന്ദ്രന്റെ മനസ്സില്‍ കെടാതെ നിന്ന കനല്‍ ഗാന്ധിയനായ ഹരിയില്‍ ആളിക്കത്തുക തന്നെയാണ് ചെയ്തത്. അതിനിടയില്‍ ഇന്ത്യക്കുണ്ടാവുന്ന മാറ്റങ്ങളെ ഷെറി, ഷൈജു സഹോദരന്മാർ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു. രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്ന് നരസിംഹറാവു പ്രധാനമന്ത്രിയാവുന്നു. ഹരി താമസിക്കുന്ന ലോഡ്ജില്‍ നിന്ന് പത്രം വായിക്കുമ്പോള്‍ ധനകാര്യ മന്ത്രിയുടെ ചിത്രം കണ്ട് ഇതേതാ ഈ പുതിയ കോങ്ക്രസ്സുകാരന്‍, മന്‍മോഹന്‍ സിങ് എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. അമേരിക്കയിലെ മന്ത്രിമാര്‍ക്ക് കണക്കും കച്ചോടോം പഠിപ്പിക്കുന്നയാള്‍ എന്ന് മറുപടിയും കിട്ടി. പതിനാറ് ഭാഷ അറിയുന്ന പ്രധാനമന്ത്രിയും ജോര്‍ജ് ബുഷിന് കണക്ക് പഠിപ്പിക്കുന്ന ധനമന്ത്രിയുമായാല്‍ നാട് നന്നാവും എന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചെങ്കിലും ഭരണത്തിന്റെ മുന്നോട്ട് പോക്കാണ് ഹരിശ്ചന്ദ്ര ഗാന്ധിയെ അസ്വസ്ഥനാക്കുന്നത്. ഗാട്ട് കരാര്‍ ഒപ്പ് വെക്കാന്‍ പോകുന്നതിനെക്കുറിച്ചും ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോകുന്നതിനെപ്പറ്റിയും അദ്ദേഹം ചിന്തിക്കുന്നു. 1986 ലാണ് ഗാട്ടിന്റെ ഉറുഗ്വേ റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1991 ല്‍ നരസിംഹറാവു അധികാരത്തില്‍ വരുന്നു. 92 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും 94 ല്‍ ഉറുഗ്വേ റൗണ്ട് പൂര്‍ത്തിയായി കരാര്‍ ഒപ്പ് വെക്കുകയും ചെയ്യുന്നു. എന്തായാലും സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ വീണ്ടും സാമ്രാജ്യത്വത്തിന് അടിയറ വെക്കുകയും കൊള്ളപ്പലിശക്കാരന്റെ ഭാഷ സംസാരിക്കുകയും ലാഭത്തിന് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന അധികാരവ്യവസ്ഥയോടുള്ള പ്രതിഷേധം ഹരിയിലെ ഗാന്ധിക്ക് വേരും വളവും നല്‍കി.

അതേസമയം ഈ സിനിമ ഗാന്ധിയുടെ എല്ലാ നിലപാടുകള്‍ക്കുമുള്ള പ്രത്യയശാസ്ത്ര പിന്തുണയല്ല. ഹരി എഴുതുന്ന നാടകത്തില്‍ ഗാന്ധിയും ഭഗത് സിങ്ങും തമ്മില്‍ നടക്കുന്ന ഒരു മരണാനന്തര സംഭാഷണമുണ്ട്. അതില്‍ തനിക്ക് എവിടെയാണ് തെറ്റ് പറ്റിയത് എന്ന് ചോദിക്കുമ്പോള്‍ ഭഗത് പറയുന്നത് മനുവുമായും മതവുമായും സന്ധി ചെയ്തിടത്ത് എന്നാണ്. അതുപോലെ ബ്രഹ്മചര്യത്തെയും ലൈംഗികതയെയും കുറിച്ച ഗാന്ധിയന്‍ വിചാരങ്ങളെ ഹരിയുടെ കാമുകി പരിഹസിക്കുന്നതും കാണാം.

പ്രകൃതിപരമായ ചികില്‍സാവിധികളോട് പ്രതിപത്തിയുണ്ടായിരുന്ന ആളായിരുന്നെങ്കിലും മൂത്രചികില്‍സയുമായി അദ്ദേഹത്തിനുള്ള ബന്ധമെന്താണെന്ന്, ഒരുപക്ഷേ അതെപ്പറ്റി ഒന്നും വായിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കാം ഇതെഴുതുന്നയാള്‍ക്ക് മനസ്സിലായിട്ടില്ല. അതേസമയം ഹരിശ്ചന്ദ്രൻ അതേപ്പറ്റി ആവർത്തിച്ച് പറയുന്നുണ്ട് താനും. ആരോഗ്യത്തെയും ചികില്‍സയെയും പറ്റി ഗാന്ധി രചിച്ച വിഖ്യാതമായ പുസ്തകം Key to Health ആണ്. അതില്‍ മൂത്രചികില്‍സയെപ്പറ്റി ഒന്നും പറയുന്നില്ലെന്നാണ് ഓര്‍മ.

God say എന്ന പേര് ഹരിയുടെ നാടകത്തിന്റെ കൂടി പേരാണ്. ദൈവം പറയുന്നു എന്ന അര്‍ത്ഥത്തില്‍ God says എന്നാണ് വേണ്ടത്. നാടകത്തിന്റെ പേര് പറയുമ്പോൾ ഹരി God says, ദൈവം പറയുന്നു എന്ന് തന്നെ പറയുന്നുണ്ട്. അതേസമയം അത് Godse (Godsay) എന്ന് ഉച്ചരിച്ചാല്‍ അത് ഗാന്ധിഘാതകന്റെ പേരായും മാറും. നാടകത്തില്‍ വരുന്ന ഗോദ്‌സെ കഥാപാത്രം കൊല്ലേണ്ടത് ഗാന്ധിയെയാണെന്നും ലോകത്തിലെ അവസാനത്തെ കുറ്റവാളിയും മോചിപ്പിക്കപ്പെട്ടാലും നമുക്ക് മാത്രം മാപ്പ് കിട്ടില്ലെന്നും പറയുന്നതും കേള്‍ക്കാം. (ഗോദ്സെ ദൈവമാകുന്ന ഒരു കാലത്തെ സങ്കല്‍പിക്കാന്‍ തൊണ്ണൂറുകളില്‍ ജീവിച്ച ഹരിശ്ചന്ദ്രന് പോലും പറ്റിയില്ല എന്ന ഒരു സൂക്ഷ്മഹാസവും ഇതിലുണ്ട്).

ജലീല്‍ ബാദുഷയുടെ ദൃശ്യബോധം ചിത്രത്തിന് വളരെയേറെ മാറ്റ് കൂട്ടിയിട്ടുണ്ട്. അതുപോലെ ബിജിബാലിന്റെ സംഗീതവും. വാചാലമായ പശ്ചാത്തലങ്ങളൊരുക്കുന്നതിലും ഷെറിയും ഷൈജുവും വിജയിച്ചിട്ടുണ്ട്. ഖാന്റെയും ഹരിയുടെയും കാര്‍ കടന്നു പോകുന്ന വഴിയുടെ ദൂരക്കാഴ്ചയിലെ രണ്ട് കന്യാസ്ത്രീകൾ, ഗാന്ധിമാര്‍ഗം പരിപാടി ഏല്‍പിക്കപ്പെട്ട് മടുപ്പോടെ ഇറങ്ങി നടക്കുന്നേടത്ത് പിന്നില്‍ കാണുന്ന വികലാംഗന്‍, ഗാന്ധിയായുള്ള വേഷപ്പകർച്ചയുടെ ഭാഗമായി താടിയും മുടിയുമെടുക്കാൻ ബാർബർ ഷാപ്പിൽ ഇരിക്കുന്ന ഹരിയുടെ മുന്നിൽ തൂങ്ങുന്ന എ,കെ.ജിയുടെയും കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും കലണ്ടർ ഇങ്ങനെ തുടങ്ങിയ ചില ദൃശ്യങ്ങള്‍ ഉദാഹരണം. ഖാന്‍ ഹരിയോട് ബിഗ്, ബ്ലഡ്, റെഡ് സല്യൂട്ട് എന്ന് പറയുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു ബാങ്ക് വിളി ഉയരുന്നുമുണ്ട്. ടൈറ്റില്‍ മൊണ്ടാഷും ആകര്‍ഷകമാണ്. കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയും കഥാതന്തുവിനോടും പ്രമേയത്തോടും നീതി പുലർത്തുന്നു.

കഥയിലും പ്രമേയത്തിലും പരിചരണത്തിലും അത്യന്തം പുതുമ, വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സംരംഭമായി ഗോഡ്‌സേയെ നിസ്സംശയം വിശേഷിപ്പിക്കാം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757