അധികാരവും അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ചിന്നിച്ചിതറിപ്പിച്ച മനുഷ്യജന്മങ്ങളെ പറ്റി നമ്മൾ അനേകം കണ്ടതും കേട്ടതുമാണ്. ഫിക്ഷനായും നോൺ ഫിക്ഷനായും അത് നമ്മുടെ മുന്നിൽ വന്നിട്ടുണ്ട്. ഇന്ന് ‘അവർക്ക്’ സംഭവിച്ച ദുർവിധി നാളെ ‘നമുക്ക്’ ആണെന്ന ബോധ്യത്തിലേക്ക് എത്താത്തത് കൊണ്ടാണ് അഭയാർത്ഥി പ്രശ്നം അത്ര ഭീകരമായ ഒരനുഭവമായി വായിക്കാനോ കാണാനോ കേൾക്കാനോ നമ്മിൽ പലർക്കും പറ്റാത്തത്. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അനിയന്ത്രിതമായ പലായനമാണ് പുതിയ കാലത്തിന്റെ മുഖമുദ്ര. 2023 കഴിയുമ്പോഴേക്കും 117 മില്യൺ മനുഷ്യർ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അഭയാർത്ഥികളായി മാറും (displaced / stateless) എന്നത് ശരിക്കും നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതല്ലേ.
പ്രമുഖ ചൈനീസ് ആക്റ്റിവിസ്റ്റും കലാകാരനുമായ ഐ വെയ്‌വെയുടെ (Ai Weiwei) “ഹ്യൂമൻ ഫ്ലോ” അഭയാർത്ഥി പലായനത്തെ ഏറ്റവും ആഴത്തിൽ അടയാളപ്പെടുത്തിയ ഒരു മുഴുനീളൻ ഡോക്യൂമെന്ററിയാണ്. അഭയാർത്ഥികളെ കാണാനും അവരുടെ കഥകൾ കേൾക്കാനും 23 രാജ്യങ്ങളിലേക്ക് വെയ്‌വെ യാത്ര ചെയ്യുന്നതാണ് സിനിമ. അഭയാർത്ഥി പ്രതിസന്ധിയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ശക്തവും ചലിക്കുന്നതുമായ സിനിമയാണ് ഹ്യൂമൻ ഫ്ലോ. 23 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ, അഭയാർത്ഥികളുടെ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തുന്നു. വെയ്‌വെ അഭയാർത്ഥികളുമായി സംസാരിക്കുന്നു, അവരുടെ കഥകൾ കേൾക്കുന്നു, അവരുടെ ദുരിതങ്ങളെ കുറിച്ച് നമ്മെ ബോധവൽക്കരിക്കുന്നു. സിനിമയുടെ ആരംഭം സിറിയയിൽ നിന്ന് രക്ഷപ്പെടുന്ന രണ്ട് കുട്ടികളുടെ കഥയിൽ നിന്നാണ്. പിന്നീട്, സിനിമ ലോകമെമ്പാടുമുള്ള മറ്റ് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീങ്ങുന്നു, ആളുകൾ അവരുടെ വീടുകളും ജീവിതങ്ങളും ഉപേക്ഷിച്ച് അഭയം തേടിയെത്തിയ അഭയാർത്ഥി ക്യാമ്പുകൾ. സിനിമയുടെ ഏറ്റവും ശക്തമായ ഭാഗങ്ങളിലൊന്ന് അഭയാർത്ഥികളുടെ വ്യക്തിപരമായ അനുഭവങ്ങളും ജീവിത കഥകളുമാണ്. വെയ്‌വെ അവരുടെ വാക്കുകൾ നേരിട്ട് കേൾക്കാൻ നമ്മെ അനുവദിക്കുന്നു. ലോകമെമ്പാടുമുള്ള അഭയാർത്ഥി പ്രതിസന്ധിയുടെ വ്യാപ്തിയും സങ്കീർണ്ണതയും വരച്ചു കാണിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് കൂടി സിനിമ പറഞ്ഞു വെക്കുന്നു.

ഐ വെയ്‌വെ
രണ്ടു മണിക്കൂറും ഇരുപത് മിനുട്ടും ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ ഒരു ഭാഗത്ത് “When there is nowhere to go, nowhere is home” എന്നെഴുതിക്കാണിക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ അഭയാർഥികളായി മാറിയ കോടിക്കണക്കിനു മനുഷ്യരുടെ സംഘർഷങ്ങൾ അതേ തീവ്രതയോടെ രേഖപ്പെടുത്താനാവാത്തവിധം സങ്കീർണമാണ്. അസ്ഥിരതയും അസ്വസ്ഥതയും തരണം ചെയ്യാനാവാതെ ‘പ്രതീക്ഷ’ എന്നത് അതിജീവിക്കാനാവാത്ത വാക്ക് മാത്രമായി അവശേഷിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ആഖ്യാനങ്ങൾ, അതിനാൽതന്നെ അവസാനമില്ലാത്തതുമാണ്. നീതിബോധവും സഹാനുഭൂതിയും കുറച്ചെങ്കിലും കാത്തു സൂക്ഷിക്കുന്ന ഏതൊരാളും നിർബന്ധമായി കണ്ടിരിക്കേണ്ട ഡോക്യൂമെന്ററിയാണ് ‘ഹ്യൂമൻ ഫ്ലോ’. പലായനത്തിനിടയിൽ കടലിടുക്കിൽ മരിച്ചു വീണ അഭയാർഥികളുടെ ലൈഫ് ജാക്കറ്റുകളും മറ്റും ചേർത്തു വെച്ചുള്ള ഹൃദയഭേദകമായ ഷോട്ടിലാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ആ ഒറ്റ ഷോട്ടിലൂടെ അഭയാർഥികളുടെ പ്രതീക്ഷയുടെയും പ്രയത്നത്തിന്റെയും സങ്കീർണ്ണതകൾ കൂടി വെയ്‌വെ അനാവരണം ചെയ്യുന്നു.