സൗഹൃദ കാലാവസ്ഥ എന്ന പഴങ്കഥ

Resize text

ലയാളക്കരയുടെ നൂറ്റാണ്ടു പഴക്കമുള്ള മുന്നേറ്റത്തിൽ മനുഷ്യ അധ്വാനത്തിലുള്ള പങ്കിനപ്പുറമാണ് പശ്ചിമഘട്ടവും അറബിക്കടലും ഒത്തുചേർന്ന കേരളത്തിൻ്റെ പ്രകൃതി അനുകൂല ഘടകങ്ങൾ. 

നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ – ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി. അത്തരം സമൂഹത്തിൽ ശക്തമായിത്തീരേണ്ട സർക്കാർ സംവിധാനങ്ങളുടെ സുതാര്യതയും അഴിമതിരാഹിത്യവും ജനകീയതയും അസാധ്യമായി തുടരുന്നു. ഇതിൻ്റെ പ്രതിഫലനത്താൽ പ്രകൃതി വിഭവങ്ങളെ പരിരക്ഷിക്കുന്നതിൽ അധികാര കേന്ദ്രങ്ങളും ജനപ്രതിനിധികളും പരാജയപ്പെടുന്നു. വികസനത്തിൻ്റെ പേരിൽ പ്രകൃതിയെ പരിഗണിക്കാത്ത ഇടപെടൽ ശക്തമാക്കിയതിനു പിന്നിൽ പ്രവർത്തിക്കുന്നത് ദല്ലാൾ സ്വഭാവത്തിലുള്ള വ്യവഹാരങ്ങളാണ്. ഈ ശൈലി, പകരം വെക്കാൻ കഴിയാത്ത കേരളത്തിൻ്റെ പ്രകൃതി മൂലധനത്തെ തകർത്തെറിയുന്നു.

പ്രകൃതി വിഭവങ്ങളും യൂറോപ്യന്മാർ തുടങ്ങിവെച്ച തോട്ടകൃഷിയും ഇടനാട്ടിലെയും (തീരത്തെയും) നെല്ല്, കിഴങ്ങു കൃഷി, പുഴയും കുളവും പരമ്പരാഗത തൊഴിൽ രംഗവും 540 കി.മീ വരുന്ന അറബിക്കടൽ തീരവും മത്സ്യസമ്പത്തും നാടിനെ സമ്പന്നമാക്കിയിരുന്നു.

വിദേശ – സ്വദേശിരാജ ഭരണം മൂലം തിരുവിതാംകൂർ, കൊച്ചി, മലബാർ ദേശത്തെ ജനങ്ങൾ 1940 കൾ വരെ ബംഗാളിനെ പോലെ പരമ ദരിദ്രരായിരുന്നു. രാജാക്കന്മാരാകട്ടെ, അതി സമ്പന്നരും. പകർച്ചവ്യാധികൾ വഴിയുളള മരണങ്ങളും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. നിരക്ഷരരായ നാട്ടുകാർ രോഗം മൂലം ദുരിതത്തിലായി. ചുറ്റുമുള്ള സമ്പന്നമായ പ്രകൃതി വിഭവങ്ങളെ നാട്ടുകാരുടെ ജീവിതത്തിന് ഗുണപരമാക്കിത്തീർക്കണമെന്ന് കേരളത്തിന്റെ ആദ്യകാല ജനകീയ നേതാക്കൾ ആഗ്രഹിച്ചു.

കേരളത്തിന്റെ പ്രകൃതി സമ്പത്ത്

യവന കാലം മുതൽത്തന്നെ കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായ നാടിന്റെ പ്രകൃതി കലവറയായ കാടുകളിൽ വളർന്ന വിഭവങ്ങൾ ലോകാേത്തരമായി അറിയപ്പെടാൻ  തുടങ്ങിയിരുന്നു. അതിനായിട്ടായിരുന്നു അറബികളുടെയും യൂറോപ്യന്മാരുടെയും വരവ്. പശ്ചിമഘട്ടത്തിന്റെയും അതിന്റെ താഴ്‌വരകളുടെയും അറബിക്കടലിന്റെയും പ്രത്യേകതകൾ കൊണ്ട് നമ്മുടെ കാലാവസ്ഥ അത്ഭുതകരമായ പ്രത്യേകതകൾ നിറഞ്ഞതാണ്. ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സഹ്യപർവ്വത നിരയുടെ 60% ജൈവ വൈവിധ്യവും കേരള അതിർത്തിക്കുള്ളിലാണ്. കാടിന്റെ അതിസമ്പന്നത, അതിൽനിന്ന് ഒഴുകിത്തുടങ്ങുന്ന നദികളെയും വ്യത്യസ്തമാക്കി. 12 മാസവും ഒഴുക്കുള്ള നദികൾ അറബിക്കടലിനും അനുഗ്രഹമാണ്. പുറക്കാട്ടും ചാവക്കാട്ടും വർഷാവർഷം കണ്ടുവരുന്ന ചാകരക്കു കാരണം പശ്ചിമഘട്ടത്തിൽ നിന്ന് നദികളിലൂടെ ഒഴുകിയെത്തുന്ന ലവണങ്ങളുടെ പ്രത്യേകതയാണ്. ബംഗാൾ കടലിനെ പോലെ ക്ഷോഭിക്കാത്തതായിരുന്നു അറബിക്കടൽ.

300 സെൻ്റി മീറ്റർ വാർഷിക മഴ കേരളത്തെ വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ എത്തിച്ചിരുന്നില്ല. ബംഗാൾ തീരങ്ങൾ, ചുഴലിക്കും കൊടുങ്കാറ്റിനും വിധേയമാകുമ്പോൾ, കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ നൂറ്റാണ്ടിലെ സംഭവങ്ങൾ മാത്രമായിരുന്നു. മഴയുടെ സ്വഭാവം തന്നെ അതിന് അനുഗ്രഹമായി. വേനൽക്കാലത്തെ ഇടിയോടെയുള്ള ചാറ്റൽമഴ മുതൽ ഇടവപ്പാതിയും തുലാമഴയും മലയാളത്തെ സമ്പന്നമാക്കി. മലനിരകളിലെ ചെറുതുള്ളികളുടെ മഴയും (നൂൽ മഴ) തീരങ്ങളിലെ വലിയ തുള്ളികൾ നിറഞ്ഞവയും അതാതു നാടിന് അനുഗ്രഹമാണ്. എല്ലാത്തിനും ഉപരി, ഉയർന്ന ചൂടും താഴ്ന്ന ചൂടും തമ്മിലുള്ള അന്തരം കുറഞ്ഞ അവസ്ഥ (Diurenal index) ജൈവ വൈവിധ്യങ്ങളുടെ വൻ തുരുത്താക്കി കേരളത്തെ മാറ്റിയെടുത്തു.

ആധുനിക കേരളത്തിന്റെ ഉണർവ്വും തിരിച്ചടിയും

ദശലക്ഷം വർഷങ്ങളിലൂടെ വളർന്നു വികസിച്ച പ്രകൃതി മൂലധനത്തെ (Natural Capital) വൈദേശിക കമ്പനിയും അവർക്കൊപ്പം നിന്ന നാടുവാഴികളും സിൽബന്ധികളും സ്വന്തം താൽപര്യങ്ങൾക്കായി മാത്രം ഉപയോഗിച്ചു. ജാതി – ജന്മി – നാടുവാഴിത്തത്തിന്റെ ഭാഗമായ സവർണ്ണാധികാരം ജനാധിപത്യ അവകാശങ്ങൾ അംഗീകരിച്ചില്ല. ഇക്കാരണത്താൽ പ്രകൃതിയുടെ  സംരക്ഷകരായ ഗ്രാമീണർക്ക് അധികാരത്തിൽ നിന്നും സമ്പത്തിൽ നിന്നും അകലം പാലിക്കേണ്ടി വന്നു. ആധുനിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ജനകീയമാക്കിയ മതസ്ഥാപനങ്ങളും അതിന്റെ കൂടി തുടർച്ചയായി വന്ന നവാേത്ഥാന പ്രവർത്തനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാട്ടിൽ സാമൂഹിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി. അതിന്റെ രണ്ടാം പാദത്തിൽ അതിന് രാഷ്ട്രീയ അടിത്തറയും ഉണ്ടായി.

കേരളത്തിൻ്റെ കാർഷിക രംഗത്തും വനമേഖലയിലും വൈദേശിക ഭരണം നടത്തിയ ഇടപെടലുകൾ അനാരോഗ്യകരമായിരുന്നു. നെൽകൃഷിയെ നിരുത്സാഹപ്പെടുത്താൻ ബ്രിട്ടിഷ് ഇന്ത്യ അരിയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കി (ബർമ്മ അരിയുടെ വരവ്). മാഞ്ചസ്റ്റർ സ്വാധീനം (Manchester Effect) കേരളത്തിലെ പരമ്പരാഗത രംഗത്തും പ്രശ്നങ്ങളുണ്ടാക്കി. വ്യവസായ രംഗത്ത് കാര്യമായി ഒന്നും സംഭവിച്ചില്ല. വൈദേശിക ശക്തികൾ തകർക്കാൻ ശ്രമിച്ച കാർഷിക – പരമ്പരാഗത രംഗത്തിനു പകരം പുതിയ മേഖലകൾ വളരാഞ്ഞത് തൊഴിൽ സാധ്യതകൾ കുറച്ചു. ഭക്ഷ്യ ക്ഷാമവും പ്രകടമായി. ഒന്നാം കേരള മന്ത്രിസഭയിലെ ബജറ്റ് അവതരണത്തിൽ നാടിന് കുറവുള്ള (50%ത്തോളം) നെല്ല് ഉൽപാദിപ്പിക്കാൻ പദ്ധതികൾ വേണ്ടതുണ്ട് എന്ന് സൂചന നൽകിയിരുന്നു. എന്നാൽ, അതിനു വേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ പിൽക്കാലത്ത് വിജയിച്ചില്ല.

കാർഷിക രംഗത്തെ ഉണർവ്വില്ലായ്മ പരമ്പരാഗത വ്യവസായ രംഗത്തും തിരിച്ചടിയുണ്ടാക്കി. വ്യവസായ രംഗം പഴയ പടി തുടർന്നു. ഈ കാലത്ത് വിദ്യാഭ്യാസം നേടിയ പുതു തലമുറ വ്യവസായ – സേവന രംഗത്തെ തൊഴിലാളികളാകുവാൻ കേരളത്തിന് പുറത്തേക്കു നീങ്ങി. കാർഷിക – ദ്വിതീയ രംഗത്തെ തിരിച്ചടികളെ സ്വയം പരിഹരിക്കാൻ നാടുവിട്ടവരുടെ യാതനകൾ വിവരണാതീതമാണ്. മൂന്നിൽ ഒന്ന് കുടുംബത്തിലെ (കുറഞ്ഞത് ഓരോരുത്തരും) അംഗങ്ങൾ തൊഴിൽ അവകാശങ്ങൾ മറന്നും അല്ലാതെയും നേടിയ മിച്ചമാണ് ഇന്നു കാണുന്ന ആധുനിക കേരളത്തിന്റെ ഊർജ്ജം .

ആഗോളവത്കരണ കാലത്തെ കേരളം

കൃഷിയെ ഭക്ഷ്യസുരക്ഷക്കുപരിയായി കാണാൻ വേഗത്തിൽ പഠിച്ച മലയാളിയും തുണ്ടു തുണ്ടാക്കിയ ഭൂമിയും സാമ്പത്തിക വളർച്ചയിലെ കൃഷിയുടെ പരിമിതികളെ 80 കളിൽ ബോധ്യപ്പെടുത്തി (Lacking Exponential growth). അതിനെ ഭൂമിയുടെ ക്രയ വിക്രയത്തിലൂടെ മറികടക്കാമെന്ന ധാരണ ശക്തമാക്കി. 1990 നു ശേഷം വാർഷിക വരുമാനത്തിൽ കൃഷി മൂന്നാം സ്ഥാനത്തെത്തി. പണി എടുക്കുന്നവരിൽ 50% വരെ വരുമാനം കണ്ടെത്തിയിരുന്ന രംഗം വേഗത്തിൽ ക്ഷയിച്ചു.

പരമ്പരാഗത തൊഴിൽ രംഗത്തെ സജീവത, 1980 വരെ ഗ്രാമീണ സ്ത്രീകളെ വരുമാനമുള്ളവരും അവകാശബോധമുള്ളവരുമാക്കിയിര ന്നു. സാധാരണ കുടുംബങ്ങളിൽ സ്ത്രീകൾ വരുമാനമുള്ളവരായത് പുതിയ തലമുറക്ക് വിദ്യാഭ്യാസപരവും മറ്റുമായി കൂടുതൽ വളരാൻ (അധ്യാപക – ആരോഗ്യ മേഖലയിലെ സ്ത്രീ പ്രവർത്തകരെ ഓർമ്മിപ്പിക്കും വിധം) അവസരമുണ്ടാക്കി. ആ മേഖലയും 80കൾക്കുശേഷം നാമാവശേഷമായി.

വ്യവസായ രംഗം കേരളത്തിൽ ശക്തമാകാത്തത് സ്വാഭാവികമാണ്. എന്നാൽ, വ്യവസായ തൊഴിലാളികളായി മലയാളികൾ മദ്രാസ് മുതൽ വടക്കെ ഇന്ത്യൻ നഗരങ്ങളിലെല്ലാം എത്തി. കാർഷിക – ദ്വിതീയ രംഗത്തെ മറികടന്ന് സേവന മേഖല മുന്നേറുക എന്നതാണ് ലോക സാമ്പത്തിക രംഗം1970 മുതൽ  മുന്നോട്ടു വെച്ച വികസന നിലപാട്. സാമ്പത്തിക പിന്നാക്ക രാജ്യങ്ങളിൽത്തന്നെ 1980കളിൽ അതിന്റെ തയ്യാറെടുപ്പുകൾ ശക്തമാക്കി. അതിൽ ഐ എം.എഫ്, ഡബ്ല്യു.ബി തുടങ്ങിയവ പ്രത്യേകം ശ്രദ്ധ ചെലുത്തി എന്നു കാണാം. ഇന്ത്യയിലെ ആഗോളവത്കരണ പരീക്ഷണങ്ങളിൽ ഇതിനനുകൂലമായ അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കുവാൻ രാഷ്ട്രീയമായും ഭൗതികമായും മാനസികമായും മലയാളികൾ മറ്റ് സംസ്ഥാനക്കാരേക്കാൾ തയ്യാറായിരുന്നു. 

ഊഹ വിപണിയുടെ ലാഭവും അതുണ്ടാക്കുന്ന മാർക്കറ്റ് ഉണർവ്വും അരിച്ചിറക്കൽ സ്വഭാവമുള്ളതാണ് (Percolation). ഭൂമിയെ ഊഹ വിപണയിൽ എത്തിക്കാനാവശ്യമായ പണം ഡ്രാഫ്റ്റ് എക്കണോമിയിലൂടെ നേടുന്നത് കെട്ടിട നിർമ്മാണവും അതിന്റെ നിർമ്മാണ വിപണിയും ശക്തമാക്കി. തൊഴിലവസരവും വേതനവും വർധിക്കും, മാർക്കറ്റുകൾ ചലിക്കും, നിർമാണം അവസാനിക്കുന്നതൊടെ അത് നിലക്കും. സമ്പത്ത് അനിയന്ത്രിതമായി കേന്ദ്രീകരിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെങ്കിലും അവരുടെ പണം പൊതു ഇടങ്ങളിൽ എത്തുന്നത് കോർപറേറ്റു സ്ഥാപനങ്ങൾ മുതൽ തട്ടുകടകളെ വരെ ശക്തമാക്കും. ഈ വളർച്ചയുടെ ഇടയിൽ കൃഷിയും വ്യവസായ തൊഴിലാളിയും പ്രകൃതിയും അപ്രസക്തമാകും. ഈ വളർച്ച ഒരു ഘട്ടത്തിനു ശേഷം തിരിച്ചടിയിലെത്തുക സ്വാഭാവികമാണ് (Duch Disease എന്ന ഡച്ച് സാമ്പത്തിക തിരിച്ചടിയെ ഓർമ്മിപ്പിക്കുന്ന അവസ്ഥ). അതിന്റെ തിക്ത ഫലം സർക്കാറിലും സാധാരണ ജനങ്ങളിലും പ്രകടമാണ്.

1990 കൾ മുതൽ കേരള സർക്കാർ കൈക്കൊണ്ട സാമ്പത്തിക സമീപനങ്ങൾ 1957 മുതൽ 34 വർഷങ്ങൾ സർക്കാർ എടുത്ത പല ജനകീയ സമീപനത്തെയും കൈയ്യൊഴിയുന്നതായിരുന്നു. അതിന് സഹായകരമായ ബജറ്റുകൾ അവതരിപ്പിക്കപ്പെട്ടു.

കാർഷിക – പരമ്പരാഗത – വ്യവസായ രംഗത്ത്

കേരളത്തിന് സംഭവിച്ച തകർച്ച സമൂഹത്തിന്

തിരിച്ചടിയാകാഞ്ഞത് പ്രവാസികളുടെ

പണവരവു മൂലമാണ്. നാട്ടുകാരുടെ വാങ്ങൽ

ശേഷിയും ജീവിത നിലവാരവും വർധിച്ചു. സേവന

രംഗത്ത് കുതിപ്പുണ്ടായി. റിയൽ എസ്റ്റേറ്റ് മേഖല

ശക്തമായി. ഭൂമിയുടെ ഘടനയും കൈമാറലും തീവ്രമായി.

നെൽവയലുകളും കായൽ – നദീതടങ്ങളും

ഫ്ലാറ്റുകൾക്കായി വഴിമാറി.

ആഗോളവത്കരണത്തിന് അംഗീകരിക്കാൻ കഴിയാത്ത ക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോകാൻ നിർബന്ധിതമായ നാട്ടിൽ സർക്കാർ തന്നെ ഊഹവിപണിക്കും പ്രകടമായ ചൂതാട്ടത്തിനും വേദിയൊരുക്കുകയാണ്. ഈ പ്രവണതകൾ സർക്കാറിനെയും സാധാരണക്കാരെയും പാപ്പരാക്കും. പ്രകൃതി വിഭവങ്ങളെ പരമാവധി തകർത്തെറിയും. അത്തരം സാഹചര്യങ്ങളിൽ തൊഴിൽ രാഹിത്യവും വിലക്കയറ്റവും അഴിമതിയും ശക്തമാകും.

കേരളത്തിന്റെ എല്ലാ സാമ്പത്തിക ഉണർവ്വിനും നിദാനമായിരുന്ന ഗൾഫ് പണത്തിന്റെ വരവ് കുറയുമ്പോൾ തിരിച്ചടി അതിരൂക്ഷമായി മാറുന്നത് കാണാം. അതിനെ മറികടക്കാൻ  സർക്കാർ കൈക്കൊള്ളുന്ന മാർഗം സ്വകാര്യ സ്ഥാപനങ്ങളെ പൊതുമുതൽ ഏൽപ്പിച്ചു കൊടുക്കുകയും പി.പി. പി പദ്ധതികളും കിഫ്ബിയും നടപ്പിലാക്കുകയുമാണ്.

കാർഷിക – പരമ്പരാഗത – വ്യവസായ രംഗത്ത് കേരളത്തിന് സംഭവിച്ച തകർച്ച സമൂഹത്തിന് തിരിച്ചടിയാകാഞ്ഞത് പ്രവാസികളുടെ പണവരവു മൂലമാണ്. നാട്ടുകാരുടെ വാങ്ങൽ ശേഷിയും ജീവിത നിലവാരവും വർധിച്ചു. സേവന രംഗത്ത് കുതിപ്പുണ്ടായി. റിയൽ എസ്റ്റേറ്റ് മേഖല ശക്തമായി. ഭൂമിയുടെ ഘടനയും കൈമാറലും തീവ്രമായി. നെൽവയലുകളും കായൽ – നദീതടങ്ങളും ഫ്ലാറ്റുകൾക്കായി വഴിമാറി. നിർമാണത്തിനായി ഖനന പ്രവർത്തനങ്ങൾ വർധിച്ചു. കാലാവസ്ഥാ മാറ്റങ്ങൾ ദുരന്തമായി മാറിയത് കേരളത്തിന്റെ ആരോഗ്യരംഗം മുതൽ ടൂറിസത്തെ വരെ പ്രതികൂലമായി ബാധിച്ചു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യവിളകളെ പെട്ടെന്നു ബാധിക്കും. അന്തരീക്ഷ താപനിലയിലെ ഒരു ഡിഗ്രി സെൽഷ്യസിന്റെ വർധനവ് നെല്ല് ഉത്പാദനത്തിൽ 3.2% കുറവു വരുത്തും. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനം പഴം – പച്ചക്കറി ഉത്പാദനത്തിൽ 20 – 50% കുറവു വരുത്തിക്കഴിഞ്ഞു. 24 മണിക്കൂർ വെള്ളം കെട്ടി നിൽക്കുന്നത് തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറി കൃഷി നശിപ്പിക്കും.

കൊടും വേനലിൽ മേൽമണ്ണു വരളുന്നതും മണ്ണിന്റെ ഉപരിതല താപനില വർധിക്കുന്നതും കുരുമുളകിന്റെ വളർച്ചയിൽ പ്രതിസന്ധിയുണ്ടാക്കും. നല്ല മഴ അടുത്ത സീസണിലെ കുരുമുളക് ഉത്പാദനത്തിന് ഗുണകരമാണെങ്കിലും മഴ കൂടിയാൽ രോഗ ബാധയും കൂടും. ഏലത്തിന്റെ വളർച്ചക്ക് അനുകൂലം18 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലുള്ള താപനിലയാണ്. ചൂട് 28 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ കായ്കൾ പെട്ടെന്നു വളർന്ന് നേരത്തേ മൂപ്പെത്തും. 32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പോയാൽ ഇലകൾ ഉണങ്ങിക്കരിയും. ചൂടുകൂടിയ കാലാവസ്ഥയിൽ ഏലത്തിൽ കീടങ്ങളുടെ ആക്രമണവും രൂക്ഷമാകും. 

തെങ്ങ് സി-3 വിഭാഗത്തിൽപ്പെട്ട വിളയായതിനാൽ അന്തരീക്ഷ താപനില ഒരു പരിധിവരെ ഉയർന്നാലും നാളികേര ഉത്പാദനം കൂടുമെന്നാണ് ഒരു പ്രവചനം. അന്തരീക്ഷത്തിലെ ഉയർന്ന കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത മുതലെടുത്ത് കൂടുതൽ പ്രകാശ സംശ്ലേഷണം നടക്കുന്നതിനാലാണിത്. കൂടെക്കൂടെയുണ്ടാകുന്ന വരൾച്ചയും മഴയ്ക്കു ശേഷമുള്ള വരണ്ട ഇടവേളകളും ഉയർന്ന താപ സമ്മർദ്ദവും മണ്ണിലെ ഈർപ്പക്കുറവുമെല്ലാം കാർബൺ സാന്ദ്രത കൂടുന്നതു കൊണ്ടുള്ള എല്ലാ പ്രയോജനങ്ങളും ഇല്ലാതാക്കും.

150 ദിവസം തുടർച്ചയായി താപനില 33 ഡിഗ്രി സെൽഷ്യസ് കടക്കുകയോ വരൾച്ച 200 ദിവസത്തിലേറെ നീണ്ടുനിൽക്കുകയോ ചെയ്താൽ നാളികേര ഉത്പാദനത്തിൽ കുറവുണ്ടാകും. പേമാരിയും മഹാപ്രളയവും നാളികേര ഉത്പദാനം കുറയ്ക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വിളയായ റബറും അടുത്ത കാലത്തായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ്. തുലാമഴയിലെ കുറവും നീണ്ടു നിൽക്കുന്ന വരൾച്ചക്കാലവും ഇടയ്ക്കുണ്ടാകുന്ന അതിവർഷവും റബർ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, ഉരുളക്കിഴങ്ങ്, സോയാബീൻ തുടങ്ങിയ വിളകളിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക പ്രാധാന്യമുള്ള ദീർഘകാല വിളകളെ കുറിച്ചുള്ള പഠനങ്ങൾ പരിമിതമാണ്.

മൂന്നാറിലും നീലഗിരിയിലും താപനില മൈനസ് മൂന്നു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. പതിവില്ലാത്ത മഞ്ഞുവീഴ്ച്ച കേരളത്തിലെ തേയിലത്തോട്ടങ്ങളിൽ നാശം വിതച്ചു. ജനുവരി – മാർച്ച് മാസങ്ങളിൽ കേരളത്തിലെ തേയില ഉത്പാദനത്തിൽ 10-30% ഇടിവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2018 മുതലുള്ള മഴക്കാലത്ത് ശരാശരി 7000 കോടി മുതൽ 10000 കോടി വരെ പ്രതിവർഷ സാമ്പത്തികനഷ്ടം സംഭവിക്കുന്നുണ്ട്. രാജ്യത്താകെ നടക്കുന്ന ഉരുൾപ്പൊട്ടലുകൾ 70% വും കേരളത്തിലാണ്. രാജ്യത്തെ ഏറ്റവും രൂക്ഷമായ കടലാക്രമണം പ്രകടമാകുന്നത് സംസ്ഥാനത്തിൻ്റെ തീരങ്ങളിലാണ്. 50 മുതൽ 500 വരെ മനുഷ്യജീവനുകൾ പ്രതിവർഷം പൊലിയേണ്ടി വരുന്നു. സാമൂഹിക സുരക്ഷക്ക് വൻ പ്രാധാന്യം നൽകുന്ന നാട്ടിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

അന്തരീക്ഷ ഊഷ്മാവിലെ 3.2 ഡിഗ്രിയിൽ അധികമായ ഉയർച്ച വാർഷിക വരുമാനത്തിൽ 26% കുറവുണ്ടാക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പഠനങ്ങൾ വ്യക്തമാക്കിയതാണ്. മൃഗജന്യ രോഗങ്ങൾ പ്രത്യക്ഷ്യപ്പെടുന്നതിൽ പ്രധാന കേന്ദ്രമായി സംസ്ഥാനം അറിയപ്പെടുന്നതിന് കാരണം കാലാവസ്ഥയിലെ തിരിച്ചടികളാണ്. 4 ഡിഗ്രിയിലധികം ചൂടു വർധിച്ച കേരളത്തിന് അതുവഴി 2.5 ലക്ഷം കോടി രൂപയുടെയെങ്കിലും ഉത്പാദന നഷ്ടം സംഭവിക്കുന്നുണ്ട്.

സൗഹൃദ കാലാവസ്ഥ കൊണ്ട്  സുപ്രസിദ്ധമായ നാട്ടിൽ അസ്വാഭാവികമായി മാറിയ വെയിലും മഴയും വൻ തിരിച്ചടികൾ ഉണ്ടാക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കുവാൻ പശ്ചിമഘട്ടത്തെയും ഇടനാടിനെയും തീരപ്രദേശത്തെയും കൂടുതൽ പ്രതിരോധ സ്വഭാവമുള്ളതാക്കി നിലനിർത്തുന്നതിനുപകരം, പ്രകൃതിവിഭവങ്ങളെ തകർത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നാടിനെ ദുരന്ത ഭൂമിയാക്കി മാറ്റുകയാണ്.

 

Facebook
Twitter
WhatsApp
Print