സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല നിരന്തരം മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വിധേയമായിട്ടുണ്ട്. പ്രൈമറി തലം മുതൽ പി.ജി തലം വരെയുള്ള മേഖലകളിൽ ഊന്നിക്കൊണ്ട് വ്യത്യസ്ത വിദ്യാഭ്യാസ കമ്മീഷനുകൾ രൂപം കൊള്ളുകയും അതിനെതുടർന്ന് അക്കാദമിക രംഗത്തും ഭരണ നിർവഹണ രംഗത്തും പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. 10+2+3 പാറ്റേൺ മുതൽ അവസാനം നാല് വർഷ ബിരുദ കോഴ്സ് ഉൾപ്പടെയുള്ളവ ഇത്തരത്തിൽ വന്ന മാറ്റങ്ങളാണ്. 2020ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിൽ വന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്ന പരാതി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഉയർത്തി വരുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സ്വകാര്യ – വിദേശ സർവകലാശാലകൾക്ക് വിഹിതമനുവദിച്ചുകൊണ്ട് സർക്കാർ നയപ്രഖ്യാപനം നടത്തുകയുണ്ടായി. ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വകാര്യ – വിദേശ സർവകലാശാല എന്നത് വീണ്ടും ചർച്ചയായിരിക്കുകയാണ്.
മുമ്പ് കേരളത്തിൽ സ്വയം ഭരണ കോളേജുകൾ ആരംഭിക്കുന്ന വേളയിൽ ധാരാളം ചർച്ചകൾ അതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. കോഴ്സ് രൂപകൽപനയിലും പരീക്ഷ നടത്തിപ്പിലും കോളേജുകൾക്ക് അധികാരം ലഭിക്കുന്നതു വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണ നിലവാരത്തകർച്ചയുണ്ടാവുമെന്ന വാദം ഒരുവശത്തും, എന്നാൽ സ്വയംഭരണ അധികാരം ലഭിക്കുന്നത് വഴി കോളേജുകളിൽ നവീനമായ മാറ്റങ്ങൾ സാധ്യമാവുമെന്നുമുള്ളമുള്ള വാദം മറുവശത്തും നിലനിന്നിരുന്നു. സമാനമായ രീതിയിൽ സ്വകാര്യ – വിദേശ സർവകലാശാലയുമായി ബന്ധപ്പെട്ട ചർച്ചയിലും വേണം / വേണ്ട എന്ന രീതിയിലുള്ള ചർച്ചകൾ മാത്രമാണ് പ്രധാനമായും ഉയർന്നുവരുന്നത്.
നിലവിലുള്ള വിദ്യാഭ്യാസരീതിയനുസരിച്ച്
കോളേജുകൾ അറിവ് വിതരണ കേന്ദ്രങ്ങളും
യൂണിവേഴ്സിറ്റികൾ അറിവിന്റെ
നിർമാണ കേന്ദ്രങ്ങളും ആണ്. അറിവിന്റെനിർമാണം സമൂഹത്തിന്റെ പുരോഗതിക്ക്
അനിവാര്യമാണ്. വലിയ ലക്ഷ്യങ്ങളും
വിഭാവനകളും മുൻനിർത്തി അറിവ്
ഉത്പാദനം നടക്കുന്നുണ്ട് എന്ന്യൂണിവേഴ്സിറ്റികൾ ഉറപ്പു വരുത്തേണ്ടതുണ്ട്
കാലോചിതമായ പരിഷ്കാരങ്ങൾ മറ്റെല്ലാ മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും അനിവാര്യമാണ് എന്നിരിക്കെ എങ്ങനെയൊക്കെയാണ് അത് സമൂഹത്തിന്റെ മുന്നോട്ടു പോക്കിൽ ഗുണകരമായി സംഭാവന ചെയ്യുക എന്നതാണ് ഒന്നാമതായി പരിശോധിക്കപ്പെടേണ്ടത്. നിലവിലുള്ള പബ്ലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാറി സ്വകാര്യ മേഖലയിലേക്ക് വരുമ്പോൾ വിദ്യാർത്ഥികൾ, അവരുടെ പഠന നേട്ടങ്ങൾ, അതിൽ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തം തുടങ്ങിയവയെ എങ്ങനെയാണത് ബാധിക്കുക എന്നത് പ്രധാനമാണ്.
നിലവിലുള്ള വിദ്യാഭ്യാസരീതിയനുസരിച്ച് കോളേജുകൾ അറിവ് വിതരണ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റികൾ അറിവിന്റെ നിർമാണ കേന്ദ്രങ്ങളും ആണ്. അറിവിന്റെ നിർമാണം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. വലിയ ലക്ഷ്യങ്ങളും വിഭാവനകളും മുൻനിർത്തി അറിവ് ഉത്പാദനം നടക്കുന്നുണ്ട് എന്ന് യൂണിവേഴ്സിറ്റികൾ ഉറപ്പു വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ അവസരങ്ങളുടെ ലഭ്യത വളരെ പ്രധാനമാണ്. സ്വകാര്യ – വിദേശ സർവകലാശാലകളുടെ കടന്നുവരവ് ഇത്തരത്തിലുള്ള അവസരങ്ങളുടെ ലഭ്യത വർധിപ്പിക്കും എന്നത് ഒരു വസ്തുതയാണ്. സംസ്ഥാനത്തു നിന്നും ഓരോ വർഷം കഴിയുന്തോറും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പുറംരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. അതായത്, നിലവിൽ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നൽകുന്ന വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പുതു തലമുറയെ സംബന്ധിച്ച് കാര്യങ്ങൾ അത്ര ആശാവഹമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. കോഴ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ലഭിക്കുന്ന പഠന നേട്ടങ്ങൾ, പഠന കാലയളവിൽ നേരിടേണ്ടി വരുന്ന അഡ്മിനിസ്ട്രേഷൻ സംബന്ധമായ പ്രയാസങ്ങൾ, പരീക്ഷ നടത്തിപ്പിൽ സംഭവിക്കുന്ന പ്രതിസന്ധികൾ എന്നിവയൊക്കെയും ഉന്നത വിദ്യാഭ്യാസവുമായി രംഗവുമായി ബന്ധപ്പെട്ട് നേരിടുന്ന വിമർശനങ്ങളാണ്.
പരീക്ഷ നടത്തിപ്പ്, കോഴ്സ് ഡിസൈൻ തുടങ്ങിയവയിൽ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട അഡ്മിനിസ്ട്രേഷൻ സംവിധാനം സ്വകാര്യ സർവകലാശാലകളിൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, സ്വകാര്യ സർവകലാശാലകൾ നേരത്തേ സൂചിപ്പിച്ചതു പോലെ എത്രത്തോളമാണ് വ്യത്യസ്ത ജനസമൂഹങ്ങളെ ഉൾകൊള്ളുന്നത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അവസര ലഭ്യത എന്നതിനപ്പുറം നീതിപൂർവമായ ലഭ്യതയാണ് (access & equity) വിഭവങ്ങളുടെ കാര്യത്തിൽ നടപ്പിലാവേണ്ടത്. കാലങ്ങളായി ഭൂമി പോലുള്ള സാമൂഹിക മൂലധനങ്ങൾ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ദലിത് – ആദിവാസി സമൂഹങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റങ്ങളോട് വിമർശനാത്മക സമീപനമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. ഇത്തരം സമൂഹങ്ങളുടെ ചലനം (mobility ) സാധ്യമാക്കിയതിൽ വിദ്യാഭ്യാസ മൂലധനത്തിന് നിർണായക പങ്കുണ്ട്.
രാജ്യത്ത് 90 കൾ മുതൽ തന്നെ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിച്ചു വരുന്നുണ്ട്. 1995ൽ സ്ഥാപിതമായ സിക്കിം – മണിപ്പാൽ യൂണിവേഴ്സിറ്റി മുതൽ നിലവിൽ 430 ഓളം സ്വകാര്യ യൂണിവേഴ്സിറ്റികളാണുള്ളത്. 1956 ലെ യു.ജി.സി ആക്ട് അനുസരിച്ച് 2003ൽ ഭേദഗതി വരുത്തിയ ‘എസ്റ്റാബ്ലിഷ്മെൻ്റ് ആൻ്റ് മെയിൻ്റനൻസ് ഓഫ് സ്റ്റാൻഡേർഡ്സ് ഇൻ പ്രൈവറ്റ് യൂണിവേഴ്സിറ്റീസ്’ നിയമം അനുസരിച്ചാണ് നിലവിൽ സ്വകാര്യ സർവകലാശാലകൾ പ്രവർത്തിച്ചു വരുന്നത്.
നിലവിൽ സ്വകാര്യ സർവകലാശാലകൾ ഇല്ലാത്ത, 2016ൽ ഈ ആശയം മുന്നോട്ടു വെച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനെതിരെ കൈയ്യേറ്റം നടന്ന ഒരു സംസ്ഥാനമാണ് കേരളം. ഏതൊരു പരിഷ്കാരവും സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് സാമൂഹിക നീതി ഉറപ്പ് വരുത്തിക്കൊണ്ടു മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ എന്നതാണ് സ്വകാര്യ – വിദേശ സർവകലാശാലകളുടെ ചർച്ചകളുടെ അടിസ്ഥാനമായി ഉണ്ടാവേണ്ടത്. ചരിത്രപരമായും സാംസ്‌കാരികമായും സാമൂഹികമായും അധീശത്വ ഭരണകൂടവും സമൂഹവും മാറ്റി നിർത്തിയ ജനവിഭാഗങ്ങൾക്ക് സംവരണം പോലെയുള്ള നിയമ നിർമാണം വഴി സാമൂഹികനീതി ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങൾ വരുന്ന സ്വകാര്യ – എയ്ഡഡ് മേഖലയിൽ സംവരണ അട്ടിമറിയും ജാതി കോളനികളുടെ വാഴ്ചയുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടുതൽ മാറ്റി നിർത്തിക്കൊണ്ട് നടത്തുന്ന സ്വകാര്യവത്കരണ നീക്കങ്ങൾക്കിടയിൽ ആശ്വാസമാവേണ്ട പൊതുമേഖലാ സ്ഥാപനങ്ങൾ ഇത്തരം അട്ടിമറികൾക്ക് നേതൃത്വം നൽകുന്നു എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം. വ്യാജ സർട്ടിഫിക്കറ്റ് നിർമാണം, പരീക്ഷ എഴുതാതെ പാസ് ആവുക തുടങ്ങി വിദ്യാർത്ഥി – വിദ്യാഭ്യാസ മേഖലയെ ഒന്നാകെ പുറകോട്ട് വലിക്കുന്ന സംഭവങ്ങൾ നിരവധിയാണ്.
അഡ്മിഷൻ പ്രോസസ്സ്, ഫീസ്, സ്‌കോളർഷിപ്പ്, സിലബസ് തുടങ്ങിയവയിൽ ശക്തമായ നിയമ നിർമാണവും സംവരണവും നടപ്പിലാക്കിയതിനു ശേഷം മാത്രമാണ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള സർവകലാശാലകൾ അനുവദിക്കേണ്ടത്.
സ്വകാര്യ സർവകലാശാലകളുടെ നടത്തിപ്പിൽ
സർക്കാറിനുള്ള അധികാരവും ബന്ധവും
കൃത്യപ്പെടുത്തണം. കേവലം കച്ചവടവത്കരണമെന്ന
ഇടത് യുക്തി വെച്ച് മാത്രം സ്വകാര്യ – വിദേശ
സർവകലാശാലകളുടെ വരവിനെ തള്ളിക്കളയുന്ന
സമീപനങ്ങൾ നിരർത്ഥകമാണ്.
നിലവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വ്യത്യസ്ത രീതിയിൽ പിന്നാക്ക ജനവിഭാഗങ്ങളെ പുറന്തള്ളാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. നീറ്റ് പോലെ അഡ്മിഷൻ പ്രക്രിയ ഏകീകരിച്ചും ഫീസുകൾ കുത്തനെ വർധിപ്പിച്ചും പിന്നാക്ക വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമെല്ലാം പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ ഇല്ലാതാക്കാനും സംവരണ വ്യവസ്ഥകളെ അട്ടിമറിക്കാനുമുള്ള വഴി തേടുകയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപന അധികാരികൾ. കേരളത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ് പോലെയുള്ള സ്കോളർഷിപ്പുകൾ ലഭിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. വിദ്യാർത്ഥികളുടെ അഡ്മിഷനിൽ സംവരണ അട്ടിമറി നിരന്തരം ആവർത്തിക്കപ്പെടുകയാണ്. ഇത്തരമൊരു സാമൂഹിക പരിതസ്ഥിതിയിൽ നിന്നുകൊണ്ട് കൂടി വേണം പുതുതായി പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാകളെ പറ്റിയുള്ള ആലോചനകൾ നടത്തേണ്ടത്. കൃത്യമായ നിയമനിർമാണം നടത്താതെയുള്ള ഏതൊരു നീക്കവും സാമൂഹികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സംവരണമെന്ന അവകാശം സർക്കാർ സംവിധാനങ്ങൾ തന്നെ അട്ടിമറിക്കുന്ന നിലവിലെ അവസ്ഥയിൽ സ്വകാര്യ സർവകലാശാകളിൽ അതിന്റെ നിയമനിർമാണം നടത്തൽ അനിവാര്യമാണ്.
സ്വകാര്യ സർവകലാശാലകളുടെ നടത്തിപ്പിൽ സർക്കാറിനുള്ള അധികാരവും ബന്ധവും കൃത്യപ്പെടുത്തണം. കേവലം കച്ചവടവത്കരണമെന്ന ഇടത് യുക്തി വെച്ച് മാത്രം സ്വകാര്യ – വിദേശ സർവകലാശാലകളുടെ വരവിനെ തള്ളിക്കളയുന്ന സമീപനങ്ങൾ നിരർത്ഥകമാണ്. സർക്കാർ സംവിധാനങ്ങളിൽ നിന്ന് വിവേചനങ്ങൾ നേരിടുന്ന പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ സംരംഭങ്ങളായിരുന്നു ആശ്രയമെന്നത് മലബാറിലെ വിദ്യാഭ്യാസ ചരിത്രം തന്നെ സാക്ഷിയാണ്. വർഷങ്ങളായി മലബാർ മേഖലയിലടക്കം പൊതു മേഖല സ്ഥാപനങ്ങൾ തുടങ്ങാനുള്ള സർക്കാർ വിമുഖതയും വിവേചനവും കൂടുതൽ ശക്തമായി ഉയർത്തേണ്ട സാഹചര്യം ഇവിടെയുണ്ട്. വിദ്യാഭ്യാസം അടിസ്ഥാന അവകാശമാണെന്ന യഥാർഥ്യത്തെ വിസ്മരിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമമെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. മലബാറിലെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാൻ നീതിപൂർവമായ പരിഹാരങ്ങളാണ് സർക്കാർ ആദ്യം നടപ്പിലാക്കേണ്ടത്.
സ്വകാര്യ – വിദേശ സർവകലാശാലകളെന്ന സംവിധാനത്തെ കച്ചവട തന്ത്രമായും അനീതി നിറഞ്ഞ ഇടങ്ങളായും നടപ്പിലാക്കാൻ അനുവദിക്കാതെ ഫീസ് സ്ട്രക്ചർ, അഡ്മിഷൻ പ്രോസസ്, അഡ്മിനിസ്ട്രേറ്റീവ് സ്ട്രക്ചർ, സിലബസ്, സംവരണ വ്യവസ്ഥ തുടങ്ങിയ ഓരോ പ്രക്രിയയിലും ബന്ധപ്പെട്ട് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.