വനിത സംവരണത്തിലെ വനിതകൾ ആരൊക്കെ?

Resize text

 

ലോക്സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിത പ്രാതിനിധ്യം ഉള്ള സഭ നിലവിലുള്ള സഭയാണ്. ലോക്സഭയിൽ 82 ഉം രാജ്യസഭയിൽ 31 ഉം വനിതകളാണ് ഇപ്പോഴുള്ളത്. ഒന്നാം ലോക്സഭയിൽ 24 വനിതകളാണ് ഉണ്ടായിരുന്നത്. യു.എൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വനിതാ ജനപ്രതിനിധികളുടെ ശതമാനത്തിൽ 193 ലോകരാജ്യങ്ങളിൽ 148 ആം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്. അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശിനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. തെരഞ്ഞെടുക്കപ്പെടുന്ന വനിതാ പ്രതിനിധികളുടെ ലോക ശരാശരി 25% ന് മുകളിൽ നിൽക്കുമ്പോഴാണ് ഇതെന്നോർക്കണം.

ലോക്സഭയിലെ വനിത പ്രാധിനിത്യം 14 ശതമാനവും രാജ്യസഭയിലേത് 11 ശതമാനവുമാണ്. രാജ്യത്തെ 19 സംസ്ഥാന നിയമസഭകളിലെ വനിത പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയാണ്. അതിൽ നമ്മുടെ കേരളവും ഉൾപ്പെടും. കേരള നിയമസഭയിലെ നിലവിലെ വനിത പ്രാതിനിധ്യം 7.86% മാത്രമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനാധിപത്യ പ്രക്രിയകളിൽ സ്ത്രീകൾ എത്രത്തോളം പ്രതിനിധീകരിക്കപ്പെടുന്നുണ്ടെന്നും വനിത രാഷ്ട്രീയ ശാക്തീകരണം ഏതളവിൽ വരെ ഇവിടെ നിർവഹിക്കപ്പെടുന്നുണ്ടെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

 

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ

 

വനിതകളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യം വെച്ച് ലോക്സഭയിലും നിയമസഭകളിലും 33% സംവരണം വ്യവസ്ഥ ചെയ്യുന്ന വനിത സംവരണ ബിൽ സ്വാഗതാർഹമായ തീരുമാനമാണ്. 1996 ൽ അടൽ ബിഹാരി വാജ്പേയി സർക്കാറിന്റെ കാലത്താണ് വനിത സംവരണം ആദ്യമായി പാർലമെൻറിൽ അവതരിപ്പിക്കപ്പെടുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് ഉപസംവരണം ഇല്ലാതെ അവതരിപ്പിക്കപ്പെട്ട ബില്ലിന് ശക്തമായ എതിർപ്പാണ് അന്ന് നേരിടേണ്ടി വന്നത്. സ്വാഭാവികമായി ബിൽ പാർലമെൻറിൽ പരാജയപ്പെട്ടു. പിന്നീട് 2008 ൽ എസ് സി – എസ് ടി ഉപസംവരണങ്ങൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തിയ വനിതാ സംവരണ ബിൽ പാർലമെൻറിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. അപ്പോഴും ഒ.ബി.സി ഉപസംവരണം വലിയ രീതിയിൽ ചർച്ചയ്ക്ക് വരികയും ബിൽ പരാജയപ്പെടുകയും ചെയ്തു. 2010 ൽ കേന്ദ്ര ക്യാബിനറ്റും രാജ്യസഭയും ബിൽ പാസാക്കിയെങ്കിലും വിവിധ കാരണങ്ങളാൽ 2014 ന് മുമ്പായി ലോക്സഭയിൽ പാസാക്കിയെടുക്കാൻ അന്നത്തെ സർക്കാരിനായില്ല. ഇതിനിടയിൽ 1996 ലെ വനിതാ സംവരണ ബില്ലിനെ കുറിച്ച് പഠിക്കാൻ നിയോഗിതരായ സംയുക്ത പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റികൾ ( ഗീത മുഖർജി കമ്മറ്റി – 1996, ജയന്തി നടരാജൻ കമ്മറ്റി – 2009) ഒ ബി സി സ്ത്രീകൾക്ക് ഉപസംവരണം ഏർപ്പെടുത്തുക, സംവരണം രാജ്യസഭയിലേക്കും ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും വ്യാപിപ്പിക്കുക തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നുവെങ്കിലും നടപ്പായില്ല. 2014 ലെയും 2019 ലെയും പൊതുതെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ എൻ ഡി എ യുടെയും യു പി എ യുടെയും പ്രധാന വാഗ്ദാനമായി വനിത സംവരണ ബിൽ ഉണ്ടായിരുന്നു.

വനിത സംവരണ ബിൽ സ്വാഗതാർഹമായ നീക്കമാകുമ്പോഴും നിലവിലെ ബി ജെ പി സർക്കാർ യഥാർത്ഥത്തിൽ വനിതാസമൂഹത്തിന്റെ രാഷ്ട്രീയ ശാക്തീകരണം ആഗ്രഹിക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ 9 വർഷങ്ങൾ തുടർച്ചയായി കേന്ദ്ര ഭരണം കൈയാളിയത് ബി ജെ പി യാണ്. അപ്പോഴൊന്നും വനിത സംവരണ വിഷയം അവർ ചർച്ചക്കെടുത്തില്ല. ഇപ്പോൾ പാർലമെൻറ് ഇലക്ഷൻ പടിവാതിൽക്കൽ എത്തി നിൽക്കെ ധൃതിയിൽ ബില്ല് പുറത്തെടുത്തതും പാസാക്കി എടുക്കുന്നതും കൃത്യമായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ്.

 

ജയന്തി നടരാജൻ

 

സെൻസസ് പൂർത്തിയാക്കി, സെൻസസിന്റെ അടിസ്ഥാനത്തിൽ പാർലമെൻറ് – നിയമസഭ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തിയതിന് ശേഷം മാത്രമേ നിയമം നടപ്പിലാക്കുകയുള്ളൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ സൂചിപ്പിക്കുകയുണ്ടായി.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും 2024 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലും വനിത സംവരണം നടപ്പാക്കുകയില്ലെന്ന സന്ദേശമാണ് ഇതിലൂടെ അമിത് ഷാ രാജ്യത്തിന് നൽകിയത്. ഈ തെരഞ്ഞെടുപ്പുകളിൽ വനിത സംവരണം നടപ്പാക്കുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. സെൻസസുമായും മണ്ഡല പുനർനിർണയവുമായും സംവരണത്തെ ബന്ധിപ്പിക്കുന്നതിലൂടെ ബി.ജെ.പിക്ക്‌ സംവരണം നടപ്പാക്കുന്നതിലുള്ള താല്പര്യക്കുറവ് വ്യക്തമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 ൽ മാറ്റിവെച്ച സെൻസസ് നടപ്പിലാക്കാൻ രാഷ്ട്രീയ കാരണങ്ങളാൽ ബി ജെ പി ക്ക് താല്പര്യമില്ല. സെൻസസ് എന്ന് നടത്തും എന്നതിന് കേന്ദ്ര സർക്കാർ വ്യക്തമായ ഉത്തരം പറയുന്നില്ല. അഥവാ സെൻസസ് നടപ്പിലായാൽ തന്നെ വലിയ സങ്കീർണതകൾ നിറഞ്ഞതാണ് നിയമസഭ – പാർലമെൻറ് മണ്ഡലങ്ങളുടെ പുനർനിർണയം എന്നാണ് വിദഗ്ദർ സൂചിപ്പിക്കുന്നത്. അതായത് ഫലത്തിൽ പാർലമെന്റിൽ വനിത സംവരണ ബിൽ അവതരിപ്പിക്കുകയും അതിന്റെ നേട്ടങ്ങൾ അവകാശപ്പെടുകയും എന്നാൽ അത് നടപ്പിലാക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നില നിറുത്തുകയും ചെയ്യുന്ന കൗശലമാണ് ബി ജെ പി സർക്കാർ കാണിച്ചിരിക്കുന്നത്.

 

ഗീത മുഖർജി

ബിൽകീസ് ബാനു

 

സ്ത്രീശാക്തീകരണത്തോടും ലിംഗസമത്വം എന്ന ആശയത്തോടും കൂറുള്ളവരാണോ ബി ജെ പി എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സനാതന ധർമത്തിലും ബ്രാഹ്മണ മേധാവിത്വത്തിലും അഭിരമിക്കുന്നവർ സ്ത്രീകൾക്ക് രണ്ടാംകിട പൗരത്വം പോലും അനുവദിക്കാത്തവരാണ്. ഗുജറാത്തിലെ ബിൽക്കീസ് ബാനുവും കാശ്മീരിലെ കത് വ പെൺകുട്ടിയും ഉന്നാവിലെയും മണിപ്പൂരിലെയും പെൺകുട്ടികളും ബി ജെ പി നേതാവിന്റെ സ്ത്രീ പീഡനത്തിനെതിരെ ശബ്ദമുയർത്തി സമരം നയിച്ച വനിത ഹോക്കി താരങ്ങളുമെല്ലാം സംഘ്പരിവാറിന്റെ സ്ത്രീരാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. സ്ത്രീകളുടെ അഭിമാനത്തെയും അസ്തിത്വത്തെയും വംശീയആക്രമണങ്ങളിൽ ഉന്നം വെക്കണമെന്ന സൈദ്ധാന്തിക ഉള്ളടക്കം പേറുന്ന വിഭാഗമാണ് സംഘ്പരിവാർ. മറമാടപ്പെട്ട സ്ത്രീ മൃതശരീരങ്ങളെ പുറത്തെടുത്ത് ഭോഗിക്കണമെന്ന് ആക്രോശിച്ചവരെ വരെ ജനപ്രതിനിധികളായി വിജയിപ്പിച്ച ചരിത്രമാണ് ബി.ജെ.പിക്കുള്ളത്.

മറുവശത്ത്, വനിത സംവരണത്തിലെ വനിതകൾ ആരൊക്കെയാണെന്ന ചോദ്യവും ശക്തമാണ്. ഇന്ത്യയിലെ സാമൂഹികമായ വൈവിധ്യത്തെ നിലവിലെ വനിത സംവരണം ഉൾക്കൊള്ളുന്നില്ല. ഒ.ബി.സി – മുസ്‌ലിം – ന്യൂനപക്ഷ വനിതകൾക്ക് നിലവിൽ ഉപസംവരണം വ്യവസ്ഥ ചെയ്തിട്ടില്ല. സ്ത്രീ – പുരുഷ ബൈനറിയിലൂന്നിയ കേവലമായ സ്ത്രീവാദമാണ് വനിത സംവരണ ബില്ലിലൂടെയും അതുമായി ബന്ധപ്പെട്ട ചർച്ചകളിലും ആഘോഷിക്കപ്പെടുന്നത്. കേവല സ്ത്രീവാദത്തിന്റെ നേട്ടം കൊയ്യുന്നത് ആഗോള തലത്തിൽ വെള്ളക്കാരായ സ്ത്രീകളും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സവർണ സ്ത്രീകളുമാണ്. അതിനപ്പുറത്തേക്ക് കടക്കാൻ ആ വ്യവഹാരത്തിന് സാധിച്ചിട്ടില്ല. കാലഹരണപ്പെട്ട ഈ ആശയത്തെ കൂട്ടുപിടിച്ചാണ് ഒ.ബി.സി – മുസ്‌ലിം – ന്യൂനപക്ഷ വനിതകൾക്ക് ഉപസംവരണമെന്ന ന്യായമായ ആവശ്യം കേന്ദ്രസർക്കാർ റദ്ദ് ചെയ്യുന്നത്. മണ്ഡലാനന്തര കാലത്ത് ഒ.ബി.സി വിഭാഗങ്ങൾ രാഷ്ട്രീയ രംഗത്തുണ്ടാക്കിയ ചെറിയ രീതിയിലുള്ള നേട്ടങ്ങളെ റദ്ദ് ചെയ്യുന്നതിനുള്ള ഒളിയജണ്ടകൾ കൂടി വനിത സംവരണ ബില്ലിലുണ്ട് എന്ന വായനകളും ശക്തമാണ്. എസ്.സി – എസ്.ടി – ആംഗ്ലോ ഇന്ത്യൻ ഒഴികെയുള്ള ഉപസംവരണങ്ങൾ ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കുമ്പോൾ അതിന്റെ നേട്ടം കൊയ്യാൻ പോകുന്നത് സവർണ സ്ത്രീകളായിരിക്കുമെന്നത് രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രവും ചരിത്രവും അറിയുന്നവർ നിഷേധിക്കില്ല.

 

അസദുദ്ധീൻ ഉവൈസി

 

ഇന്ത്യൻ ജനസംഖ്യയിൽ പകുതിയും ഒ ബി സി സമുദായങ്ങളാണ്. എന്നാൽ അവരുടെ പാർലമെന്റ് പ്രാതിനിധ്യം 22 ശതമാനം മാത്രമാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമൂഹത്തിന്റെ കാര്യം എടുത്ത് പരിശോധിച്ച് നോക്കുക. മുസ്‌ലിം സ്ത്രീകൾ ഇന്ത്യൻ ജനസംഖ്യയുടെ 7 ശതമാനം ഉണ്ടെങ്കിലും പാർലമെന്റ് പ്രാതിനിധ്യം 0.7% മാത്രമാണ്. പതിനേഴാം ലോക്സഭ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 690 എം.പിമാരിൽ 25 പേരാണ് മുസ്‌ലിം വനിതകളായി വന്നിട്ടുള്ളത്. ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥയും സമാനമാണ്. കോൺഗ്രസ്, ബി എസ് പി, ആർ ജെ ഡി, എസ് പി, എൻ സി പി എന്നീ സംഘടനകളാണ് ഒ ബി സി ഉപസംവരണം കൂടി വേണമെന്ന് വാദിച്ച് മുന്നോട്ടു വന്നത്. അസദുദ്ദീൻ ഉവൈസി അടക്കമുള്ള രണ്ട് മുസ്‌ലിം എം പി മാരും വെൽഫെയർ പാർട്ടി അടക്കമുള്ള ചുരുക്കം രാഷ്ട്രീയ സംഘടനകളും സമുദായ സംഘടനകളും മാത്രമാണ് ഒ ബി സി – മുസ്‌ലിം – ന്യൂനപക്ഷ ഉപസംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ജനാധിപത്യത്തിന്റെ താല്പര്യങ്ങൾ പൂർത്തീകരിക്കണമെങ്കിൽ കൂടുതൽ വിശാലമായ അർത്ഥത്തിൽ വനിത സംവരണം നടപ്പിലാക്കുകയാണ് വേണ്ടത്. എസ് സി – എസ് ടി, ആംഗ്ലോ ഇന്ത്യൻ ഉപസംവരണത്തോടൊപ്പം ഒ ബി സി – മുസ്‌ലിം – ഇതര ന്യൂനപക്ഷ ഉപസംവരണം കൂടി ഏർപ്പെടുത്തൽ അനിവാര്യമാണ്.

Facebook
Twitter
WhatsApp
Print