ലോക്സഭ തെരഞ്ഞെടുപ്പ്: കേരളം ചിന്തിച്ചത്

Resize text

ലോക്സഭാ തെരഞ്ഞെടുപ്പുകളെ അത്ര വീറോടെയും വാശിയോടെയും കാണുന്ന പതിവ് 2004 വരെ കേരളീയ സമൂഹത്തിന് അത്രയേറെ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം ഇടതുപക്ഷം രാജ്യഭരണത്തിലേക്ക് വരാനുള്ള സാഹചര്യമില്ല, ഏറിയാൽ ഭരണത്തിന് പുറത്തു നിന്ന് പിന്തുണക്കുന്ന ഒരു സെക്ടർ മാത്രമായി പരിമിതപ്പെടും എന്നതാണ്. എന്നാൽ, 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള  എൻ.ഡി.എ ഭരണം കേരളത്തിലെ വോട്ടർമാരെ കുറച്ചു കൂടി ജാഗ്രതയുള്ളവരാക്കി. 2004 ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിലെ അന്നത്തെ ആൻ്റണി സർക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും ദേശീയതലത്തിൽ ആകെ അന്ന് വന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുമായുള്ള ഇടതുപക്ഷത്തിന്റെ അപ്രഖ്യാപിത ധാരണയും കേരളത്തിൽ ഇടതു മുന്നണിയെ ഏറ്റവും വലിയ സാധ്യതയാക്കി മാറ്റി. മുസ്‌ലിം ലീഗിന്റെ കോട്ടയായ മഞ്ചേരി അടക്കം കടപുഴുകി വീണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 18 സീറ്റുകളാണ് എൽ.ഡി.എഫ് നേടിയത്. പൊന്നാനി എന്ന ഒറ്റ സീറ്റിൽ മുസ്‌ലിം ലീഗ് ഒതുങ്ങി. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തി മൂവാറ്റുപുഴ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസ് വിജയക്കൊടി പാറിച്ചു. ദേശീയതലത്തിൽ അന്ന് അജയ്യ ശക്തിയായി എന്ന് തോന്നിയ എൻ.ഡി.എ പരാജയപ്പെട്ടു. ഇടതു ബ്ലോക്ക് 60ലധികം സീറ്റ് നേടി ശക്തിയോടെ നിലകൊണ്ടു. കോൺഗ്രസ് തിരിച്ചുവരവ് നടത്തി. യു.പി.എ മുന്നണി രൂപീകൃതമായി ഇടത് പിന്തുണയോടെ ഭരണത്തിലേറി. 

2004 തെരഞ്ഞെടുപ്പിനെ കുറിച്ച് ഇവിടെ പറഞ്ഞത് 2024 ലെ തെരഞ്ഞെടുപ്പും ഇതും തമ്മിൽ ചില സാമ്യങ്ങൾ കേരളീയ തലത്തിലും ദേശീയ തലത്തിലുമുള്ളതു കൊണ്ടാണ്. എൽ.ഡി.എഫ് – യു.ഡി.എഫ് എന്ന് വേർതിരിക്കപ്പെട്ട ശേഷം നടന്ന 11 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എട്ടെണ്ണത്തിലും യു.ഡി.എഫിനാണ് കേരളത്തിൽ മേൽക്കൈ വന്നിട്ടുള്ളത്. എങ്കിലും, ഇടതു മുന്നണിക്ക് 1984 ലെ ഇന്ദിരാ തരംഗം, 1989 ലെ തെരഞ്ഞെടുപ്പ്,  എന്നിവ മാറ്റി നിർത്തിയാൽ 4 മുതൽ 10 വരെ സീറ്റ് പിന്നിലായിരിക്കുമ്പോഴും ലഭിക്കാറുണ്ടായിരുന്നു. അമ്പേ പരാജയങ്ങളിലേക്ക് ഇടതു മുന്നണി എത്തിയത് 2019 ലും 2024 ലുമാണ്. 

2024 ലോക്സഭാ ഫലം വന്നപ്പോൾ കേരളത്തിൽ 18 സീറ്റുകൾ നേടി യു.ഡി.ഫ് 2019 ലേതിന് സമാനമായ ഒരു മുന്നേറ്റം തന്നെ കാഴ്ചവെച്ചു. എൽഡി.എഫ് ആകട്ടെ, 2019 ലെപ്പോലെ കേവലം ഒരു സീറ്റിൽ ഒതുങ്ങി. പക്ഷേ, ബി.ജെ.പി ഒരു സീറ്റിൽ വിജയിക്കുകയും ഒരിടത്ത് രണ്ടാം സ്ഥാനം നേടുകയും മറ്റൊരിത്ത് രണ്ടാം സ്ഥാനത്തിനടുത്ത മൂന്നാം സ്ഥാനം നേടുകയും ചെയ്തു. 

കേരളത്തിലെ ഫലങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽത്തന്നെ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുന്നതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ 10 പേർ ഒരു ലക്ഷത്തിന് മേൽ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 44 ശതമാനം വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചപ്പോൾ എൽ.ഡി.എഫിന് 34.5 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ, ബി.ജെ.പി ഒറ്റയ്ക്ക് 16.7 ശതമാനം വോട്ടും ഘടകകക്ഷികളുടെ കൂടി വോട്ട് പരിഗണിച്ചാൽ 18 ശതമാനം വോട്ടും നേടി. 10 മണ്ഡലങ്ങളിൽ 25 ശതമാനം വോട്ടുവിഹിതം കടക്കാൻ അവർക്ക് കഴിഞ്ഞു. നിയമസഭാ കണക്ക് നോക്കിയാൽ 110 മണ്ഡലങ്ങളിൽ യു.ഡി.എഫ് മുൻതൂക്കമുള്ളപ്പോൾ 19 മണ്ഡങ്ങളിൽ മാത്രമാണ് എൽ.ഡി.എഫ് മുന്നിലെത്തിയത്. 11 മണ്ഡലങ്ങളിൽ ബി.ജെ.പി മേൽക്കൈ നേടി. 

ഇടതു മുന്നണിക്ക് സംഭവിച്ചത്

തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തുടക്കം മുതൽ രാഷ്ട്രീയ ലൈൻ തെറ്റിയിരുന്നു. രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ത്രിപുര അടക്കം സി.പി.ഐ (എം) ന് സ്വാധീനമുള്ളയിടങ്ങളിൽ ഇന്ത്യാ മുന്നണി എന്ന ലേബലിൽ കോൺഗ്രസുമായി ചേർന്ന് മത്സരം നടക്കുന്നു. ഇതിനെ കേരളീയ സാഹചര്യത്തിൽ തങ്ങൾക്കനുകൂലമായി അഡോപ്റ്റ് ചെയ്യുന്നതിന് ഇടതുപക്ഷം സ്വീകരിച്ച വഴികളാണ് പാളിപ്പോയത്.

അവരുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തന്ന ‘ഇടതില്ലെങ്കിൽ ഇന്ത്യയില്ല’ എന്നതായിരുന്നു. പ്രത്യക്ഷത്തിൽ ആധിപത്യ സ്വഭാവം ഉയർത്തുന്നതായി തോന്നുമെങ്കിലും കേരളത്തിലെ ജനങ്ങൾ ഇതിനെ വെറും കോമഡി ആയാണ് കരുതിയത്. സി.പി.ഐ (എം)ന് ദേശീയതലത്തിൽ സ്വീകാര്യത നേടിക്കൊടുത്തത് ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ ആധിപത്യം കൂടിയായിരുന്നു. പക്ഷേ അത് ഇക്കുറിയില്ല. 2004 ൽ ഉള്ള ദേശീയ സ്വഭാവം ഇപ്പോഴില്ല എന്ന ബോധത്തിലായിരുന്നില്ല കേരളത്തിലെ സി.പി.ഐ (എം) പ്രചാരണം നടത്തിയത്. 

സി.പി.ഐ (എം) നേതാവ് എ.കെ ബാലൻ ചിഹ്നം നഷ്ടപ്പെടാതിരിക്കണമെങ്കിൽ കേരളത്തിൽ കൂടുതൽ സീറ്റു വേണമെന്നും ഇല്ലെങ്കിൽ ഈനാംപേച്ചിയും മറ്റും ചിഹ്നമാകും എന്നും പറഞ്ഞത് സാധാരണക്കാരിൽ ദേശീയതാത്പര്യത്തിനപ്പുറം പാർട്ടി താത്പര്യമാണ് മത്സരത്തിലെന്ന പ്രതീതി സൃഷ്ടിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തെ – പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ – വ്യക്തിപരമായി അവഹേളിക്കുന്ന പ്രചരണ രീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള സി.പി.ഐ (എം) താരപ്രചാരകർ കൈക്കൊണ്ടത്. ദേശീയ തലത്തിലെ ഇന്ത്യാ മുന്നണിയിലാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് പകരം ഇന്ത്യാ മുന്നണിയിൽ കുഴപ്പമുണ്ടാക്കുന്നവരാണ് സി.പി.ഐ (എം) എന്ന ഇമേജാണ് കേരളാ നേതൃത്വം സ്വീകരിച്ച ഈ ശൈലി വഴി രൂപപ്പെട്ട പൊതു വികാരം.

കേരളത്തിൽ സി.പി.എെ (എം)ന്റെ
രാഷ്ട്രീയ അടിത്തറ പിന്നാക്ക ജന
സമൂഹമാണ്. പ്രത്യേകിച്ചും ദലിതുകൾ,

ഒ.ബി.സി ഹിന്ദുക്കൾ തുടങ്ങിയവർ.
ജാതി സെൻസസ്, സാമ്പത്തിക സംവരണം

അടക്കം സി.പി.എെ (എം) സ്വീകരിച്ച
സമീപനങ്ങൾ ഇത്തരം ജനതയിൽ
വലിയൊരു വിഭാഗത്തെ പാർട്ടിയിൽ
നിന്ന് അകറ്റിയിട്ടുണ്ട്.

കേരളത്തിൽ സി.പി.ഐ (എം)ൻ്റെ രാഷ്ട്രീയ അടിത്തറ പിന്നാക്ക ജന സമൂഹമാണ്. പ്രത്യേകിച്ചും ദലിതുകൾ, ഒ.ബി.സി ഹിന്ദുക്കൾ തുടങ്ങിയവർ. ജാതി സെൻസസ്, സാമ്പത്തിക സംവരണം അടക്കം സി.പി.ഐ (എം) സ്വീകരിച്ച സമീപനങ്ങൾ ഇത്തരം ജനതയിൽ വലിയൊരു വിഭാഗത്തെ പാർട്ടിയിൽ നിന്ന് അകറ്റിയിട്ടുണ്ട്. മന്ത്രിസഭയിലടക്കം പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് അവരുടെ മുന്നിൽ സി.പി.ഐ (എം) നേതൃത്വത്തോടുള്ള വിയോജിപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി സ്വീകരിക്കുന്ന വിഭജന തന്ത്രം ഒരളവിൽ പിന്നാക്ക വിഭാഗങ്ങളെ സി.പി.ഐ (എം) ൽ നിന്ന് അകറ്റുന്നുണ്ട്. ഇത് മറികടന്ന് അത്തരം വിഭാഗങ്ങളെ പിടിച്ചുനിർത്താൻ രാഷ്ട്രീയ വ്യക്തതയുള്ള നിലപാട് സി.പി.ഐ (എം) ന് സ്വീകരിക്കാൻ കഴിയുന്നില്ല. പകരം, മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ ശക്തിപ്പെടുത്തി അവരെ നിലനിർത്താനുള്ള നീക്കമാണ് പല സന്ദർഭങ്ങളിലും സി.പി.ഐ (എം) നേതൃത്വം സ്വീകരിച്ചത്.

സുരേഷ് ഗോപി

2019 ലും പിന്നാക്ക ഹിന്ദു വിഭാഗത്തിൽ നിന്ന് വലിയൊരളവ് സി.പി.ഐ (എം) വോട്ടുകൾ ബി.ജെ.പി പക്ഷത്തേക്ക് പോയിട്ടുണ്ടായിരുന്നു. അത് മറികടന്ന് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ (എം)ന് വിജയിക്കാനായത് യു.ഡി.എഫ് വോട്ടു ബാങ്കുകളിൽ കടന്നു കയറാനായതു കൊണ്ടാണ്. ക്രൈസ്തവ വിഭാഗത്തെ ആകർഷിക്കാൻ മുസ്‌ലിം – ക്രിസ്ത്യൻ വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണം നടത്തുകയും മുസ്‌ലിം പിന്തുണ ലഭിക്കാൻ മുസ്‌ലിം സംഘടനകളിൽ ഛിദ്രതയുണ്ടാക്കി അവയെ തമ്മിൽ തല്ലിക്കാനുള്ള നീക്കങ്ങളുമാണ് നടത്തിയത്. ഹഗിയാ സോഫിയാ വിഷയവും ലൗ ജിഹാദ് വിഷയവും അമീർ -ഹസ്സൻ – കുഞ്ഞാലിക്കുട്ടി പ്രയോഗവുമെല്ലാം അങ്ങനെയുണ്ടായതാണ്. താത്കാലികമായി ഇത് നേട്ടങ്ങളുണ്ടാക്കിയെങ്കിലും സി.പി.ഐ (എം) തുടങ്ങി വെച്ച മുസ്‌ലിം – ക്രൈസ്തവ വിഭാഗീയത ബി.ജെ.പി മുതലെടുക്കുന്ന സ്വഭാവത്തിലേക്ക് എത്തി എന്നതാണ് വസ്തുത. 

കെ. എസ് ഹംസ

ഈ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ ആകർഷിക്കാൻ മുസ്‌ലിം ലീഗിനെ യു.ഡി.എഫിൽ നിന്ന് ചാടിക്കാനുള്ള നീക്കമാണ് ഇടതുപക്ഷം ആദ്യം നടത്തിയത്. അത് വിജയിക്കില്ല എന്ന് ഉറപ്പായപ്പോൾ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്തയിൽ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയം ഇതിന്റെ വ്യക്തമായ തെളിവാണ്. മുസ്‌ലിം സംഘടനകളിൽ ഛിദ്രത വളർത്താൻ 2009 ൽ ഇടതുപക്ഷം സമാനമായ നീക്കം നടത്തിയതും അന്ന് പൊന്നാനിയിൽ സ്ഥാനാർത്ഥിയായി ഹുസൈൻ രണ്ടത്താണിയെ മത്സരിപ്പിച്ചതും അതുവഴി വലിയ തിരിച്ചടി ലഭിച്ചതും സി.പി.എം മറന്നു. 2004 ലെ മഞ്ചേരിയിലെ പരാജയവും 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയും മറികടന്ന് മുസ്‌ലിം ലീഗിന്റെ തിരിച്ചു വരവിനാണ് അന്നത്തെ ഇടതു നീക്കം വഴിവെച്ചത്. അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചത്.

ഇടതുപക്ഷത്തിന്റെ മറ്റൊരു വലിയ പരാജയ കാരണം കേരളത്തിൽ നിലനിൽക്കുന്ന ഭരണ വിരുദ്ധ വികാരമാണ്. പെൻഷൻ മുടങ്ങിയതും ശമ്പളം വൈകിയതും വിലക്കയറ്റവുമെല്ലാം ജനങ്ങളെ പൊറുതി മുട്ടിച്ചിരിക്കുന്നു. കേന്ദ്ര സർക്കാറിനെ മാത്രം പഴി പറഞ്ഞ് ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. കൂടാതെ, പാർട്ടി അണികളുടെ ധാർഷ്ട്യവും ധിക്കാരവും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടായിസവും അതിനെ പരസ്യമായി പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സമീപനവും കേരളത്തിൽ പൊതുവേ നിഷ്പക്ഷ വോട്ടർമാരിൽ അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദം അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകാനാവാത്തത് അഴിമതി വിരുദ്ധരാണ് ഇടതുപക്ഷം എന്ന മിഥ്യാ ധാരണയെ പൊളിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കാമ്പയിനിൽ വ്യക്തിഹത്യ എന്നത് പലപ്പോഴും ബൂമറാംഗായി മാറും എന്നത് കൊല്ലം, വടകര മണ്ഡലങ്ങളിലെ വൻ പരാജയത്തിനും കാരണമായി. ഇടത് അനുഭാവികളുടെ വോട്ട് വലിയ തോതിൽ യു.ഡി.എഫിലേക്ക് പോകാൻ സ്ഥാനാർത്ഥികളെ ടാർഗറ്റ് ചെയ്ത് നടത്തിയ ഈ വ്യക്തിഹത്യാ പ്രചാരണങ്ങൾ ഇടവരുത്തി. ഭരണത്തോടുള്ള കടുത്ത അമർഷം ഇടതു വോട്ടുകളെ പലയിടങ്ങളിലും നിർജ്ജീവമാക്കി.

യു.ഡി.എഫ് വിജയത്തിന് പിന്നിൽ

കേരളത്തിൽ പൊതുവേ പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് മേൽക്കൈ ലഭിക്കാറുള്ളതെങ്കിലും 2019 ലെയും 2024 ലെയും വിജയത്തിൽ ആ പൊതു സാധാരണത്വം മാത്രമല്ല ഉണ്ടായത്. രാജ്യത്ത് രൂപപ്പെട്ട ഇന്ത്യാ മുന്നണി നയിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നത് യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാൻ കാരണമായിട്ടുണ്ട്. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിനെ ഇടതുപക്ഷം വിമർശിക്കുന്നുവെങ്കിലും ഇന്ത്യാ മുന്നണിയുടെ നായകൻ എന്ന നിലയിൽ രാഹുൽ ഗാന്ധിയോട് വലിയ മമത കേരളീയർക്കുണ്ട്. അദ്ദേഹം നയിച്ച ഭാരത് ജോഡോ യാത്ര നേടിയ സ്വീകാര്യതയും സംഘ്പരിവാറിനെതിരെ സ്വീകരിക്കുന്ന കൃത്യതയുള്ള നിലപാടും രാഹുൽ ഗാന്ധിയിൽ കേരളീയർ ഇന്നും വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നതിന് കാരണമാണ്. 

ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുന്ന സിവിൽ സമൂഹം കേരളത്തിൽ ഇടതുപക്ഷത്തെയല്ല ഓപ്റ്റ് ചെയ്തത് എന്നതും യു.ഡി.എഫിൻ്റെ വൻ വിജയത്തിന് ചെറുതല്ലാത്ത കാരണമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വോട്ടർമാരിൽ നല്ല പങ്കിനെ തിരിച്ച് ആകർഷിക്കാൻ കഴിഞ്ഞത് ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ വൻ വിജയങ്ങൾക്ക് കാരണമായിട്ടുണ്ട്. മുസ്‌ലിം ലീഗിൻ്റെ സാന്നിദ്ധ്യവും മുസ്‌ലിം സംഘടനകളുടെ പിന്തുണയും മലബാർ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. കേരളത്തിലെ നേതൃത്വം മൗനം പാലിക്കുന്നുവെങ്കിലും ദേശീയതലത്തിൽ കോൺഗ്രസ് ഉയർത്തിയ ജാതി സെൻസസ് കേരളത്തിലെ ദലിത് സമൂഹത്തിൽ ചെറിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇടതു വോട്ട് ബാങ്കായി ദലിത് സമൂഹത്തിൽ നിന്ന് കുറച്ച് പേരെ ആകർഷിക്കാൻ ഇത് കാരണമായി.  

കണ്ട് മടുത്തതും ജനങ്ങൾ പൊതുവേ അത്ര സ്വീകാര്യരായി കണക്കാക്കാത്തവരുമായ ചിലരടക്കം അത്ര മികച്ച സ്ഥാനാർത്ഥികളെ ആയിരുന്നില്ല യു.ഡി.എഫ് മത്സരിപ്പിച്ചത്. ആലത്തൂരിലെ അവരുടെ പരാജയം സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രശ്നമായിരുന്നു. എന്നാൽ, വടകരയിൽ വിജയിച്ചത് സ്ഥാനാർഥി നിർണയത്തിലെ മെച്ചം കൊണ്ടുമായിരുന്നു. കോൺഗ്രസ് സംഘടനാപരമായി ദുർബലമായിരുന്നു എല്ലായിടത്തും. മലബാർ മേഖലയിൽ മുസ്‌ലിം ലീഗ് വഴിയാണ് യു.ഡി.എഫ് ഇതിനെ ഒരളവോളം മറികടന്നത്.  ബൂത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത സാഹചര്യങ്ങൾ പലയിടത്തുമുണ്ടായി. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതിനാൽ പാർട്ടിയിൽ നിന്നുള്ള ധനസഹായം സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. മറുവശത്ത്, എൽ.ഡി.എഫ് ആകട്ടെ സുഭദ്രമായ സംഘടനാ സംവിധാനവും ആർഭാടപരമായ പ്രചാരണവുമാണ് നടത്തിയത്. 

കേരളത്തിൽ ഇന്ത്യാ മുന്നണിക്ക് അനുകൂലമായും ഇടത് സർക്കാറിനെതിരായും രൂപപ്പെട്ട പൊതു അന്തരീക്ഷം, സിവിൽ മൂവ്മെൻ്റുകളുടെ പിന്തുണ, മുന്നണിയിലില്ലാത്ത വെൽഫെയർ പാർട്ടി അടക്കമുള്ളവയുടെ പിന്തുണ ഇതെല്ലാം യു.ഡിഎഫിനെ വൻ ജയത്തിലേക്കെത്തിച്ചു.  

ബി.ജെ.പി മുന്നേറ്റം

കേരളത്തിൽ ബി.ജെ.പി എമർജ് ചെയ്ത് വരുന്നത് മതേതര സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ നിന്നുമാണ് ബി.ജെ.പിക്ക് അണികളെ ലഭിക്കുന്നത്. പലപ്പോഴും ഈ രണ്ടു പാർട്ടികളും ബി.ജെ.പി മുന്നേറ്റത്തിന് മറ്റുള്ളവരെ പഴിക്കാറുണ്ട്. കേരളത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയ അമീർ – ഹസൻ – കുഞ്ഞാലിക്കുട്ടി പരാമർശവും തുർക്കിയിലെ ഹാഗിയാ സോഫിയ ക്രൈസ്തവ പള്ളി പിടിച്ചെടുത്തവരെ സഹായിക്കുന്നത് മുസ്‌ലിം ലീഗും യു.ഡി.എഫുമാണ് എന്ന പരാമർശവും കേരളത്തിൽ ആഴമേറിയതും ചരിത്രപരവുമായ ക്രൈസ്തവ – മുസ്‌ലിം സൗഹൃദത്തിന് വിള്ളലുകളുണ്ടാക്കിയിരുന്നു. ഈ സാഹചര്യം ബി.ജെ.പിക്ക് മുതലെടുക്കാനുള്ള വഴിയൊരുക്കി.

കോൺഗ്രസ് സംഘടനാപരമായി ദുർബലമായിരുന്നു

എല്ലായിടത്തും. മലബാർ മേഖലയിൽ

മുസ്ലിം ലീഗ് വഴിയാണ് യു.ഡി.എഫ്

ഇതിനെ ഒരളവോളം മറികടന്നത്.

ബൂത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത

സാഹചര്യങ്ങൾ പലയിടത്തുമുണ്ടായി.

കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനാൽ

പാർട്ടിയിൽ നിന്നുള്ള ധനസഹായം

സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടില്ല.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിങ്ങനെ അന്തരീക്ഷത്തിൽ ഉയർന്ന വ്യാജ ആരോപണങ്ങളെ ശരിവെക്കും വിധം മൗനം കൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷം  നേരിട്ടത്. ഇതും ബി.ജെ.പിക്ക് അനുകൂലമായി. ഇസ്‌ലാമോഫോബിയ വളർത്തുന്ന പൊതുബോധ നിർമിതിയും സാമൂഹ്യ നീതിയുടെ വിഷയങ്ങളിൽ ഇടതു സർക്കാർ എടുത്ത പ്രതിലോമ സമീപനങ്ങളും കാരണം അകന്നുപോയ ഇടതു വോട്ട് ബാങ്കുകളായ ഹിന്ദു പിന്നാക്ക വിഭാഗങ്ങളെ സവിശേഷമായി ആകർഷികക്കുന്ന പദ്ധതികളിടാൻ ബി.ജെ.പിക്ക് ഈർജമായി.

കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേകറുടെ നേതൃത്വത്തിൽ അത്തരം ജനവിഭാഗങ്ങളെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ സവിശേഷമായ സോഷ്യൽ എഞ്ചിനീയറിംഗ് വർക്കുകൾ അടിത്തട്ടുകളിലടക്കം നടന്നു. ക്രൈസ്തവരുടെ വിവിധ സഭകളെ ബി.ജെ.പി അനുകൂല നിലപാടിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രിയടക്കം ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ട് ക്ഷണിച്ചു. ഇതെല്ലാം ബി.ജെ.പിക്ക് ചിലയിടങ്ങളിലെങ്കിലും കാര്യമായി ഗുണം ചെയ്തു എന്ന് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.

തൃശൂരിലെ ബി.ജെ.പി വിജയം ഈ കാര്യങ്ങളെ ശരിവെക്കുന്നു. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് അപകടകരമാണ് എന്ന് തിരിച്ചറിയുന്ന അവസ്ഥയിൽ നിന്ന് ബി.ജെ.പി സി.പി.എമ്മും കോൺഗ്രസും ഒക്കെ പോലെ ഒരു സാധാരണ പാർട്ടി ആയി കേരളീയരിൽ ഒരു വിഭാഗം പരിഗണിച്ചു തുടങ്ങി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഉയർത്തുന്ന അപകട സൂചന.

തിരുവനന്തപുരം മണ്ഡലത്തിൽ ലത്തീൻ രൂപത സ്വീകരിച്ച കൃത്യതയുള്ള മതേതര നിലപാടും നാടാർ സമൂഹവും തീരദേശനിവാസികളും സ്വീകരിച്ച ജാഗ്രതയുമില്ലായിരുന്നെങ്കിൽ തിരുവനന്തപുരത്തെയും ബി.ജെ.പി പ്രതിനിധീകരിക്കുമായിരുന്നു.

കേരള രാഷ്ട്രീയത്തിൻ്റെ ഭാവി

2019 ലെ തെരഞ്ഞെടുപ്പിൽ സമാനമായ തോൽവിയിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തിരിച്ചു വരവ് നടത്തിയത് കോവിഡ് കാലത്തെ സാമൂഹ്യ സാഹചര്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തിയതിനാലായിരുന്നു. സർക്കാർ പക്ഷമല്ലാതെ മറ്റൊരു ശബ്ദവും ഭീദിതമായ അക്കാലത്ത് ഉയരില്ല എന്നിടത്ത് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനങ്ങൾ സൃഷ്ടിച്ച സമൂഹിക മാറ്റം വളരെ വലുതായിരുന്നു. സി.പി.ഐ (എം)ൻ്റെ ശക്തമായ സംഘടനാ സംവിധാനവും മുസ്‌ലിം – ക്രൈസ്തവ വിദ്വേഷം വളർത്തി യു.ഡി.എഫ് വോട്ടു ബാങ്കിൽ സൃഷ്ടിച്ച ശിഥിലീകരണവും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ദുർബലമായതും ഭരണവിരുദ്ധ വികാരം വളരുന്ന തരത്തിലുള്ള ഭാവനാ സമ്പന്നമായ പ്രചരണങ്ങൾ നടത്തുന്നതിൽ കോൺഗ്രസ് നേരിട്ട പരാജയവും അവരുടെ ഗ്രൂപ്പുകളിയുമെല്ലാം ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് എളുപ്പമാക്കിയിരുന്നു. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. 

ക്ഷേമപ്രവർത്തനങ്ങളായിരുന്നു 2021 ലെ എൽ.ഡി.എഫിൻ്റെ വിജയത്തിന് ആണിക്കല്ലൊരുക്കിയതെങ്കിൽ ക്ഷേമ പെൻഷൻ പോലും മുടങ്ങി എന്നതാണ് ഇടതുപക്ഷം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. കോൺഗ്രസാകട്ടെ, ഇപ്പോഴും സംഘടനാ ദൗർബല്യവും തമ്മിലടിയും തുടരുന്നു. കേരളത്തിൽ ബി.ജെ.പി മൂന്നാം ശക്തിയായി ഉയരുന്നതിന്റെ അപായ സൂചനകൾ ഇവിടെയുണ്ട്. ബംഗാളിലും ത്രിപുരയിലും ഇത്തരത്തിൽ മൂന്നാം ഓപ്ഷൻ ഉയർന്നു വന്നപ്പോഴാണ് ഇടതുപക്ഷം കടപുഴകിയത് എന്നത് മറക്കരുത്. സാമൂഹ്യ ധ്രുവീകരണമുണ്ടാക്കുന്ന ഏത് പ്രചരണത്തിന്റെയും അന്തിമ ഗുണഫലം ബി.ജെ.പിക്കാകും എന്ന് തൃശൂരിലെ അവരുടെ വിജയം തെളിയിക്കുന്നുണ്ട്. 

പിൻകുറി: സി.പി.ഐ (എം)ന്റെ ചിഹ്നം പോകുമോ ഇല്ലയോ എന്നാണ് കേരളത്തിൽ പ്രചാരണത്തിൽ മുഖ്യമായും കേട്ടത്. സി.പി.ഐ (എം) ന് രാജ്യത്ത് ആകെ 4 സീറ്റ് മാത്രമാണ് ലഭിച്ചത്. ദേശീയ പദവി മാനദണ്ഡത്തിന് അത് പോര. എങ്കിലും, കേരളത്തിലെയും തമിഴ്നാട്ടിലെയും സംസ്ഥാന പാർട്ടി എന്ന അംഗീകാരം നില നിർത്താനാവുന്നതിനാൽ ദേശീയ പദവി പോയാലും ചിഹ്നം നിലനിൽക്കും. എന്നാൽ, പുതുതായി ചിഹ്നം ലഭിച്ച ഒരു പാർട്ടി കേരളത്തിലുണ്ട്. കോട്ടയം മണ്ഡലത്തിലെ വിജയത്തിലൂടെ പി.ജെ ജോസഫിൻ്റെ കേരളാ കോൺഗ്രസിനാണ് സംസ്ഥാന പാർട്ടി എന്ന അംഗീകാരം ലഭിക്കുക.

 

Facebook
Twitter
WhatsApp
Print