ബാബരിയിൽ നിന്ന് ഗ്യാൻവാപിയിൽ എത്തുമ്പോൾ

Resize text

രിത്രത്തിലും വർത്തമാനത്തിലും ആരാധനാലയങ്ങൾ അധികവും പടുത്തുയർത്തപ്പെട്ടത് മനുഷ്യരുടെ ദാനങ്ങളിലൂടെയാണ്. രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും സാധാരണക്കാരും എല്ലാം വ്യത്യസ്ത കാലങ്ങളിൽ വിശ്വാസികൾക്ക് ആരാധന നിർവഹിക്കുവാനുള്ള ഭൂമിയും മറ്റു മുതലുകളും ദാനം ചെയ്തു പോന്നിട്ടുണ്ട്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ദാനം സ്വീകരിക്കുന്നതിനും കൊടുക്കുന്നതിനും അത്തരം മുതലുകൾ നിലനിർത്താനുമുള്ള നിയമ ശാഖയാണ് ‘വഖ്ഫ്’ എന്ന് അറിയപ്പെടുന്നത്. ഇസ്‌ലാമിലെ എല്ലാ നിയമ സ്‌കൂളുകളും (മദ്ഹബ്) വഖ്ഫ് സ്വീകരിക്കുന്നതിനും സാധുവാകുന്നതിനും കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ആത്മീയമായി ദൈവസാമീപ്യം ആഗ്രഹിക്കുന്ന ദാനം പുണ്യ കർമമായതിനാലാണ് വഖഫ് ചെയ്യപ്പെടുന്ന മുതലുകൾ ഇസ്‌ലാം മത വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാകുന്നത്. ഇസ്്ലാം മതവിശ്വാസപ്രകാരം പ്രാർത്ഥന നിർവഹിക്കാൻ വേണ്ടി സൗകര്യമൊരുക്കാൻ ഒരാൾ ദാനം ചെയ്യുന്നത് അതിൽ ഏറ്റവും ശ്രേഷ്ഠമായ ദാനമായാണ് മനസ്സിലാക്കപ്പെടുന്നത്. അത്തരം ദാനങ്ങൾ ദാതാവിന് ഇഹപരലോകങ്ങളിൽ നന്മ ലഭിക്കാൻ കാരണമാകേണ്ടതിനാൽ അവ എന്നെന്നും സംരക്ഷിച്ചു നിലനിർത്തുന്നതിൽ മുസ്‌ലിംകൾ വിശ്വാസപരമായി ബാധ്യസ്ഥരായിത്തീരുന്നു. 

മറ്റു മതസ്ഥരിൽ നിന്നുള്ള ദാനം കൊണ്ട്

പോലും പള്ളി നിർമ്മിക്കാത്ത ചരിത്രമുള്ള

ഒരു ജനതക്ക് നേരെ, അവർ മറ്റുള്ളവരുടെ

ആരാധനാലയങ്ങളിൽ അന്യായമായി കൈ

കടത്തി പള്ളി നിർമ്മിച്ചു എന്ന് പറയുന്നത്

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട
മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തെ കുറി

ച്ചും അതിൽ പുലർത്തിപ്പോന്നിരുന്ന
കർശനമായ ധാർമിക പാലനത്തെ കുറിച്ചും

അജ്ഞരായവർക്ക് മാത്രം പ്രചരിപ്പിക്കാൻ

കഴിയുന്ന കള്ളമാണ്.

 

ഈ ഉദ്ദേശ്യത്തോട് കൂടി ദാനം ചെയ്യപ്പെടുന്ന വസ്തു ഒരാളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള മുതലാവുക എന്നത് അത്തരം ദാനം സാധുവാകാനുള്ള പ്രാഥമിക നിബന്ധനയായാണ് വഖ്‌ഫ് നിയമം വിശ്വാസതലത്തിൽ അനുശാസിക്കുന്നത്. പൂർണ്ണ ഉടമസ്ഥത ഇല്ലാത്ത ഒരു മുതലും അതിനാൽത്തന്നെ ദാനമായി സ്വീകരിക്കാനോ നൽകാനോ പറ്റില്ല. ഉത്തരേന്ത്യൻ മുസ്‌ലിംകൾ നിത്യജീവിതത്തിൽ ആശ്രയിക്കുന്ന ഹനഫി കർമശാസ്ത്ര മദ്ഹബ് പ്രകാരം പള്ളികൾക്കുള്ള ദാനങ്ങൾ അത്യന്തം സൂക്ഷ്മത പുലർത്തേണ്ടുന്ന കാര്യമാണ്. പള്ളികൾക്കുള്ള ദാനം വിശ്വാസപരമായി സാധുവാകണമെങ്കിൽ ഹനഫി നിയമ പ്രകാരം ദാതാവ് മുസ്‌ലിമായിരിക്കണം എന്ന അധിക നിബന്ധന കൂടിയുണ്ട്. അതിനാൽ മുസ്‌ലിമല്ലാത്ത ഒരാൾ പൂർണ്ണ സമ്മതത്തോടും ഇഷ്ടത്തോടും കൂടി നൽകുന്ന ദാനമാണെങ്കിൽ പോലും പള്ളികളുടെ നിർമാണത്തിന് അത് സ്വീകാര്യമാകുന്നില്ല. അതിന് കാരണം വിശ്വാസപരമായി ഇസ്‌ലാം മതത്തിന് പുറത്ത് നിൽക്കുന്ന ഒരാൾ നൽകുന്ന ദാനത്തിൽ ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള ദൈവസാമീപ്യം എന്ന ഉദ്ദേശം പൂർണ്ണമായി ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നില്ല എന്നതാണ്.

വിശ്വാസപരമായി മുസ്‌ലിം സമൂഹത്തിനു പുറത്തുള്ള ആരെങ്കിലും പൂർണ്ണ ഇംഗിതത്തോട് കൂടി നൽകപ്പെടുന്ന ദാനങ്ങളിലൂടെ പോലും പള്ളികൾ നിർമിക്കപ്പെട്ടതായുള്ള ചരിത്രം ഹനഫി സ്വാധീന പ്രദേശങ്ങളിൽ കാണാൻ പറ്റില്ല. അത്തരം പൂർണ്ണസമ്മതത്തോട് കൂടി മറ്റു മതസ്ഥരിൽ നിന്നുള്ള ദാനം കൊണ്ട് പോലും പള്ളി നിർമ്മിക്കാത്ത ചരിത്രമുള്ള ഒരു ജനതക്ക് നേരെ, അവർ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ അന്യായമായി കൈകടത്തി പള്ളി നിർമ്മിച്ചു എന്ന് പറയുന്നത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തെ കുറിച്ചും അതിൽ പുലർത്തിപ്പോന്നിരുന്ന കർശനമായ ധാർമിക പാലനത്തെ കുറിച്ചും അജ്ഞരായവർക്ക് മാത്രം പ്രചരിപ്പിക്കാൻ കഴിയുന്ന കള്ളമാണ്. മുസ്‌ലിം സമൂഹം അധിവസിച്ച ഒരിടത്തും അതിന് തെളിവുകൾ കണ്ടെത്താൻ സാധ്യമല്ല. എത്ര പുരാവസ്തു ഗവേഷണം നടത്തിയാലും പരാജയപ്പെട്ടു പോകുന്ന ഉദ്യമമാണത്. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തു എന്ന മുസ്‌ലിം വിരുദ്ധ ആരോപണം അതിനാൽ തന്നെ പുതിയതായി നിർമ്മിക്കപ്പെട്ടതാണ്. അതിന് ചരിത്രത്തിന്റെ പിൻബലമില്ല. സുപ്രീം കോടതി വരെയുള്ള കോടതികളിൽ മൂന്ന് പതിറ്റാണ്ട് കാലം എല്ലാ അധികാര പിൻബലത്തോട് കൂടി ശ്രമിച്ചിട്ടും അത്തരം ചരിത്രം ബാബരിയുടെ കാര്യത്തിൽ സ്ഥാപിക്കാൻ കഴിയാതെ വന്നത് അത് കൊണ്ട് കൂടിയാണ്. അവസാനം സുപ്രീം കോടതി ആകെ കണ്ടെത്തിയത് പള്ളിയുടെ സമീപത്ത് കൊളോണിയൽ കാലം മുതൽ ഹിന്ദുക്കൾ ആരാധന നടത്തിയതിനെ മുസ്‌ലിംകൾ എതിർത്തിരുന്നില്ല എന്ന് മാത്രമാണ്  (Adverse Poseession). എന്നാൽ ആ സഹിഷ്ണുതയുടെ ചരിത്രത്തിനു  മുസ്‌ലിംകൾക്ക് നഷ്ടമായത് അവർ നാല് നൂറ്റാണ്ടായി നമസ്കാരം നിർവഹിച്ചു കൊണ്ടിരുന്ന  ആരാധനാലയവും ഇന്ത്യ രാജ്യത്ത്  ഒരു സമുദായമെന്ന നിലക്കുള്ള അവരുടെ അവകാശങ്ങളുമാണ്. 

ഉത്തർ പ്രദേശ് വഖഫ് ബോർഡ് ആസ്ഥാനം

ഓരോ സമുദായവും വ്യക്തികളും അവരുടെ ഉടമസ്ഥതയിൽ നിലനിർത്തുന്ന മുതലുകളുടെ സംരക്ഷണം ഉറപ്പാക്കൽ ഒരു രാഷ്ട്രം പാലിക്കേണ്ട സുപ്രധാന ബാധ്യതയാണ്, പൗരന്മാരുടെ ആരാധനാലയങ്ങൾ അതിൽ ഏറ്റവും സുരക്ഷിതത്വം ഉറപ്പാക്കേണ്ടവയാണ്. കൊളോണിയൽ പൂർവ കാലങ്ങളിൽ വഖ്ഫ് മുതലുകളുടെ സംരക്ഷണം അതത് ഭരണകർത്താക്കൾ നേരിട്ടാണ് നോക്കി നടത്തിയിരുന്നത്. മതവും രാഷ്ട്രവും തമ്മിലുള്ള വിഭജനം എന്ന ആധുനിക രീതിയിലായിരുന്നില്ല വഖ്ഫ് മുതലുകളുടെ ഗവേർണൻസ് അന്നുണ്ടായിരുന്നത്. വഖ്ഫ് ദാതാവിന്റെ ഉദ്ദേശ്യപ്രകാരം അത് നിലനിർത്തുവാനും നോക്കി നടത്താനുമുള്ള ബാധ്യത രാഷ്ട്രം നിയോഗിക്കുന്ന ഖാദിമാർക്കായിരുന്നു. മുസ്‌ലിം ഭരണം ഇല്ലാതിരുന്ന മലബാർ പോലുള്ള നാടുകളിൽ ഭരണാധികാരികൾ ആ ചുമതല നേരിട്ടോ മുസ്‌ലിംകളായ ഖാദിമാരിലൂടെയോ നിർവഹിച്ചു പോന്നു. മലബാറിൽ പള്ളികളടക്കമുള്ള ആരാധനാലയങ്ങളുടെ മേൽ നാടുവാഴികൾക്കുണ്ടായിരുന്ന മേൽനോട്ട അവകാശം അറിയപ്പെട്ടിരുന്നത് പരമാധികാരം എന്നർത്ഥമുള്ള  ‘മേൽക്കോയ്മ അവകാശം’ എന്നാണ് എന്ന് ചരിത്രകാരന്മാർ രേഖപെടുത്തിയിട്ടുണ്ട്.

ആദ്യ കാലത്ത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും ഇതേ മാതൃകയിലുള്ള ആരാധനാലയങ്ങൾക്ക് കളക്ടർമാർ മുഖേനെയുള്ള നേരിട്ടുള്ള നോക്കി നടത്തിപ്പാണ് നടത്തിയിരുന്നത് എന്ന് കാണാം (Bengal Regulation XIX of 1810 and Madras Regulation VII of 1817). 1857 ന് ശേഷം ബ്രിട്ടീഷ് റാണി നേരിട്ട് ഭരണം ഏറ്റെടുത്തത് കൂടിയാണ് പുതിയതായി മതപരമായ വഖഫുകളുടെ നോക്കി നടത്തിപ്പ് മുസ്‌ലിം സമുദായത്തെ നേരിട്ട് ഏൽപ്പിക്കുകയും രാഷ്ട്രം മതത്തിൽ ഇടപെടുന്നതിൽ നിന്ന് മാറി നിൽക്കുകയും ചെയ്തത്.  1863  The Religious Endowment  ആക്റ്റ് പ്രകാരം മതപരമായ എല്ലാ മുതലുകളും അതത് സമുദായങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക്‌ മാറ്റപ്പെടുകയും ഭരണകൂടം ഇടപെടില്ലെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആക്റ്റ് പ്രകാരം വഖ്ഫുകൾ മതപരമയത്, മതേതരമായത് എന്ന വേർതിരിവും കൊണ്ട് വന്നു. ‘മതേതരമായ’ വഖ്ഫുകളുടെ നിയന്ത്രണം ബോർഡ് ഓഫ് റെവന്യൂവിൽ തന്നെ നിലനിർത്തി. ‘മത’പരമായ വഖ്ഫുകൾ മുസ്‌ലിംകളുടെ സ്വകാര്യ മേൽനോട്ടത്തിലേക്ക് വന്നു ചേർന്നു.  അങ്ങനെയാണ് വഖ്ഫ് മുതലുകൾ സമുദായ സ്വത്താണെന്ന (Community Property) പരികല്പന രൂപപ്പെട്ടു വരുന്നത്. കൂടാതെ, ബ്രിട്ടീഷുകാർ എല്ലാ സമുദായങ്ങളുടെയും ആരാധനാലയങ്ങളടക്കമുള്ള അത്തരം മുതലുകൾക്ക് നികുതിയിളവുകൾ പോലുള്ള ചാരിറ്റി പരിഗണന നൽകുകയും ചെയ്തു. നേരിട്ടുള്ള മേൽനോട്ടത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറിയതോട് കൂടി മത സമുദായങ്ങളുടെ കീഴിലുള്ള (സർക്കാർ സഹായത്തോടെയുള്ള) വ്യത്യസ്ത തരം മേൽനോട്ട സംവിധാനങ്ങൾ രൂപപ്പെട്ടു വന്നു. ദക്ഷിണേന്ത്യയിൽ ഹിന്ദുക്കൾക്കിടയിലാണ് ഇന്ത്യയിൽ ആദ്യമായി സ്റ്റാറ്റ്യുട്ടറി സംവിധാനം രൂപപ്പെട്ടു വന്നത്.(The Madras Hindu Religious Endowments Act, 1926). മുസ്‌ലിംകൾക്കിടയിൽ അത്തരത്തിൽ രൂപപ്പെട്ടു വന്ന സമുദായ സംവിധാനത്തിന്റെ വികസിത രൂപമാണ് ഇന്ന് നില നിൽക്കുന്ന വഖ്ഫ് ബോർഡ് സംവിധാനം.

നീതിയുടെ ഏത് അളവുകോലെടുത്തു
നോക്കിയാലും ബാബരി തകർത്തത്
ക്രിമിനൽ പ്രവർത്തനമാണെന്ന്
അംഗീകരിക്കാതെ തരമില്ല. ഇന്ത്യൻ
സുപ്രീം കോടതിയും ഇത് പലവട്ടം
ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും സ്വന്തമായി സ്ഥാപനങ്ങൾ നിർമിക്കുവാനും നിലനിർത്തുവാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകി. ആർട്ടിക്കിൾ 26 പ്രകാരം,

(a) മതപരമായ കാര്യങ്ങൾക്ക് വേണ്ടി സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിലനിർത്താനുമുള്ള അവകാശം

(b) ഓരോ മതങ്ങൾക്കും അവരുടെ മത കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം

(c)  Movable and immovable property സ്വന്തമാക്കാനും ഉടമയാകാനുമുള്ള അവകാശം

(d) നിയമാനുസൃതമായി അത്തരം മുതലുകൾക്ക്‌ സ്വന്തമായി മേൽനോട്ടം നടത്താനുള്ള അവകാശം

എന്നിവ രാജ്യത്തെ എല്ലാ മത സമുദായങ്ങൾക്കുമുണ്ട്. ആ മൗലിക അവകാശം നിലനിർത്തുമെന്ന ഉറപ്പിന്മേലാണ് ഇന്ത്യ ഒരു പരമാധികാര റിപബ്‌ലിക്കാവുന്നത്. അത്തരം മൗലിക അവകാശങ്ങൾക്ക് നേരെയുള്ള എതൊരു കടന്നു കയറ്റവും ആ സമുദായങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം മാത്രമല്ല, രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ മേലുള്ള കടന്നു കയറ്റം കൂടിയാണ്. അതിനാൽ ബാബരി തകർക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ പരമാധികാരത്തിൽ വരുന്ന പ്രധാന മാറ്റമാണ്. അല്ലെങ്കിൽ മുസ്‌ലിം സമുദായത്തിന് മറ്റു സമുദായങ്ങൾക്ക് തുല്യമായ അവകാശമില്ലാത്ത, സംഘ്പരിവാർ മുന്നോട്ട് വെച്ച പുതിയ പരമാധികാര സങ്കല്പമാണ് ബാബരി തകർക്കപ്പെട്ടതോട് കൂടി വന്നു ചേർന്നത്. മതേതര രാജ്യത്ത് മുസ്‌ലിംകൾക്കുള്ള അവകാശങ്ങൾ നോക്കുമ്പോൾ അതിനാൽത്തന്നെ ബാബരിയാനന്തരം / ബാബരിക്ക് മുമ്പ് എന്ന വേർതിരിവ് പ്രധാനമാകുന്നു.

 

ബാബരി തകർക്കപ്പെട്ടപ്പോൾ അത് പുനർനിർമിക്കുമെന്ന രാഷ്ട്രത്തലവന്മാരുടെ വാഗ്ദാനങ്ങൾ വെറും പാഴ്‌വാക്കുകളായി അവശേഷിച്ചത് ഈ അടിസ്ഥാനപരമായ മാറ്റം കൊണ്ടാണ്. നീതിയുടെ ഏത് അളവുകോലെടുത്തു നോക്കിയാലും ബാബരി തകർത്തത് ക്രിമിനൽ പ്രവർത്തനമാണെന്ന് അംഗീകരിക്കാതെ തരമില്ല. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പലവട്ടം ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്. എന്നിട്ടും ആ ക്രിമിനൽ കൃത്യത്തിൽ ശിക്ഷ നടപ്പാക്കാൻ സാധിക്കാത്തത്, പരമാധികാരം പള്ളി പൊളിച്ചവരുടെ സങ്കല്പത്തിലേക്കും നിയന്ത്രണത്തിലേക്കും മാറിയത് കൊണ്ടാണ്. കോടതികൾ രാഷ്ട്ര പരമാധികാരത്തിന് അനുസരിച്ചു  പ്രവർത്തിക്കുന്ന സ്ഥാപനം മാത്രമാണ്, അതിനു പുറത്തുള്ളതല്ല. 

 

ഭരണഘടന വിഭാവന ചെയ്ത പരമാധികാരത്തെ നിലനിർത്താനുള്ള  ഒരു വിഫല ശ്രമമായിരുന്നു ആരാധന നിയമം. (The places of Worship (Specail Provisions) Act, 1991). അത് പ്രകാരം  ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങൾക്കും 1947 ൽ ഉണ്ടായിരുന്ന സ്വഭാവത്തിൽ നിലനിൽക്കാൻ അവകാശമുണ്ട്. ബാബരിയെ പുറത്തു നിർത്തിയുള്ള ശ്രമമായിരുന്നതിനാൽ ആ  വാഗ്ദാനത്തിന്റെ ദൗർബല്യം അത് തുടക്കത്തിൽ തന്നെ പ്രകടമാക്കി. ആരാധനാലയ നിയമത്തിലെ വാഗ്ദാനങ്ങൾ പാലിക്കാൻ ശേഷിയോ സന്നദ്ധതയോ ഉള്ള രാഷ്ട്രമായല്ല പിന്നീട് ഇന്ത്യ മാറിക്കൊണ്ടിരുന്നത് എന്ന് നമുക്ക് കാണാം. അതിനാൽ ഭൂരിഭാഗം മുസ്‌ലിംകളും ആശങ്കിച്ചത് പോലെ ബാബരി ഒരു തുടക്കം മാത്രമായി അവശേഷിച്ചു. ഗ്യാൻവാപിയും മഥുരയും മറ്റനേകം മുസ്‌ലിം ജീവിതത്തിനും അവകാശത്തിനും നേരെയുള്ള കടന്നു കയറ്റവും ഈ മാറിയ പരമാധികാരത്തിനുള്ളിൽ സുരക്ഷിതമാക്കപ്പെടുമെന്നത് മൂഢവിചാരം മാത്രമായി. അതിനാൽ ബാബരി ഇന്ത്യൻ രാഷ്ട്രചരിത്രത്തിലെ നാഴികക്കല്ലായി അവശേഷിക്കും. ഒരുപക്ഷെ, ഭരണകൂടവും നിയമ വാഴ്ചയും നിലനിൽക്കെ അതിൽ ഒരു മതസമുദായം ആരാധിച്ചു പോന്നിരുന്ന ഒരു ആരാധനാലയം മറ്റൊരു മതസമൂഹത്തിന്റെ   താല്പര്യങ്ങക്കനുസരിച്ചു അവരുടെ ആരാധനാലയമായി മാറ്റപ്പെടുന്നത് ലോകചരിത്രത്തിൽ തന്നെ അപൂർവമായിട്ടായിരിക്കും. അതിനാൽത്തന്നെ ബാബരി മുസ്‌ലിം രാഷ്ട്രീയ വിഭാവനയിൽ മാത്രമല്ല പ്രധാനമാകേണ്ടത്. ഇന്ത്യയിൽ രാഷ്ട്രത്തെ കുറിച്ച് നീതിയുക്തമായ സങ്കൽപങ്ങളുള്ള ഏതൊരാളുടെയും രാഷ്ട്രീയത്തിൽ ഉണ്ടാവേണ്ട കേവല ബോധ്യമാണത്. ബാബരിയെ മുൻനിർത്തിയുള്ള നീതിപൂർവമായ ആലോചനകൾ കൊണ്ടല്ലാതെ എല്ലാ മത – സമുദായങ്ങൾക്കും തുല്യ അവകാശങ്ങളുള്ള രാഷ്ട്രം ഇവിടെ രൂപപ്പെടാൻ പോകുന്നില്ല.

 

അവലംബം 

Agrama, Hussein Ali. 2012. Questioning Secularism: Islam, Sovereignty, and the Rule of Law in Modern Egypt. Chicago: University of Chicago Press

Abbasi, Muhammed Zubair. 2012. “The Classical Islamic Law of Waqf: A Concise Introduction.” Arab law Quarterley, 26, No. 2 121-153.

Appadurai, Arjun. 1981. Worship and Conflict under Colonial Rule: A South Indian Case. Cambridge: Cambridge University Press.

Mudaliar, Chandra. 1976. State and Religious Endowmnts in Madras. University of Madras.

Srikantan, Geetanjali. 2020. Identifying and Regulating Religion in India: Law, History and the Place of Worship. Cambridge: Cambridge University Press

Chatterjee, Nandin. 2011. The Making of Indian Secularism: Empire, Law and Christianity, 1830-1960. New York: Palgrave Macmillon.

Facebook
Twitter
WhatsApp
Print