ഫെഡറൽ ഇന്ത്യയിലെ ഗവർണർമാർ

Resize text

‘ആടുക്ക് താടിയും നാട്ടുക്ക് ഗവർണറും തേവയില്ലൈ’ എന്നത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈയുടെ വാക്കുകളാണ്. ഗവർണർമാരും സംസ്ഥാന ഭരണകൂടങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് അത്യാവശ്യം പഴക്കമുണ്ടെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിക്കുകയും സ്വതന്ത്ര്യഇന്ത്യ തുടർന്ന് പോരുകയും ചെയ്തിട്ടുള്ളതാണ് ഗവർണർ പദവി. ഓരോ പ്രൊവിൻസിലേയും ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന ആളെയാണ് ഗവർണർ എന്ന് വിളിച്ചിരുന്നത്. ഫെഡറലിസത്തെ അടിസ്ഥാനമായി സ്വീകരിച്ച ഒരു ഭരണകൂട സങ്കൽപ്പമുള്ള ഇന്ത്യയിൽ കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഓഫീസ് ഉണ്ടാകണമെന്ന ആശയം  അംഗീകരിക്കപ്പെട്ടതിൻ്റെ ഭാഗമായാണ് ഗവർണറുടെ ഓഫീസും നിലവിൽ വരുന്നത്. 

ഗവർണറുടെ തെരഞ്ഞെടുപ്പ് എങ്ങനെയാവണമെന്ന ചർച്ചയിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയിലുള്ള അമേരിക്കൻ രീതിയാണ് ഡോ. ബി.ആർ അംബേദ്കർ മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തെ ശക്തിപ്പെടുത്തലായിരുന്നു അദ്ദേഹമടക്കമുള്ള ഭരണഘടനാ രചയിതാക്കളുടെ ലക്ഷ്യം. എന്നാൽ, ഭരണഘടന അസംബ്ലി ജവഹർലാൽ നെഹ്റു അടക്കമുള്ളവരുടെ ഭൂരിപക്ഷ പിന്തുണയിൽ ഗവർണറെ പ്രസിഡന്റ് നിയമിച്ചാൽ മതി എന്നുള്ള തീരുമാനത്തിലേക്കാണ് എത്തിച്ചേർന്നത്. ഭരണഘടനയുടെ 153-ാം അനുച്ഛേദത്തിൽ ഗവർണർ ഓഫ് സ്റ്റേറ്റ് എന്ന ടൈറ്റിലിൽ അത് ഉൾപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ച് ഭരണഘടനാ അസംബ്ലിയിൽ നടന്ന വാദങ്ങൾ പരിശോധിച്ചാൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധികളുടെ ആഴം എളുപ്പത്തിൽ മനസ്സിലാവും. ഡോ. എം.വി. പൈലി ഇന്ത്യൻ ഭരണഘടനയുടെ വ്യാഖ്യാന ഗ്രന്ഥത്തിൽ അവയെ ഇപ്രകാരം വിവക്ഷിക്കുന്നു.

 

ആരിഫ് മുഹമ്മദ് ഖാൻ

(1) പാർലമെൻ്ററി വ്യവസ്ഥ നിലവിലുള്ളിടത്ത് ജനകീയമായി തെരഞ്ഞെടുക്കപ്പെടുന്ന ഗവർണർ ശരിക്കും യോജിക്കുകയില്ല. ഗവർണറെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നു എന്നിരിക്കട്ടെ. അങ്ങനെ വരുമ്പോൾ അദ്ദേഹം ജനങ്ങളുടെ പ്രത്യക്ഷത്തിലുള്ള പ്രതിനിധിയായിപ്പോകും. അപ്പോൾ ഒരു സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ തലവനെന്നതിലേറെ അതിന്റെ യഥാർഥ തലവനെന്ന സ്ഥിതി സംജാതമാകും. ഗവർണറുടെ അത്തരം പദവി മന്ത്രിസഭാംഗങ്ങളും ഗവർണറും തമ്മിൽ എതിർപ്പുകൾക്ക് ഇടയാക്കും.  മന്ത്രിസഭാംഗങ്ങളും പ്രത്യക്ഷരീതിയിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ എന്നതുതന്നെ കാരണം. അമേരിക്കൻ ഐക്യനാട്ടിലെ ഫെഡറൽ ഗവൺമെന്റിനെപ്പോലെ അമേരിക്കൻ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഭരണസമ്പ്രദായം നിലനിൽക്കുന്നതുകൊണ്ട് അവിടെ ഗവർണറും മന്ത്രിസഭയും തമ്മിൽ എതിർപ്പുണ്ടാകുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

(2) ഗവർണറെ നേരിട്ട് തെരഞ്ഞെടുക്കാതെ സംസ്ഥാന നിയമസഭ തെരഞ്ഞെടുത്താൽ അദ്ദേഹവും മന്ത്രിസഭയും തമ്മിലുള്ള എതിർപ്പുകൾ കുറഞ്ഞിരിക്കും. എന്തെന്നാൽ, ഗവർണറെ തെരഞ്ഞെടുത്ത നിയമസഭയോട് മന്ത്രിസഭയും ഉത്തരവാദപ്പെട്ടിരിക്കുന്നു. എന്നാൽ, അതിൽ വരാവുന്ന ഏറ്റവും വലിയ ദോഷം അദ്ദേഹത്തെ തെരഞ്ഞെടുത്ത രാഷ്ട്രീയ കക്ഷിയുടെയോ കക്ഷികളുടെയോ കൈകളിൽ ഗവർണർ ഒരു ചട്ടുകമായിത്തീരുമെന്നതാണ്. 

(3) ശരിക്കും ഒരു ഫെഡറൽ സമ്പ്രദായത്തിലുള്ള ഗവൺമെന്റുള്ളിടത്ത് പ്രത്യക്ഷമായോ പരോക്ഷമായോ തെരഞ്ഞെടുക്കപ്പെട്ട ഗവർണർ യോജിച്ചെന്നു വരില്ല. കാരണം, ആ രണ്ടു രീതികളിലും ഗവർണർ സംസ്ഥാനത്തിന്റെ പ്രതിനിധിയായിരിക്കും എന്നതും അദ്ദേഹത്തിന് അധികാരം ലഭിക്കുന്നത് ജനങ്ങളിൽ നിന്നായിരിക്കും എന്നതുമാണ്. കേന്ദ്രവും സംസ്ഥാനവുമായി തർക്കങ്ങളുണ്ടാകുമ്പോൾ മേൽപ്പറഞ്ഞ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഗവർണർ കേന്ദ്രത്തിൻ്റെ ആജ്ഞാനുസാരിയായ സേവകനോ ഹിതാനുവർത്തിയായ ഉപകരണമോ ആയിരിക്കുകയില്ല; മറിച്ച്, ഗവർണർ കേന്ദ്രത്തിൻ്റെ അധികാരം സംസ്ഥാനത്തിലേക്ക് ഏതെങ്കിലും വിധത്തിൽ വ്യാപിപ്പിക്കുന്നതിന് മാർഗതടസ്സമുണ്ടാക്കും. ഇത് അടിയന്തരാവസ്ഥയിൽ കേന്ദ്രം സർവാധികാരിയായി മാറുന്ന ഫെഡറൽ സമ്പ്രദായത്തിന് പൂർണവിരാമമിടുന്ന ആശയവുമായി യോജിച്ചുപോവുകയില്ല. 

ഭരണഘടനാ നിർമാതാക്കളുടെ “ശക്തി കുറഞ്ഞ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളും” എന്ന ആദ്യത്തെ ആശയം “ശക്തമായ കേന്ദ്രവും ശക്തി കുറഞ്ഞ സംസ്ഥാനങ്ങളും” എന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തിൽ വന്ന ഈ പ്രധാന മാറ്റത്തിന് പല കാരണങ്ങളുമുണ്ട്. രാഷ്ട്രത്തിന്റെ വിഭജനം, വിഭജനത്തോടനുബന്ധിച്ചുണ്ടായ സങ്കീർണ പ്രശ്നങ്ങൾ, ഭക്ഷ്യ പ്രശ്നം, രാജ്യത്തിനാകമാനമായുള്ള സാമ്പത്തികവും സാമൂഹികവുമായുള്ള ആസൂത്രണം, പ്രാദേശിക ചിന്താഗതി, സംസ്ഥാന മന്ത്രിസഭകളുടെ അസ്ഥിരതയെക്കുറിച്ചുള്ള ഭയം എന്നിവ അവയിൽ ചിലതു മാത്രമാണ്. അടിയന്തര ഘട്ടങ്ങളിൽ രാഷ്ട്രപതിയുടെ ആജ്ഞയനുസരിച്ച്, കേന്ദ്രത്തിൻ്റെ ചിന്താഗതികളെ സംസ്ഥാനത്ത് പ്രാവർത്തികമാക്കുവാൻ തക്ക മനോഭാവവും ശേഷിയുമുള്ള ആളായിരിക്കണം ഗവർണർ എന്ന ചിന്താഗതിയും പ്രകടമായിരുന്നു.

(4) പുതുതായി സ്ഥാപിതമായ സ്വയംഭരണ സമ്പ്രദായത്തിലുള്ള ഗവൺമെന്റ് എന്ന നിലയിൽ സംസ്ഥാന നിയമസഭയിലും സംസ്ഥാനത്താകമാനം തന്നെയും കേന്ദ്രവിരുദ്ധ സംഘടനകളും വിഭാഗീയതയും വന്നുചേരാനുള്ള സാധ്യതയെപ്പറ്റി ചിന്തിക്കുകയുണ്ടായി. അത്തരം അവസരങ്ങളിൽ ആ സംസ്ഥാനത്തിലെ സ്ഥിരവാസിയെന്ന നിലക്ക് വിരുദ്ധഘടകങ്ങളോട് പക്ഷപാതം കാണിക്കാത്ത സംയോജകനോ ഉപദേശകനോ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനു പകരം ഗവർണർ ആ വിഭാഗീയതയ്ക്ക് കൂട്ടുനിന്നെന്നു വരും. എന്നാൽ, രാഷ്ട്രപതി നാമനിർദേശം ചെയ്ത ആളാണെങ്കിൽ അത്തരം ആപൽശങ്ക തുലോം കുറവായിരിക്കും.

(5) രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നതെങ്കിൽ കൂടിയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിതി സ്ഥിരസ്വഭാവമുള്ളിടത്തോളം കാലവും മന്ത്രിസഭ അതത് അസംബ്ലിയിൽ ഭൂരിപക്ഷ പിൻബലമുള്ളതായിരിക്കുന്നിടത്തോളവും ഗവർണറും രാഷ്ട്രപതിയെപ്പോലെ തന്നെ സംസ്ഥാനത്തിലെ വെറും വ്യവസ്ഥാപിത മേധാവിയായി മാത്രം കഴിയേണ്ടിവരും. പ്രത്യേക പരിതസ്ഥിതികളിൽ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരാറുള്ളൂ. നിലനിൽക്കുന്ന തർക്കങ്ങളിൽ ഈ വാദങ്ങളുടെ സ്വാധീനം ദർശിക്കാവുന്നതാണ്.

ഗവർണറും അധികാരങ്ങളും

ഫലത്തിൽ ഗവർണർ കേന്ദ്ര സർക്കാറിൻ്റെ നോമിനിയായാണ് നിയമിക്കപ്പെടുന്നത്. അങ്ങനെ മാത്രമല്ലാതെ അതതു സംസ്ഥാനങ്ങൾക്ക് സ്വീകാര്യനായ അധികാരി എന്ന നിലയ്ക്കും നിയമിക്കുക എന്നതാണ് സ്വീകരിക്കാവുന്ന ആരോഗ്യകരമായ കീഴ് വഴക്കം. മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കുന്ന രീതി ഉണ്ടായിരുന്നെങ്കിലും അതത്ര സാധാരണമായിരുന്നില്ല. സംസ്ഥാനത്തിൻ്റെ തലവൻ്റെ ചുമതല നിർവ്വഹിക്കാൻ കഴിവുള്ള, സംസ്ഥാന രാഷ്ട്രീയത്തിലെ കുഴപ്പങ്ങൾക്ക് പരിഹാരം കാണുന്ന, സംസ്ഥാന മന്ത്രിസഭയ്ക്ക് നല്ല ഉപദേശം കൊടുക്കാൻ പ്രാപ്തരായവരെയാണ് ഗവർണറായി നിയമിക്കേണ്ടത് എന്നാണ് തത്വം. എന്നാൽ, ഇന്നത് ഒരു ദുരിതാശ്വാസ പ്രവർത്തനം പോലെ കൊണ്ടാടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മിസോറാമും നാഗാലാൻ്റുമൊക്കെ കേരളക്കാർക്ക് ഗവർണർമാരിലൂടെ പരിചിതമായത് അങ്ങനെയാണ്.

സംസ്ഥാനത്തിനുള്ളിൽ കക്ഷി രാഷ്ട്രീയത്തിനും പാർട്ടിക്കും അതീതനായാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഒരു സംസ്ഥാനത്തിലേക്ക് നിയമിതനാകുന്ന ഗവർണർ ആ സംസ്ഥാനക്കാരനായിരിക്കുകയില്ല എന്നതും അവിടുത്തെ രാഷ്ട്രീയ വടംവലിയിൽ പെട്ട ആളായിരിക്കുകയില്ല എന്നതും വളരെ സഹായകമായ ഒന്നാണെന്ന് തെളിഞ്ഞ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.  പ്രാദേശികമായ രാഷ്ട്രീയത്തിൻ്റെ ഭാഗമാവാതെ സംസ്ഥാനത്തെ പ്രശ്നങ്ങളെയും കേന്ദ്ര – സംസ്ഥാന ബന്ധത്തെയും വ്യക്തിതാൽപര്യം കൂടാതെ നോക്കിക്കാണുവാൻ ഇത് സഹായിക്കുന്നു. എങ്കിലും,  കക്ഷിരാഷ്ട്രീയത്തിൻ്റെ അതിപ്രസരം പലപ്പോഴും പല സംസ്ഥാനങ്ങളിലും ഗവർണറെ കേന്ദ്രഗവൺമെൻ്റിന്റെ ഒരു ദാസനോ സംസ്ഥാനത്തെ ചില പ്രത്യേക രാഷ്ട്രീയകക്ഷികളുടെ കരുവായി പ്രവർത്തിക്കുന്ന ഭരണാധികാരിയോ ആയി അധഃപതിപ്പിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് ഗവർണർ പദവിയുടെ ഉന്നത സ്ഥാനത്തിന് മങ്ങലേൽപ്പിക്കുകയും ആ പദവി തർക്കവിതർക്കങ്ങളുടെ കേന്ദ്രമായി മാറുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. 1989-ൽ കേന്ദ്രത്തിൽ കോൺഗ്രസ് ഗവൺമെന്റിനെ തുടർന്ന് ജനതാദൾ അധികാരത്തിൽ വന്ന ഉടനെ, എല്ലാ ഗവർണർമാരും തങ്ങളുടെ രാജി രാഷ്ട്രപതിക്ക് സമർപ്പിക്കണമെന്ന നിർദേശമുണ്ടായത് ഒട്ടേറെ വാദകോലാഹലങ്ങൾക്ക് കാരണമായി. രാഷ്ട്രീയ പരിഗണനകളുടെ മാത്രം അടിസ്ഥാനത്തിൽ പല ഗവർണർമാരെയും നിയമിച്ചതും അവരിൽ പലരും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിച്ചതുമാണ് ഇങ്ങനെ ഒരു സംഭവവികാസത്തിനു വഴിതെളിച്ചതെന്ന് ഈ പ്രശ്നത്തെ അപഗ്രഥിച്ച പല നിരൂപകന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫെഡറലിസവും ഇന്ത്യൻ ഭരണഘടനയും

വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയുടെ യഥാർത്ഥ ശക്തിയും സൗന്ദര്യവും അതിൻ്റെ ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറലിസമാണ്. ഭരണഘടന അതിശക്തമായി അരക്കിട്ടുറപ്പിച്ച ഫെഡറിലസത്തിൻ്റെ ചിറകിലായിരുന്നു നമ്മുടെ യാത്ര. നമ്മുടെ അനേകം  വൈജാത്യങ്ങളെ സ്വാംശീകരിച്ച് ഏകരാഷ്ട്രമാക്കി ഇന്ത്യയെ നിലനിർത്തുന്ന രാസത്വരകം ഫെഡറൽ ഘടനയാണ്. നമ്മുടെ വ്യത്യസ്ത ഭാഷാ സമൂഹങ്ങൾ, വ്യത്യസ്ത സാംസ്കാരിക സമൂഹങ്ങളുടെ ആത്മാഭിമാനജ്വലിതമായ നിലനിൽപ്പിന് കാരണവും ഫെഡറലിസമാണ്. ഇന്ത്യൻ യൂണിയൻ്റെ ഭാഗമായിരിക്കുമ്പോഴും, ഇന്ത്യ എന്ന വലിയൊരു രാജ്യത്തെ പൗരൻമാരായിരിക്കുമ്പോഴും ഇന്ത്യക്കാർ കേരളീയരും തമിഴ്‌നാട്ടുകാരും ബംഗാളികളും ഒഡീഷക്കാരുമായി ഇവിടെ ജീവിക്കുന്നതിൻ്റെ കാരണവും ഫെഡറലിസമാണ്. അത് അനുദിനം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ സർവതോന്മുഖമായ പുരോഗതിയുടെ അടിക്കല്ലും ഫെഡറൽ ഘടനയാണ്. പുരോഗതിയും ഫെഡറലിസവും തമ്മിലുള്ളത് സ്വത്വാഭിമാനവും ഉത്പാദനക്ഷമതയുമായുള്ള ബന്ധമാണ്. നമ്മുടെ ജനകീയാസൂത്രണം ഉൾപ്പെടുന്ന ജീവിത – സാമ്പത്തിക ആസൂത്രണങ്ങളുടെ എല്ലാം അടിക്കല്ല് രാജ്യത്തിൻ്റെ ഫെഡറൽ കരുത്താണ്. ആ ഘടനയെ സമൂലം തകർക്കാനുള്ള കൈക്കോടാലിയായി അധികാരമുള്ള ഒരാൾ മാറുന്നതുകൊണ്ടാണ് ബി ജെ പി ഭരണകാലത്തെ ഗവർണർമാരെ കുറിച്ച് ജനാധിപത്യപരമായ ആശങ്കകളും പ്രതിഷേധങ്ങളും ഉയരുന്നത്.

പി . സദാശിവം

സംസ്ഥാനത്തിൻ്റെ രാഷ്ട്രപതിയാണ് ഗവർണർ എന്ന നിലയിൽ ചിലർ അബദ്ധങ്ങൾ എഴുന്നള്ളിച്ചു കാണാറുണ്ട്. സമീകരണമില്ലാത്ത രണ്ട് പദവികളാണ് രാഷ്ട്രപതിയും ഗവർണറും. രാഷ്ട്രപതിയെ ഈ രാജ്യത്തിൻ്റെ ജനപ്രതിനിധികൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്നതാണ്. അത് നമ്മുടെ ജനാധിപത്യത്തിലെ അത്യുന്നത പദവിയാണ്. രാജ്യസഭ, ലോക്സഭ, രാഷ്ട്രപതി എന്നിവയാണ് നമ്മുടെ ജനാധിപത്യ നടത്തിപ്പിൻ്റെ കാതൽ. ഗവർണർ അതിൽ പെടുന്നതല്ല. അനുയോജ്യമായ ഏതെങ്കിലും വിധേയരെ ഒറ്റ ഓർഡർ കൊണ്ട് നിയമിക്കുന്നത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്തതാണ്. സംസ്ഥാന ജനാധിപത്യത്തിൻ്റെ ആഘോഷത്തിലേക്ക് ക്ഷണിക്കാതെ വരുന്ന അപരിചിതനായ അതിഥിയാണ് ഗവർണർ. ക്ഷണിക്കാതെ വരുന്ന അപരിചിതനായ അതിഥി കാണിക്കേണ്ട ചില മര്യാദകൾ നാട്ടുനടപ്പാണ്. അല്ലാതെ അമിതാധികാര പ്രയോഗമല്ല. ഒരു സംസ്ഥാനത്തിൻ്റെ മേലാളനായല്ല, നമ്മുടെ ഫെഡറലിസത്തിൻ്റെ അതിഥിയാണ് ഗവർണർ വിഭാവന ചെയ്യപ്പെടുന്നത്. അതിനെ മാനിക്കാതെ ഫെഡറലിസത്തിന് കല്ലുകടിയാവുന്നത് ഒരു രസം കൊല്ലി ഏർപ്പാടാണ്.

ഈ പദവി നമുക്കും ഫെഡറൽ ഇന്ത്യക്കും അനിവാര്യമാണെങ്കിൽ  ഗവർണറെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന രീതിയാണ് ഉചിതം. അപ്പോൾ ആ പദവിക്കും അത് വഹിക്കുന്നവർക്കും ഒരു അന്തസ്സുണ്ടാകുമല്ലോ? ഗവർണറുടെ അധികാരങ്ങൾ വളരെ പരിമിതമാണെന്നറിഞ്ഞുകൊണ്ട് തന്നെ ആ സ്ഥാനത്തേക്ക് വരുന്നവർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിൻ്റെ മുന്നിൽ കയറി ഒന്നും ചെയ്യേണ്ടതില്ല എന്ന ബോധമെങ്കിലും ഉള്ളവരാവണം. അല്ലാത്ത പക്ഷം അത് ഫെഡറലിസത്തിന് വിലങ്ങുതടിയാവും.

ഗവർണർ പദവിയിലെ പ്രഭുത്വം

1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൽ പരമശക്തനാണ് ഗവർണർ. ബ്രിട്ടീഷ് രാജാധികാരത്തിൻ്റെ നേരിട്ടുള്ള വക്താവ്. രാജാധികാരത്തോട് മാത്രം ഉത്തരം ബോധിപ്പിക്കേണ്ട ആൾ. ഗവർണർ ജനറൽ എന്ന് വിളിപ്പേർ. സൂക്ഷ്മമായി നോക്കിയാൽ ഇന്ത്യയെ ഒരു പാവ സർക്കാറാക്കി മാറ്റാൻ കോപ്പുള്ളയാൾ. ഇന്ത്യക്കാർ അപരിഷ്കൃതരും ജാതിയടിമകളും സ്വയം ഭരിക്കാൻ ശേഷിയില്ലാത്തവരുമാണെന്ന ബ്രിട്ടീഷ് മുൻവിധിയുടെ ബാക്കിപത്രം കൂടിയാണ് ആ പദവി. വിൻസ്റ്റൺ ചർച്ചിലിൻ്റെ കുപ്രസിദ്ധമായ ബാർബേറിയൻസ് പ്രയോഗമിങ്ങനെയാണ്. “അധികാരം ദുഷ്ടന്മാരുടെയും തെമ്മാടികളുടെയും സ്വതന്ത്രരുടെയും കൈകളിലേക്ക് പോകും; എല്ലാ ഇന്ത്യൻ നേതാക്കളും താഴ്ന്ന നിലവാരമുള്ളവരും വൈക്കോൽ ഉള്ളവരുമായിരിക്കും. അവർക്ക് മധുരമുള്ള നാവുകളും വിഡ്ഢി ഹൃദയങ്ങളുമായിരിക്കും. അധികാരത്തിനായി അവർ പരസ്പരം പോരടിക്കും, രാഷ്ട്രീയ കലഹങ്ങളിൽ ഇന്ത്യ നഷ്‌ടപ്പെടും.” ഗാന്ധിയെ കുറിച്ചും ഇതുപോലെയുള്ള രൂക്ഷ വിമർശനങ്ങൾ ചർച്ചിൽ നടത്തിയിട്ടുണ്ട്.

ചർച്ചിലിൻ്റെ ഈ യുക്തിയിൽ തികട്ടി നിൽക്കുന്നത് 1935 ലെ ആക്ടും അതിലെ ഗവർണർ പദവി സംബന്ധിച്ച വകുപ്പുകളുമാണ്. രാഷ്ട്രീയ പ്രവർത്തകരും അവർക്ക് വോട്ട് ചെയ്യുന്ന ഇന്ത്യക്കാരും വിവരംകെട്ടവരും പ്രാകൃതരും മതാന്ധരുമാണ്. അവർക്ക് ഭരണം നടത്തിക്കൊണ്ടുപോകാൻ അറിയില്ല. അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്രം നിശ്ചയിക്കുന്ന കൊള്ളാവുന്ന ഒരാൾ വേണം. ഇതാണ് ഗവർണർ പദവിയുടെ സാമാന്യ യുക്തിയെന്ന് കെ.കെ. ജോഷി നിരീക്ഷിക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ഭരണ സംവിധാനങ്ങൾ പിന്തുടരാൻ പോകുന്നത് ആത്മാന്തസ്സുള്ള ഒരു ഭരണ സംവിധാനമാകുമെന്ന മുൻവിധി ഗവർണർ പദവി സംബന്ധിച്ച ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിൻ്റെ ഒരു ഘട്ടത്തിലും ആരിഫ് ഖാനെയോ ആർ.എൻ രവിയെ പോലെയോ ഉള്ളവർ ഗവർണറാകുമെന്നോ തങ്ങളെ ഗവർണറാക്കിയ രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിച്ച് ഭരണഘടനയുടെ അന്തസ്സ് കെടുത്തുമെന്നോ അന്നത്തെ ധൈഷണികരും ജനാധിപത്യജീവികളുമായ മനുഷ്യർ വിചാരിച്ചു കാണില്ല. അബദ്ധ ഗവർണർ സംബന്ധിച്ച ചർച്ചകളിൽ എല്ലാം നമ്മൾ കാണുന്നത് ഒരു നാമമാത്ര ഭരണഘടനാ പദവിയാണ് ഗവർണർ എന്ന വികാരമാണ്. അനുഭവിക്കാനോ പ്രയോഗിക്കാനോ അല്ല, ആദരിക്കാനും വണങ്ങാനും മാത്രമാണ് ഭരണഘടന ഗവർണർക്ക് അധികാരങ്ങൾ നൽകിയിരിക്കുന്നത്.

എം. കെ സ്റ്റാലിൻ

പദവി നാമമാത്രമാണെങ്കിലും കേന്ദ്ര പിന്തുണയിലും മാധ്യമങ്ങളുടെയും സർക്കാർ വിരുദ്ധരുടെയും നിർലോഭമായ പ്രശംസയിൽ മതിമറന്നും പല ഗവർണർമാരും നാമമാത്ര പദവി വെച്ച് സംസ്ഥാന സർക്കാറുകൾക്കെതിരെ നിരന്തരം ഇടപെടുന്നുണ്ട്. നിയമനിർമ്മാണത്തിന്റെ സമയബന്ധിതമായ പ്രക്രിയയെ ബാധിക്കുന്ന തരത്തിൽ ബില്ലുകളിൽ ഗവർണർ ഒപ്പിടാതിരിക്കുന്നതിനെതിരെ തമിഴ്‌നാട് സർക്കാർ 2023 ഒക്ടോബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണർ ഒരു രാഷ്ട്രീയ ശത്രുവിനെ പോലെ പെരുമാറുന്നു എന്നാണ് ഹർജിയിൽ സർക്കാർ ആരോപിച്ചത്.  2023 ഏപ്രിലിൽ തമിഴ്‌നാട് അസംബ്ലിയിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രമേയം പാസാക്കുകയും ചെയ്തു. നിയമം, ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയെ സംബന്ധിച്ചുള്ള 10 ബില്ലുകൾ 2023 നവംബറിൽ ഗവർണർ രവി തിരിച്ചയച്ചിരുന്നു. തമിഴ്‌നാട് ലെജിസ്ലേറ്റീവ് അസംബ്ലി റൂൾസിലെ 143ാം വകുപ്പ് അനുസരിച്ചാണ് അസംബ്ലി തന്നെ ബില്ലുകൾ തിരിച്ചെടുത്തത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം, ഈ ബില്ലുകൾ വീണ്ടും പാസായി ഗവർണറുടെ അനുമതിക്കായി പോകുമ്പോൾ ഗവർണർ അവയിൽ ഒപ്പുവെക്കാതെ പിടിച്ചുവെക്കരുത് എന്നും അത് കോടതി വിധിയുടെ ലംഘനമാണെന്നും നിയമസഭാ പ്രമേയത്തിൽ പറയുന്നു.

2015 മാർച്ചിൽ, ‘ജഡ്ജിങ് ദ ജഡ്ജസ്’ എന്ന പേരിൽ രാമചന്ദ്ര ഗുഹ എഴുതിയ ലേഖനം സുപ്രീംകോടതി ജഡ്ജിമാർ റിട്ടയർമെന്റിനുശേഷം ബ്യൂറോക്രസിയിലേക്ക് നിയമിതരാകുന്നതിന്റെ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. 2018 ൽ, ഗവർണർ ജസ്റ്റിസ് പി സദാശിവം, ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നടത്തേണ്ടിയിരുന്ന കേരള സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന ഭാഗം വായിക്കാതെ ഒഴിവാക്കിയ സംഭവം ചർച്ചയായി മാറിയിരുന്നു. ജി.എസ്.ടി വന്ന ശേഷം കേന്ദ്രസർക്കാർ നികുതി വരുമാനത്തിൽ കേരളത്തിന് അർഹമായ വിഹിതം നൽകുന്നില്ല എന്നതാണ് കേരളം കുറേക്കാലമായി ഉന്നയിക്കുന്ന പരാതിയും.

ജസ്റ്റിസ് സദാശിവത്തിന് ശേഷം കേരള ഗവർണറായി സ്ഥാനമേറ്റ ആരിഫ് മുഹമ്മദ് ഖാൻ ഭരണനിർവഹണ ഇടപെടലുകളിൽ സ്വന്തം രാഷ്ട്രീയ നിലപാടുകൾ കർക്കശമായ പ്രസ്താവനകളിലൂടെ പ്രകടമാക്കുന്നത് പതിവായി മാറി. വിവേചനപരമായ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് അദ്ദേഹം പൊതുവേദികളിൽ സംസാരിച്ച് തുടങ്ങി. ഇന്ത്യയിലെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ സമരം നടക്കുന്ന സമയമായിരുന്നു അത്. സർവകലാശാലകളിലെ സംഘ് നിയമനങ്ങളുമായി ബന്ധപ്പെട്ടും വലിയ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന് നേരെ ഉയർന്നത്.

മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു
മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ എന്നും

തീരുമാനം നിരസിക്കാൻ ഗവർണർക്ക്
ഒരവകാശവുമില്ലെന്നും 1974 ലെ ഷംഷേർസിങ്ങ്

കേസിന്റെ വിധിന്യായത്തിൽ
സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച്

വ്യക്തമാക്കിയിട്ടുള്ളതാണ്.
പക്ഷെ, പല ഗവർണർമാരും
അത് പരസ്യമായി ലംഘിക്കുകയും
കേന്ദ്ര ഏജന്റിനെ പോലെ പെരുമാറുകയും ചെയ്യുന്നു.

കേരളത്തിൽ 11 ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാത്തതിനാൽ അസാധുവായത്. അത് പതിനൊന്നും കേരളത്തിൻ്റെ പൊതുജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് എന്നാണ് ഭരണപക്ഷ വാദം. “ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ല. ഫയലുകൾ വിശദമായി പഠിക്കാൻ സമയം വേണം. ജനാധിപത്യത്തിൽ ഓർഡിനൻസിലൂടെ ഭരിക്കുന്നത് ഭൂഷണമല്ല. അടിയന്തര സാഹചര്യങ്ങളില്ലാതെ ഓർഡിനൻസ് ഇറക്കാനാണെങ്കിൽ നിയമനിർമാണ സഭകളുടെ പ്രസക്തിയെന്താണ്.” എന്ന ചോദ്യം ഉയർത്തിയാണ് ആരിഫ് ഖാൻ്റെ നടപടി ഉണ്ടായത്. 

മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു മാത്രമേ ഗവർണർ പ്രവർത്തിക്കാവൂ എന്നും തീരുമാനം നിരസിക്കാൻ ഗവർണർക്ക് ഒരവകാശവുമില്ലെന്നും 1974 ലെ ഷംഷേർസിങ്ങ് കേസിന്റെ വിധിന്യായത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷെ, പല ഗവർണർമാരും അത് പരസ്യമായി ലംഘിക്കുകയും കേന്ദ്ര ഏജന്റിനെ പോലെ പെരുമാറുകയും ചെയ്യുന്നു. ഹർഗോവിന്ദ് പന്ത് വേഴ്‌സസ്‌ രഘുകുൽ തിലക് കേസിൽ ഗവർണർ കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരൻ/ഏജന്റ് അല്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇത്തരം കോടതി വിധികളും ഭരണഘടനാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തുന്ന അനുഭവം വിപത്കരമാണ്. 

ഇന്ത്യൻ ഫെഡറലിസത്തിൻ്റെ ഭാവി

ഇന്ത്യൻ ഫെഡറലിസം ഇന്ന് വലിയ വെല്ലുവിളികൾ നേരിടുന്നു. ബി.ജെ.പി ഇതര പാർട്ടികൾ ബി.ജെ.പിയാലും കേന്ദ്ര ഏജൻസികളാലും തകർക്കപ്പെടുന്നു. മാധ്യമങ്ങൾ സർക്കാർ വിലാസം ഭജന സംഘങ്ങളാകാൻ ശ്രമിക്കുന്നു. ഭരണഘടനയെയും ഫെഡറലിസത്തെയും പൗരസമൂഹമാണ് സംരക്ഷിക്കേണ്ടത്. അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പോരാട്ടവും.

1959 ൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ആദ്യത്തെ സംസ്ഥാന സർക്കാർ ആയിരുന്നു കേരളത്തിലേത്. ഇന്നും കേരളത്തിൽ നിയമിക്കപ്പെടുന്ന ഗവർണർമാരുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാറിൽ നിന്നും ഇപ്പോഴും ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ യൂണിയനുമായി പ്രശ്‌നങ്ങൾ നില നിൽക്കുന്നുണ്ട്. ചരിത്രപരമായി എന്തുകൊണ്ട് അത്തരം പ്രശ്‌നങ്ങളുണ്ടായി? ഭാഷ, സാംസ്‌കാരികത എന്നീ ഘടകങ്ങൾ ഹിന്ദു വലതുപക്ഷം മുന്നോട്ടുവെച്ച ഹിന്ദി – ഹിന്ദു പദ്ധതിയിൽ നിന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ വേറിട്ടുനിർത്തി. നമ്മുടെ സിസ്റ്റത്തിൽ ഗവർണർമാർക്ക് വലിയ അധികാരങ്ങളില്ല. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഗവർണർമാർ സ്വയം മറ്റൊരു അധികാരതലത്തിൽ അവരെ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഗവർണർമാരുടെ പ്രസ്താവനകളും പ്രകടനങ്ങളുമെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ്. ഇവരെ ഉൾക്കൊള്ളുന്ന ഘടനയെക്കുറിച്ചാണ്, അല്ലാതെ നിയമിതരാകുന്ന ഈ വ്യക്തികളെ കുറിച്ചല്ല നമ്മൾ ആശങ്കപ്പെടേണ്ടത്. കൊളോണിയൽ അവശിഷ്ടമായ ഗവർണർമാർ നിരന്തരമായി സൃഷ്ടിക്കുന്ന കല്ലുകടികളുടെ പ്രതിസന്ധികളെ മറികടക്കാൻ സുപ്രീം കോടതി കയറി നടക്കുകയാണ് സംസ്ഥാന സർക്കാറുകൾ. ഇതുമൂലമുണ്ടാകുന്ന ഭരണ പ്രതിസന്ധികൾ ഒരു ഭാഗത്ത്.  ഫെഡറലിസത്തിൻ്റെ നിലനിൽപ്പിനെയും ജനാധിപത്യത്തിൻ്റെ സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഗവർണർമാരുടെ ഇത്തരം അധികാര ദുർവിനിയോഗത്തെ തടയാൻ കഴിയുന്ന  ഭരണഘടനാ ഭേദഗതികളും നിയമ ഇടപെടലുകളും അനിവാര്യമാണ്. അല്ലാത്തപക്ഷം, കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളിൽ സംസ്ഥാന മന്ത്രിസഭകൾ വീർപ്പുമുട്ടിക്കൊണ്ടേയിരിക്കും. അത് ഫെഡറലിസത്തെ കുറിച്ചുള്ള ഭാവനകളെ തകർത്തെറിയുമെന്ന് തീർച്ചയാണ്.

 

Facebook
Twitter
WhatsApp
Print