ചരിത്രത്തിൽ ഇന്നേവരെ ഭരണകൂട അവഗണനയുടെ ഇരകളാണ് ദലിത് – ആദിവാസി സമൂഹങ്ങൾ. ദലിത് പിന്നോക്ക വിഭാഗങ്ങൾക്കായി മന്ത്രാലയങ്ങളും പട്ടികജാതി കമ്മീഷണറും ഐ.ടി.ഡി.പി തുടങ്ങിയ സംവിധാനങ്ങളും പതിറ്റാണ്ടുകളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. എല്ലാ സർക്കാർ ബജറ്റുകളിലും കോടിക്കണക്കിന് രൂപ ആദിവാസി- പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നുണ്ടെങ്കിലും അതൊന്നും നീതിപൂർവ്വകമായി അർഹരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം.
ഭൂസമര പ്രവർത്തക ബിന്ദു വൈലാശ്ശേരിയുടെ നിലമ്പൂരിലെ ഭൂമിക്ക് വേണ്ടിയുള്ള സമരം ശക്തമായ ഒരു ജനകീയ മുന്നേറ്റമായിരുന്നു. 2018, 2019 പ്രളയകാലഘട്ടങ്ങൾക്ക് ശേഷം ബിന്ദു വൈലാശ്ശേരി തൻ്റെ കുടുംബങ്ങളിൽ പുഴുക്കളെ പോലെ ജീവിതം തള്ളി നീക്കുന്ന ഭൂമിയില്ലാത്തവർക്ക് വേണ്ടി ശക്തമായ ഒരു ഭൂസമരത്തിന് നേതൃത്വം നൽകാൻ തീരുമാനിക്കുകയും 2023 മെയ് 10 ന് തിയ്യതി നിലമ്പൂരിലെ ഐ.ടി.ഡി.പി ഓഫീസിന് മുമ്പിൽ ഇരുന്നൂറോളം ആദിവാസി കുടുംബങ്ങളുമായി പട്ടിണിസമരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. “ഞങ്ങൾക്ക് ആരുടേയും ഔദാര്യം വേണ്ട. അവകാശപ്പെട്ടത് മാത്രം മതി. അത് ലഭിക്കുന്നത് വരെ സമരം ചെയ്യു”മെന്നായിരുന്നു സമരപ്രവർത്തകർ പ്രഖ്യാപിച്ചത്.
2009 ലെ സുപ്രീം കോടതി വിധിപ്രകാരം ഒരു ഏക്ര മുതൽ അഞ്ച് എക്ര വരെ ഭൂമിക്ക് ആദിവാസികൾക്കവകാശമുണ്ട്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് എല്ലാ ഭരണകൂടങ്ങളും മുന്നോട്ട് പോയിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലം ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, ഇടിവണ്ണ, പാറേക്കാട്, മൈലാടി എന്നിവടങ്ങളിൽ നിന്നും പോത്ത്കല്ല്, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ് അടക്കം മറ്റു പ്രദേശങ്ങളിൽ നിന്നുമായി 18 ആദിവാസി കോളനികളിൽ നിന്നുള്ള – പണിയർ, നായിക്കർ, കുറുമർ, ആളർ തുടങ്ങിയ ഗോത്രവർഗ്ഗങ്ങളിൽ നിന്നുള്ളവരാണ് സമരത്തിൽ പങ്ക് ചേർന്ന ആദിവാസി കുടുംബങ്ങൾ.
വെൽഫയർ പാർട്ടി ഭൂസമരത്തിൻ്റെ ഒന്നാം തിയ്യതി മുതൽ തന്നെ പിന്തുണയും മറ്റു സഹായങ്ങളുമായി ഐക്യദാർഢ്യപ്പെടുകയും സമരക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിന്ന് കൊണ്ട് സമരത്തിന് ആവേശം പകരുന്ന നിലപാടുകൾ സ്വീകരിക്കുകയും നിയമപരമായ സഹായങ്ങൾക്ക് ചെയ്തു കൊടുക്കുകയും ചെയ്തു.

ഐക്യദാർഢ്യം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടം ചെയ്യുന്നു
സ്വാതന്ത്ര്യദിനത്തിലെ കൂട്ട ഉപവാസം, തിരുവോണ നാളിൽ പട്ടിണി സമരം, നിലമ്പൂർ താലൂക്ക് ഓഫീസ് മാർച്ച്, മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള സദസ്സ് നിലമ്പൂരിൽ വന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം, പുതുവത്സര ദിനത്തിൽ പന്തം കൊളുത്തി പ്രകടനം, മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തുകൾ അയച്ച് കൊണ്ട് പ്രതിഷേധം.
മലപ്പുറം കലക്ടറേറ്റിന് മുമ്പിൽ രാപ്പകൽ സമരം, നിലമ്പൂരിൽ വ്യത്യസ്ത രാഷ്ട്രീയ പ്രധിനിനിധികൾ, ആക്റ്റിവിസ്റ്റുകൾ, തുടങ്ങിയവരെ ഉൾപ്പെടുത്തി ടേബ്ൾ ടോക്ക് തുടങ്ങിയ സമര പരിപാടികൾ പാർട്ടി സംഘടിപ്പിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ പ്രതിഷേധവും നടത്തി. 2023 നവമ്പർ ഒന്നിന് ആദിവാസി ഭൂസമര സഹായിയുടെ ആഭിമുഖ്യത്തിൽ ആദിവാസി കൺവെൻഷൻ നടത്തി. സമരത്തിൻ്റെ പരിഹാരത്തിനും ഒത്ത് തീർപ്പിനുമായി മലപ്പുറം ജില്ലാ കലക്ടറുമായി വ്യത്യസ്ത സന്ദർഭങ്ങളിൽ കൂടിക്കാഴ്ച നടത്തി.
മലപ്പുറത്തും നിലമ്പൂരിലുമായി നിരവധി പത്രസമ്മേളനങ്ങളും നടത്തി.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചത് സമരത്തിന് വലിയ ആവേശമാണ് നൽകിയത്. ആദിവാസികളും നാട്ടുകാരും അടക്കം അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കാളികളായി. നിലമ്പൂർ ഭൂസമരത്തിൻ്റെ തുടക്കം മുതൽ തുടർച്ചയായി 314 ദിവസം സമരം അവസാനിപ്പിച്ച ദിവസം വരെ വെൽഫയർ പാർട്ടി സമരത്തോടൊപ്പം നിലയുറപ്പിച്ചു. ഭൂസമര ചരിത്രത്തിൽ എന്നെന്നും ഓർക്കപ്പെടുന്ന നിലമ്പൂരിലെ ആദിവാസി ഭൂസമരം പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശവും പ്രചോദനവുമാണ് പ്രദാനം ചെയ്തത്.