ഏക സിവിൽ കോഡിന്റെ രാഷ്ട്രീയം

Resize text

 

(“വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട” എന്ന തലക്കെട്ടിൽ 2023 ഓഗസ്റ്റ് 8 ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രഭാഷണം)

രാജ്യത്തിൻറെ വികസന പ്രശ്നങ്ങൾ, കർഷകർ പ്രശ്നങ്ങൾ, തൊഴിലാളി വിഷയങ്ങൾ, മോശമായ സാമ്പത്തികാവസ്ഥ, മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ടായിരിക്കെ ഏകസിവിൽ കോഡിനെ കുറിച്ച് സംസാരിക്കാനും ചർച്ച ചെയ്യാനും നാം നിർബന്ധിതരാകുന്ന സാഹചര്യമാണുളളത്. മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കഴിഞ്ഞ 9 വർഷങ്ങളായി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. ഇത്തരം വിവാദപരമായ വിഷയങ്ങൾ കൃത്യമായ ഇടവേളകളിൽ ഉയർത്തിക്കൊണ്ടുവന്ന് പൊതുസമൂഹത്തിൽ ചർച്ചയ്ക്ക് വയ്ക്കുന്നു. ‘സബ്കാ സാഥ്, സബ്കാ വികാസ്’ (എല്ലാവർക്കും ഒപ്പം, ഏവരുടെയും വികസനം) പോലുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ബി ജെ പി ക്ക് വികസനവുമായി ബന്ധപ്പെട്ട യാതൊരു അജണ്ടകളും ഇല്ല. അവരുടെ ഏക താൽപര്യം അധികാരം നിലനിർത്തുക എന്നത് മാത്രമാണ്. അതിനുള്ള വഴികളാണ് ഇത്തരം വിവാദങ്ങൾ.

ഒരാഴ്ച മുമ്പ് ഞാനടങ്ങുന്ന ഒരു സംഘം മണിപ്പൂർ സന്ദർശിച്ചിരുന്നു. മാസങ്ങളായി മണിപ്പൂർ കത്തുകയാണ്. 30 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു സംസ്ഥാനമാണ് മണിപ്പൂർ . എന്നാൽ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി ജെ പി സർക്കാർ ഒരു ഭാഗത്ത് മെയ്തി വിഭാഗവും മറുഭാഗത്ത് കുക്കി വംശജരുമായി സംസ്ഥാനത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. മെയ്തി വിഭാഗം കാലങ്ങളായി സംസ്ഥാനത്ത് എല്ലാ വിഭവങ്ങളും ആസ്വദിച്ചു വരുന്നു. അതേസമയം കുക്കി വിഭാഗമാകട്ടെ ദാരിദ്ര്യവും ദുരിതങ്ങളുമാണ് അനുഭവിച്ചു പോരുന്നത്.

ഏകസിവിൽ കോഡ് ഒന്നാം മോദി സർക്കാറിന്റെ കാലത്ത് തന്നെ അവരുടെ അജണ്ടയായിരുന്നു. മാനിഫെസ്റ്റോയിൽ അവരത് എഴുതി വച്ചിരുന്നു. പിന്നെ എന്തുകൊണ്ട് കഴിഞ്ഞ 9 വർഷം അവരതിന് തുനിഞ്ഞില്ല എന്ന ചോദ്യമുണ്ട്. അതിൻറെ കാരണം ചികഞ്ഞാൽ നമുക്ക് ചിലത് വ്യക്തമാകും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അതുവരെ പറഞ്ഞു വെച്ച വികസന അജണ്ടകളും വാഗ്ദാനങ്ങളുമെല്ലാം അമ്പേ പാളിപ്പോയ അവസ്ഥയിലായിരുന്നു ബി ജെ പി. വോട്ടർമാർക്ക് മുന്നിൽ വയ്ക്കാൻ എടുത്തു പറയത്തക്ക യാതൊരു നേട്ടങ്ങളും ഇല്ലാതെയാണ് 2019 തെരഞ്ഞെടുപ്പിനെ അവർ നേരിടേണ്ടി വന്നത്. മറുഭാഗത്ത് വിമർശിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനും തക്ക വിധമുള്ള ധാരാളം നടപടികൾ ആ 5 വർഷത്തിൽ ഉണ്ടാവുകയും ചെയ്തു. ജി എസ് ടി ഒരു ഉദാഹരണം. 42 സൈനികരുടെ ജീവൻ പുൽവാമയിൽ കുരുതി കൊടുക്കുകയും അതിനെ തെരഞ്ഞെടുപ്പിൽ മാർക്കറ്റ് ചെയ്യുകയും ചെയ്തു. പുൽവാമയിൽ എന്താണ് സംഭവിച്ചതെന്ന് സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലുകളിലൂടെ നാമറിഞ്ഞതാണ്.

ഇപ്പോൾ 2024 ലും ഒഴിഞ്ഞ കരങ്ങളുമായി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യത്തിൽ അവർ ഏകസിവിൽ കോഡ് പോലുള്ള വിഷയങ്ങളിൽ ചർച്ചകളെ തളച്ചിടാൻ ശ്രമിക്കുകയാണ്. വിഷയങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമങ്ങൾ നിരന്തരം അവർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ് നൂഹ്. സമീപകാലത്ത് ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒരു പ്രവണത കണ്ടു വരുന്നു. ഹൈന്ദവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ നടന്നു വന്ന ചില യാത്രകൾക്ക് (ഉദാ: ശോഭായാത്ര, രാമ നവമി) ഇപ്പോൾ നേതൃത്വം നൽകുന്നത് വി എച്ച് പി, ബജ്റംഗദൾ പോലുള്ള സംഘടനകളാണ്. അവർ വിദ്വേഷപ്രസംഗങ്ങളും വിദ്വേഷ മുദ്രാവാക്യങ്ങളും ഇത്തരം യാത്രകളിൽ മുഴക്കുന്നു. ഒപ്പം മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കയറുകയും ഏകപക്ഷീയമായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു. അതാണ് നൂഹിലും സംഭവിച്ചത്. മണിപ്പൂരിൽ എ കെ 47 പോലുള്ള ആയുധങ്ങൾ കൈയിലേന്തുകയോ ആയുധ പ്രദർശനം നടത്തുകയോ മാത്രമല്ല, അവ ഉപയോഗിച്ച് ഇരുവിഭാഗങ്ങൾ പരസ്പരം വെടിയുതിർക്കുകയും ചെയ്യുന്നു. ഹരിയാനയിൽ സർക്കാർ തന്നെ നേരിട്ട് ബുൾഡോസർ ഭീകരത നടപ്പിലാക്കുന്നു. ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തിൽ ബി ജെ പി സംഭാവന ചെയ്തതാണ് ബുൾഡോസർ ഭീകരത. യു പി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടർന്നിപ്പോൾ ഹരിയാനയിലും അതെത്തിയിരിക്കുന്നു. ധാരാളം വീടുകളാണ് തകർക്കപ്പെട്ടിരിക്കുന്നത്. ഹരിയാന ഹൈക്കോടതി സർക്കാർ നടപടിയിൽ ഇടപെടുകയും അത് നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഏകസിവിൽ കോഡ് സംബന്ധിച്ച ഭരണഘടനാ ബന്ധിതമായ കാര്യങ്ങൾ മാത്രമാണ് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്; മതപരമായ ഭാഷ്യം അല്ല. 2018 ൽ ഇരുപത്തിയൊന്നാം നിയമ കമ്മീഷനോട് ഏകസിവിൽ കോഡ് സംബന്ധിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കാൻ ബി ജെ പി സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിൻറെ ഭാഗമായി അന്ന് കമ്മീഷൻ വ്യത്യസ്ത മത – സമുദായ സംഘടനകൾ, വ്യക്തികൾ, സാമൂഹിക വിഭാഗങ്ങൾ എന്നിവരെ വിളിച്ചു ചേർക്കുകയും വിശദമായ ചർച്ചകൾക്കു ശേഷം (ഞാനും അതിൽ പങ്കെടുത്തിരുന്നു) ഏകസിവിൽ കോഡ് ഇന്ത്യയ്ക്ക് അനിവാര്യമോ അഭികാമ്യമോ ആയ ഒന്നല്ലെന്നും അടുത്ത പത്തു വർഷത്തേക്ക് അതേക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും പറഞ്ഞ് റിപ്പോർട്ട് നൽകി. എന്നാൽ പിന്നീട് ഇരുപത്തി രണ്ടാം നിയമ കമ്മീഷനും പ്രധാന അജണ്ടയായി നൽകപ്പെട്ടിരിക്കുന്നത് അതേ ഏകസിവിൽ കോഡ് തന്നെയാണ്. ഇരുപത്തിയൊന്നാം നിയമ കമ്മീഷനിൽ നിന്ന് വ്യത്യസ്തമായി സംഘടനകളോടോ, വിവിധ സാമൂഹിക – മത വിഭാഗങ്ങളുടെ പ്രതിനിധികളോടോ, രാഷ്ട്രീയ പാർട്ടികളുമായോ ചർച്ച ചെയ്യുന്നതിനു പകരം വിഷയം നേരിട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വയ്ക്കുകയും ‘ഏകസിവിൽ കോഡിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്ത്?’ എന്ന ഒരു ചോദ്യത്തിലൂടെ അഭിപ്രായമാരായുകയും ഒരു ‘അന്തരീക്ഷ നിർമിതി’ നടത്തുകയും ചെയ്തിരിക്കുന്നു. നേരത്തെ വിശദമായ ചർച്ചകൾക്കു ശേഷം ഇരുപത്തിയൊന്നാം നിയമ കമ്മീഷൻ നൽകിയ റിപ്പോർട്ട് നിലവിലുണ്ടായിരിക്കെയാണ് ഈ നീക്കം എന്നോർക്കണം. ഇതിനു പിന്നിലുള്ള യഥാർത്ഥ പ്രേരകം എന്താണ് എന്നതാണ് നാം ഗൗരവപൂർവ്വം ആലോചിക്കേണ്ടത്.

എന്തിനാണ് ഏകസിവിൽ കോഡ് അഥവാ യു സി സി? അത് സംബന്ധിച്ച ഒരു വാദം യു സി സി ഭരണഘടനപരമാണ് എന്നാണ്. ഏക സിവിൽ കോഡ് ഭരണഘടനയിൽ ഉണ്ട്. പക്ഷേ നിർദ്ദേശക തത്വങ്ങൾ (പാർട്ട് IV) എന്ന ഭാഗത്താണ് അതുൾപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ നിർമ്മാണ വേളയിൽ ഇത് സംബന്ധിച്ച ധാരാളം ചർച്ചകളും ആശങ്കകളും ഭരണഘടന നിർമ്മാണ സമിതിയിൽ ഉയർന്നു വന്നിരുന്നു. എന്നാൽ ഇന്ത്യൻ സാഹചര്യത്തിലെ അതിൻറെ വിവിധങ്ങളായ അപ്രായോഗികതകൾ കണക്കിലെടുത്ത് അത്തരം സങ്കല്പങ്ങൾ നിർദ്ദേശക തത്വങ്ങൾ എന്ന ഭാഗത്ത് (കോടതികൾക്ക് പോലും അവ നടപ്പാക്കണമെന്ന് ഉത്തരവിടാൻ കഴിയില്ല) ഉൾപ്പെടുത്തുകയാണുണ്ടായത്. പതിനഞ്ചോളം അനുച്ഛേദങ്ങൾ നിർദ്ദേശക തത്വങ്ങളിലുണ്ട്. ദരിദ്രരും സമ്പന്നരും തമ്മിലെ വിടവ് കുറയ്ക്കുക എന്നത് അവയിലൊന്നാണ്. രാജ്യത്തെ വിഭവങ്ങളുടെ സിംഹഭാഗവും കൈയടക്കി വെച്ചിരിക്കുന്നത് ഏതാനും ചില വ്യക്തികളോ കോർപ്പറേറ്റുകളോ ആണ്. വളരെ തുച്ഛമായ വിഭവങ്ങളാണ് 80 ശതമാനത്തോളം ജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതേക്കുറിച്ച് സർക്കാറിന് ആശങ്കകളില്ല. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നത് മറ്റൊരു അനുച്ഛേദമാണ്. 2009 ൽ യു പി എ സർക്കാർ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി ചില നീക്കങ്ങൾ നടത്തിയെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം കൈയെത്താ ദൂരത്താണ്. മാന്യമായ വേതനം, ലഹരിവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും തുടങ്ങിയ ധാരാളം വിഷയങ്ങൾ നിർദ്ദേശക തത്വങ്ങളുടെ ഭാഗമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ബി ജെ പി സർക്കാർ അവയിൽ നിന്ന് ഏകസിവിൽ കോഡ് മാത്രം ചർച്ചയ്ക്ക് എടുക്കുന്നതിലൂടെ അവരുടെ ലക്ഷ്യം എന്തെന്ന് വ്യക്തമാണ്.

ഏകസിവിൽ കോഡിനെ കുറിച്ചുള്ള (അനുച്ഛേദം 44) ഭരണഘടനാ പരാമർശം, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമായും ചർച്ച ചെയ്തു സമന്വയത്തിൽ എത്തണം എന്നതാണ്. ഏകസിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകളെ കുറിച്ച് സംസാരിക്കാൻ വന്ന ഗോത്രനേതാക്കളോട് അമിത് ഷാ, ഭരണഘടനയുടെ അനുച്ഛേദം 371 എ, ബി (നാഗാലാൻഡ്, അസം എന്നിവയ്ക്കുള്ള പ്രത്യേക അധികാരം) എന്നിവയെക്കുറിച്ച് വാചാലനാവുകയാണ് ഉണ്ടായത്. ഭോപ്പാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് ഒരേ കുടുംബത്തിൽ എന്തിനാണ് രണ്ട് നിയമം; ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം മതി എന്നാണ്. ബി ജെ പി നേതാക്കളുടെ ഇത്തരം ധ്രുവീകരണ ഭാഷ്യങ്ങൾ നമുക്ക് ഓർമ്മയുണ്ട്.

എന്നാൽ യാഥാർത്ഥ്യമെന്താണ്? ഇന്ത്യയിൽ രണ്ടോ മൂന്നോ തരം നിയമങ്ങൾ മാത്രമല്ല ഉള്ളത്. ഐ പി സി, സി ആർ പി സി തുടങ്ങിയ ക്രിമിനൽ നിയമങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചാൽ തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ അവയ്ക്ക് വൈജാത്യങ്ങൾ ഉള്ളതായി കാണാം. ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം എന്ന് പറയുമ്പോഴും ക്രിമിനൽ നിയമങ്ങളിൽ പോലും അങ്ങനെയല്ല എന്നും കാലാകാലങ്ങളിൽ അവയ്ക്ക് ധാരാളം ഭേദഗതികൾ വരുത്തിയിട്ടുണ്ട് എന്നും മനസ്സിലാക്കാനാകും. ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിച്ചാൽ കേരളം, പശ്ചിമ ബംഗാൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി ബി ജെ പി ഭരിക്കുന്ന ഗോവയിൽ പോലും ഗോവധ നിരോധന നിയമം നിലവിലില്ല.

സംവരണ നിയമങ്ങളിലും ഈ വൈവിധ്യം കാണാനാകും. 50 ശതമാനത്തിനു മുകളിൽ സംവരണം അനുവദിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കെ തന്നെ പല സംസ്ഥാനങ്ങളിലും ആ പരിധിക്ക് മുകളിൽ സംവരണമുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിൽ ഒരു ഏകീകൃതനിയമം നിലവിലില്ലെന്നു മാത്രമല്ല, അതസാധ്യവുമാണെന്നും മനസ്സിലാക്കാം. ബി ജെ പി പലപ്പോഴും ഉദ്ധരിക്കാറുള്ള 1955 ലെ ഹിന്ദു കോഡ് ബിൽ പരിശോധിച്ചു നോക്കിയാൽ അതിലും ഈ വൈവിധ്യങ്ങൾ കാണാം. പ്രസ്തുത നിയമത്തെ പരാമർശിച്ചു കൊണ്ടാണല്ലോ രാജ്യത്തെ ഹിന്ദുക്കൾക്ക് ഏകീകൃതമായ സിവിൽ നിയമമുണ്ട് എന്ന് ബിജെപിയും സംഘ്പരിവാറും വാദിക്കാറുള്ളത്. എന്നാൽ അങ്ങനെ ഒരു ഏകീകൃത കോഡല്ല ഹിന്ദു കോഡ് ബിൽ എന്ന് ചില ഉദാഹരണങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും. സ്പെഷ്യൽ മാരേജ് ആക്റ്റിലും ഇതു പോലെ സമുദായങ്ങൾക്കനുസൃതമായ വൈവിധ്യങ്ങളുണ്ട്. ഇന്ത്യയെക്കുറിച്ച് നാം സംസാരിക്കുമ്പോൾ ഒരു ഫെഡറൽ സംവിധാനമുള്ള, ധാരാളം വൈവിധ്യങ്ങളും അതിന്റെ സൗന്ദര്യവുമുള്ള ഒരു രാജ്യമാണിത്. ആ വൈവിധ്യങ്ങളെയും അതിന്റെ സൗന്ദര്യത്തെയും ഹനിക്കുന്ന നടപടികളാണ് ബി ജെ പി സർക്കാർ കൈക്കൊള്ളുന്നത്. ‘ഹിന്ദി, ഹിന്ദു, ഹിന്ദു രാഷ്ട്ര’ തുടങ്ങിയ ഏകീകൃത വാദങ്ങൾ ആർ എസ് എസ് മുന്നോട്ട് വെക്കുമ്പോൾ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ അതിനെതിരിൽ ശക്തമായി മുന്നോട്ടുവരുന്നത് ആശാവഹമാണ്. ഒരു രാജ്യം, ഒരു നിയമം എന്ന ആശയം ഇന്ത്യയുടെ പ്രകൃതത്തിനോ ചരിത്രത്തിനോ നിരക്കാത്തതും ആർ എസ് എസ് മുന്നോട്ടു വെക്കുന്ന പ്രോപഗണ്ടയുമാണ്.

ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് ബി ജെ പി ഉയർത്തുന്ന മറ്റൊരു വാദം ലിംഗ നീതിയുമായി ബന്ധപ്പെട്ടതാണ്. മതങ്ങളിൽ സ്ത്രീകൾ കടുത്ത വിവേചനങ്ങൾ അനുഭവിക്കുന്നു എന്നാവർ പറയുന്നു. എന്നാൽ 2014 മുതലുള്ള ബി ജെ പി ഭരണകാലയളവ് പരിശോധിച്ചാൽ ഹാഥ്‌റസ് മുതൽ മണിപ്പൂർ വരെ സ്ത്രീകളോടുള്ള അവരുടെ സമീപനത്തിന്റെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. നിയമനിർമ്മാണ സഭകളിലെ സ്ത്രീ സംവരണത്തെ കുറിച്ചുള്ള ബി ജെ പി നിലപാടും നമുക്കറിയാം. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിൽ ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോൾ ജനങ്ങളോട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും നാലേകാൽ കോടി ആളുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അതിൽ അറുപത് ശതമാനത്തോളം പേർ മുസ്‌ലിം വനിതകളാണ്. അതായത് ബി ജെ പി ഉന്നയിക്കുന്നത് പോലുള്ള ലിംഗനീതി പ്രശ്നങ്ങൾ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ടില്ല എന്ന് സാരം. സ്ത്രീകൾ ബി ജെ പിയുടെ അജണ്ട കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു.

ഏകസിവിൽ കോഡിനു വേണ്ടി ബി ജെ പി ഉയർത്തുന്ന മറ്റൊരു ന്യായീകരണമാണ് എല്ലാ വിഭാഗങ്ങൾക്കും തുല്യത എന്ന വാദം. എന്നാൽ ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ വിവിധ മത – സമുദായ നേതാക്കൾ ഡൽഹിയിൽ ഒന്നിച്ചിരിക്കുകയും ഏകസിവിൽ കോഡിനെതിരായ ഐക്യപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും അത് മാധ്യമപ്രവർത്തകർക്കു മുന്നിൽ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അഥവാ എല്ലാ വിഭാഗം ജനങ്ങളും -മതവിഭാഗങ്ങൾ, ഗോത്ര വിഭാഗങ്ങൾ, ആദിവാസികൾ തുടങ്ങിയവർ – ബിജെപിയുടെ വർഗീയ അജണ്ട തിരിച്ചറിഞ്ഞിരിക്കുന്നു.

ഹിന്ദുരാഷ്ട്ര നിർമിതിയുടെ ഭാഗമായി ബി ജെ പി സർക്കാർ നടപ്പിലാക്കാൻ തുനിയുന്ന ഏകസിവിൽ കോഡിനെ അതിൻറെ രാഷ്ട്രീയതലത്തിൽ തന്നെ തിരിച്ചറിയുകയും കൃത്യമായ പ്രതിരോധങ്ങളിലൂടെ അതിനെ പരാജയപ്പെടുത്തുകയും ചെയ്യണമെന്ന് എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

Facebook
Twitter
WhatsApp
Print