ഇരുപത്തി രണ്ടാമത് നിയമ കമ്മീഷൻ ഏക സിവിൽ കോഡിനായി പൊതു അഭിപ്രായങ്ങൾ ആരാഞ്ഞതിനെ തുടർന്ന് രാജ്യത്ത് അതിനെ കുറിച്ച ചർച്ചകൾ വീണ്ടും സജീവമാണ്. ഏക സിവിൽ കോഡിനെ സംബന്ധിച്ച് ഏറ്റവും ആധികാരികമായി തീരുമാനം കൈക്കൊള്ളേണ്ട നിയമ കമ്മീഷൻ 2018 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഏക സിവിൽ കോഡ് ഇന്ത്യക്ക് നിലവിൽ ആവശ്യമില്ലെന്നും നിലവിലുള്ള വ്യക്തി നിയമങ്ങളിലെ വൈവിധ്യങ്ങൾ ജനാധിപത്യത്തിന്റെ സൂചികകളാണെന്നുമുള്ള അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. നിലവിലുള്ള നിയമ കമ്മീഷന്റെ നടപടി ഇതിനെ തള്ളിക്കൊണ്ടുള്ളതാണ്. രണ്ട് കൊല്ലത്തെ ഗവേഷണത്തിന് ശേഷം വന്ന മുൻ റിപ്പോർട്ടിനെ തള്ളാനുള്ള സാഹചര്യം എന്തെന്ന് നിയമ കമ്മീഷന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ തീരുമാനം അതിനാൽ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്. ഏക സിവിൽ കോഡിനെ സംബന്ധിച്ച യാതൊരു കരട് രൂപവും മുന്നോട്ട് വെക്കാതെയാണ് നിയമ കമ്മീഷൻ പൊതു അഭിപ്രായം ആരാഞ്ഞിട്ടുള്ളത്. അതിനാൽ തന്നെ വ്യത്യസ്ത സമുദായങ്ങളെയും മത വിഭാഗങ്ങളെയും വ്യക്തികളെയും അത് എങ്ങനെ ബാധിക്കുമെന്ന് പൂർണ്ണമായി വിശകലനം നടത്താൻ സാധ്യമല്ല.

ഏകസിവിൽ കോഡ് സംബന്ധമായി ഏറ്റവും രൂക്ഷമായ എതിർ പ്രതികരണം ഉണ്ടായത് നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിൽ നിന്നാണ്. തങ്ങളുടെ ഗോത്ര സംസ്കാരങ്ങളിലെ സ്വാതന്ത്ര്യത്തെ ഏകസിവിൽ കോഡ് തകർക്കുമെന്ന ആശങ്കയാണ് നോർത്ത് ഈസ്റ്റിലെ വ്യത്യസ്ത രാഷ്ട്രീയ – സിവിൽ കൂട്ടായ്മകളിൽ നിന്ന് ഉയർന്നു വന്നത്. വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് ബി ജെ പി സഖ്യകക്ഷികളിൽ നിന്ന് വരെ ഉണ്ടായത്. ഏകസിവിൽ കോഡിനെ അനുകൂലിച്ചാൽ ജനപ്രതിനിധികളുടെ വീടുകൾ അഗ്നിക്കിരയാക്കുമെന്ന് ചില പൗരസംഘടനകൾ ഭീഷണിപ്പെടുത്തുകയുണ്ടായി. മിസോറാം അസംബ്ലിയാണ് ആദ്യമായി ഇന്ത്യയിൽ ഏകസിവിൽ കോഡിനെതിരെ പ്രമേയം കൊണ്ട് വന്നത്. മണിപ്പൂർ കലാപ പ്രശ്നങ്ങളിൽ ഇതിനോടകം തന്നെ ബി ജെ പി പ്രതിരോധത്തിലാണ്. ഗോത്ര വർഗ്ഗങ്ങൾ ഏകസിവിൽ കോഡിന് പുറത്തായിരിക്കുമെന്ന് പ്രഖ്യാപിക്കാതെ ബി ജെ പി ക്ക് നിർവാഹമില്ല. അഥവാ, ഇന്ത്യയുടെ “മെയിൻ ലാൻഡി”ലെ സമുദായങ്ങൾക്ക് വേണ്ടിയുള്ള കോഡായാണ് ഏക സിവിൽ കോഡിനെ ബി ജെ പി മുന്നോട്ട് വെക്കുന്നത്.
നോർത്ത് ഈസ്റ്റ് പ്രദേശങ്ങൾ കഴിഞ്ഞാൽ ഏകസിവിൽ കോഡ് നീക്കത്തിനെതിരെ പ്രധാനമായും മുന്നോട്ട് വന്നത് മുസ്‌ലിം സമുദായ സംഘടനകളാണ്. മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും ഏകസിവിൽ കോഡ് ഹനിക്കുമെന്ന് സ്വാഭാവികമായും മുസ്‌ലിംകൾ ആശങ്കിക്കുന്നു. പൗരത്വ ബില്ലിനെ മുസ്‌ലിംകളുടെ മാത്രം അവകാശങ്ങൾ നിഷേധിക്കുന്ന രൂപത്തിലാണ് ബി ജെ പി അവതരിപ്പിച്ചത് എന്ന സമീപചരിത്രം മുസ്‌ലിംകളുടെ മുന്നിലുണ്ട്. അതിനാൽ ഏകസിവിൽ കോഡും മുസ്‌ലിം പൗര – സാംസ്‌കാരിക അവകാശങ്ങളിൽ കൈകടത്തിക്കൊണ്ടായിരിക്കും ബി ജെ പി നടപ്പിലാക്കുക എന്ന ആശങ്ക ശരിയാണ്. കർണാടകയിൽ സ്കൂളുകളിൽ യൂണിഫോമിറ്റിയുടെ പേരിൽ എന്താണോ ബി ജെ പി ലക്ഷ്യം വെച്ചത് അത് തന്നെയാണ് സിവിൽ കോഡിന്റെ യൂണിഫോമിറ്റിയിലൂടെയും ഉന്നം വെക്കുന്നത് എന്ന് ആർക്കും സംശയിക്കാം. സ്കൂൾ വസ്ത്രത്തിലെ ഏകീകരണം മുസ്‌ലിം പെൺകുട്ടികൾക്ക് അവരുടെ മതപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും വിദ്യാഭ്യാസത്തേയും നിഷേധിക്കുകയാണ് ചെയ്തത്. അതിനാൽ ഏകസിവിൽ കോഡിന്റെ അടിസ്ഥാന ലക്ഷ്യം മുസ്‌ലിം പൗരാവകാശങ്ങളിൽ കൈ കടത്തുക എന്നതാണെന്ന് രാജ്യത്തെ മുസ്‌ലിംകളും പൗരസഘടനകളും മുന്നറിയിപ്പ് നൽകുന്നത് വസ്തുതകളുടെ പിൻബലത്തിലാണ് എന്ന് പറയാൻ സാധിക്കും.
ബി ജെ പി യുടെ യൂണിഫോമിറ്റി ഏതെങ്കിലും തരത്തിൽ ഭൂരിപക്ഷ ഹിന്ദു സമുദായങ്ങളുടെ താല്പര്യത്തിന് വിരുദ്ധമാകുമെന്നതിന് യാതൊരു ആശങ്കയും ബി ജെ പി യുടെ ഭരണകാലത്ത് ഉണ്ടാവുകയില്ല. ശബരിമല വിഷയത്തിൽ ഹിന്ദുമതത്തിലെ മറ്റു ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ കഴിയുന്നത് പോലെ ശബരിമല ക്ഷേത്രത്തിലും പ്രവേശിക്കാൻ കഴിയണമെന്ന് സുപ്രീം കോടതി വിധിച്ചപ്പോൾ അതിനെതിരെയാണ് ബി ജെ പി നില കൊണ്ടത്. ഹിന്ദുക്കളിൽ തന്നെയുള്ള സാംസ്‌കാരിക വൈവിധ്യങ്ങളെ വക വെക്കുകയും അതിന്റെ താൽപര്യങ്ങൾ മുഖവിലക്കെടുക്കുകയും ചെയ്യുമെന്നത് ബി ജെ പി നയമാണെന്നത് വ്യക്തമാണ്.
വിവാഹം, പിന്തുടർച്ചാവകാശം,വിവാഹമോചനം മുതലായ വ്യക്തികളുടെ സ്വകാര്യ / കുടുംബ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും സിവിൽ കോഡിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. വിവാഹം, പിന്തുടർച്ച തുടങ്ങിയ എല്ലാ സിവിൽ നിയമങ്ങളും പ്രോപ്പർട്ടി നിയമവുമായി അഭേദ്യമായി കെട്ടു പിണഞ്ഞു കിടക്കുന്നതാണ്. നിലവിൽ സിവിൽ കോഡ് ഏകീകരിക്കുന്നതിന് മുമ്പ് ആദ്യം ആവശ്യമായി വരുക സ്വത്തവകാശത്തിലുള്ള ഏകീകരണമാണ്. ഹിന്ദു വ്യക്തിനിയമം പിന്തുടരുന്നവർക്ക് പ്രത്യേകമായ സ്വത്തിലുള്ള ഘടനയാണ് പൈതൃക സ്വത്ത് (Ancestral property). ഹിന്ദു അൺഡിവൈഡഡ് ഫാമിലി (HUF) എന്ന ലീഗൽ സ്ഥാപനം നിലനിൽക്കുന്നത് ഇങ്ങനെയുള്ള കൂട്ടുസ്വത്ത് സങ്കൽപട്ടത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വതന്ത്ര ഇന്ത്യയിലെ അനേകം കമ്മീഷനുകൾ HUF രാജ്യത്തിന്റെ പൊതുവരുമാനം കുറക്കുന്നതിന് കാരണമാകുന്നുവെന്നും അത് നിയന്ത്രിക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഇരുപത്തൊന്നാം നിയമ കമ്മീഷനും HUF ന് എതിരായ നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. വലിയ കോർപ്പറേറ്റ് കുടുംബങ്ങളും മുൻ രാജാക്കന്മാരുടെ തലമുറകളും അവരുടെ സമ്പത്ത് കുന്നു കൂട്ടി വെക്കാനും നികുതിയിളവ് ലഭിക്കാനും HUF നെയാണ് ആശ്രയിക്കുന്നത്. ഹിന്ദു പൈതൃക സ്വത്തിലുള്ള അവകാശം ജനനം മൂലമാണ് വന്നു ചേരുന്നത്. എന്നാൽ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിൽ മരണം അടിസ്ഥാനമാക്കിയാണ് അവരുടെ സ്വത്ത് വരും തലമുറകളിലേക്ക് കൈമാറപ്പെടുന്നത്. അതിനാൽ ഏകീകരണം ആദ്യം ഉണ്ടാവേണ്ടത് പ്രോപ്പർട്ടിയിലാണ്. അതിൽ ഏതെങ്കിലും തരത്തിലുള്ള കൈകടത്തൽ നടത്താൻ ബി ജെ പി ധൈര്യപ്പെടില്ലെന്നതും വ്യക്തമാണ്. പ്രോപ്പർട്ടിയിൽ ഏകീകരണമില്ലാതെ അതിനെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അനന്തര നിയമങ്ങളിൽ ബി ജെ പി എങ്ങനെയാണ് ഏകീകരണം കൊണ്ട് വരാൻ ശ്രമിക്കുന്നത്?

എല്ലാവർക്കും ആശ്രയിക്കാൻ കഴിയുന്ന പൊതു സിവിൽ നിയമങ്ങൾ എന്നതാണല്ലോ ഏകസിവിൽ കോഡിനെ കുറിച്ചുള്ള സങ്കൽപം. നിലവിൽ ഇന്ത്യൻ സിവിൽ നിയമങ്ങളിൽ വിവാഹങ്ങൾക്ക് വേണ്ടി അത്തരത്തിൽ ആശ്രയിക്കാവുന്ന പൊതു കോഡാണ് സ്പെഷ്യൽ മാര്യേജ് ആക്ട്. ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള ദൈനംദിന വാർത്തകൾ എടുത്തു നോക്കിയാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന മിശ്രവിവാഹങ്ങൾക്കെതിരെ ഏറ്റവും ശക്തമായ ക്യാമ്പയിൻ നടത്തുന്നത് ബി ജെ പി അനുകൂല സംഘങ്ങൾ ആണെന്ന് കാണാൻ കഴിയും. മിശ്രജാതി – മത വിവാഹങ്ങളെ എതിർക്കുന്ന ബി ജെ പി ഏത് തരത്തിലുള്ള യൂണിഫോമിറ്റിയെ ആണ് വിവാഹനിയമങ്ങളിൽ കൊണ്ട് വരാൻ പോകുന്നത്? ഏകസിവിൽ കോഡ് ചർച്ചക്കിടെ, പ്രണയ വിവാഹങ്ങളിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതിന് നിയമം കൊണ്ട് വരുന്നതിനെ കുറിച്ചാണ് ഗുജറാത്ത് സർക്കാർ ആലോചിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്ത്രീപക്ഷ കൂട്ടായ്മകൾ പ്രത്യക്ഷമായി ബി ജെ പി യുടെ ഏകീകൃത കോഡിനെതിരായി മുന്നോട്ട് വന്നതും ഇവിടെ ശ്രദ്ധേയമാണ്.
മതംമാറ്റ നിരോധനത്തെയും ബീഫ് നിരോധനത്തെയും ഏറ്റവും കൂടുതൽ അനുകൂലിക്കുന്ന ബി ജെ പി സിവിൽ നിയമങ്ങളിൽ ഏത് തരം നിയമങ്ങളാണ് മുന്നിൽ വെക്കുക എന്നതും കണ്ടറിയേണ്ടി വരും. ഹിന്ദു മതത്തിലേക്ക് മാറുന്നത് സിവിൽ സ്വാതന്ത്ര്യമായും മറ്റു മതങ്ങളിലേക്ക് മാറുന്നത് ദേശദ്രോഹമായും കാണുന്ന ബി ജെ പി ഏത് തരം സിവിൽ സ്വാതന്ത്ര്യമായിരിക്കും ഏകീകൃത കോഡിലൂടെ വിഭാവന ചെയ്യുന്നുണ്ടാവുക? ബ്രിട്ടിഷ്‌കാർ നിരവധി പതിറ്റാണ്ടുകളിലൂടെ തങ്ങളുടെ ഭരണത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയും തദ്ദേശീയ സമുദായങ്ങളെ നിയന്ത്രിക്കാനും രൂപപ്പെടുത്തിയെടുത്ത വ്യക്തിനിയമ ഘടന പൂർണ്ണമായി തകർക്കാൻ എന്തായാലും ബി ജെ പി ക്ക് ലക്ഷ്യമുണ്ടാവില്ല. നിലവിലുള്ള ഘടനയിൽ സമൂലമാറ്റം വരുത്താൻ ഏതെങ്കിലും ഭാഗത്ത് നിന്ന് സമ്മർദ്ദവും നിലനിൽക്കുന്നില്ല. ഹിന്ദു കോഡ് ബില്ലിനെ എതിർത്ത ഹിന്ദുമഹാസഭയുടെ പിന്തുടർച്ചക്കാർ ഏകസിവിൽ കോഡ് കൊണ്ട് വരുന്നത് പുരോഗമന ഉദ്ദേശ്യം വെച്ചു കൊണ്ടാണെന്ന് കരുതാനും യാതൊരു നിർവാഹവുമില്ല. മുസ്‌ലിംകളുടെ സിവിൽ നിയമങ്ങളെ പൊതുകോഡിന്റെ മറവിൽ വീണ്ടും പ്രതിസ്ഥാനത്ത് നിർത്തുക എന്നത് തന്നെയാണ് ബി ജെ പി യുടെ യൂണിഫോം കോഡിന്റെയും അന്തിമലക്ഷ്യം. മുസ്‌ലിംകളെ ദേശീയതക്കും ഏക ദേശ സങ്കല്പത്തിനും പുറത്ത് നിർത്തിയുള്ള പൊതുമണ്ഡലം നിരന്തരം സൃഷ്ടിക്കുക എന്നതാണ് ഈ ചർച്ചകൾ കൊണ്ട് ബി ജെ പി യുണ്ടാക്കുന്ന നേട്ടം.

ഭരണഘടന അസംബ്ലിയിൽ ഏകസിവിൽ കോഡിനെതിരെ പോക്കർ സാഹിബും ഇസ്മായിൽ സാഹിബും അടങ്ങിയ മുസ്‌ലിം അംഗങ്ങൾ ഉയർത്തിയ ആശങ്ക ഇന്നും പ്രസക്തമാണ്. ഏകസിവിൽ കോഡ് സംബന്ധിച്ച് പോക്കർ സാഹിബിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ജനാധിപത്യം എന്നത് ഭൂരിപക്ഷ – ന്യൂനപക്ഷ സമൂഹങ്ങളുടെ പവിത്രമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു വ്യവസ്ഥയാണ്. അതിനെതിരായി ഭൂരിപക്ഷ താല്പര്യങ്ങൾ ന്യൂനപക്ഷ അവകാശങ്ങളിൻമേൽ അടിച്ചേൽപ്പിക്കുന്നതിനെ ജനാധിപത്യം എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല”. തുടർന്ന് അംബേദ്‌കർ മുന്നോട്ട് വെച്ചത് വ്യക്തികൾക്ക് അവരുടെ പൂർണമായ സമ്മതത്തോടെ മാത്രം ആശ്രയിക്കാൻ കഴിയുന്ന രീതിയിലുള്ള പൊതുസിവിൽ കോഡ് എന്ന ആശയമായിരുന്നു. എന്നാൽ ബി ജെ പി ഉയർത്തുന്ന സിവിൽ കോഡ് ന്യൂനപക്ഷ അവകാശങ്ങളെയും വ്യക്തികളുടെ വിശ്വാസസ്വാതന്ത്ര്യത്തെയുമടക്