മുസ്‌ലിംകൾക്കെതിരെ ഈയിടെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെങ്കിലും സംഘ്പരിവാറിന് അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. പ്രസ്താവനയുടെ പിന്നാമ്പുറ ഉദ്ദേശ്യങ്ങളും മറ്റൊന്നല്ല. കേരളത്തിലെ അധികാര കേന്ദ്രങ്ങളിൽ മുസ്‌ലിം ആധിപത്യം ആണെന്ന് വെറുതെ അങ്ങ് പറഞ്ഞു പോവുകയാണ് വെള്ളാപ്പള്ളി. ഇതിനു മുമ്പ് പല ഹിന്ദുത്വ നേതാക്കളും പറഞ്ഞു കൊണ്ടിരുന്ന ആരോപണം തന്നെയാണത്. ഹിന്ദുത്വയുടെ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇതുപകരിക്കുക.
മുസ്‌ലിം ആധിപത്യത്തിന്റെ എന്ത് തെളിവും കണക്കുമാണ് താങ്കൾക്ക് പറയാനുള്ളത് എന്ന് ചോദിച്ചാൽ അദ്ദേഹത്തിന് കൃത്യമായ മറുപടി ഉണ്ടാകും എന്ന് തോന്നുന്നില്ല. തോളിൽ ഇരുന്ന് ചെവി കടിക്കുന്ന ഏർപ്പാടാണ് അദ്ദേഹം ചെയ്യുന്നതെന്ന് വൈകിയെങ്കിലും സി പി എമ്മിന് ബോധ്യമായി. അപകട ഭാവിയുടെ ദുഃസൂചനകൾ പാർട്ടി മനസ്സിലാക്കിത്തുടങ്ങി. മുസ്‌ലിം വിരുദ്ധതയിൽ മാത്രം വെള്ളാപ്പള്ളി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംഘ്പരിവാറിന് മണ്ണൊരുക്കലാണെന്ന സി പി എമ്മിന്റെ തിരിച്ചറിവിൽ ആകണം സംസ്ഥാന ജീവനക്കാരുടെ ജാതിയും മതവും തരംതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായത്. അതല്ലെങ്കിൽ വസ്തുതകളെ ഇരുട്ടിൽ നിർത്തി ന്യൂനപക്ഷ വിരുദ്ധതയ്ക്ക് ആടയാഭരണങ്ങൾ അണിയിച്ച് ഇനിയും സമൂഹത്തെ വിഷമയമാക്കാൻ ശ്രമിക്കും. പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മുന്നാക്ക ഹിന്ദു – ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർ കുറെയധികം സ്ഥാനങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നതായി കാണാൻ കഴിയും. പിന്നോക്ക ഹിന്ദു വിഭാഗങ്ങളിലും പട്ടിക വിഭാഗങ്ങളിലും പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്ന ശതമാനത്തിന് ചേർന്നോ അതിനടുത്തോ ആണ് പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. മുസ്‌ലിംകൾക്ക് താരതമ്യേന കുറവ് പ്രാതിനിധ്യം മാത്രമാണെന്ന് കണക്കുകൾ പറയുന്നു. ഫലത്തിൽ, വെള്ളാപ്പള്ളിയുടെ പാളിപ്പോയ ഒരു വിഭജന ശ്രമമായി സർക്കാർ കണക്ക് മാറി. ബി ഡി ജെ എസ് എന്ന പേരിൽ മുഖമില്ലാത്ത ഒരു ആൾക്കൂട്ടത്തെ സൃഷ്ടിച്ച്, സംഘ്പരിവാറിന്റെ ഹിംസാത്മകദർശനത്തെ കടമെടുത്ത് ബി ജെ പി യുടെ രാഷ്ട്രീയ ഉയർച്ചയ്ക്കായി പണിയെടുക്കുകയാണ് അദ്ദേഹം. കേരള ചരിത്രത്തിൽ നവസാമൂഹികതയുടെ ശക്തിയായി നില കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചെറുപതിപ്പായ നവോത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷനായി അദ്ദേഹം ഇപ്പോഴും തുടരുകയുമാണ്.

വെള്ളാപ്പള്ളി നടേശൻ

പുന്നല ശ്രീകുമാർ
സർക്കാർ മേഖലയിലെ ഉദ്യോഗസ്ഥരുടെ ജാതിയും മതവും തിരിച്ച ഒരു പൊതുകണക്കാണ് സർക്കാർ പുറത്തു വിട്ടത്. ഓരോ ഗ്രേഡിലുമുള്ള തരംതിരിവ് ഇനിയും ലഭ്യമല്ല. ആ കണക്ക് കൂടി പുറത്തു വന്നാലേ സാമൂഹ്യനീതിയുടെ പക്ഷത്തോടു എത്രമാത്രം ചേർന്നു നിൽക്കുന്നതാണ് നമ്മുടെ സംസ്ഥാനം എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. സംസ്ഥാനം രൂപീകരിച്ച് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്നേ വരെ ഈഴവ / പട്ടികവിഭാഗ / മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാൾ പോലും കേരളത്തിൽ ചീഫ് സെക്രട്ടറി ആയിട്ടില്ല. കേരളത്തിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് എയിഡഡ് മേഖലയിലാണ്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് നാട്ടുരാജ്യങ്ങളുടെ കാലം മുതൽത്തന്നെ ഈ ആധിപത്യമുണ്ട്. തുടക്കകാലത്ത് സിറിയൻ ക്രൈസ്തവ – നായർ വിഭാഗങ്ങളുടെ ഉടമസ്ഥതയിൽ ആയിരുന്നു എയ്ഡഡ് വിദ്യാഭ്യാസ മേഖലയെങ്കിൽ ഐക്യകേരള രൂപീകരണാനന്തരം ജനാധിപത്യ ഭരണകൂടങ്ങൾക്ക് കീഴിൽ ഈഴവ – മുസ്‌ലിം വിഭാഗങ്ങൾ കൂടി സ്ഥാപനങ്ങളുടെ ഉടമസ്ഥരായി വന്നു. പക്ഷേ മറ്റു പിന്നാക്കവിഭാഗങ്ങളിൽ പെട്ടവരും പട്ടിക വിഭാഗങ്ങളിൽ പെട്ടവരും ഈ രംഗത്ത് അപരവത്കരിക്കപ്പെടുകയായിരുന്നു. ജനസംഖ്യയുടെ അഞ്ചിലൊന്നോളം വരുന്ന ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്ക് ഈ മേഖലയിലെ പങ്കാളിത്തം നാമമാത്രമാണ്. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാറിന്റെ ഭരണകാലത്ത് സ്ഥാപിതമായ 5 എയ്ഡഡ് കോളേജുകൾ മാത്രമാണ് ദലിത് – ആദിവാസി വിഭാഗങ്ങളുടെ ഉടമസ്ഥതയിൽ ആയിട്ടുള്ളത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം ഉറപ്പിച്ചിട്ടുള്ള സാമുദായിക ശക്തികൾക്കാണ് മാറി മാറി ഭരണം കൈയാളിയ ഇടത് – വലത് മുന്നണികൾ കൂടുതൽ സ്ഥാപനങ്ങൾ നൽകിയത്. അപ്പോഴും പൊതുവിഭവങ്ങളുടെ മേൽ ന്യായമായ ഉടമസ്ഥാവകാശം പോലുമില്ലാത്ത ദലിത് – ആദിവാസി വിഭാഗങ്ങൾക്ക് സ്ഥാപനങ്ങൾ നൽകേണ്ടതും അവരെ ഉയർത്തി എടുക്കേണ്ടതും സാമൂഹ്യനീതിയുടെ ഭാഗമാണെന്ന് ഭരണക്കാർക്ക് തോന്നിയില്ല. കുറച്ചെങ്കിലും അതിലൊരു നീതിവിചാരം നടത്തിയത് 2011 ലെ ഉമ്മൻ ചാണ്ടി സർക്കാർ മാത്രമായിരുന്നു.
എയ്ഡഡ് മേഖലയിൽ സംവരണം വ്യവസ്ഥ ചെയ്യാത്തതു കൊണ്ട് തന്നെ പട്ടിക വിഭാഗങ്ങളിൽ പെട്ടവർക്ക് ഉദ്യോഗ തലങ്ങളിൽ ഒരു പരിഗണനയും സമുദായ മാനേജ്മെന്റുകൾ നൽകിയില്ല. സംവരണം വ്യവസ്ഥ ചെയ്യാത്ത മേഖലകളിൽ ദലിത് – ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ എത്രമാത്രം ഒഴിവാക്കപ്പെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല. ഇതൊരു സാമൂഹ്യനീതി പ്രശ്നമാണെന്ന് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾക്കും ഭരണാധികാരികൾക്കും തോന്നാത്തത് അവരുടെ പൊതുബോധത്തിൽ നിന്നും എത്രമാത്രം അകലെയാണ് സാമൂഹ്യനീതി എന്ന കാഴ്ചപ്പാട് എന്നതിന്റെ ഉദാഹരണം കൂടിയാണ്.
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിൽ ആധിപത്യം ഉള്ളവരാണ് ക്രൈസ്തവസഭകൾ. ഈ മേഖലയിലെ മൂന്നിലൊന്നോളം സ്ഥാപനങ്ങൾ ഇവരുടേതാണ്. പക്ഷേ, അതാത് സഭകളിലെ ദലിതരായ വിശ്വാസികൾക്ക് സഭാസ്ഥാപനങ്ങളിൽ ഒരു അവകാശവും പ്രാതിനിധ്യവും ഇല്ല എന്നത് വേറൊരു അനീതിയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ കണക്കെടുക്കുമ്പോൾ തലയണ്ണാൻ നിന്നു കൊടുക്കൽ മാത്രമാണ് ദലിത് ക്രൈസ്തവരുടെ കൽപ്പിത ചുമതല. കേരളത്തിലെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഒരു ക്രൈസ്തവ സഭയും ദലിതരോടുള്ള സമീപനത്തിൽ വ്യത്യസ്തരല്ല.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ, സംവരണ വിരുദ്ധരും അസമത്വത്തിന്റെ പ്രചാരകാരുമായ ചില പ്രബലസമുദായങ്ങളുടെ ഭീഷണിക്ക് വഴങ്ങിയാണ് സർക്കാർ സാമൂഹ്യനീതിയുടെ നിഷേധികളായി മാറുന്നത്. നവോത്ഥാനത്തിന്റെ വിലാസങ്ങളിൽ വിലസുന്നവർക്ക് പോലും ദലിത് – ആദിവാസി പ്രാതിനിധ്യം സാമൂഹ്യനീതിയുടെ ഭാഗമാണെന്ന് മനസ്സിലാകുന്നില്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകൾക്ക് വെള്ളിത്താലത്തിൽ അനുവദിച്ചു നൽകിയത് 1972 ലെ സി അച്യുതമേനോൻ സർക്കാരാണ്. നിയമനങ്ങളിൽ പട്ടികവിഭാഗങ്ങൾക്ക് അവസരം വ്യവസ്ഥ ചെയ്യാതെ മറച്ചു വെച്ചു. പട്ടിക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 20% സീറ്റ് സംവരണം വിഭാവന ചെയ്തവർ ഉദ്യോഗ അവസരത്തെ കുറിച്ച് മിണ്ടാതിരുന്നതിലൂടെ, സംവരണത്തെ കുറിച്ച് മറന്നതല്ലെന്നത് വ്യക്തം. മാത്രമല്ല, നിയന്ത്രണമില്ലാതെ സാമുദായിക മാനേജ്മെന്റുകൾ നിയമനം നടത്തുകയും ഡിവിഷൻ ഫാളിൽപ്പെട്ട് ജോലി നഷ്ടപ്പെട്ടവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിയമനം മാറ്റി നൽകുകയും ചെയ്യുമ്പോൾ പട്ടിക വിഭാഗങ്ങൾക്കാണ് നഷ്ടം വരുന്നത്. ആ നിയമനങ്ങളിലെ സംവരണ സീറ്റുകൾ നഷ്ടപ്പെടുന്നു. സംവരണത്തെ ആശ്രയിച്ച് അവസരം ലഭിക്കുന്ന ഈ വിഭാഗത്തിന്റെ അവസരങ്ങൾ സംഘടിത ശക്തികൾ തട്ടിയെടുക്കുന്നു.
സർക്കാർ ജീവനക്കാരുടെ മാത്രം വിവരങ്ങൾ പുറത്തു വിട്ടത് കൊണ്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള വിവരണമാകില്ല. സംവരണം നിലനിൽക്കുന്ന മേഖലകളിൽ മാത്രമാണ് പട്ടികവിഭാഗങ്ങൾക്ക് പ്രാതിനിധ്യമുള്ളതായി പറയാൻ കഴിയുക. ഇല്ലാത്ത മേഖലകളിൽ സ്വാഭാവികമായി പ്രാതിനിധ്യം ലഭിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല. ഭരണഘടന നിലനിൽക്കുന്നത് കൊണ്ട് മാത്രം അതിന്റെ അനുശാസനങ്ങളുടെ ഭാഗമായി മാത്രമാണ് ദലിത് – ആദിവാസി വിഭാഗങ്ങൾക്ക് കുറച്ചു മേഖലകളിൽ പ്രാതിനിധ്യം ലഭിക്കുന്നത്. പാർലമെന്ററി രംഗത്ത് ദലിത് – ആദിവാസി വിഭാഗങ്ങൾക്ക് കടന്നുചെല്ലാൻ കഴിയുന്നത് മണ്ഡലങ്ങൾ സംവരണം ചെയ്തത് കൊണ്ട് മാത്രമാണ്. രാജ്യസഭയിൽ കേരളത്തിൽ നിന്നും ദലിത് – ആദിവാസി വിഭാഗങ്ങളിൽപ്പെട്ട എത്ര പേരെയാണ് കഴിഞ്ഞ 67 വർഷത്തിനുള്ളിൽ രാഷ്ട്രീയ നേതൃത്വം തിരഞ്ഞെടുത്തത് എന്ന് പരിശോധിച്ചാൽ നമ്മുടെ പുരോഗമന മേനി നടിക്കലിന്റെ കാപട്യം മനസ്സിലാകും. ആറു പതിറ്റാണ്ടിനുള്ളിൽ ഒരൊറ്റ ആദിവാസിയെ പോലും രാജ്യസഭ കാണിക്കാത്ത സംസ്ഥാനമാണ് പുരോഗമന കേരളം. സംസ്ഥാന മന്ത്രിസഭയിലെ 50 ശതമാനത്തിലധികവും മുന്നോക്ക വിഭാഗത്തിൽ നിന്നാകുമ്പോഴും ഭരണഘടന സംരക്ഷണാർത്ഥം പട്ടിക വിഭാഗങ്ങളിൽനിന്ന് ഒരാളെ മാത്രം മന്ത്രിയാക്കുന്നതിലെ അനീതി നമ്മുടെ പൊതുബോധത്തിന് പ്രശ്നമേയല്ല. ഒരുപക്ഷേ, ദലിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഒരാൾ മാത്രം മന്ത്രിയാകുന്ന ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പട്ടിക വിഭാഗങ്ങളിൽ നിന്നും ധാരാളം മന്ത്രിമാർ ഉണ്ട്. കേരളവുമായി ധാരാളം സാമ്യതകൾ നിലനിൽക്കുന്ന പശ്ചിമബംഗാളിലെ മമത ബാനർജിയുടെ ക്യാബിനറ്റിൽ ദലിതരും ആദിവാസികളുമായ 8 പേരുണ്ട്. നവോത്ഥാനത്തിന്റെ ആഭിജാത്യ പ്രകടനങ്ങളിൽ അഭിരമിക്കുന്ന മലയാളക്കരയിലാണ് ഈ അവഗണന. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഭരിച്ചോളാം എന്ന വരണ്യ വർണ്ണാധികാര സ്വഭാവമാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക്.

ഉമ്മൻ ചാണ്ടി
സംസ്ഥാനത്തെ ദലിത് – ആദിവാസി വിഭാഗങ്ങളിൽ 70% വും ഇപ്പോഴും ഇടതുപക്ഷ രാഷ്ട്രീയധാരയോട് ചേർന്ന് സഞ്ചരിക്കുന്നവരാണെന്ന് ലോക്നീതി – സി എസ് ഡി എസ് സ്ഥാപനങ്ങൾ നടത്തിയ സർവ്വേ പറയുമ്പോഴാണ് ഇടതുപക്ഷ പാർട്ടികൾ ഇത്തരം അവഗണന പട്ടിക വിഭാഗങ്ങളോട് കാണിക്കുന്നത്. പതിനെട്ടാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാൽ വ്യക്തമായ മുന്നോക്ക മേധാവിത്വം ആണ് മുഴച്ചു നിൽക്കുന്നത്. ഹിന്ദു മുന്നോക്കക്കാരായ 8 പേരും ക്രൈസ്തവരിലെ മുന്നോക്കക്കാരായ 4 പേരും ചേർന്ന് സംസ്ഥാനത്തു നിന്നുള്ള ലോക്സഭാംഗങ്ങളിൽ 60% പേരും 20% മാത്രമുള്ള ഹിന്ദു – ക്രിസ്ത്യൻ മുന്നോക്ക വിഭാഗക്കാരാണ്. സാമൂഹ്യനീതി എന്നത് കേരളത്തിൽ അന്യമാണെന്ന് തെളിയിക്കുന്നതാണ് ഭരണപങ്കാളിത്തത്തിലെ ഈ കണക്കുകൾ.
സത്യം ഇതാണെന്നിരിക്കെ അടിസ്ഥാനമില്ലാത്ത വാദങ്ങളും കുതർക്കങ്ങളും ഉയർത്തി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം വിരുദ്ധമായ നുണകൾ പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിന്റെ ബഫർസോണായി ഈഴവരെ പ്രതിഷ്ഠിക്കാനുള്ള ഗൂഢതന്ത്രമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാർക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കാൻ ഇസ്‌ലാമോഫോബിയ ആണ് ഏറ്റവും നല്ല മരുന്ന്. ഇത്തരം ഒടിവിദ്യകളും വെറുപ്പും ഉപയോഗിച്ച് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിലപാട് എടുക്കാൻ സർക്കാർ തയ്യാറാകണം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമഗ്രമായ സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടത്തണമെന്ന ജനാധിപത്യ ആവശ്യത്തിന് പ്രസക്തി വർദ്ധിക്കുന്നത്. സംസ്ഥാനത്തെ ഭൂമി അടക്കമുള്ള പൊതു വിഭവങ്ങളുടെ മേലുള്ള ഉടമസ്ഥാവകാശം ഏതൊക്കെ വിഭാഗങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും ഏതൊക്കെ വിഭാഗങ്ങളാണ് ഭൂരഹിതരായും പുറമ്പോക്ക് നിവാസികളായും ജീവിക്കുന്നതെന്നുമുള്ള പൊതുചിത്രം പുറത്തു വരേണ്ടതുണ്ട്. ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യത്തിൽ കേരളത്തിലെ ദലിത് – ആദിവാസി – പിന്നോക്ക – മതന്യൂനപക്ഷ സംഘടനകളെ ഉൾപ്പെടുത്തി പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിൽ സമരം നടന്നപ്പോൾ അവഗണിച്ച് ഒഴിവാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. വിഭവവിതരണത്തിലെ അസമത്വം തുറന്നു കാണിക്കപ്പെടരുത് എന്ന സവർണ്ണ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സർക്കാർ വഴിപ്പെടുകയായിരുന്നു.
ഇപ്പോൾ സർക്കാർ പുറത്തു വിട്ട സ്ഥിതിവിവരക്കണക്ക് പ്രകാരം സ്റ്റേറ്റ് സർവീസിൽ മുന്നോക്ക – ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ജനസംഖ്യയെക്കാൾ ഉയർന്ന പ്രാതിനിധ്യമുള്ളത്. സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളും ഇതിന് പുറകിലുണ്ട്. കേരളത്തിൽ ആദ്യമായി വിദ്യാഭ്യാസം ലഭിച്ച ജനസമൂഹങ്ങളാണ് മുന്നോട്ട് ഹിന്ദുക്കളും സിറിയൻ ക്രൈസ്തവരും. 1850 കളോടെ തിരുവിതാംകൂർ സർക്കാർ സർവീസിൽ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ വിദ്യാഭ്യാസം നിർബന്ധമാക്കിക്കൊണ്ട് ദിവാന്റെ പ്രഖ്യാപനം ഉണ്ടാകുന്നു. അതിനർത്ഥം അതുവരെ സർക്കാർ ജോലി ലഭിക്കാനുള്ള യോഗ്യത വിദ്യാഭ്യാസം അല്ല മറിച്ച് ജനിച്ച ജാതിയായിരുന്നു എന്നതാണ്. (വിദ്യാഭ്യാസം മാനദണ്ഡമാക്കിയപ്പോഴും ജാതി അർഹതയിൽ മാറ്റമുണ്ടായില്ല. മുന്നാക്ക ഹിന്ദുവിന് മാത്രമാണ് തിരുവിതാംകൂർ എന്ന ഹിന്ദുരാജ്യത്ത് സർക്കാർ ജോലിക്ക് അർഹത ഉണ്ടായിരുന്നത്. അതു കൊണ്ടാണല്ലോ, മെഡിക്കൽ ബിരുദമുണ്ടായിട്ടും ഡോ. പൽപ്പു എന്ന ഈഴവന് തിരുവിതാംകൂറിൽ സർക്കാർ സർവീസിൽ പ്രവേശനം നിഷേധിച്ചത്).

ഡോ. പൽപ്പു
ദിവാന്റെ പ്രഖ്യാപനത്തെ തുടർന്ന് മുന്നോക്ക ഹിന്ദു വിഭാഗത്തിൽ പെട്ടവർ വിദ്യാഭ്യാസരംഗത്തേക്ക് കൂട്ടമായി പ്രവേശിക്കുന്നുണ്ട്. അതിനവർക്ക് സാധിക്കുമായിരുന്നു. കാരണം മനുഷ്യരുടെ ഏറ്റവും വില പിടിപ്പുള്ള അടിസ്ഥാന മൂലധനമായ ഭൂമി ധാരാളമായി കൈമുതലായി ഉണ്ടായിരുന്ന ഹിന്ദു വിഭാഗങ്ങൾക്ക് ആ ഭൂമി പണയപ്പെടുത്തിയോ വിൽപ്പന നടത്തിയോ പെട്ടെന്നു തന്നെ വിദ്യാഭ്യാസം ആർജിച്ചെടുക്കാനുള്ള വഴി കണ്ടെത്താനായി. അത്തരത്തിൽ മദ്രാസിലേക്കടക്കം നായർ സമുദായ അംഗങ്ങൾ ഉൾപ്പെടെ ധാരാളം മുന്നോക്കക്കാർക്ക് പോകാനും സർവകലാശാല വിദ്യാഭ്യാസം നേടാനും സാധിച്ചു. ഈ രീതിയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും മുന്നോക്ക ഹിന്ദു സമുദായ അംഗങ്ങൾക്ക് വിദ്യാഭ്യാസം നേടാനും സർക്കാർ മേഖലയിൽ വലിയ രീതിയിൽ പ്രാതിനിധ്യം ഉറപ്പിക്കാനും കഴിഞ്ഞു. ആ മേധാവിത്വം ഇപ്പോഴും തുടരുന്നു. കേരളത്തിലെ മുന്നോക്ക ഹിന്ദു വിഭാഗങ്ങൾ സ്കൂൾ വിദ്യാഭ്യാസവും സർവകലാശാല വിദ്യാഭ്യാസവും നേടിത്തുടങ്ങി ഏകദേശം മുക്കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും വിദ്യാഭ്യാസരംഗം പൊതുവിദ്യാഭ്യാസരംഗമായില്ല. ജാതി പരിഗണനയില്ലാതെ എല്ലാ ജാതിയിൽ പിറന്ന കുട്ടികൾക്കും വിദ്യാഭ്യാസം എന്ന ജനാധിപത്യ അവകാശത്തിൻമേൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ പഞ്ചമിയുടെ കൈയും പിടിച്ച് ഊരൂട്ടമ്പലം സ്കൂളിലേക്ക് സമരം നയിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്.
അതായത്, കേരളത്തിൽ സവർണരായി ജനിച്ചവർക്ക് സർവകലാശാല വിദ്യാഭ്യാസം ലഭിച്ച മുക്കാൽ നൂറ്റാണ്ടിനു ശേഷവും ദലിതരും ആദിവാസികളും സ്കൂളിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി പോരാട്ടത്തിലായിരുന്നു എന്നർത്ഥം. പൊതുവിഭവങ്ങളിൽ അവകാശമില്ലാതിരുന്ന, സ്വന്തമായി ഒരു മേൽവിലാസം പോലും ഇല്ലാതിരുന്ന അടിസ്ഥാനജനത വിദ്യാഭ്യാസത്തിനായുള്ള പോരാട്ടങ്ങൾ ഇന്നും മറ്റൊരു തരത്തിൽ തുടരുന്നുണ്ട്. ഭൂമി അടക്കമുള്ള പൊതുവിഭവങ്ങളിൽ യാതൊരു അവകാശവും ഇല്ലാതിരുന്ന ദലിത് – ആദിവാസി ജനതയ്ക്ക് നിത്യദാരിദ്ര്യത്തിലും പട്ടിണിയിലും എങ്ങനെയാണ് വിദ്യാഭ്യാസം നേടാൻ കഴിയുമായിരുന്നത്? ഇന്ത്യ രാജ്യത്ത് നീതിയും സമത്വവും വിഭാവന ചെയ്യുന്ന ഒരു ഭരണഘടന നിലവിൽ വന്നതിനു ശേഷമാണ് വിദ്യാഭ്യാസരംഗത്തും ഉദ്യോഗ രംഗത്തും ചെറിയ രീതിയിലെങ്കിലും കാൽവെപ്പ് നടത്താൻ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് കഴിഞ്ഞത്.

സി അച്യുത മേനോൻ
പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയോടൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തിയായ ഈഴവവിഭാഗങ്ങൾ ഹിന്ദുത്വ പക്ഷത്തേക്ക് വഴി മാറുന്നതും അപകടഭാവിയുടെ ദുഃസൂചനയായി സി പി എം മനസ്സിലാക്കിത്തുടങ്ങുന്നുണ്ട്. സർക്കാർ ഇപ്പോൾ ഇങ്ങനെ ഒരു അമച്വർ കണക്ക് പുറത്തു വിടാൻ നിർബന്ധിതമായതും അതു കൊണ്ടാണ്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ഹിന്ദുത്വവാദികളെ കൂടുതൽ ശക്തിപ്പെടുത്താൻ ഉദ്ദേശ്യം വച്ചുള്ളതാണെന്നും സമൂഹത്തെ വികൃതമാക്കി വ്യക്തിപരവും കുടുംബപരവുമായ താല്പര്യങ്ങളെ സംരക്ഷിക്കാനും വേണ്ടിയുള്ളതാണെന്ന് ഇടതുപക്ഷത്തിന് ബോധ്യപ്പെട്ടാൽ നന്ന്. അദ്ദേഹം മുഖ്യമന്ത്രിയെ പൊതിഞ്ഞു വർത്തമാനം പറയുന്നത് വെറും അടവ്നയം മാത്രമാണ്. വെള്ളാപ്പള്ളി പിന്നോക്കക്കാരുടെയും പട്ടിക വിഭാഗങ്ങളുടെയും പേര് പറഞ്ഞ് നടത്തിയ മുസ്‌ലിംവിരുദ്ധ വർത്തമാനങ്ങളെ തുറന്നു കാണിക്കാനും എതിർക്കാനും സർക്കാരും സി പി എമ്മും തയ്യാറായിരുന്നുവെങ്കിൽ പിന്നോക്കക്കാർക്കിടയിൽ ഇസ്‌ലാമോഫോബിയ പടർത്താനുള്ള ഹിന്ദുത്വ രാഷ്ട്രീയ ശ്രമങ്ങളെ തടയിടാൻ കഴിയുമായിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങൾ മതേതര ജനാധിപത്യ ശക്തികളെ സംബന്ധിച്ച് ഭീതി ഉണർത്തുന്നതാണ്. മുന്നോക്ക ഹിന്ദു വിഭാഗങ്ങൾക്കിടയിൽ മാത്രം വേരോടിയിരുന്ന ഹിന്ദുത്വ രാഷ്ട്രീയം പിന്നോക്ക – ദലിത് വിഭാഗങ്ങൾക്കും ക്രൈസ്തവ വിഭാഗങ്ങൾക്കും ഇടയിലേക്ക് കടന്നു കയറുന്നു എന്നത് ഭാവിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. സി പി എമ്മിന്റെ വോട്ട് ബി ജെ പിക്ക് മറിച്ചു / കോൺഗ്രസിന്റെ വോട്ട് ബി ജെ പിക്ക് മറിച്ചു എന്ന രീതിയിലുള്ള കേവല വർത്തമാനങ്ങൾക്കപ്പുറത്ത് നാളിതു വരെ അകന്നു നിന്നിരുന്ന സമുദായങ്ങൾക്കിടയിലേക്ക് ബി ജെ പിയുടെ രാഷ്ട്രീയത്തിന് പ്രവേശനം ലഭിക്കുന്നു എന്ന് മനസ്സിലാക്കണം. അതിന്റെ ഏറ്റവും വലിയ രാഷ്ട്രീയദുരന്തം അനുഭവിക്കേണ്ടി വരിക സി പി എം ആയിരിക്കും. കാരണം സംസ്ഥാനരൂപീകരണം മുതൽൽക്കിങ്ങോട്ട് ഇടതുപക്ഷത്ത് തണുത്ത് ഖനീഭവിച്ചിരുന്ന സമുദായങ്ങളാണ് ഉരുകി വലതുപക്ഷത്തേക്ക് ഒഴുകിത്തുടങ്ങുന്നത്.
കേവലമായ രീതിയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി – മത പുറംപട്ടിക പ്രസിദ്ധീകരിച്ചാൽ സാമൂഹ്യനീതിയുടെ പക്ഷമാകില്ല. സമൂഹത്തിന്റെ അടിയടരുകൾ ദൃശ്യമാവണം. സർക്കാർ മേഖല, എയ്ഡഡ് മേഖല, സർക്കാർ ശമ്പളം നൽകുന്ന, പി എസ് സി നിയമനം നടത്താത്ത ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഗ്രേഡും സമുദായവും തിരിച്ചുള്ള ഉദ്യോഗസ്ഥ പട്ടിക പ്രസിദ്ധീകരിക്കുകയും ഭൂമിയും സമ്പത്തും അധികാര സ്ഥാനങ്ങളിലെ പങ്കാളിത്തവും സംബന്ധിച്ച് സമഗ്രമായ വിവരം ലഭിക്കത്തക്ക തരത്തിൽ സാമൂഹ്യ – സാമ്പത്തിക ജാതി സെൻസസ് നടത്തുകയും ചെയ്താൽ മാത്രമേ സമഗ്രാധിപത്യത്തിന്റെയും പുറമ്പോക്കുകളിൽ അഭയാർത്ഥികളായുള്ളവരുടെയും ഇടയിലെ വേർതിരിവിന്റെ അടിസ്ഥാനഘടകം ജാതിയാണെന്ന സത്യം പുറംലോകം അറിയുകയുള്ളൂ.