ഷഫീഖ് സി പി, മെഹർബാൻ മുഹമ്മദ്, മുഹമ്മദ് ഫർഹാൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് ബോൾഡ് പേജ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ മലയാളി ഗൾഫ്: സാംസ്‌കാരിക അടയാളങ്ങൾ പുസ്തകത്തിന്റെ മുഖവുരയിൽ നിന്ന്
ഗൾഫ് പ്രവാസം സാധ്യമാക്കിയ ‘സാമ്പത്തിക’ വികസനം വ്യാപകമായി തിരിച്ചറിയപ്പെട്ട വസ്തുതതയാണ്. ഗൾഫ് പ്രവാസത്തിന്റെ സ്വാധീനം സമഗ്രമായി അടയാളപ്പെടുത്തപ്പെടുത്തുന്ന പഠനങ്ങൾ വിരളമാണെങ്കിലും സാമ്പത്തികവികസനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മികച്ച ഗവേഷണങ്ങൾ ഇന്ന് ലഭ്യമാണ്. ഇരുദയരാജൻ, കെ.സി സക്കറിയ പോലുള്ള ഗവേഷകർ ഈ മേഖലയിൽ അങ്ങേയറ്റം ശ്രമകരമായ ഇടപെടലുകൾ നടത്തിയവരാണ്. എന്നാൽ, ഗൾഫ് പ്രവാസത്തിന്റെ സാംസ്‌കാരിക മാനത്തെക്കുറിച്ചു അധികം പഠനങ്ങൾ കാണാൻ കഴിയില്ല. “ഗൾഫ് – മലയാളി ” എന്ന സങ്കര (ഹൈബ്രിഡ്) സാംസ്‌കാരിക രൂപീകരണത്തെ അടയാളപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുസ്തകം.
‘സാംസ്കാരികം’ എന്നതിന്റെ നിർവചനം വളരെ പ്രധാനമാണ്. ഭാഷ, വേഷം, ദേശം, ഭക്ഷണം, മതം, ലിംഗ – ലൈംഗികത, സമുദായം, ദേശീയത, സാഹിത്യം, ശബ്ദം, തൊഴിൽ, സാമൂഹിക കൂട്ടായ്മകൾ തുടങ്ങിയ വ്യവഹാരങ്ങൾ നിർണയിക്കുന്ന അനേകം കൈവഴികളും ഉള്ളടക്കങ്ങളും സാംസ്കാരികം എന്ന തലക്കെട്ടിനു താഴെ വരുന്നു. അതിനാൽത്തന്നെ പുതിയ സാംസ്‌കാരിക സൈദ്ധാന്തിക പഠനരീതികൾ ഉപയോഗിച്ച് പ്രസ്തുത വ്യവഹാരങ്ങളെ ചർച്ച ചെയ്യുന്ന രീതി ഇന്ന് ഏറെ വികസിച്ചിരിക്കുന്നു.
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞയും പ്രവാസ പഠനങ്ങളിൽ മുഖ്യശ്രദ്ധ ഊന്നുകയും ചെയ്ത പെഗ്ഗി ലെവിറ്റ് (Peggy Levitt) പ്രവാസികളുടെ സാമൂഹിക കൈമാറ്റങ്ങളെയും (Social Remittance) പ്രവാസികൾ വ്യക്തിയായും സമൂഹമായും അവരവരുടെ ഇടങ്ങളിൽ നിന്നും സ്വദേശത്തേക്കും തിരിച്ചും കൈമാറ്റം ചെയ്യുന്ന സാമൂഹിക അനുഭവങ്ങളെ, മൂല്യങ്ങളെ ഒക്കെ മുൻനിർത്തിയും അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. ലെവിറ്റ് നിരീക്ഷിക്കുന്നത് പോലെ, പ്രവാസികളുടെ സാമൂഹിക കൈമാറ്റങ്ങൾ പ്രവാസ ഇടങ്ങളിലുള്ളവരെയും നാട്ടിലുള്ളവരെയും (സ്വദേശത്തുള്ളവരെ) വ്യത്യസ്തമായി പുനഃസൃഷ്ടിക്കുന്നുണ്ട് എന്ന നിരീക്ഷണമാണ് ഈ പുസ്തകത്തിന്റെ പ്രധാനവാദം. ഈ മാറ്റത്തെ ഗൗരവത്തിലെടുത്തുള്ള അന്വേഷണ – പഠനങ്ങളാണ് പുസ്തകം അവതരിപ്പിക്കുന്നത്.
പ്രവാസ പഠനങ്ങളും ചരിത്രവും
ഇന്ത്യൻ മഹാസമുദ്രം കേന്ദ്രമായിട്ടുണ്ടായിരുന്ന കടൽ ഗതാഗതത്തിനും കച്ചവട യാത്രകൾക്കും സ്ഥാനപരമായി വളരെ നിർണായകമായ പ്രാധാന്യം ഉള്ള പ്രദേശമായിരുന്നു പ്രാചീന മലബാർ. എ .ഡി ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ അറബിക്കച്ചവടക്കാർ നിരന്തരം മലബാറിൽ വരാറുണ്ടായിരുന്നു. കച്ചവടക്കാരായ അറബികളുടെ സ്ഥിരം പോക്കുവരവ് കാരണം കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അറബികളുടെ പ്രവാസി കൂട്ടായ്മകൾ രൂപപ്പെട്ടു വന്നു. മലബാറിലായിരുന്നു അധികവും അത്തരത്തിൽ ഉള്ള കൂട്ടായ്മകൾ ഉണ്ടായി വന്നത്. പലതരം ആവശ്യങ്ങൾക്കായുള്ള യാത്രകൾ, പ്രത്യേകിച്ചും അന്നത്തെ പ്രധാനപ്പെട്ട യാത്രാമാർഗമായ കടലിലൂടെ നടത്തിയവരാണ് അറബികൾ. കച്ചവടത്തിനായി അറബികൾ നടത്തിയ കടൽയാത്രാ ആഖ്യാനങ്ങളാണ് കൂടുതലും ഉള്ളത്. വൈജ്ഞാനിക അന്വേഷണം പോലെ പല കാരണങ്ങൾക്കും അറബികൾ കുടിയേറ്റ – പ്രവാസ യാത്രകൾ നടത്തിയിട്ടുള്ളതായും കാണുന്നു. കച്ചവടക്കാർ, സഞ്ചാരികൾ മുതൽ രാജാക്കന്മാരുടെയോ ഭരണരണത്തലവന്റെയോ പ്രതിനിധികളായി യാത്ര ചെയ്തവർ എന്നിങ്ങനെ പല ആവശ്യങ്ങൾക്കുമായി യാത്ര പുറപ്പെട്ടവരാണ് എല്ലാ തലമുറയിലെയും അറബികൾ. ഈ ബന്ധത്തിലൂടെ രൂപപ്പെട്ട ചരിത്രപരമായ ഒഴുക്കിന്റെ ഭാഗമായി പുതിയകാല പ്രവാസ ജീവിതത്തിന്റെ വർത്തമാനത്തെ കാണാൻ തയ്യാറാവേണ്ടതുണ്ട്.
മലയാളികളുടെ ഗൾഫ് പ്രവാസത്തെ നമ്മുട മുഖ്യധാരാ ചരിത്രനിർമ്മിതി എങ്ങനെയാണ് നോക്കിക്കണ്ടത് എന്ന കാര്യം പ്രത്യേക പരിശോധനക്ക് വിധേയമാക്കേണ്ട ഒന്നാണ്. ആധുനിക കേരളത്തിന്റെ തന്നെ ചരിത്ര സഞ്ചാരപഥത്തിൽ മലയാളികളുടെ ഗൾഫ് പ്രവാസത്തെ എവിടെയാണ് നമുക്ക് കണ്ടെത്താൻ കഴിയുക? ആധുനിക കേരളത്തിന്റെ ചരിത്ര നിർമ്മിതിയുടെ ഒരു പരിമിതിയായി ദിലീപ് മേനോനെ പോലുള്ളവർ പറയുന്നത് ‘കേരള ചരിത്രം മുഖ്യമായും ക്ഷേത്രം, കൊട്ടാരം, രാജാവ്, ഭൂവുടമ എന്നതിൽ കറങ്ങിത്തിരിഞ്ഞു എന്നതാണ്. ‘ക്ഷേത്രസംബന്ധി’ എന്നോ ‘ഹിന്ദു ചരിത്രനിർമിതി’ എന്നോ ഒക്കെയാണ് ആ ചരിത്ര രീതിയെ വിശേഷിപ്പിച്ചത്. പ്രത്യയശാസ്ത്രപരമായും രീതിശാസ്ത്രപരമായും ഉള്ള വിമർശനയമായാണ് ഈ വിശേഷണത്തെ നാം മനസ്സിലാക്കേണ്ടത്.
കേരള ചരിത്രരചന രീതിയിലെ രീതിശാസ്ത്ര പ്രശ്നങ്ങൾ അപനിർമ്മിച്ചു കൊണ്ട് ഒരുപറ്റം യുവ ചരിത്രകാരന്മാരും ചരിത്ര – ഗവേഷകരും ചേർന്ന് സൃഷ്ടിച്ച ബൗദ്ധിക മാറ്റത്തിന്റെ പ്രതിഫലനം കൂടിയായിട്ടാണ് മേല്പറഞ്ഞ വിമർശനങ്ങൾക്കപ്പുറം ആ ചരിത്രരചനാ രീതിയെ മറികടക്കുന്ന പുതിയ സമീപനങ്ങളെ നാം മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ ചരിത്ര നിർമ്മിതി മുന്നോട്ട് പോയ കുറെ പഴയ സ്രോതസ്സുകളെ മാറ്റി നിർത്തി വളരെ പ്രധാനപ്പെട്ട ഒരുപാട് കടൽവ്യാപാര രേഖകൾ കണ്ടെടുത്തും തങ്ങളുടേതല്ലാത്ത ഭാഷകളിലുള്ള (പ്രധാനമായും അറബി, ഹീബ്ര്യൂ ഭാഷകളിലുള്ള) രേഖകൾ പുതിയ ചരിത്ര ഗവേഷകരിലൂടെ പുറത്തു വന്നതും പുതിയ ചരിത്ര രചന സമീപന രീതിയിലൂടെ സംഭവിച്ച വികാസങ്ങളാണ്.
ഇത്രയും പറഞ്ഞത്, കടലിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന പ്രദേശമായിട്ടും കടൽയാത്രയുമായി ബന്ധപ്പെട്ട സവർണ മേൽജാതി ബോധം കാരണം കടൽയാത്രകളെക്കുറിച്ചുള്ള മലയാളികളുടെ ആലോചനകൾക്ക് അങ്ങേയറ്റം പരിമിതികളുണ്ടായിരുന്നു. ചരിത്രരചന രീതിയുടെ പരിമിതികളും അത് പോലെത്തന്നെ യാത്രകളുടെ പരിമിതികളും രീതിശാസ്ത്രപരം ആവുന്നതോടൊപ്പം അത് പ്രത്യയ ശാസ്ത്രപരവും കൂടിയാണ്. മുസ്‌ലിംകളായ അറബികൾക്ക് യാത്രകൾ അവരുടെ സാംസ്‌കാരിക തുറവിയുടെ ചിഹ്നം കൂടിയാണ്. ഹിജ്‌റ, ഹജ്ജ് എന്നീ മുസ്‌ലിം സംജ്ഞകളൊക്കെയും പ്രവാസവും യാത്രയും കൊണ്ട് പൊതിയപ്പെട്ടവയാണ്. ഇത്രയും തന്നെ പൂർവാധുനിക മലയാളി പ്രവാസങ്ങൾക്കും യാത്രകൾക്കും പ്രേരണയായിട്ടുണ്ടാവും എന്നതിൽ തർക്കമുണ്ടാവില്ല.
മലയാളി: ഗൾഫ് ‘കുടിയേറ്റമോ / പ്രവാസമോ’?
ജോലി തേടിയുള്ള മലയാളിയുടെ പുറപ്പെടലുകൾക്ക് ഒട്ടേറെ പഴക്കമുണ്ട്. പുതിയ കാലത്ത് ലോകവ്യാപകമായി നടക്കുന്ന ചർച്ചയാണ് പ്രവാസത്തിന്റെ വകഭേദങ്ങളുടെ നിർവചനം എന്നുള്ളത്. ഗൾഫ് സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസം ഒഴിച്ചൂകൂടാൻ പറ്റാത്ത ഒരു പ്രതിഭാസമാണ്. രാഷ്ട്രീയ കാരണങ്ങളാൽ പോയവർ, പോയാൽ തിരിച്ചു വരാത്തവർ എന്നത് പോലുള്ള ഗുണവിശേഷങ്ങൾ ചേരുന്നവർ മാത്രമേ പ്രവാസികൾ എന്ന് വിളിക്കപ്പെടുകയുള്ളൂ എന്ന സംവാദത്തിന്റെ ശാഠ്യം നിലനിൽക്കുന്നുണ്ട്. Migrant worker , Guest worker, Impossible Citizen, Temporary People തുടങ്ങിയ ഏറെ കൗതുകമുളവാക്കിയവയും രസകരവുമായ പേരുകൾ ഫിക്ഷന്റെയും ഗവേഷണ പ്രബന്ധങ്ങളുടെ സമാഹാരമായും പുറത്തു വന്നവയാണ്. ഇതിൽ Impossible Citizen നേഹ വോറയുടെയും (ലേഖനങ്ങളുടെ സമാഹാരം) Temporary People ദീപക് ഉണ്ണികൃഷ്ണന്റെയും വളരെ പ്രശസ്തമായ ഒരു കൃതിയുടെ പേരും കൂടിയാണ്. വളരെ സങ്കീർണമായ ഉള്ളടക്കം പേറുന്ന പദമാണ് ഗൾഫ് പ്രവാസി എന്നത്. ‘Temporary People’ എന്ന നോവലിൽ ഒരു അധ്യായത്തിനു പേര് നൽകിയിരിക്കുന്നത് ‘Pravasis’ എന്നാണ്.
ഗൾഫ് പ്രവാസികളെക്കുറിച്ചുള്ള ഉപവർഗ്ഗീകരണങ്ങൾ ആലോചിക്കുമ്പോൾ നമുക്ക് കിട്ടുന്ന സ്വത്വങ്ങൾ ഉണ്ട്. മുപ്പതോളം വരുന്ന ഗൾഫ് പ്രവാസിയെ വേർതിരിക്കുന്ന പേരുകൾ വെച്ച് മാത്രമാണ് ആ അധ്യായം ക്രമപ്പെടുത്തിയിരിക്കുന്നത്. അതിനെ സൂക്ഷമമായി വിലയിരുത്തിയാൽ, ഗൾഫ് പ്രവാസി എന്ന് പറയുന്നതിന്റെ നിർവചനം മറ്റു പല പ്രവാസങ്ങളെയും പോലെ ഏകമാനമായ ഒന്നല്ല എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. വളരെ താൽക്കാലികവും ദൈന്യവുമായത് മുതൽ വളരെ ശാശ്വതവും സമ്പന്നവുമായ വ്യത്യസ്ത സ്വത്വങ്ങളായാണ് ഗൾഫ് പ്രവാസിയുടെ ഉപസ്വത്വങ്ങൾ കണ്ടാൽ തോന്നുക. അത് അങ്ങനെ തന്നെയുമാണ്. അത് കൊണ്ടാണ് സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനപ്പെടുത്തിയ പഠനങ്ങൾക്കും കൃത്യപ്പെടുത്തിയ പ്രത്യയശാശ്ത്രങ്ങൾക്കും പുറത്ത് പ്രവാസികളുടെ സത്താപരമായ അനുഭവങ്ങൾക്കും ഓർമകൾക്കും മാത്രം മനസ്സിലാക്കിത്തരാൻ കഴിയുന്ന ഒരു നിർവചനം ഗൾഫ് പ്രവാസത്തിനും പ്രവാസിക്കുമുള്ളത്.
അത്ര അടഞ്ഞ ഇടമാണോ ഗൾഫ് പ്രവാസം?
ആധുനിക കേരളത്തിന്റെ ചരിത്ര നിർമ്മിതിയിൽ പല കീഴാള ഘടകങ്ങളുടെയും അസന്നിഹിതത്വം എന്ന പോലെ പ്രവാസത്തിന്റെയും അഭാവം നേരത്തെ പരാമർശിച്ചുവല്ലോ. ഈ അജ്ഞതക്ക് സമാനമാണ് പ്രവാസിയെ, പ്രത്യേകിച്ചും ഗൾഫ് പ്രവാസിയുടെ വ്യത്യസ്ത അനുഭവങ്ങളെ, പല തരം തികവുകളെ മനസ്സിലാക്കുന്നതിൽ കേരളത്തിന്റെ സവർണ സാമൂഹിക പൊതുബോധവും അധികാരബോധവും പ്രകടിപ്പിച്ചിട്ടുള്ളത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ എല്ലാവരും ഒരു പോലെ അനുഭവിച്ച ആശയക്കുഴപ്പം ശ്രദ്ധിക്കുക. യാത്രതടസ്സം, ഐസൊലേഷൻ, നിർബന്ധ ഏകാന്ത തടവ് എന്നിവ രാജ്യങ്ങളുടെ വകഭേദമില്ലാതെ എല്ലാ പൗരന്മാരും അനുഭവിച്ച കോവിഡ് പീഡകളാണ്. എന്നിട്ടും ഗൾഫ് മലയാളി കേരളത്തിലേക്ക് തിരിച്ചു വരുമ്പോൾ മാത്രം കേരളത്തിലെ പ്രമുഖനായ ഒരു സവർണ്ണ ഇടത് ചരിത്രകാരൻ പ്രകടിപ്പിക്കുന്ന ആശങ്ക ഒന്നാന്തരം പ്രവാസി വിരുദ്ധത ആകുന്നത് എന്ത് കൊണ്ടാണ്? അദ്ദേഹം നടത്തിയ പ്രസ്താവനയിൽ തിരിച്ചു വരുന്ന ഗൾഫ് മലയാളിയെ കുറിച്ചു രണ്ടു പരാമർശങ്ങളുണ്ടായിരുന്നു. ‘നിയമം പാലിക്കാത്തവൻ’ എന്ന വിശേഷണവും കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്ന ഹുങ്ക് പേറുന്നവൻ എന്ന വിശേഷണവും. ഇത് അജ്ഞതയാണോ, പ്രവാസികളെയും ന്യൂനപക്ഷങ്ങളെയും വിധിക്കാൻ തന്നെപ്പോലുള്ള സവർണ്ണ സാമൂഹിക പുരോഗമനവാദിക്ക് കിട്ടുന്ന പ്രത്യേക അവകാശ അധികാരത്തിന്റെ ഭാഗമാണോ എന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. പക്ഷെ, ആ സന്ദർഭത്തിൽ ഈ പ്രവാസിവിരുദ്ധ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ നിശിതമായി ചോദ്യം ചെയ്യപ്പെട്ടു എന്നത് മറ്റൊരു കാര്യം.
അനവധി ന്യൂനതകളുടെയും ദൈന്യതയുടെയും മാത്രം പര്യായമായിട്ടാണല്ലോ മലയാളി ഗൾഫ്‌കാരൻ പലപ്പോഴും വിവർത്തനം ചെയ്യപ്പെടാറുള്ളത്. ഒരു ആധുനിക – നാഗരിക ഇടത്തു നിന്നും സ്വായത്തമാക്കിയ അല്ലെങ്കിൽ സ്വയമേവ ആർജ്ജിതമായ പല കഴിവുകളുള്ള ഗൾഫ് മലയാളിക്ക് വക വെച്ച് കൊടുക്കാൻ ഇന്നും മടിയുള്ള സാംസ്‌കാരിക നേതൃപൊതു ബോധമാണ് കേരളത്തിന്റേത്.
പ്രവാസം വലിയ ഒരു സാമൂഹ്യ പ്രക്രിയയായി നമ്മുടെ മുഖ്യധാരാ ആഖ്യാനങ്ങളിൽ കടന്നു വരുന്നില്ല. സിനിമയിലോ സാഹിത്യത്തിലോ വന്നില്ല. 80കളിൽ ദില്ലിയിൽ നിന്ന് എഴുതുന്ന മുകുന്ദൻ, കാക്കനാടൻ, വിജയൻ എന്നിവർ സ്വന്തം എഴുത്തിലൂടെ ഒരു ഇന്ത്യൻ കോസ്മോപോളിറ്റനിസം കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതിനും ഏറെ മുമ്പ് എഴുതിയ ഗൾഫ് പ്രവാസികളായ എഴുത്തുകാരുടെ എഴുത്തുകളോ അനുഭവക്കുറിപ്പുകളോ നമ്മുടെ പൊതു ആഖ്യാനങ്ങളിൽ കടന്നു വരുന്നില്ല. അത് കൊണ്ട് തന്നെ ഗൾഫ് മലയാളികൾ ഉണ്ടാക്കിയിട്ടുള്ള ഒരു ആഗോളതയെ (globality) കുറിച്ച് കേരളത്തിനു വായിക്കാൻ കഴിഞ്ഞിട്ടില്ല.
സാഹിത്യ മണ്ഡലത്തിൽ നേരത്തെ സൂചിപ്പിച്ചതു പോലെ ഗൾഫ് പ്രവാസിയുടെ ദൈന്യത മാത്രം മുറ്റി നിൽക്കുന്നതിന്റെ ഏറ്റവും ലളിതമായ സൂചനയാണ് ഏറെ സ്വീകരിക്കപ്പെട്ട ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിന് ശേഷം ‘വീണ്ടും ആടുജീവിതം’ എന്ന നോവലുമായി പുതിയ ഒരു എഴുത്തുകാരൻ കടന്നു വന്നത്. മലയാളി ഗൾഫ് പ്രവാസം സാധ്യമാക്കിയ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രഭാവത്തെയും സ്വാധീനത്തെയും മനസിലാക്കാത്തത് കൊണ്ടാണ് എന്നും പ്രവാസികളുടെ ‘ദൈന്യത’ മാത്രം ഏറ്റവും വിനിമയ മൂല്യമുള്ള സാധ്യതയായി നിലനിന്നു പോരുന്നത്. അത് കൊണ്ടാണ് ‘വീണ്ടും ആടുജീവിതം’ എന്ന പുതിയ സൃഷ്ടി പോലും സാധ്യമാവുന്നത്.
ഗൾഫ് പ്രവാസികൾ അനുഭവിക്കുന്ന ദൈന്യത, മറ്റു പ്രയാസങ്ങൾ എന്നിവ പാടെ നിഷേധിക്കാനുള്ള ശ്രമമല്ല ഇവിടെ നടത്തുന്നത്. പുതിയ സാധ്യതകൾ അന്വേഷിച്ചു കൊണ്ടു തന്നെ പരിമിതമായ സാഹചര്യത്തെ ഭേദിക്കാനുള്ള മലയാളികളുടെ ശ്രമമാണല്ലോ യഥാർത്ഥത്തിൽ പല തരം പ്രവാസങ്ങളായി രൂപപ്പെട്ടത്. ഇങ്ങനെയൊക്കെ ആയിട്ടും ഗൾഫ് മലയാളിയുടെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ആഗ്രഹത്തെയും പരിശ്രമത്തെയും ആക്രമിക്കാനുള്ള ത്വര കേരളത്തിൽ വ്യാപകമാണ്. മലയാളി പരിസ്ഥിതി-സാഹിത്യ-സാംസ്‌കാരിക വരേണ്യരുടെ കാഴ്ചയുടെ പരിധിയും പരിമിതിയുമാണിത്. അത് കൊണ്ടാണല്ലോ, വർഷങ്ങൾ അധ്വാനിച്ച ശേഷം ചെറുകിട നിർമ്മാണങ്ങളുമായി ഒരു പ്രവാസി മുന്നോട്ട് പോവുമ്പോൾ, കേവല പരിസ്ഥിതിവാദവും ഗ്രാമീണ ഗൃഹാതുരത്വവും ഉയർന്നു വരുന്നത്.
ഗൾഫിനെ ഒരു അടഞ്ഞ സാംസ്‌കാരിക ഇടമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ധാരാളമുണ്ട്. ഗൾഫിൽ നടക്കുന്ന കലാ സാംസ്കാരിക – വിനോദ പരിപാടികൾ ഗുണപരമായും മൂല്യപരമായും താരതമ്യേന എത്രയോ മികച്ചതാണെന്ന് എളുപ്പം മനസ്സിലാക്കാൻ കഴിയും. ഒരു അടഞ്ഞ ഇടമെന്ന് ഗൾഫ് പോലുള്ള പ്രവാസ ഇടങ്ങളെ പരിചയപ്പെടുത്തുന്നതിന് പിന്നിലുള്ള ചേതോവികാരം പ്രവാസികൾ കലാപരമായും മറ്റു ജൈവിക ആവിഷ്കാരങ്ങളുടെ പ്രകാശനത്തിലും വളർച്ച കാണിക്കാത്തവർ എന്ന ഒരു കണ്ടെത്തലാണ്. പക്ഷേ അതിനെ കീഴ്മേൽ മറിക്കുന്ന അനേകം ആവിഷ്കാരങ്ങൾ സിനിമകളായും മറ്റും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.
മറ്റൊരു അഭാവമാണ് പ്രവാസികളിൽ കാണാൻ കഴിയാത്ത രാഷ്ട്രീയ ബോധം. ഗൾഫ് പ്രവാസത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മലയാളികൾ സാമൂഹിക സംഘാടനം നടത്തിയവരായിരുന്നു.. ഇപ്പോൾ ഗൾഫ് മലയാളികൾക്ക് ഇടയിൽ അനേകം സാമൂഹിക – രാഷ്ട്രീയ – ജനസേവന സംഘങ്ങൾ സജീവമായി നിലനില്ക്കുന്നുണ്ട്. ഇന്നേ വരെ പ്രവാസികളുടെ മാത്രമായ ഒരു മാനിഫെസ്റ്റോ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ മുമ്പിൽ സമർപ്പിക്കാൻ പ്രവാസി രാഷ്ട്രീയ കൂട്ടായ്മകൾക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് ഏക പരിമിതി.
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ ഒരു അടിസ്ഥാന രൂപീകരണ സാമൂഹ്യ ഘടകമായി വർത്തിച്ച ഒരു പ്രതിഭാസമാണ് മലയാളി ഗൾഫ് പ്രവാസം. കീഴാള അതിജീവന ചിന്തയുടെ തന്നെ മൂർച്ചയേറിയ പ്രേരണവാക്യമായ ‘മറ്റൊരു ജീവിതം സാധ്യമാണ്’ എന്നതിന്റെ ത്യാഗമേറിയ കർമ പരിപാടിയായാണ് പ്രവാസത്തെ മനസ്സിലാക്കേണ്ടത്. പെഗ്ഗി ലേവിറ്റും ജെ. ഫ്ളോറെസും അഭിപ്രായപ്പെട്ടത് പോലെ പ്രവാസം സാധ്യമാക്കുന്ന സാംസ്‌കാരിക കൈമാറ്റങ്ങൾ രണ്ട് ഇടങ്ങളെയും (പുറപ്പെടുന്ന ഇടവും എത്തിച്ചേരുന്ന ഇടവും) ആധുനികവൽക്കരിക്കുന്നു എന്നുള്ളതാണ്. ‘മലയാളി ഗൾഫ്’ ഇത്തരത്തിൽ പ്രവാസം സാധ്യമാക്കിയ സാംസ്‌കാരിക കൈമാറ്റങ്ങളുടെ വ്യത്യസ്ത അടരുകളെ പരിചയപ്പെടുത്തുന്ന ഇരുപത്തൊന്ന് ലേഖനങ്ങളാണ് ഈ പുസ്തകം. ഗവേഷകർ, അധ്യാപകർ, പ്രവാസ കലാ സാഹിത്യ പ്രവർത്തകർ, പലതരം പ്രവാസ അനുഭവമുള്ളവർ എന്നിങ്ങനെ വളരെ വൈവിധ്യമാർന്ന ലേഖകരാണ് മലയാളി ഗൾഫിന്റെ എഴുത്തുകാരായിട്ടുള്ളത്. അത് കൊണ്ട് തന്നെ ലേഖനങ്ങളുടെ ഘടനയിലും പ്രതിപാദനരീതിയിലും വ്യത്യസ്‌തത അനുഭവപ്പെടുമെന്നത് ഒരു വസ്തുതയാണ്. ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും മറ്റും തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾക്ക് പുറമെ തികച്ചും അനുഭവപരമായ ലേഖനങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്.
രേഖപ്പെടുത്താതെ ആദ്യകാല പ്രവാസ യാത്രകൾ, മലയാള ഭാഷയുടെ ഗൾഫിടങ്ങളിലെ സ്വാധീനം, കേരളത്തിനും ഗൾഫിനുമിടയിലെ ദേശാന്തര മലയാളി, ഗൾഫ് പ്രവാസത്തിന്റെ വൈകാരിക തലങ്ങൾ, പ്രവാസയാത്രയുടെ പുതുഭാവങ്ങൾ, കത്തുപാട്ടുകൾ, പള്ളികളുടെയും വീടുകളുടെയും പുതുഭാവങ്ങൾ, പ്രവാസം സാധ്യമാക്കിയ സൗന്ദര്യ ബോധവും സങ്കല്പവും, മലയാളികളുടെ ദുബായ് പള്ളികൾ, കീഴാള മുന്നേറ്റം, വിവിധ സാഹിത്യങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ, ഭക്ഷണ സംസ്കാരം തുടങ്ങി അനവധി അടരുകളിലൂടെ മലയാളികളുടെ പ്രവാസം സാധ്യമാക്കിയ സാംസ്‌കാരിക കൈമാറ്റങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം.
പ്രസാധനം: ബോൾഡ് പേജ് പബ്ലിക്കേഷൻസ്
വിതരണം: ഐ പി എച്
വില: 320 രൂപ